സഹകരണ ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അസിസ്റ്റന്റ് മാനേജര്‍ തസ്തിക; സ്റ്റാഫ് പാറ്റേണ്‍ പുതുക്കി
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി. രണ്ട് അസിസ്റ്റന്റ് മാനേജര്‍ തസ്തിക കൂടി അധികമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2020 ആഗസ്റ്റില്‍ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിച്ചിരുന്നു. അതില്‍ മാറ്റം വരുത്തണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
ബോര്‍ഡിന്റെ എറണാകുളം, തൃശൂര്‍ മേഖല ഓഫീസുകളില്‍ നിലവില്‍ ഓരോ മാനേജര്‍ തസ്തിക വീതമാണുള്ളത്. ഇത് സഹകരണ വകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരുടെ ഡെപ്യൂട്ടേഷന്‍ തസ്തികയാണ്. മേഖല ഓഫീസിലുള്ളതിന് പുറമെ ഒരു മാനേജര്‍ തസ്തിക കൂടി ബോര്‍ഡിനുണ്ട്. ഇതിലും അസിസ്റ്റന്റ് രജിസ്ട്രാറുടെ ഡെപ്യൂട്ടേഷന്‍ നിയമനമാണ്. അത് അതേരീതിയില്‍ നിലനിര്‍ത്തി മേഖല ഓഫീസുകളില്‍ ഓരോ അസിസ്റ്റന്റ് രജിസ്ട്രാര്‍ തസ്തിക കൂടി ഈ ഓഫീസുകളില്‍ അനുവദിക്കണമെന്നായിരുന്നു ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
സൂപ്രണ്ട് തസ്തികയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിക്കാമെന്നതാണ് അസിസ്റ്റന്റ് മാനേജരുടെ നിയമന രീതി നിശ്ചയിച്ചിട്ടുള്ളത്. 45,600-95,600 ഇതാണ് ശമ്പള നിരക്ക്. പുതിയ തസ്തിക അനുവദിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മൂന്നുതവണ ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്.
[mbzshare]