സംഘക്കൃഷിക്ക് മുത്താലം മാതൃക

moonamvazhi

യു.പി. അബ്ദുള്‍ മജീദ്

(2021 ജൂണ്‍ ലക്കം)

ഒരു ഗ്രന്ഥശാല മുന്‍കൈയെടുത്ത് ഒരു നാടിനെ മാറ്റിമറിച്ച കഥയാണു മുത്താലത്തിന്റേത്. ശുചിത്വത്തിന്റെയും സംഘക്കൃഷിയുടെയും മാതൃകാ ഗ്രാമമാണ് ഇന്നു കോഴിക്കോട് മുക്കത്തെ മുത്താലം.

നാടിന് അറിവിന്റെ പുതുവെളിച്ചം പകര്‍ന്ന അക്ഷരക്കൂട്ടായ്മ പരിസ്ഥിതി സംരക്ഷണത്തിന്റെയും ജൈവക്കൃഷിയുടേയും സന്ദേശം നാട്ടുകാരിലെത്തിച്ചതോടെ ശുചിത്വത്തിന്റെയും സംഘക്കൃഷിയുടെയും മാതൃകയായി കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തുള്ള മുത്താലം ഗ്രാമം മാറി. വര്‍ഷങ്ങളായി തരിശായിക്കിടന്ന പാടത്ത് നാലു വര്‍ഷമായി നെല്ലും പച്ചക്കറിയും ജൈവരീതിയില്‍ കൂട്ടായി ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്ന ഈ ഗ്രാമം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ ശേഖരിച്ച് പുനരുപയോഗത്തിനു കയറ്റിയയച്ച് പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ ചുവടുവെപ്പും നടത്തി. മുത്താലം നവോദയ ഗ്രന്ഥശാല മുന്‍കൈയെടുത്ത് ആരംഭിച്ച ശുചിത്വ കാര്‍ഷികഗ്രാമ പദ്ധതിയുടെ ഭാഗമായ 11 ക്ലസ്റ്ററുകളാണു സംഘക്കൃഷിയിലൂടെ നാടിന്റെ കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തുന്നത്.

മാലിന്യമുക്ത ഗ്രാമം

മുക്കം നഗരസഭയില്‍ 27, 28 ഡിവിഷനുകളിലെ കുടുംബങ്ങള്‍ വീടുകളും അങ്ങാടിയും മാലിന്യമുക്തമാക്കാനും ജൈവക്കൃഷിയിലൂടെ നെല്ല്, പച്ചക്കറി തുടങ്ങിയവയില്‍ സ്വാശ്രയത്വം കൈവരിക്കാനുമുള്ള ദൗത്യം ഏറ്റെടുത്തതു 2017 ലാണ്. രണ്ട് ഡിവിഷനുകളിലെ ജനങ്ങളെ സഹകരണ സംഘ മാതൃകയില്‍ 11 ക്ലസ്റ്ററുകളായി സംഘടിപ്പിക്കുകയായിരുന്നു. ഓരോ ക്ലസ്റ്ററിനും ആ പ്രദേശത്തിന്റെ പേര് നല്‍കുകയും അംഗങ്ങളില്‍നിന്നു ്പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ക്ലസ്റ്ററ്റുകളില്‍ അംഗങ്ങള്‍ക്കു ബോധവത്കരണ ക്ലാസുകളായിരുന്നു ആദ്യഘട്ടത്തില്‍. പിന്നീട് മുഴുവന്‍ കുടുംബങ്ങളേയും പങ്കെടുപ്പിച്ച് ശില്‍പ്പശാലയും നടത്തി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായി ശേഖരിച്ച് കയറ്റിയയക്കാനുള്ള പദ്ധതിക്കു വേങ്ങേരിയിലെ ‘നിറവ് ‘ എന്ന സംഘടനയുടെ സഹായം ലഭിച്ചു. വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന നിറവ് മുത്താലത്തെ ജനകീയ കൂട്ടായ്മക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി ഒപ്പം നിന്നതു മൂലം തുടക്കത്തില്‍ത്തന്നെ പദ്ധതി ശരിയായ ദിശയിലായി. ഈ പ്രദേശത്തെ മുഴുവന്‍ വീടുകള്‍ക്കും മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ മൂന്നു ചാക്കു വീതം നല്‍കി. മാലിന്യച്ചാക്കുകള്‍ ആദ്യം ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലും പിന്നീട് അവ മൊത്തമായി മുത്താലം അങ്ങാടിക്കടുത്തും ശേഖരിച്ച് അയല്‍ സംസ്ഥാനങ്ങളിലെ റിസൈക്കിളിങ് പ്ലാന്റുകളിലേക്കയച്ചു. അറുനൂറോളം ചാക്ക് അജൈവ മാലിന്യമാണു കയറ്റിയയച്ചത്. അങ്ങാടി ശുചീകരണവും അതോടൊപ്പം പൂര്‍ത്തിയായതോടെ മുക്കം നഗരസഭയിലെ ആദ്യത്തെ നമ്പൂര്‍ണ ശുചിത്വ പ്രദേശമായി മുത്താലം മാറി. പ്രശസ്ത ചിത്രകാര•ാരായ സിഗ്‌നി ദേവരാജന്‍ , അജയന്‍ കാരശ്ശേരി, കൃഷ്ണന്‍ പാതിരിശ്ശേരി എന്നിവര്‍ മുത്താലത്തു വന്നു പൊതുസ്ഥലങ്ങളിലും ബസ് സ്റ്റോപ്പിലുമൊക്കെ ശുചിത്വസന്ദേശ ചിത്രങ്ങള്‍ വരച്ചതും ശ്രദ്ധേയമായി. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് എല്ലാ വീടുകള്‍ക്കും തുണിസഞ്ചികള്‍ നല്‍കി. ഈ പ്രദേശത്തെ ഒരു യുവാവിന്റെ വിവാഹച്ചടങ്ങ് നടന്ന ദിവസം ആയിരത്തോളം തുണിസഞ്ചികളാണു വിതരണം ചെയ്തത്.


കൂട്ടത്തില്‍ ജൈവക്കൃഷിയും

ശുചിത്വ പദ്ധതി വിജയം കണ്ട ആവേശത്തില്‍ ജൈവക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മുത്താലം – മുത്തേരി റോഡിലെ വിശാലമായ തരിശുപാടമാണ് ഇതിനു തിരഞ്ഞെടുത്തത്. ഉടമകളായ സി.ടി. കൃഷ്ണനും സി.ടി. ഉണ്ണിക്കൃഷ്ണനും പാടം സൗജന്യമായി വിട്ടുനല്‍കാന്‍ തയാറായതോടെ പദ്ധതി സജീവമായി. ക്ലസ്റ്റര്‍ അംഗങ്ങള്‍ക്കു ജൈവപച്ചക്കറിക്കൃഷിയില്‍ പരിശീലനം തുടങ്ങി. ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് പരിശീലന പരിപാടിക്കു നേതൃത്വം നല്‍കി. മുക്കം കൃഷിഭവന്റെ പൂര്‍ണ പിന്തുണയും സഹായവും ലഭിച്ചതോടെ മണ്ണൊരുക്കി വിത്ത് നട്ടു. വലിയ ജലസംഭരണി സ്ഥാപിച്ച് ജലസേചനത്തിനു സൗകര്യമൊരുക്കി. വെണ്ട, പയര്‍, പച്ചമുളക്, തക്കാളി, വഴുതന, കൈപ്പ, പടവലം, വെള്ളരി, മത്തന്‍, ചുരങ്ങ, കുമ്പളം, തണ്ണിമത്തന്‍ തുടങ്ങി ചീര വരെയുള്ള എല്ലാ പച്ചക്കറി ഇനങ്ങളും മുത്താലം പാടത്ത് കൃഷി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും കൂടരഞ്ഞി ആഗ്രോ നഴ്‌സറിയില്‍ നിന്നും പ്രാദേശികമായും ശേഖരിക്കുന്ന വിത്തും തൈകളുമാണു കൃഷിക്ക് ഉപയോഗിക്കുന്നത്. പശുവിന്റെ ചാണകവും മൂത്രവും ശര്‍ക്കരയും ചേര്‍ത്തു തയാറാക്കുന്ന ജീവാമൃതമാണു പച്ചക്കറിക്കൃഷിക്കു ്പ്രധാന വളമായി നല്‍കുന്നത്. ബയോഗ്യാസ് സ്‌ലെറിയും ഉപയോഗിക്കുന്നു.

പ്രാദേശികമായി തയാറാക്കുന്ന ജൈവ കീടനാശിനികള്‍ സസ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. രാസവളങ്ങളും രാസകീടനാശിനികളും തീര്‍ത്തും ഒഴിവാക്കി പച്ചക്കറിയുണ്ടാക്കുക എന്നതാണു നിലപാട്. ക്ലസ്റ്റര്‍ അംഗങ്ങളാണു കൃഷി പരിപാലിക്കുന്നത്. വൈകുന്നേരങ്ങളില്‍ വിവിധ ക്ലസ്റ്ററ്റുകളില്‍ നിന്നുള്ളവര്‍ എത്തി നനയ്ക്കാനും കളപറിക്കാനും തുടങ്ങുന്നതോടെ കൃഷിത്തോട്ടം സജീവമാവും. തടമെടുത്ത് ഷീറ്റ് വിരിച്ച് തൈകള്‍ നട്ട് തുള്ളിനനവഴി വെള്ളം നല്‍കുന്ന ആധുനിക രീതികളും മുത്താലം പാടത്ത് പരീക്ഷിക്കുന്നുണ്ട്. സംഘക്കൃഷിയിലൂടെ നെല്ല് ഉല്‍പ്പാദിപ്പിച്ചും മുത്താലത്തെ കൂട്ടായ്മ മാതൃക കാട്ടുന്നുണ്ട് . ഉല്‍പ്പാദിപ്പിച്ച നെല്ല് പുഴുങ്ങി കുത്തരിയാക്കി വിറ്റു. നാടന്‍ കുത്തരിക്കു നല്ല വില കിട്ടുന്നത് ജൈവക്കൃഷിക്കാരുടെ കൂട്ടായ്മക്ക് ആശ്വാസമാണ്. പച്ചക്കറി വിളവെടുപ്പു സമയത്തു പാടത്തുവന്ന് ആളുകള്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങുകയാണ്. അയല്‍ പ്രദേശങ്ങളില്‍നിന്നും നഗരത്തില്‍ നിന്നുമൊക്കെ വിഷമില്ലാത്ത പച്ചക്കറി തേടി ആളുകളെത്തുന്നതു മുത്താലത്തെ സംഘക്കൃഷിക്കു പ്രചോദനമാണ്. സി. സത്യചന്ദ്രന്‍ ചെയര്‍മാനും ടി. ശിവശങ്കരന്‍ കണ്‍വീനറുമായ കമ്മിറ്റിയാണു ശുചിത്വ – കാര്‍ഷിക ഗ്രാമകൂട്ടായ്മക്കു നേതൃത്വം നല്‍കുന്നത്.

കലാ – കായിക രംഗത്തും മികവ്

1984 ല്‍ ആരംഭിച്ച നവോദയ ഗ്രന്ഥശാല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കലാ – കായിക രംഗങ്ങളിലും മികവ് തെളിയിച്ച സ്ഥാപനമാണ്. 1990 ലാണു കേരള ഗ്രന്ഥശാലാ സംഘത്തില്‍ റജിസ്റ്റര്‍ ചെയ്തത്. കാര്‍ഷിക കൂട്ടായ്മക്കു പുറമെ വനിതാവേദി, ബാലവേദി, സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഗ്രന്ഥശാലക്ക് ഉപസമിതികളുണ്ട്. കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകകും സെമിനാറുകളും ശില്‍പ്പശാലകളും ഗ്രന്ഥശാല സംഘടിപ്പിക്കാറുണ്ട്. ആരോഗ്യ രംഗത്തു ഫലപ്രദമായി ഇടപെടുന്ന നവോദയ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താറുണ്ട്. ഗ്രന്ഥശാലക്കു കീഴിലുള്ള സ്‌പോര്‍ട്‌സ് അക്കാദമിയില്‍ 14 വയസ്സിനു താഴെയുള്ള 60 കുട്ടികള്‍ ഫുട്‌ബോള്‍ പരിശീലനം നേടുന്നു. ഇവര്‍ക്കു പന്തും ജഴ്‌സിയും ലഘുഭക്ഷണവും സൗജന്യമായി നല്‍കുന്നു. അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാലക്കു ്കീഴില്‍ വായന മത്സരം, രചനാ മത്സരം എന്നിവ പതിവായി സംഘടിപ്പിക്കുന്നു. കെ. നാരായണന്‍ നമ്പൂതിരി പ്രസിഡന്റും ടി. ശിവശങ്കരന്‍ സെക്രട്ടറിയുമായ 11 അംഗ കമ്മിറ്റിയാണു ്ഗ്രന്ഥശാല നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News