സഹകരണവകുപ്പില്‍ ഇഴഞ്ഞുനീങ്ങുന്ന ഓണ്‍ലൈന്‍ സ്ഥലംമാറ്റം
സര്‍ക്കാര്‍വകുപ്പുകളില്‍ ജീവനക്കാരുടെ വിന്യാസം സുതാര്യമാക്കുന്നതിന്
ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി കൊണ്ടുവരാന്‍ 2017 ലാണു സര്‍ക്കാര്‍
തീരുമാനിച്ചത്. എന്നാല്‍, ഈ നിര്‍ദേശം ഇതുവരെ നടപ്പാക്കാന്‍
സഹകരണവകുപ്പിനു കഴിഞ്ഞിട്ടില്ല. പലവട്ടം കോടതി കയറിയിട്ടും
ഫലമുണ്ടായിട്ടില്ല. 2023 ഏപ്രില്‍ മുതല്‍ സഹകരണ വകുപ്പിലെ
സ്ഥലംമാറ്റം ഓണ്‍ലൈന്‍ രീതിയിലായിരിക്കുമെന്നു നിയമസഭയില്‍
മന്ത്രി വി.എന്‍. വാസവനും പ്രഖ്യാപിച്ചതാണ്. എല്ലാ ഉറപ്പുകളും
വെറുതെയാകുന്നവിധത്തില്‍ ഈ സംവിധാനത്തെ അട്ടിമറിക്കാന്‍
ശ്രമിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
സഹകരണമേഖലയില്‍ സമഗ്രപരിഷ്‌കാരം നിര്‍ദേശിക്കുന്ന സഹകരണ ഭേദഗതിബില്‍ നിയമസഭ പാസാക്കിക്കഴിഞ്ഞു. സഹകരണസംഘങ്ങളെ കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള ഒട്ടേറെ മാറ്റങ്ങള്‍ ഇതില്‍ നിര്‍ദേശിക്കുന്നുണ്ട്. സംഘങ്ങളില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനുള്ളതാണു മാറ്റങ്ങളെല്ലാം എന്നാണു സഹകരണവകുപ്പിന്റെ അവകാശവാദം. ഇതില്‍ പ്രധാനപ്പെട്ട ഒന്നു പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കു പൊതു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരണമെന്ന നിര്‍ദേശം നിയമത്തില്‍ത്തന്നെ ഉള്‍പ്പെടുത്തിയതാണ്. പൊതു അക്കൗണ്ടിങ് സിസ്റ്റവും സംഘങ്ങളുടെ പ്രവര്‍ത്തനം വകുപ്പുദ്യോഗസ്ഥര്‍ക്കും സംഘംമേധാവിക്കും നിരീക്ഷിക്കാനുള്ള സംവിധാനവുമടക്കം കൊണ്ടുവരികയാണു പൊതു സോഫ്റ്റ്‌വെയറിലൂടെ ലക്ഷ്യമിടുന്നതെന്നാണു വകുപ്പിന്റെ വാദം. ഈ ഘട്ടത്തില്‍ സുതാര്യത സംഘങ്ങളില്‍മാത്രം മതിയോയെന്ന ചോദ്യമാണ് ഉയരുന്നത്.
സര്‍ക്കാര്‍വകുപ്പുകളില്‍ ജീവനക്കാരുടെ വിന്യാസം സുതാര്യമാകുന്നതിന് ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി കൊണ്ടുവരാന്‍ 2017 ലാണു സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം ഇതുവരെ നടപ്പാക്കാന്‍ സഹകരണവകുപ്പിനു കഴിഞ്ഞിട്ടില്ല. സംഘങ്ങളുടെ ശുദ്ധീകരണത്തിനു പലവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സഹകരണവകുപ്പില്‍ എന്തുകൊണ്ട് ജീവനക്കാരുടെ കാര്യത്തില്‍ ഈ സുതാര്യത പാലിക്കാന്‍ കഴിയാത്തത് എന്ന ചോദ്യം ജീവനക്കാരുടെ പല സംഘടനകളും ഉയര്‍ത്തിയിട്ടുണ്ട്. പലവട്ടം കോടതി കയറിയിട്ടും ഇതാ നടപ്പാക്കാന്‍ പോവുകയാണെന്ന മറുപടിയല്ലാതെ അതു പാലിക്കാന്‍ സഹകരണവകുപ്പ് കാര്യമായി നടപടിയെടുത്തിട്ടില്ല എന്നതാണ് ആക്ഷേപത്തിനു കാരണമാകുന്നത്.
അടിമുടി രാഷ്ട്രീയാതിപ്രസരമുള്ള വകുപ്പാണു സഹകരണം. ഓരോ സംഘത്തിന്റെയും ഭരണം രാഷ്ട്രീയപാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ്. ഈ സംഘങ്ങളില്‍ ഓഡിറ്റിങ്, ഇന്‍സ്പെക്ഷന്‍ എന്നിവയെല്ലാം നടത്തേണ്ടതു സഹകരണവകുപ്പുദ്യോഗസ്ഥരാണ്. നേരായ രീതിയില്‍ ഓഡിറ്റിങ്ങും ഇന്‍സ്പെക്ഷനും നടത്തി വീഴ്ചകള്‍ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്കു തടസ്സമാകുന്നതു രാഷ്ട്രീയ ഇടപെടലാണ്. അതുമാത്രമല്ല, പല ഉദ്യോഗസ്ഥര്‍ക്കും ഭരണസമിതികളുടെ തെറ്റായ പ്രവര്‍ത്തനത്തിനു കൂട്ടുനില്‍ക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും ദുരിതപൂര്‍ണമായ ഇടത്തിലേക്കു സ്ഥലംമാറ്റം എന്നതാണ് അനന്തരഫലം. ഇതിനെ തടയിടുന്നതും കാര്യക്ഷമമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ ആത്മധൈര്യം നല്‍കുന്നതുമായ നടപടിയാണു സുതാര്യമായ സ്ഥലംമാറ്റരീതി. അതു സഹകരണവകുപ്പില്‍മാത്രം നടക്കാത്തതിന്റെ കാരണം ദുരൂഹമായി തുടരുകയാണ്.
രാഷ്ട്രീയ
സമ്മര്‍ദം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നപ്പോള്‍ പതിമൂന്നു സഹകരണവകുപ്പ് ജീവനക്കാരാണ് അതിന്റെ പേരില്‍ നടപടിക്ക് ഇരയായത്. തട്ടിപ്പ് യഥാസമയം കണ്ടെത്തിയില്ലെന്നും കണ്ടെത്തിയ കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തു നടപടി സ്വീകരിച്ചില്ലെന്നുമാണു ജീവനക്കാരില്‍ ചുമത്തിയ കുറ്റം. ഓഡിറ്റര്‍മാര്‍, ആ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടവര്‍ എന്നിവരൊക്കെയാണു നടപടി നേരിട്ട ഉദ്യോഗസ്ഥര്‍. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ഓരോ ഘട്ടത്തിലും ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നുവെന്നാണ് ഇവരെല്ലാം തുറന്നുപറയുന്ന കാര്യം. ഒന്നുകില്‍ ഇതു റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള രാഷ്ട്രീയസമ്മര്‍ദമുണ്ടായി, അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്തതുപോലും മൂടിവെക്കപ്പെട്ടു. ഇതൊക്കെയാണ് ഉണ്ടായതെന്നാണു ജീവനക്കാര്‍ പറയുന്നത്. ജീവനക്കാര്‍ക്കെതിരെയുണ്ടായ നടപടിപോലും രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഭാഗമാണെന്ന കുറ്റപ്പെടുത്തലും ഇവര്‍ നടത്തുന്നുണ്ട്.
കരുവന്നൂര്‍സംഭവത്തിനുശേഷം സഹകരണസംഘങ്ങളില്‍ ഓഡിറ്റ് നടത്തുന്നവര്‍ കാര്യമായ വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത നിലപാടാണു സ്വീകരിക്കുന്നത്. തട്ടിപ്പുകളും ക്രമക്കേടുകളും പിടിക്കപ്പെടുമ്പോള്‍ ഓഡിറ്റര്‍മാര്‍ ബലിയാടാവാതിരിക്കാനാണ് ഈ മുന്‍കരുതല്‍. എന്നാല്‍, അത്തരം ഓഡിറ്റര്‍മാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. പല തവണ സ്ഥലംമാറ്റപ്പെട്ട ഓഡിറ്റര്‍മാരും ഒരേ സ്ഥാനത്തു വര്‍ഷങ്ങളായി തുടരുന്ന ഉദ്യോഗസ്ഥരും വകുപ്പിലുണ്ട്. സഹകരണസംഘങ്ങളില്‍ ഒരേ സ്ഥാനത്തു രണ്ടു വര്‍ഷത്തിലധികം ഒരു ജീവനക്കാരനെ തുടരാന്‍ അനുവദിക്കരുതെന്നതു കരുവന്നൂര്‍സംഭവത്തിനുശേഷം സഹകരണവകുപ്പ് നടപ്പാക്കിയ പരിഷ്‌കാരമാണ്. ഒരേ സ്ഥലത്തു തുടരുന്നതു ക്രമക്കേടിനുനേരെ കണ്ണടയ്ക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇത്തരം ക്രമക്കേടുകള്‍ പരിശോധിച്ചു കണ്ടെത്തേണ്ട വകുപ്പുദ്യോഗസ്ഥരും ഒരേ സ്ഥാനത്തു സ്ഥിരമായി തുടരുന്നതു സമ്മര്‍ദങ്ങള്‍ക്കു വഴിപ്പെടാന്‍ വഴിയൊരുക്കുമെന്ന പാഠവും കരുവന്നൂര്‍ നല്‍കുന്നുണ്ട്. അതു തിരുത്താന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി. ഇഷ്ടക്കാരെ ഇഷ്ടമുള്ളിടത്തു സ്ഥിരമായി നിയമിക്കുന്നതു തടയാന്‍ ഇതു വഴിയൊരുക്കും. എന്നാല്‍, ആ രീതി മറ്റു വകുപ്പുകളെല്ലാം നടപ്പാക്കിയപ്പോഴും സഹകരണ വകുപ്പ് മുഖം തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ സര്‍ക്കാര്‍വകുപ്പുകളും ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നു കാണിച്ച് 2017 ഫെബ്രുവരി 25 നാണു സര്‍ക്കാര്‍ ഉത്തരവ് ( ജി.ഒ.പി. 3/2017 ) ഇറങ്ങുന്നത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നതു സഹകരണസംഘങ്ങളാണ്. സാധാരണക്കാരായ പൊതുജനങ്ങളുടെ പണമാണു സഹകരണസംഘങ്ങളുടെ മൂലധനം. അതിനാല്‍, ഈ പണം കൈകാര്യം ചെയ്യുന്ന സംഘങ്ങള്‍ സുതാര്യവും സുരക്ഷിതവുമാകണമെന്നതാണു സര്‍ക്കാര്‍കാഴ്ചപ്പാട്. അതിനുവേണ്ടിയാണു സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു സഹകരണവകുപ്പിന്റെ മേല്‍നോട്ടം കാര്യക്ഷമമാക്കുന്നത്. ഇതില്‍ വീഴ്ച സംഭവിക്കുന്നതാണു സംഘങ്ങളില്‍ ക്രമക്കേടും അഴിമതിയും നടക്കുന്നതിനുള്ള ഒരു കാരണം. കേരളത്തിന്റെ സമഗ്രപുരോഗതിക്ക് അത്താണിയായിട്ടുള്ളതും ഏറ്റവും സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ളതുമായ സംഘങ്ങളില്‍ സാമ്പത്തികപരിശോധന നടത്താന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരടങ്ങുന്ന സഹകരണവകുപ്പ് മറ്റു സര്‍ക്കാര്‍വകുപ്പുകളില്‍ നിന്നു വളരെ വിഭിന്നമാണ്. എന്നാല്‍, കേരളത്തിലെ എല്ലാ വകുപ്പുകളും ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനുള്ള സംവിധാനം ഒരുക്കിയപ്പോള്‍ സഹകരണവകുപ്പില്‍ മാത്രം ഇതു നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമല്ല. ഇരുപതിനായിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന റവന്യൂ, പഞ്ചായത്തു പോലുള്ള വകുപ്പുകളില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ കാലതാമസമില്ലാതെ നടപ്പാക്കി. മൂവായിരത്തോളം ജീവനക്കാരാണു സഹകരണവകുപ്പിലുള്ളത്. അവിടെയാണ് ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനു സംവിധാനമൊരുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നത്. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ആത്മവീര്യത്തോടെ ജോലി ചെയ്യാനുതകുന്ന ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇന്നും വകുപ്പുജീവനക്കാര്‍ ചില ഭീഷണികള്‍ക്കു മുന്നില്‍ പതറിപ്പോകുന്നതു പലപ്പോഴും സ്ഥലംമാറ്റ ഭീഷണിക്കുമുമ്പില്‍ ഭയന്നിട്ടാണ്. അതിനാല്‍, ശക്തമായ നിയന്ത്രണ സംവിധാനവും പരിശോധനയും നടപ്പാക്കണമെങ്കില്‍ സഹകരണ വകുപ്പില്‍ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ അത്യന്താപേക്ഷിതമാണ്.
പിന്നിട്ട
വഴികള്‍
സഹകരണവകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി ഒരുക്കുന്നതിന്റെ ചരിത്രത്തിന് ആറര വര്‍ഷം പഴക്കമുണ്ട്. ഇത്രയും കാലത്തിനുശേഷവും ഒന്നും നടന്നിട്ടില്ല. 2017 ഫെബ്രുവരി 25 നാണു പൊതുസ്ഥലംമാറ്റത്തിനു പ്രത്യേക മാനദണ്ഡം കൊണ്ടുവരാനും ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി നടപ്പാക്കാനും പൊതുഭരണവകുപ്പ് ഉത്തരവിട്ടത്. ഇത് എല്ലാ വകുപ്പുകള്‍ക്കും ബാധകമാണ്. ഉത്തരവ് ഇറങ്ങി ആറു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ചുള്ള ഒരു നടപടിയും സഹകരണവകുപ്പ് സ്വീകരിച്ചില്ല. ഇതോടെ, ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി നടപ്പാക്കണമെന്നു കാണിച്ച് ആഗസ്റ്റ് 14 നു ഓഡിറ്റേഴ്‌സ് ആന്റ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു നിവേദനം നല്‍കി. ആ നിവേദനത്തിനും ഒന്നും സംഭവിച്ചില്ല. ഒരു വര്‍ഷത്തിനുശേഷം വീണ്ടും ഇതേ സംഘടന രജിസ്ട്രാര്‍ക്കു രണ്ടാമതും നിവേദനം നല്‍കി- 2018 സെപ്റ്റംബര്‍ 17ന്. ആവശ്യം പഴയതുതന്നെ. ഒരനക്കവും ഉണ്ടായില്ല. 2021 ജുലായ് അഞ്ചിന് ഇതേ നിവേദനം, ഇതേ സംഘടന വീണ്ടും നല്‍കുന്നു. എല്ലാ വകുപ്പുകളും നടപ്പാക്കേണ്ട ഉത്തരവ് പൊതുഭരണ വകുപ്പ് ഇറക്കിയിട്ട് ഈ ഘട്ടത്തില്‍ നാലു വര്‍ഷം പൂര്‍ത്തിയായിരുന്നു. അതില്‍ ഒരു നടപടിപോലും സഹകരണവകുപ്പ് സ്വീകരിച്ചില്ല.
മൂന്നാം നിവേദനത്തിനുശേഷം സംഘടന നിയമനടപടികള്‍കൂടി തുടങ്ങി. പൊതുഭരണവകുപ്പിന്റെ ഉത്തരവ് നടപ്പാക്കണമെന്നു കാണിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ 2021 ജുലായ് 14 നു കേസ് ഫയല്‍ ചെയ്തു. മൂന്നു മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി നടപ്പാക്കണമെന്നു കാണിച്ച് ജുലായ് 16 നു ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആ വിധിക്കുശേഷവും സഹകരണവകുപ്പില്‍ ഒന്നും സംഭവിച്ചില്ല. ട്രിബ്യൂണല്‍ നിര്‍ദേശിച്ച മൂന്നു മാസം പൂര്‍ത്തിയായപ്പോള്‍ ഓഡിറ്റേഴ്‌സ് ആന്റ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ 2021 ഡിസംബര്‍ 22നു സഹകരണസംഘം രജിസ്ട്രാര്‍ക്കു കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി നോട്ടീസയച്ചു. ഇതിലും തുടര്‍നടപടി ഉണ്ടാകാതിരുന്നതോടെ 2022 മാര്‍ച്ച് മൂന്നിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു.
ഉത്തരവ് നടപ്പാക്കാത്ത സഹകരണവകുപ്പിന്റെ നടപടിയെ ഗൗരവത്തോടെയാണു അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ കണ്ടത്. ഇതോടെ, സഹകരണസംഘം രജിസ്ട്രാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നു 2022 മാര്‍ച്ച് 22 ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. കോടതിനടപടി ഉന്നത ഉദ്യോഗസ്ഥരെ വ്യക്തിപരമായി ബാധിക്കാന്‍ തുടങ്ങിയതോടെ സഹകരണ വകുപ്പിലും അനക്കം തട്ടി. ട്രിബ്യൂണലിന്റെ ഉത്തരവ് വന്നു മൂന്നാം നാള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സഹകരണ വകുപ്പില്‍ നടപ്പാക്കുമെന്ന് ഉത്തരവിറക്കി. ( ആര്‍.സി.എസ്. 6462/21 ഇ.എ.). ഈ ഉത്തരവ് ട്രിബ്യൂണലിനു മുമ്പാകെ ഹാജരാക്കുകയും ചെയ്തു. ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു 2022 ജൂണ്‍ ആറിനു സഹകരണസംഘം രജിസ്ട്രാര്‍ അംഗീകൃത സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ചു. ഈ യോഗത്തിലുണ്ടായ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് രജിസ്ട്രാര്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികളില്‍നിന്ന് ഓഡിറ്റേഴ്‌സ് ആന്റ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷനും പിന്മാറി. രജിസ്ട്രാര്‍ യോഗം വിളിച്ചതിന്റെ പിറ്റേദിവസംതന്നെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു.
സംഘടനാപ്രതിനിധികളുടെ യോഗത്തിനു പിന്നാലെ തുടര്‍നടപടികളും സഹകരണസംഘം രജിസ്ട്രാര്‍ സ്വീകരിച്ചു. 2022 ആഗസ്റ്റ് 27ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. എന്നാല്‍, ഇതിനുശേഷം വീണ്ടും നടപടികള്‍ മരവിച്ചു. ഇതോടെ, ഓഡിറ്റേഴ്‌സ് ആന്റ്് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ വീണ്ടും ഇടപെട്ടു. സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങളും ഓണ്‍ലൈന്‍ രീതിയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 25ന് അസോസിയേഷന്‍ സഹകരണമന്ത്രി വി.എന്‍. വാസവനു നിവേദനം നല്‍കി. 2023 ജനുവരി 16 നു കരട് സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗീകൃത സംഘടനകളുടെ യോഗം വിളിച്ചു. ഇതില്‍ കരട്മാനദണ്ഡങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഈ ഘട്ടത്തിലാണു നിയമനടപടിക്കൊപ്പം ജനകീയപ്രതിഷേധവും എന്ന രീതിയിലേക്കു സംഘടന ചുവടുമാറ്റിയത്. മെയ് 19 നു സഹകരണസംഘം രജിസ്ട്രാര്‍ഓഫീസിനുമുമ്പില്‍ അസോസിയേഷന്‍ പ്രതിഷേധധര്‍ണ നടത്തി. ജീവനക്കാരുടെ പങ്കാളിത്തവും മുദ്രാവാക്യവും കൊണ്ട് ശ്രദ്ധേയമായ സമരമായിരുന്നു ഇത്. ഇതിനുപിന്നാലെ, ജൂണ്‍ ആറിനു സ്ഥലംമാറ്റത്തിനു തയാറാക്കിയ കരട്‌നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഉത്തരവിറക്കി. ഈ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും അതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയുള്ള ഉത്തരവായിരുന്നു ഇത്. ആ ഉത്തരവ് ഉത്തരവായി കിടക്കുന്നുവെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സഹകരണവകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം ഇതുവരെ നടപ്പായിട്ടില്ല.
പണിതീരാത്ത
സോഫ്റ്റ്വെയര്‍
എന്തുകൊണ്ട് ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി സഹകരണവകുപ്പില്‍ നടപ്പാക്കുന്നില്ലെന്ന സംഘടനകളുടെയും നീതിന്യായ സംവിധാനങ്ങളുടെയും ചോദ്യത്തിന്, ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന ഒറ്റ ഉത്തരമാണു വകുപ്പുമേധാവികള്‍ ആവര്‍ത്തിച്ചുനല്‍കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണു (എന്‍.ഐ.സി.) സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നത്. 3000 ജീവനക്കാരുടെ സ്ഥലംമാറ്റം ക്രമീകരിക്കാന്‍ ആറരവര്‍ഷം കൊണ്ടും പണിതീരാത്ത സോഫ്റ്റ്‌വെയര്‍ എന്നതു നമ്മുടെ സാങ്കേതികബോധത്തെക്കൂടി പരിഹസിക്കുന്ന ഉത്തരമാണ്. രണ്ടുതവണ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ഒരു തവണ ഹൈക്കോടതിയും ഇതു സംബന്ധിച്ച് സഹകരണ വകുപ്പിനോട് വിശദീകരണം തേടിയതാണ്. സോഫ്റ്റ്‌വെയര്‍ തയാറാകുന്നതോടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കുമെന്ന ഉത്തരമാണ് അതിനെല്ലാം അവര്‍ നല്‍കിയത്. 2023 ഏപ്രില്‍ മുതല്‍ സഹകരണ വകുപ്പിലെ സ്ഥലംമാറ്റം ഓണ്‍ലൈന്‍ രീതിയിലായിരിക്കുമെന്നു നിയമസഭയില്‍ മന്ത്രി വി.എന്‍. വാസവനും പ്രഖ്യാപിച്ചതാണ്. എല്ലാ ഉറപ്പുകളും വെറുതെയാകുന്ന വിധത്തില്‍ ഈ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്.
ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടു തവണയാണു സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചത്. സ്ഥലംമാറ്റത്തിനു കൃത്യമായ മാര്‍ഗരേഖ വേണമെന്നും ഓണ്‍ലൈന്‍രീതി എത്രയും വേഗം നടപ്പാക്കണമെന്നുമാണ് എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ ഈ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇത്രയും നടപടികള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടും 2017 ലെ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് 2400 ദിവസം പിന്നിട്ടിട്ടും എന്തുകൊണ്ട് നടപ്പാവുന്നില്ലെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്. മറ്റെല്ലാ വകുപ്പുകളിലും എന്‍.ഐ.സി.തന്നെയാണ് ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനുള്ള സോഫ്റ്റ്‌വെയര്‍ ഒരുക്കിയത്. അതു സഹകരണ വകുപ്പില്‍ മാത്രം സ്ഥാപിക്കാന്‍ എന്തുകൊണ്ട് വര്‍ഷങ്ങള്‍ വേണ്ടിവരുന്നു എന്ന ചോദ്യത്തിനും ഉത്തരമില്ല. സഹകരണസംഘങ്ങളില്‍ നടക്കുന്ന ക്രമക്കേടുകളും ന്യൂനതകളും നിശ്ചയദാര്‍ഢ്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആത്മധൈര്യം ഉണ്ടാക്കേണ്ടതു സര്‍ക്കാര്‍സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍മാത്രം സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ സഹകരണവകുപ്പില്‍ ഏറെയുണ്ട്. കുറ്റമറ്റ രീതിയില്‍ ഓഡിറ്റ് നടത്താനും ഓഡിറ്റിലും ഇന്‍സ്പെക്ഷനിലും കണ്ടെത്തുന്ന ക്രമക്കേടുകളില്‍ സമയബന്ധിതമായി നടപടിയെടുക്കാനും സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കഴിയണമെങ്കില്‍ രാഷ്ട്രീയമോ മറ്റേതെങ്കിലും കാരണത്താലോ ബാഹ്യ ഇടപെടല്‍ ഉണ്ടാവില്ലെന്നു സര്‍ക്കാരാണ് ഉറപ്പുവരുത്തേണ്ടത്. അതു പുറം മോടിക്കുള്ള വാക്കുകളായല്ല, ഉറപ്പാണെന്ന ബോധ്യം ജീവനക്കാരിലുണ്ടാകുന്ന വിധത്തിലാകണം. ചില ജീവനക്കാര്‍ മാത്രം സ്ഥലം മാറ്റങ്ങളൊന്നും ബാധിക്കാത്ത നിലയില്‍ ചില ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് അതേ തസ്തിയില്‍ത്തന്നെ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രവണത അവസാനിപ്പിക്കാനും ജനറല്‍ ട്രാന്‍സ്ഫര്‍ നോംസ് നടപ്പാക്കേണ്ടത് അനിവാര്യമാണ്. കരുവന്നൂര്‍ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യാതെ ജീവനക്കാര്‍ക്ക് നട്ടെല്ല് നിവര്‍ത്തി ജോലി ചെയ്യാന്‍ ദുരഭിമാനം വെടിഞ്ഞ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കാന്‍ തയാറാവണം.
ഉത്തരവുകള്‍
കാറ്റില്‍ പറത്തുന്നു
കോടതിയുടെയും ഗവണ്‍മെന്റിന്റെയും ഉത്തരവുകളെ കാറ്റില്‍ പറത്തി മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തി ഓണ്‍ലൈന്‍ സ്ഥലംമാറ്റനടപടികള്‍ നടപ്പാക്കാതിരിക്കാന്‍ ഓരോ ഉത്തരവുകള്‍ ഇറക്കി മുന്നോട്ടുപോവുകയാണു സഹകരണവകുപ്പ്. കാലാകാലങ്ങളില്‍ മാറിവരുന്ന രാഷ്ട്രീയസംവിധാനങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കാതെ ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍, സഹകരണ മേഖലയിലെ അഴിമതി ഇല്ലാതാക്കാന്‍, ഉദ്യോഗസ്ഥര്‍ക്കു സധൈര്യം ജോലി ചെയ്യാന്‍, ഓഡിറ്റിലും ഇന്‍സ്പെക്ഷനിലും കണ്ടെത്തുന്ന ക്രമക്കേടുകളില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിനും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കണം. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനു തുടക്കം കുറിച്ചിരിക്കുകയാണു സംഘടനകള്‍.
(മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം – 2023)