സഹകരണ സ്ഥാപനങ്ങളില്‍ കുടിശ്ശിക നിവാരണത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

Deepthi Vipin lal

പ്രാഥമിക സഹകരണ ബാങ്കുകളിലും സംഘങ്ങളിലും കേരള സഹകരണ നിയമം വകുപ്പ് 66 ( എ ) , 74 ( എഫ് ) എന്നിവയിലെ വ്യവസ്ഥകള്‍ക്കു വിധേയമായി ‘നവകേരളീയം കുടിശ്ശിക നിവാരണം – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി – 2021 ‘ നടപ്പാക്കുന്നു. ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി.

സഹകരണ സ്ഥാപനങ്ങളുടെ കുടിശ്ശിക കുറയ്ക്കുക, കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് സംഘങ്ങളെ / ബാങ്കുകളെ പരമാവധി കുടിശ്ശികരഹിത സ്ഥാപനങ്ങളാക്കി മാറ്റുക, കോവിഡ് മൂലം ജീവിതം ദുസ്സഹമായിരിക്കുന്ന വായ്പക്കാര്‍ക്ക് ആശ്വാസമേകുക എന്നീ ലക്ഷ്യങ്ങളാണു കുടിശ്ശിക നിവാരണ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും വായ്പ നല്‍കുന്നതുമായ എല്ലാ പ്രാഥമിക സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും പദ്ധതി ബാധകമായിരിക്കും. നല്ല രീതിയില്‍ വായ്പ തിരിച്ചടക്കുന്നവര്‍ക്കു പലിശ ഇന്‍സെന്റീവും നല്‍കും. 2021 മാര്‍ച്ച് 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിനായി പരിഗണിക്കാവുന്നതാണെന്നു ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് പുറത്തിറക്കിയ വിശദമായ നിര്‍ദേശങ്ങളില്‍ പറയുന്നു.

സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങള്‍, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവയൊഴികെ സഹകരണ സംഘം രജിസ്ട്രാര്‍ക്കു കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഈ പദ്ധതി ബാധകമാവുക. പദ്ധതി ബാധകമാവാത്ത സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതികള്‍ നടപ്പാക്കാവുന്നതാണെന്നു സഹകരണ വകുപ്പ് നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published.

Latest News