വളര്‍ച്ചയുടെ പുതിയ ചുവടുവെപ്പുമായി കോലിയക്കോട് ഉപഭോക്തൃസംഘം

[mbzauthor]

കേരളത്തിലെ ഉപഭോക്തൃസഹകരണപ്രസ്ഥാനം പൊതുവേ കിതയ്ക്കുമ്പോഴാണു
കോലിയക്കോട് ഉപഭോക്തൃ സഹകരണസംഘത്തിന്റെ ( കെ.സി.സി.എസ് ) കുതിപ്പ്.
സത്യസന്ധമായി നടത്തിയാല്‍ കച്ചവടം വളരില്ല എന്നതു പിന്തിരിപ്പന്‍ചിന്തയെന്നു
തെളിയിക്കുന്നു കെ.സി.സി.എസ്. മൂന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തനചരിത്രമുള്ള
ഈ സംഘം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറെ വളര്‍ന്നു. ഒരു ആശുപത്രി,
പെട്രോള്‍ പമ്പ്, പാലുല്‍പ്പാദന യൂണിറ്റ്, ഐ.ടി. സൊലൂഷന്‍സ്
കമ്പനി എന്നിവയാണ് ഇക്കാലത്തു സ്ഥാപിച്ചത്.

വാങ്ങുന്നവരോടു നീതികാട്ടിയും നേരാംവണ്ണം നികുതിയടച്ചും കച്ചവടം നടത്താന്‍ പറ്റുമോ? നടന്നാല്‍ത്തന്നെ, അതെത്രത്തോളം വളരും? ഇതാ, ഇത്രത്തോളം എന്നു തിരുവനന്തപുരത്തെ കോലിയക്കോട് കണ്‍സ്യൂമര്‍ സഹകരണസംഘം (കെ.സി.സി.എസ്.) പറയുന്നില്ല. കാരണം, ഇതുവരെ ചെയ്തതിനെക്കാളധികം ഇനി ചെയ്യാനുണ്ട് എന്നാണ് അതിന്റെ നടത്തിപ്പുകാര്‍ കരുതുന്നത്. സംഘം ഒരു സഹകരണ ആശുപത്രി തുടങ്ങി. ഒന്നരക്കൊല്ലം മുമ്പ് ഒരു പെട്രോള്‍പമ്പ് തുടങ്ങി. മറ്റൊരു പെട്രോള്‍ പമ്പ് തുടങ്ങാന്‍ പോകുന്നു. പാലുല്‍പ്പാദനയൂണിറ്റും ഐ.ടി. സൊലൂഷന്‍സ് കമ്പനിയും തുടങ്ങി.

നിത്യോപയോഗസാധനങ്ങളുടെ ഒരു പീടികമാത്രമായി തുടങ്ങിയ കെ.സി.സി.എസിനു വ്യാപാരം ബഹുവിധമായി. അതു മാത്രമല്ല, ഉല്‍പ്പാദനത്തിനു കമ്പനികള്‍ തുടങ്ങിയും വളര്‍ന്നുപന്തലിക്കുന്നു. അതിനിടയില്‍ സമൂഹസേവനത്തിനും നീക്കിവെപ്പുണ്ട്. കേരളത്തിലെ ഉപഭോക്തൃസഹകരണപ്രസ്ഥാനം പൊതുവേ കിതയ്ക്കുമ്പോഴാണു കെ.സി.സി.എസിന്റെ കുതിപ്പ്.

തിരുവനന്തപുരം ജില്ലയില്‍, നെടുമങ്ങാട് താലൂക്കില്‍ മാണിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ കോലിയക്കോട്ടാണ് ഈ സംഘത്തിന്റെ ആസ്ഥാനം. കണ്‍സ്യൂമര്‍ സ്റ്റോര്‍, നീതി സ്റ്റോര്‍, ജനറല്‍ സ്റ്റോര്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ എന്നീ പേരുകളില്‍ ഇപ്പോഴുള്ളതു നിത്യോപയോഗസാധനങ്ങളുടെ അഞ്ചു കടകള്‍. കൂടാതെ സഞ്ചരിക്കുന്ന 13 വില്‍പ്പനശാലകളുണ്ട്. രണ്ടു മെഡിക്കല്‍ ഷോപ്പുകള്‍, സഹകരണ വസ്ത്രാലയം, വീട്ടുപകരണങ്ങളുടെ രണ്ടു ഷോറൂം, ഹാര്‍ഡ്‌വെയര്‍ സ്റ്റോര്‍, വളം ഡിപ്പോ, മൂന്നു റബ്ബര്‍ സംഭരണകേന്ദ്രങ്ങള്‍, കോഫി ഷോപ്പ്, കുലക്കട, മലബാര്‍ സിമന്റ് ഏജന്‍സി എന്നിവയും കെ.സി.സി.എസ്. നടത്തുന്നു. കോലിയക്കോടിനടുത്തു വേളാവൂരില്‍ ഒന്നരക്കൊല്ലം മുമ്പു പെട്രോള്‍ പമ്പ് തുടങ്ങി. ജില്ലയിലെത്തന്നെ കല്ലറയ്ക്കടുത്തു മുതുവിളയില്‍ പുതിയൊരു പെട്രോള്‍ പമ്പ് തുടങ്ങാനിരിക്കുന്നു.

കെ.സി.സി.എസ്. കടകള്‍ തുറന്ന കോലിയക്കോടും വേളാവൂരും തൈക്കാടും വെമ്പായവും നേതാജിപുരവുമൊക്കെ ഗ്രാമങ്ങളാണ്, നഗരമല്ല. രണ്ടോ മൂന്നോ കിലോമീറ്റര്‍ മാറിയാല്‍ പോത്തന്‍കോടും വെഞ്ഞാറമൂടും പോലെ വലിയ ബിസിനസ് കേന്ദ്രങ്ങളും അവിടങ്ങളില്‍ പല സൂപ്പര്‍ – ഹൈപ്പര്‍ മാര്‍ക്കറ്റുകളുമുണ്ട് എന്നിരിക്കെയാണ് ഈ ഉപഭോക്തൃ സഹകരണസംഘത്തിനു പ്രവര്‍ത്തിക്കാനും വളരാനും കഴിയുന്നത്. ഉപഭോക്തൃമേഖലയിലെ പ്രവര്‍ത്തനത്തോടൊപ്പം നിക്ഷേപം സ്വീകരിക്കുകയും ഹയര്‍ പര്‍ച്ചേസ്, കണ്‍സ്യൂമര്‍, പേഴ്സണല്‍, സ്വര്‍ണ്ണപ്പണയം തുടങ്ങിയ ഇനങ്ങളില്‍ വായ്പ കൊടുക്കുകയും ചെയ്യുന്നു. മ്യൂച്വല്‍ ബെനിഫിറ്റ് ഫണ്ടും നടത്തുന്നു. സംഘത്തിലെ അംഗസംഖ്യ ഇപ്പോള്‍ 7815 ആണ്.

വീടുകളിലെത്തുന്ന
ആതുരസേവനം

വ്യാപാരത്തിനൊപ്പം സമൂഹസേവനവും മനസ്സില്‍ക്കണ്ടാണു വേളാവൂരില്‍ സഹകരണ ആശുപത്രി തുടങ്ങിയത. കിടപ്പുരോഗികളെ വീട്ടില്‍പ്പോയി നോക്കുകകൂടി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരുമുള്ള ആശുപത്രി. മൂന്നുവീതം ഡോക്ടര്‍മാരും നഴ്സുമാരും ലാബ് ടെക്നീഷ്യരും ഇവിടെ ജോലി ചെയ്യുന്നു. ലാബും മെഡിക്കല്‍ സ്റ്റോറും ആംബുലന്‍സും മറ്റൊരു വാഹനവും ആശുപത്രിക്കായുണ്ട്. പരേതനായ പ്രമുഖ അഭിഭാഷകന്‍ പിരപ്പന്‍കോട് വി. ശ്രീധരന്‍ നായരുടെ സ്മാരകമായിട്ടാണ് ഈ ആശുപത്രി തുടങ്ങിയത്.

സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച കോലിയക്കോട് ശാന്തിനികേതനില്‍ എന്‍. വേലപ്പന്‍ നായരും സുഹൃത്തുക്കളും മുന്‍കൈയെടുത്തു രൂപവത്കരിച്ച ഈ സംഘം 1989 ല്‍ രജിസ്റ്റര്‍ ചെയ്തു. വ്യാപാരം 1990 ജൂലായ് ഒന്നിനു തുടങ്ങി. പത്തു വര്‍ഷം പ്രസിഡന്റായിരുന്ന വേലപ്പന്‍ നായര്‍ 1999 ല്‍ അന്തരിച്ചു. വിരമിച്ച അധ്യാപകനും സംഘത്തിന്റെ ആദ്യത്തെ ഓണററി സെക്രട്ടറിയുമായ എം. അപ്പുക്കുട്ടന്‍ പിള്ള പിന്നീട് പ്രസിഡന്റായി. എന്‍. വേലപ്പന്‍ നായരുടെ മകന്‍ വി. സന്തോഷാണ് ഇപ്പോള്‍ പ്രസിഡന്റ്.

സംഘത്തിന്റെ തുടക്കത്തില്‍ (198990) പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനം പതിനായിരം രൂപമാത്രമായിരുന്നു. 2023 മാര്‍ച്ച് 31 ല്‍ അത് ഒരു കോടിയോളമാണ്. 2022-23 വര്‍ഷത്തില്‍ സംഘത്തിന്റെ മൊത്തം ബിസിനസ് 130 കോടി രൂപ. ഇതില്‍ നിക്ഷേപം 52 കോടി, സംഘം കൊടുത്ത വായ്പകള്‍ 39 കോടി, വിറ്റുവരവ് 38 കോടി എന്നിങ്ങനെയാണ്.

സാംസ്‌കാരിക
പ്രവര്‍ത്തനങ്ങള്‍

സംഘത്തിന്റെ ഓണററി സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന എം. അപ്പുക്കുട്ടന്‍പിള്ളയുടെ സ്മരണയ്ക്കായി സംഘം ഒരു ഗ്രന്ഥശാല നടത്തിവരുന്നു. ഇതില്‍ 6500 പുസ്തകങ്ങളും അറുന്നൂറോളം അംഗങ്ങളുമുണ്ട്. കോലിയക്കോട്ട് സംഘം ആസ്ഥാനത്തിനടുത്തുതന്നെ ഗ്രന്ഥശാലയുടെ കെട്ടിടം നിര്‍മിക്കാന്‍ രണ്ടു സെന്റ് സ്ഥലം വാങ്ങുകയും മന്ത്രി ജി.ആര്‍.അനിലിന്റെ എം.എല്‍.എ. ഫണ്ടില്‍നിന്നു പത്തു ലക്ഷം രൂപ അനുവദിച്ചതിനെത്തുടര്‍ന്നു കെട്ടിടനിര്‍മാണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഗ്രന്ഥശാല സൗജന്യമായി കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ നടത്തുന്നു. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കു സ്വയം പരിശീലനം നേടാനുള്ള സൗകര്യമുണ്ട്. പരീക്ഷകളില്‍ മികച്ച വിജയം നേടുകയോ മറ്റു തരത്തില്‍ മികവു തെളിയിക്കുകയോ ചെയ്യുന്ന പ്രദേശവാസികളെ പുരസ്‌കാരങ്ങള്‍ കൊടുത്തു സംഘം അനുമോദിക്കാറുണ്ട്. നാടകകൃത്തും കവിയുമായ പിരപ്പന്‍കോട് മുരളിയാണു ഗ്രന്ഥശാലയുടെ പ്രസിഡന്റ്്. അദ്ദേഹത്തിന്റെ എണ്‍പതാം ജന്മനാളും അദ്ദേഹം സാഹിത്യ-പൊതുപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ അറുപതാം വാര്‍ഷികവും ഗ്രന്ഥശാല ഈയിടെ വിപുലമായി ആഘോഷിക്കുകയുണ്ടായി.

ഉല്‍പ്പാദന
രംഗത്തേക്കും

കടകള്‍ നടത്തുന്നതിനൊപ്പം ഉല്‍പ്പാദനം അനിവാര്യമായി. ആവശ്യക്കാര്‍ക്കു മര ഫര്‍ണിച്ചര്‍ ചെയ്യിച്ചുകൊടുക്കലായിരുന്നു ആദ്യ ചുവട്. ഉല്‍പ്പാദനത്തിലെ വലിയൊരു ചുവടുവെപ്പ് കെ.സി.സി.എസ്. ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ( എഫ്.പി.സി ) യാണ്. അതിനിടെ ഐ.ടി. രംഗത്തുമിറങ്ങി. ഈ സഹകരണസംഘത്തിലും ഇതു തുടങ്ങിയ കമ്പനികളിലുംകൂടി ഇതിനകം തൊഴില്‍ കിട്ടിയത് നൂറ്റമ്പതോളം പേര്‍ക്കാണ്. മിക്കവരും പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവര്‍. അതില്‍ത്തന്നെ ഭൂരിപക്ഷം സ്ത്രീകള്‍. അത്രയും കുടുംബങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നതാണു വലിയ നേട്ടമായി സംഘം ഭാരവാഹികള്‍ കരുതുന്നത്. 2022-23 സാമ്പത്തികവര്‍ഷത്തിലെ സംഘത്തിന്റെ മൊത്തം ബിസിനസ് 130 കോടി രൂപയ്ക്കാണ്. ഇതില്‍ നിക്ഷേപം 52 കോടിയും വായ്പ 39 കോടിയും വിറ്റുവരവ് 38 കോടിയും മ്യൂച്വല്‍ ബനിഫിറ്റ് ഫണ്ട് ഒരു കോടിയുമാണ്. സംഘവും കമ്പനികളും ചേര്‍ത്തുനോക്കുമ്പോള്‍ 60 ലക്ഷം രൂപയുടെ ലാഭമുണ്ട്. ഇക്കൂട്ടത്തിലെ എല്ലാം ലാഭമുണ്ടാക്കുന്നു എന്നല്ല. ചില സംരംഭങ്ങള്‍ നിലവില്‍ നഷ്ടത്തിലാണ്. ഉദാഹരണത്തിന്, സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 28 ലക്ഷം രൂപ ചെലവുണ്ടായപ്പോള്‍ 14 ലക്ഷമേ വരവുണ്ടായുള്ളൂ. സാമൂഹികപ്രതിബദ്ധതകൊണ്ട് അങ്ങനെയുള്ളവയും നിലനിര്‍ത്തിയേതീരൂവെന്നു സംഘം പ്രസിഡന്റ് വി. സന്തോഷ് പറയുന്നു.

പാല്‍ ചുരത്തുന്ന
തങ്കമല

കോലിയക്കോട്-തങ്കമല റോഡ് ഇപ്പോള്‍ ഒരു ‘ക്ഷീരപഥം’ ആയിരിക്കുന്നു; ‘ഗോള്‍ഡന്‍ ഹില്‍’ പാല്‍ കൊണ്ടുപോകുന്ന വഴി. മുമ്പ് റബ്ബര്‍പ്പാല്‍ ഊറുന്ന തോട്ടങ്ങള്‍മാത്രമായിരുന്നു തങ്കമല. ഇപ്പോള്‍ തങ്കമലയില്‍ പ്രധാനം പശുവിന്‍പാലും പാലുല്‍പ്പന്നങ്ങളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകളാണ്. കോലിയക്കോട്ടുനിന്നു കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ മാറി ഹരിതാഭയുള്ള, ജനസാന്ദ്രത കുറഞ്ഞ, ചെറിയ കുന്നാണു തങ്കമല. ഇവിടെയാണു കെ.സി.സി.എസ്. ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉല്‍പ്പാദന യൂണിറ്റുകള്‍. സഹകരണസംഘത്തിന് ഒറ്റയ്ക്കോ പല സംഘങ്ങള്‍ ചേര്‍ന്നോ കമ്പനി രൂപവത്കരിക്കാമെന്നു സഹകരണനിയമത്തില്‍ വ്യവസ്ഥയുണ്ട്. അതുപ്രകാരം, സ്വന്തം നിയമാവലി ഭേദഗതിചെയ്തു കോലിയക്കോട് കണ്‍സ്യൂമര്‍ സഹകരണസംഘം ഒറ്റയ്ക്കു മുന്നിട്ടിറങ്ങി, രജിസ്ട്രേഷന്‍ നേടി തുടങ്ങിയതാണ് ഈ കമ്പനി. കാര്‍ഷികവിഭവങ്ങള്‍ ന്യായവില കൊടുത്തു വാങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വില്‍ക്കുകയാണു ലക്ഷ്യം.

തങ്കമലയില്‍ 157 സെന്റ് സ്ഥലം സംഘംതന്നെ വിലയ്ക്കുവാങ്ങി ഗോഡൗണിനും ഫാമിനും ഉല്‍പ്പാദനയൂണിറ്റുകള്‍ക്കുമുള്ള കെട്ടിടങ്ങള്‍ പണിയിച്ചു. അവിടം പത്തുകൊല്ലത്തേക്കു കമ്പനിക്കു കൊടുത്തിരിക്കുകയാണ്; പ്രതിമാസം ഒരു ലക്ഷം രൂപയാണു കമ്പനി സംഘത്തിനു കൊടുക്കേണ്ട വാടക. പ്ലാന്റിനും യന്ത്രസാമഗ്രികള്‍ വാങ്ങാനുമായി കമ്പനിക്കു പത്തു കോടി രൂപ ഒമ്പതു ശതമാനം പലിശനിരക്കില്‍ വായ്പ കൊടുത്തതും കോലിയക്കോട് സംഘംതന്നെ.

കമ്പനി 2022 മാര്‍ച്ചില്‍ ഉല്‍പ്പാദനം തുടങ്ങി. മാതൃകാ കന്നുകാലിഫാമും ഡെയറി യൂണിറ്റും ജൈവവളം (ചാണകപ്പൊടി) യൂണിറ്റും വെളിച്ചെണ്ണയും വിളക്കെണ്ണയും ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകളും ഇവിടെയുണ്ട്. കമ്പനിയില്‍ 47 ജീവനക്കാരുണ്ട്. എല്ലാവരും സ്ഥിരം. ഇവിടുത്തെ ഫാമില്‍ 42 പശുക്കളും 38 ആടുകളും 1000 കോഴികളും നാലു പോത്തുമാണ് ഇപ്പോഴുള്ളത്.

തങ്കമലയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ്് പേര് ‘ഗോള്‍ഡന്‍ ഹില്‍’. ഉല്‍പ്പന്നവിപണനം കമ്പനിയല്ല നടത്തുന്നത്. അവ സംഘം വാങ്ങി വില്‍ക്കുന്നു. നെടുമങ്ങാട് താലൂക്കിലാകെയും ചിറയില്‍കീഴ്, തിരുവനന്തപുരം താലൂക്കുകളിലെ ചില പ്രദേശങ്ങളിലും അവ എത്തിക്കുന്നു. കൊണ്ടുപോകാന്‍ 13 വാനുകള്‍. അതില്‍ പന്ത്രണ്ടും സ്വന്തം. ശരാശരി രണ്ടു ലക്ഷം രൂപയ്ക്കുള്ള കമ്പനിയുല്‍പ്പന്നങ്ങളാണ്് ഇപ്പോള്‍ ദിവസേന വില്‍ക്കുന്നത്. കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് ഏഴു കോടിയോളം രൂപ.

ഇപ്പോള്‍ വിപണനവും ഫാമും വെളിച്ചെണ്ണയൂണിറ്റും ലാഭകരമാണ്. പാല്‍ സംസ്‌കരണയൂണിറ്റ് ലാഭകരമായിട്ടില്ല. പ്രതിദിനം രണ്ടു ലക്ഷം രൂപയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നിടത്തു മൂന്നു ലക്ഷത്തിനു വില്‍പ്പനയുണ്ടായാല്‍ ആ നഷ്ടം മാറും. അതിനു പ്ലാന്റ് വലുതാക്കണമെന്നില്ല. ഒരു മണിക്കൂറില്‍ത്തന്നെ മൂവായിരം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ നിലവില്‍ ശേഷിയുണ്ട്. വളരാന്‍ സൗകര്യങ്ങളുമുണ്ട്. സംഘം വാടകയ്ക്കനുവദിച്ച ഒന്നരയേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ പ്രവര്‍ത്തനമെങ്കിലും കമ്പനിതന്നെ അടുത്ത് ഒരേക്കര്‍ 80 സെന്റ് വാങ്ങിയിട്ടുണ്ട്. അതുള്‍പ്പെടെ നോക്കുമ്പോള്‍ കമ്പനിക്കുള്ള ആസ്തി 30 കോടിയാണ്. സ്വന്തം 1.8 ഏക്കറില്‍ കെട്ടിടസൗകര്യങ്ങളൊരുക്കി മാറുകയും പുതിയ കാര്യങ്ങള്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ മൊത്തത്തില്‍ കമ്പനി ലാഭകരമാകുമെന്നു സംഘം പ്രസിഡന്റ്് വി. സന്തോഷ് പറയുന്നു.

‘ഗോള്‍ഡന്‍ ഹില്‍’ പാലും തൈരും ഇപ്പോള്‍ കവറിലും പ്ലാസ്റ്റിക് കുപ്പികളിലും വിപണനത്തിനിറക്കുന്നുണ്ട്. കുപ്പിയിലേതിനു വില അല്‍പ്പം കൂടുമെങ്കിലും ആവശ്യക്കാരുണ്ട്. കമ്പനി ദിനംപ്രതി 2000 കുപ്പി പുറത്തുനിന്നു വാങ്ങുന്നു. കുപ്പികള്‍ സ്വന്തമായി നിര്‍മിക്കാന്‍ കമ്പനി പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞു. കുപ്പിയൊന്നിന് ഒരു രൂപയുടെ ചെലവ് കുറച്ചാല്‍ത്തന്നെ മാസം അറുപതിനായിരം രൂപയുടെ ചെലവ് കുറയ്ക്കാം. മാത്രമല്ല, മറ്റാവശ്യക്കാര്‍ക്കു കുപ്പികള്‍ നിര്‍മിച്ചുവില്‍ക്കാം. പത്തു കിലോമീറ്ററകലെ തേമ്പാംമൂട്ടിലുള്ള ഒരു സ്ഥാപനം ഗോള്‍ഡന്‍ ഹില്‍ എന്ന പേരില്‍ത്തന്നെ കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കാനിരിക്കുന്നു. അവര്‍ക്കു കുപ്പികള്‍ കൊടുക്കാന്‍ ധാരണയുണ്ട്. ആ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നതു കെ.സി.സി.എസ്സാണ്. മില്‍മയില്‍നിന്നു വിരമിച്ച രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണു കെ.സി.സി.എസ്. ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ തലപ്പത്തു നിയമിച്ചിട്ടുള്ളത്; എം.ഡി.യായി ജി. കൃഷ്ണലാലും സി.ഇ.ഒ. ആയി ഡോ. കെ.എന്‍.സതീഷും.

ഐ.ടി.
കമ്പനിയും

കോലിയക്കോട് കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ പൂര്‍ണ ഓഹരിപങ്കാളിത്തത്തില്‍ രൂപവത്കരിച്ച മറ്റൊരു കമ്പനിയാണു കെ.സി.സി.എസ്. ഐ.ടി. സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. 2020 ജൂണ്‍ ഒന്നിനു കോലിയക്കോട്ടുതന്നെ ഇതു പ്രവര്‍ത്തനം തുടങ്ങി. സംഘം അഞ്ചു സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അവ സംയോജിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമായതു തയാറാക്കുകയും സമാനസ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്കു വില്‍ക്കുകയുമാണു ലക്ഷ്യം. സംഘത്തിന്റെ വ്യാപാരപ്രവര്‍ത്തനങ്ങള്‍ക്കും ഡെയ്ലി കളക്ഷന്‍ യൂണിറ്റുകള്‍ക്കും ഈ കമ്പനി തയാറാക്കിയ സോഫ്റ്റ്‌വെയറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ ഉടന്‍ തയാറാകും. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്കുവേണ്ടി ആദ്യം ടിക്കറ്റ് വെന്‍ഡിങ് യന്ത്രം വികസിപ്പിച്ചെടുത്ത മനോഹരന്‍ നായരാണു കെ.സി.സി.എസ്. ഐ.ടി. സൊലൂഷന്‍സിന്റെ സി.ഇ.ഒ.

(മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)

[mbzshare]

Leave a Reply

Your email address will not be published.