2019 ലെ പ്രളയം- വായ്പാ മൊറട്ടോറിയത്തിനുള്ള അപേക്ഷ ഇന്നവസാനിക്കും: അപേക്ഷിച്ച കർഷകർ 5% മാത്രം.

adminmoonam

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മോറട്ടോറിയം ഉദ്ദേശിച്ച ഫലം ഉണ്ടായില്ല. ഈ വര്‍ഷത്തെ പ്രളയത്തില്‍പെട്ടവരുടെ വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ അഞ്ചുശതമാനം കര്‍ഷകര്‍ മാത്രമാണ് മൊറട്ടോറിയത്തിനായി അപേക്ഷിച്ചത്. വായ്പ പുനഃക്രമീകരിക്കാത്തവര്‍ക്ക് മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കില്ല. വായ്പ പുനഃക്രമീകരിക്കാനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കത്ത് കിട്ടിയിട്ടില്ലെന്നാണ് ബാങ്കേഴ്സ് സമിതി പറയുന്നത്.

2019 ലെ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ച 1038 വില്ലേജുകളിലെ കര്‍ഷകരുടെ വായ്പകള്‍ക്കാണ് സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം കര്‍ഷകര്‍ ബാങ്കുകളെ സമീപിച്ച് വായ്പ പുനഃക്രമീകരിക്കണമായിരുന്നു. 2019 ഓഗസ്റ്റ് 23 മുതല്‍ വായ്പ പുനഃക്രമീകരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അഞ്ചുശതമാനം പേര്‍ മാത്രമാണ് ഈ അവസരം വിനിയോഗിച്ചതെന്നാണ് കണക്ക്‌. വായ്പ പുനക്രമീകരിക്കണം എന്ന കാര്യം കൃഷിഭവനുകള്‍ വഴി കര്‍ഷകരെ അറിയിച്ചിരുന്നുവെങ്കിലും കര്ഷകരിലേക്കു എത്തിയില്ല എന്നുവേണം കരുതാൻ.

ഒരുമാസം മുൻപത്തെ കണക്കനുസരിച്ച് 1076 കൃഷിഭവനുകള്‍ വഴി 31,033 കര്‍ഷകരെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് കര്‍ഷകര്‍ മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്തിയുള്ളു എന്ന് ബാങ്കേഴ്സ് സമിതി പറയുന്നു. ഇന്ന് സമയം തീരുന്നതോടെ വെള്ളപ്പൊക്ക കെടുതി അനുഭവിച്ച ബഹുഭൂരിപക്ഷം കര്‍ഷകരും മോറട്ടോറിയത്തിന്റെ പരിധിയില്‍ നിന്ന് പുറത്താകും.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വായ്പാപുനഃക്രമീകരണത്തിനുള്ള സമയപരിധി നീട്ടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

മുഖ്യമന്ത്രിയുടെ ഓഫിസ് വഴി വെള്ളിയാഴ്ച ഈ ആവശ്യം ബാങ്കേഴ്സ് സമിതിയെ അറിയിച്ചെന്ന് കൃഷിവകുപ്പ് പറയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ആവശ്യം ഇതുവരെ മുന്നിലെത്തിയിട്ടില്ലെന്ന് ബാങ്കേഴ്സ് സമിതിയും പറയുന്നു. തന്നെയുമല്ല, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റിസര്‍വ് ബാങ്കാണ്.എന്തായാലും മൊറട്ടോറിയം ത്തിന്റെ ഗുണം കർഷകർക്ക് ലഭിച്ചില്ല എന്ന് തന്നെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *

Latest News