വികസന സ്വപ്‌നവുമായി തിരുവമ്പാടി സഹകരണ ആയുര്‍വേദ ആശുപത്രി

[mbzauthor]

ഇപ്പോഴും ആയുര്‍വേദചികിത്സയ്ക്കു മുന്തിയ പരിഗണന
നല്‍കുന്നവരാണ് കോഴിക്കോട് തിരുവമ്പാടി കുടിയേറ്റ
മേഖലയിലെ ഗ്രാമീണര്‍. 28 വര്‍ഷം മുമ്പ് ഇവിടെ
രൂപംകൊണ്ട കോഴിക്കോട് റീജ്യണല്‍ സഹകരണ
ആയുര്‍വേദആശുപത്രി പുതുകാലത്തിനു യോജിച്ച
ചികിത്സാമാര്‍ഗങ്ങളുമായി വികസനത്തിന്റെ പാതയില്‍
മുന്നേറുകയാണ്.

 

കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ മാരകരോഗങ്ങളോടു പൊരുതാന്‍ പാരമ്പര്യചികിത്സക്കാരും നാട്ടുവൈദ്യന്മാരുമൊക്കെയായിരുന്നു ആളുകള്‍ക്ക് ആശ്രയം. പതിറ്റാണ്ടുകള്‍ പിന്നിടുകയും ആധുനിക വൈദ്യശാസ്ത്രം സ്വാധീനമുറപ്പിക്കുകയും ചെയ്‌തെങ്കിലും ആയുര്‍വേദ ചികിത്സക്കു മുന്തിയ പരിഗണന നല്‍കുന്നവരാണു കുടിയേറ്റക്കാര്‍. കോഴിക്കോട് ജില്ലക്കു കിഴക്കുള്ള കുടിയേറ്റ മേഖലയുടെ ആസ്ഥാനമായ തീരുവമ്പാടി കേന്ദ്രീകരിച്ച് ആരംഭിച്ച കോഴിക്കോട് റിജ്യണല്‍ കോ-ഓപ്പറേറ്റീവ് ആയുര്‍വേദ ആശുപത്രി 28 വര്‍ഷം പിന്നിടുമ്പോള്‍ ആയുര്‍വേദ ചികിത്സയില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത സ്ഥാപനമായി മാറിക്കഴിഞ്ഞു. ആയുര്‍വേദ ബ്യൂട്ടി ക്ലിനിക് ഉള്‍പ്പെടെയുള്ള പുതുസംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ആയുര്‍വേദ ആശുപത്രി വികസനത്തിന്റെ പുതിയ ചുവടുകള്‍ വെക്കുന്നതോടൊപ്പം സ്വപ്നങ്ങളും പങ്കുവെക്കുന്നുണ്ട്.

മലബാര്‍
കുടിയേറ്റം

1942 ല്‍ മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തിലാണു മധ്യതിരുവിതാംകൂറില്‍ നിന്നെത്തിയവര്‍ തിരുവമ്പാടിയില്‍ 150 ഏക്കര്‍ ഭൂമിയുടെ ഉടമകളാവുന്നത്. 1950 മുതല്‍ 1975 വരെയുള്ള കാലഘട്ടത്തില്‍ ആയിരങ്ങളാണു കന്നിമണ്ണു തേടി തെക്കന്‍ കേരളത്തില്‍ നിന്നു തിരുവമ്പാടി ഉള്‍പ്പെടെയുള്ള മലയോരഗ്രാമങ്ങളിലെത്തിയത്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഏറ്റവും പിന്നാക്കമായിരുന്നു അന്നത്തെ മലയോരഗ്രാമങ്ങള്‍. കുടിയേറ്റ മേഖലയില്‍ ജനവാസം ദുരിതപൂര്‍ണമായിരുന്നു. ഇരുവഴിഞ്ഞിപ്പുഴയോരത്തെ 40 കിമീറ്റര്‍ ചുറ്റളവുള്ള പ്രദേശത്തിന്റെ ഭാഗമായ ആനക്കാംപൊയില്‍, പൊന്നാങ്കയം, ഓളിക്കല്‍, പൂവാറന്‍തോട്, കക്കാടംപൊയില്‍ തുടങ്ങിയ ഭാഗങ്ങളിലുള്ളവര്‍ക്കു വൈദ്യസഹായം ആവശ്യമായാല്‍ വലിയ പ്രയാസമനുഭവിക്കണം. അലോപ്പതി ചികിത്സക്കു പുഴ കടന്നു മുക്കത്തോ കോഴിക്കോട്ടോ പോവാനുള്ള പ്രയാസം കാരണം തിരുവമ്പാടിയിലെ പാരമ്പര്യ ആയുര്‍വേദചികിത്സയെയാണ് അവര്‍ ആശ്രയിച്ചിരുന്നത്. പഴനിലത്ത് അയ്യപ്പന്‍ വൈദ്യര്‍, ചുള്ളിക്കാട്ട് നാരായണന്‍ വൈദ്യര്‍, കാവുങ്ങല്‍ കേശവന്‍ വൈദ്യര്‍, പ്ലാത്തോട്ടത്തില്‍ കൃഷ്ണന്‍ വൈദ്യര്‍ തുടങ്ങിയവര്‍ ഇവിടുത്തെ അറിയപ്പെടുന്ന പാരമ്പര്യ വൈദ്യന്മാരായിരുന്നു. ഇവരുടെ പിന്‍തലമുറക്കാര്‍ ആയുര്‍വേദരംഗത്തു സജീവമാവുകയും വൈദ്യശാലകള്‍ നിലനിര്‍ത്തുകയും ചെയ്തു. സര്‍ക്കാര്‍മേഖലയിലും ആയൂര്‍വേദ ആശുപത്രികള്‍ ആരംഭിക്കുകയുണ്ടായി. 1994 ല്‍ സഹകരണമേഖലയില്‍ തിരുവമ്പാടി കേന്ദ്രീകരിച്ച് ആയുര്‍വേദ ആശുപതി തുറക്കാന്‍ മുന്നിട്ടിറങ്ങിയതു തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന പി.എന്‍. ചിദംബരനായിരുന്നു. മുന്‍മന്ത്രി എം.വി. രാഘവനുമായി അദ്ദേഹത്തിനുള്ള ബന്ധം ഉപയോഗപ്പെടുത്തി നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. തിരുവമ്പാടി – കൂടരഞ്ഞി റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് എതിര്‍വശം വാടകക്കെട്ടിടത്തില്‍ ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം ചെയ്തതും എം.വി. രാഘവനായിരുന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാരും ചികിത്സക്കാവശ്യമായ സജ്ജീകരണങ്ങളും മരുന്നും ലഭ്യമായതോടെ കുടിയേറ്റമേഖലക്കു പുറമെ മുക്കം, ഓമശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ നിന്നും ആയുര്‍വേദ ചികിത്സക്കു നിത്യേന ആളുകള്‍ തിരുവമ്പാടിയിലെത്തി. കോഴിക്കോട് ജില്ലക്കു കിഴക്ക് ആയുര്‍വേദ ചികിത്സയുടെ പ്രധാന സ്ഥാപനമായി സഹകരണ ആശുപത്രി മാറി. സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്കു പിന്നീട് മാറ്റി.

പഞ്ചകര്‍മ, മര്‍മ
ചികിത്സകള്‍

അനാരോഗ്യകരമായ ഭക്ഷണശീലവും ഉദാസീനമായ ജീവിതശൈലിയും പഞ്ചകര്‍മ ചികിത്സയുടെ പ്രാധാന്യം വര്‍ധിപ്പിച്ചതോടെ തിരുവമ്പാടി ആശുപത്രിയിലും ഈ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. പരമ്പരാഗതരീതിയില്‍ മര്‍മചികിത്സയും വലിയ ചെലവില്ലാതെ ഇവിടെ രോഗികള്‍ക്കു ലഭിക്കുന്നുണ്ട്. മറ്റു ചികിത്സാശാഖകള്‍ കയ്യൊഴിഞ്ഞ രോഗികളെ ചേര്‍ത്തുപിടിച്ച് ആയുര്‍വേദത്തിലൂടെ ആശ്വാസം നല്‍കുക എന്നതു തുടക്കംമുതല്‍ സഹകരണ ആയുര്‍വേദ ആശുപതി ചികിത്സാനയമായി സ്വീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്കു മിതമായ ചാര്‍ജ് ഈടാക്കുന്നതിനാല്‍ സാമ്പത്തികപ്രയാസമുളള സാധാരണക്കാര്‍ക്കും ആയുര്‍വേദചികിത്സയെ ആശ്രയിക്കാന്‍ കഴിയുന്നു. ആശുപത്രിയോടുചേര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ ഷാപ്പ് തുറന്നതിനാല്‍ രോഗികള്‍ക്കു ന്യായവിലക്കു മരുന്നു കിട്ടുന്നുണ്ട്. ഔഷധി, ശാന്തിഗിരി, ആര്യ വൈദ്യനിലയം തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകൃത വില്‍പ്പന എജന്‍സി എന്നതിനുപുറമേ ആയുര്‍വേദത്തില്‍ ബ്രാന്‍ഡ് ചെയ്ത പ്രധാന കമ്പനികളുടെ മരുന്നും ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറില്‍ ലഭിക്കുന്നത് ആശുപതിയിലെത്തുന്ന രോഗികള്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും സഹായകരമാണ്. ആയുര്‍വേദ ചികിത്സയില്‍ ദീര്‍ഘകാലപരിചയമുള മൂന്നു ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ സഹകരണ ആശുപത്രിയിലുണ്ട്. അപകടങ്ങളിലും മറ്റും അസ്ഥിക്കു കേടു സംഭവിക്കുന്നവരുടെ ചികിത്സക്കു പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കിയതും ആളുകള്‍ക്ക് ആശ്വാസമാണ്.

ആയുര്‍വേദ
ബ്യൂട്ടി ക്ലിനിക്

ആശുപത്രിയോടു ചേര്‍ന്ന് ആയുര്‍വേദ ബ്യൂട്ടി ക്ലിനിക് തുടങ്ങുന്നതിനുള ഒരുക്കങ്ങള്‍ നടക്കുകയാണ്. പാര്‍ശ്വഫലമില്ലാത്ത ആയുര്‍വേദ ലേപനങ്ങളും മരുന്നുകളും ഉപയോഗിച്ച് ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനാണു ക്ലിനിക് മുന്‍ഗണന നല്‍കുന്നത്. ശരീരത്തിലുള്ള പാടുകള്‍ കളയുന്നതിനും തലമുടി വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമുളള ചികിത്സകള്‍ ക്ലിനിക്കില്‍ ലഭ്യമാക്കുന്നുണ്ട്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ലളിതമായ ചികിത്സയും മരുന്നും ക്ലിനിക്കിന്റെ പ്രത്യേകതയായിരിക്കും.

മലയോരമേഖലയില്‍ ആയുര്‍വേദചികിത്സക്കു ജനങ്ങളുടെ പ്രധാന ആശ്രയമായ സഹകരണ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ചികിത്സാസംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ സഹകാരികളും നാട്ടുകാരും ആലോചന തുടങ്ങിയിട്ടുണ്ട്. നേരത്തേ സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡിസഹായവും ഷെയറും തിരിച്ചടച്ചതിനാല്‍ സംഘത്തിനു സാമ്പത്തികബാധ്യതകളില്ല. ആയുര്‍വേദ ചികിത്സാ രംഗത്തുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം മുന്നോട്ടുപോവാനും ആധുനിക തെറാപ്പി സൗകര്യങ്ങളും ലാബ്, എക്‌സ്‌റേ, സ്‌കാന്‍ തുടങ്ങിയ സൗകര്യങ്ങളും താമസത്തിനുള്ള മുറികളും രോഗികള്‍ക്കു ലഭ്യമാക്കാനുമാണു ശ്രമം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനും കഴിയും. വിദേശമലയാളികളുടെ സഹകരണം തേടിയും ബാങ്കിങ്‌മേഖലയിലെ സഹകരണസ്ഥാപനങ്ങളുടെ സഹായം സ്വീകരിച്ചും ധനസമാഹരണത്തിനുളള സാധ്യതയും ആരായുന്നുണ്ട്. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ പ്രൊഫഷണലിസം അനിവാര്യമാണെന്നും സഹകാരികള്‍ വിലയിരുത്തുന്നു.

ആശുപത്രി സ്ഥാപിച്ചതു മുതല്‍ 2022 ജനുവരി അഞ്ചിനു മരിക്കുന്നതു വരെ പി.എന്‍. ചിദംബരനായിരുന്നു ആയുര്‍വേദ ആശുപത്രി സൊസൈറ്റിയുടെ പ്രസിഡന്റ്. കെ.ടി. മാത്യുവാണ് ഇപ്പോഴത്തെ പ്രസിഡന്റ്. കെ.എ. അബ്ദുറഹിമാന്‍, ടി.എന്‍. സുരേഷ്, ലിസ്സി സണ്ണി, ഷീല ബേബി, ബിജി ജോണി എന്നിവര്‍ ഡയറക്ടര്‍മാരും കെ. രമ സെക്രട്ടറിയുമാണ്.

 

 

[mbzshare]

Leave a Reply

Your email address will not be published.