വിലയിടിവ് തടയാന്‍ നാഫെഡ് 1327 മെട്രിക് ടണ്‍ സവാള സംഭരിച്ചു

[mbzauthor]
മാര്‍ക്കറ്റില്‍ വിലയിടിഞ്ഞതിനെത്തുടര്‍ന്നു ദുരിതത്തിലായ മഹാരാഷ്ട്രയിലെ സവാള കര്‍ഷകരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ (നാഫെഡ് ) ഇതുവരെ 1327 മെട്രിക് ടണ്‍ ചുവന്ന സവാള സംഭരിച്ചതായി ചെയര്‍മാന്‍ ബിജേന്ദ്ര സിങ് അറിയിച്ചു. കിലോവിനു ഒമ്പതു രൂപ നിരക്കിലാണു നാഫെഡ് കര്‍ഷകരില്‍നിന്നു സവാള സംഭരിക്കുന്നത്. കഴിഞ്ഞാഴ്ച മൊത്തവ്യാപാരവിപണിയില്‍ സവാളവില കിലോവിനു ഒരു രൂപവരെ താണിരുന്നു.

സംഭരിച്ച സവാള ഡല്‍ഹിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും അപ്പോള്‍ത്തന്നെ അയയ്ക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയിലാണു സവാളയുടെ ഉപയോഗം കൂടുതല്‍. ഓരോ ദിവസവും എട്ടു ട്രക്ക് സവാള ഡല്‍ഹിക്കു പോകുന്നുണ്ട് – നാഫെഡ് ചെയര്‍മാന്‍ അറിയിച്ചു.
സവാളയുടെ സംഭരണം ഊര്‍ജിതപ്പെടുത്തിയ നാഫെഡ് കൂടുതലായി നാലു സംഭരണകേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി 350 കര്‍ഷകര്‍ക്കു ഗുണം കിട്ടിയിട്ടുണ്ട്. ഇനിയും കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാനും നാഫെഡിനു പരിപാടിയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു നാഫെഡ് സവാള സംഭരിക്കാന്‍ രംഗത്തിറങ്ങിയത്.

ഫെബ്രുവരിയിലുണ്ടായ അസാധാരണമായ ചൂടാണു സവാളയുടെ വിളയെ ബാധിച്ചത്. ചൂടില്‍ സവാള കേടാകുമെന്നു ഭയന്ന കര്‍ഷകര്‍ കൂട്ടത്തോടെ ഉല്‍പ്പന്നവുമായി വിപണികളില്‍ എത്തിയതോടെ വിലയിടിഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ലസല്‍ഗാവാണ് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സവാളമാര്‍ക്കറ്റ്. ലസല്‍ഗാവില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച സവാളയുടെ മൊത്തവില ക്വിന്റലിനു 230 രൂപയായിരുന്നു. നാഫെഡ് സംഭരണം തുടങ്ങിയതോടെ ബുധനാഴ്ച വില ക്വിന്റലിനു 700 രൂപയിലെത്തി. ഇപ്പോഴിതു ക്വിന്റലിനു 900 രൂപയാണ്.

[mbzshare]

Leave a Reply

Your email address will not be published.