വലിയ നേട്ടങ്ങളുമായി ചെറുതാഴം സഹകരണ ബാങ്ക്

[mbzauthor]

കണ്ണൂരിലെ കാര്‍ഷിക ഗ്രാമമായ ചെറുതാഴത്തു 1926 ല്‍
ഐക്യനാണയ സംഘമായിട്ടാണ് ചെറുതാഴം സര്‍വീസ്
സഹകരണബാങ്കിന്റെ തുടക്കം. ഇന്നു 75,331 അംഗങ്ങളും
406 കോടി രൂപ പ്രവര്‍ത്തന മൂലധനവുമുള്ള
ബാങ്ക് കഴിഞ്ഞ വര്‍ഷം 281 കോടിയുടെ ബാങ്കിങ്
ബിസിനസ്സും 29 കോടിയുടെ വ്യാപാരവും നടത്തി.
105 സ്ഥിരം ജീവനക്കാരുള്ള ചെറുതാഴം ബാങ്ക്
സഹകരണമേഖലയിലെ തൊഴില്‍ ദാതാക്കളുടെ
പട്ടികയിലും മുന്‍നിരയിലാണ്.

 

നഷ്ടങ്ങളുടെ കണക്കുമായി കാര്‍ഷികമേഖലയില്‍നിന്നു പിന്‍വാങ്ങിയവരെ കൈ പിടിച്ച് കൃഷിയിലേക്കു തിരിച്ചുകൊണ്ടുവന്ന്, പുതുപരീക്ഷണങ്ങളിലൂടെ പ്രതീക്ഷയുടെ പൊന്‍കതിരുകള്‍ വിളയിച്ച സംഘശക്തി. വൈവിധ്യവല്‍ക്കരണത്തിന്റെ വഴിയില്‍ നാടോടുന്നതിനു മുമ്പെ ഓടി ബാങ്കിങ്ങിതര മേഖലയില്‍ ശക്തമായ അടിത്തറ പാകിയ സഹകരണ ബാങ്ക്. ഏക്കര്‍ കണക്കിനു ഭൂമിയും കൂറ്റന്‍ കെട്ടിടങ്ങളും വിശാലമായ ഗോഡൗണും കാര്‍ഷിക വിപണനകേന്ദ്രവുമൊക്കെ സ്വന്തമാക്കി ആര്‍ജിച്ച ആസ്തികളുടെ കണക്കില്‍ എന്നും മുന്നില്‍നില്‍ക്കുന്ന സ്ഥാപനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാന്ത്വന പരിചരണത്തിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും നാടിനു മാതൃക. സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച സഹകരണ ബാങ്കിനുള്ള ഇത്തവണത്തെ അവാര്‍ഡ് നേടിയ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് സഹകരണ മേഖലക്കു വലിയ സംഭാവനകള്‍ നല്‍കിയ കണ്ണൂര്‍ ജില്ലയുടെ അഭിമാനമാണ്.

നെല്‍പ്പാടങ്ങളുടെ നാടാണു ചെറുതാഴം. ഉല്‍പ്പാദനച്ചെലവ് കൂടുകയും ഉല്‍പ്പന്നവില ഇടിയുകയും ചെയ്തതോടെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളില്‍ വിളയിറക്കാതെ കര്‍ഷകര്‍ പിന്‍ലിഞ്ഞ ഗ്രാമം. ഇവിടെ കൃഷിക്കു പുത്തനുണര്‍വ്വ് നല്‍കിയ സഹകരണ സംഘം എന്ന നിലയിലാണു ചെറുതാഴം ബാങ്ക് അടുത്ത കാലത്തു ശ്രദ്ധേയമായത്. എന്നാല്‍, കൃഷിയോടൊപ്പം കച്ചവടത്തിലും സേവനത്തിലും തങ്ങള്‍ മുമ്പിലാണെന്നു ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് തെളിയിച്ചതോടെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരങ്ങള്‍ ബാങ്കിനെ തേടിയെത്തിയിരിക്കുകയാണ്

കാര്‍ഷികഗ്രാമമായ ചെറുതാഴത്ത് 1926 ല്‍ ആരംഭിച്ച വിവിധോദ്ദേശ്യ ഐക്യനാണയ സംഘമാണ് ഒരു നൂറ്റാണ്ടിനടുത്ത കാലം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കയറി സംസ്ഥാനത്തെ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കുകളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. 75,331 അംഗങ്ങളും 406 കോടി രൂപ പ്രവര്‍ത്തനമൂലധനവുമുള്ള ബാങ്ക് കഴിഞ്ഞ വര്‍ഷം 281 കോടി രൂപയുടെ ബാങ്കിങ് ബിസിനസ്സും 29 കോടി രൂപയുടെ വ്യാപാരവും നടത്തുകയുണ്ടായി. 105 സ്ഥിരംജീവനക്കാരും 12 ദിവസവേതനക്കാരും 21 കലക്ഷന്‍ ഏജന്റുമാരുമുള്ള ചെറുതാഴം ബാങ്ക് സഹകരണ മേഖലയിലെ തൊഴില്‍ദാതാക്കളുടെ പട്ടികയിലും മുന്‍നിരയിലാണ്.

കൃഷിക്ക്
കൈത്താങ്ങ്

നാടുനീങ്ങിയ നെല്‍ക്കൃഷിയെ തിരിച്ചുകൊണ്ടുവരാന്‍ ചെറുതാഴം ബാങ്ക് ചെലവഴിച്ചത് ലക്ഷങ്ങളാണ്. ലാഭനഷ്ടക്കണക്കിനപ്പുറമുള്ള സാമൂഹിക ഉത്തരവാദിത്തമാണു തങ്ങളേറ്റെടുത്തിരിക്കുന്നതെന്ന തിരിച്ചറിവില്‍ 2019 ല്‍ 250 ഏക്കര്‍ നെല്‍ക്കൃഷിക്കാണു ബാങ്ക് മുന്നിട്ടിറങ്ങിയത്. പാടം നികത്തി കെട്ടിടങ്ങളുയര്‍ത്തുന്നതും വാണിജ്യവിളകള്‍ക്കായി ഭൂമി തരംമാറ്റുന്നതും ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് കര്‍ശനമായി തടഞ്ഞതു നെല്‍ക്കൃഷി നടത്താന്‍ പണമിറക്കുന്നതിനു ബാങ്കിന് ആത്മവിശ്വാസം നല്‍കി. കര്‍ഷകരെ ബോധവല്‍ക്കരിച്ചും സംഘടിപ്പിച്ചും ശാസ്ത്രീയമായി കൃഷി നടത്തുന്ന രീതിയാണു പരീക്ഷിച്ചത്. മഴ ചതിച്ചതോടെ ആദ്യവര്‍ഷം നഷ്ടം വന്നതു കര്‍ഷകരെ നിരാശരാക്കി. എന്നാല്‍, അവരെ ചേര്‍ത്തുപിടിച്ച് ബാങ്ക് മുന്നോട്ടുനീങ്ങുകയായിരുന്നു. അടുത്ത വര്‍ഷം 24 ക്ലസ്റ്ററുകള്‍ രൂപവല്‍ക്കരിച്ച് 85 ലക്ഷത്തോളം രൂപ നെല്‍ക്കൃഷിക്കു വായ്പ നല്‍കുകയുണ്ടായി. ശാസ്ത്രീയ കൃഷിരീതികള്‍ പരീക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു. ആദ്യവര്‍ഷത്തെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുനീങ്ങിയതോടെ ഉല്‍പ്പാദനക്ഷമത ഗണ്യമായി വര്‍ധിച്ചു. ഒരു ഹെക്ടറില്‍ രണ്ടര ടണ്‍വരെ നെല്ല് കിട്ടിയിരുന്നത് എട്ട് ടണ്‍വരെയായി ഉയര്‍ന്നതു കര്‍ഷകര്‍ക്കു പ്രതീക്ഷ നല്‍കി. വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തതു കാര്‍ഷികമേഖലയില്‍ ഏററവും വലിയ പ്രശ്‌നമായി നില്‍ക്കുമ്പോള്‍ കാര്‍ഷിക ജോലികളിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബാങ്ക് നേതൃത്വം നല്‍കി. ഈ പ്രദേശത്ത് ഉല്‍പാദിപ്പിച്ച നെല്ല് ചെറുതാഴം പൊന്‍മണി എന്ന പേരില്‍ വിപണിയിലിറക്കിയപ്പോള്‍ ലഭിച്ച സ്വീകാര്യത നെല്‍ക്കൃഷിക്കാര്‍ക്കു വിപണനപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയായി. 110 ടണ്‍ നെല്ല് സപ്ലൈകോക്കു നല്‍കി.

നെല്‍ക്കൃഷിക്കു പുറമെ നേന്ത്രവാഴക്കൃഷി വ്യാപകമാക്കാന്‍ മുറ്റത്തൊരു വാഴ പദ്ധതിവഴി ബാങ്കിനു കഴിഞ്ഞു. എല്ലാ വീടുകളിലും ഇഞ്ചി, മഞ്ഞള്‍, ചേന തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വിത്തുകള്‍ വിതരണം ചെയ്തു. നാഷണല്‍ ഹൈവേയില്‍ പിലാത്തറയില്‍ നിര്‍മിക്കുന്ന അഗ്രി മാര്‍ക്കറ്റ് ഈ പ്രദേശത്തെ കാര്‍ഷിക മേഖലക്ക് ഉണര്‍വ്വ് നല്‍കും. രണ്ട് കോടി രൂപയാണ് ഇതിനു വകയിരുത്തിയത്. നിലവിലുള്ള നഴ്‌സറിയും ഫാമും വിപുലീകരിച്ച് കര്‍ഷകര്‍ക്കാവശ്യമായ നടീല്‍വസ്തുക്കളും വളങ്ങളും പൂര്‍ണമായി ലഭ്യമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പഴം, പച്ചക്കറിക്കൃഷിക്കും വലിയ സഹായങ്ങളാണു ബാങ്ക് നല്‍കുന്നത്. ബാങ്കിന്റെ ഉടമസ്ഥതയിലുളള ഭൂമിയില്‍ ഒന്നര ഏക്കര്‍ മില്‍ക്ക് സൊസൈറ്റിക്കു പ്ലാന്റ് സ്ഥാപിക്കാന്‍ വിട്ടുകൊടുത്തതും വായ്പ നല്‍കിയതും ക്ഷീരമേഖലക്കു സഹായമായി. നിത്യേന 25,000 ലിറ്റര്‍ പാല്‍ സംഭരിച്ച് വിപണനം നടത്തുകവഴി നാല്‍പ്പതോളം പേര്‍ക്കാണു ക്ഷീരസംഘം ജോലി നല്‍കുന്നത്. പാല്‍ സംഭരിച്ച് ശീതീകരിച്ച് പാക്ക് ചെയ്തു ചെറുതാഴം മില്‍ക്ക് എന്ന പേരില്‍ വിപണിയിലിറക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഹരിതം സഹകരണം പദ്ധതിയും ചെറുതാഴത്തു മികച്ച രീതിയില്‍ നടപ്പാക്കുന്നു.

ആസ്തി
മാനേജ്‌മെന്റ്

ആസ്തികള്‍ ആര്‍ജിച്ചും അത് ഉല്‍പ്പാദനാവശ്യങ്ങള്‍ക്കു ഫലപ്രദമായി ഉപയോഗിച്ചും അസറ്റ് മാനേജ്‌മെന്റില്‍ മറ്റു സഹകരണ സ്ഥാപനങ്ങള്‍ക്കു മാതൃകയാവാനും ചെറുതാഴം ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. പിലാത്തറയിലും പരിസര പ്രദേശത്തുമായി 14.86 ഏക്കര്‍ സ്ഥലം ബാങ്കിനു സ്വന്തമായുണ്ട്. കോടികള്‍ വിലമതിക്കുന്ന സ്ഥലം നാടിന്റെ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. പിലാത്തറ ടൗണില്‍ ബാങ്കിനു മൂന്നു നിലകളിലായി ഓഫീസ്‌കെട്ടിടമുണ്ട്. പിലാത്തറ ഹൈവേയിലുള്ള മൂന്നുനില ട്രേഡിങ് കോംപ്ലക്‌സ് കെട്ടിടം, ഹൈവേയില്‍ത്തന്നെ നിര്‍മാണം നടക്കുന്ന അഗ്രി മാര്‍ക്കറ്റ് കെട്ടിടം, മണ്ടൂരിലുള്ള ഓഡിറ്റോറിയം, പിലാത്തറ ടൗണിനടുത്തു രണ്ട് നിലകളിലായി നിര്‍മിച്ച 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗോഡൗണ്‍, നെരുവമ്പ്രം, നരിക്കാംവള്ളി ബ്രാഞ്ച് കെട്ടിടങ്ങള്‍ തുടങ്ങിയവയൊക്കെ ചെറുതാഴം സഹകരണ ബാങ്കിന്റെ ആസ്തികളില്‍പ്പെടുന്നു.

ഗൃഹോപകരണ ഷോറും തുറന്നു ബാങ്ക് വൈവിധ്യവല്‍ക്കരണത്തിനു തുടക്കം കുറിച്ചത് 1990 ലായിരുന്നു. പിന്നീട് ഇലക്ടിക്കല്‍സ്, പ്ലംബിങ്, ടൈല്‍സ്, സാനിട്ടറീസ്, പെയിന്റ്, ഹാര്‍ഡ്‌വെയര്‍ തുടങ്ങിയവയുടെ വിപണനം കൂടി ആരംഭിച്ചു. രണ്ട് മെഡിക്കല്‍ സ്റ്റോറുകളും ഹൈപ്പര്‍ മാര്‍ക്കറ്റും വളംഡിപ്പോയും ബാങ്കിന്റെ കീഴിലുണ്ട്. കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കിലുള്ളവര്‍ക്കു ഹയര്‍ പര്‍ച്ചേസ് വായ്പ അനുവദിക്കുന്നതിനാല്‍ ബാങ്കിന്റെ സ്ഥാപനങ്ങളില്‍ വിറ്റുവരവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

ശക്തമായ
ബാങ്കിങ്

കൃഷിയിലും കച്ചവടത്തിലും സേവന രംഗത്തുമൊക്കെ ശ്രദ്ധിക്കുമ്പോഴും അടിസ്ഥാനപരമായ ബാങ്കിങ്ങിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെയാണു ചെറുതാഴം സഹകരണ ബാങ്ക് ഉയരങ്ങളിലേക്കു നടന്നുനീങ്ങിയത്. 2000 ത്തില്‍ത്തന്നെ പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിച്ച ബാങ്ക് ഒമ്പതു ശാഖകളിലും മെയിന്‍ഓഫീസിലും ആധുനിക ബാങ്കിങ്ങിലെ പുത്തന്‍രീതികളൊക്കെ ഇടപാടുകാര്‍ക്കു ലഭ്യമാക്കിയിട്ടുണ്ട് പിലാത്തറ, ഏഴിലോട്, മണ്ടൂര്‍, അതിയടം, കൂവപ്രം, പരിയാരം, പീരക്കാം തടം, നരിക്കാംവള്ളി എന്നിവിടങ്ങളില്‍ ചെറുതാഴം ബാങ്കിന്റെ ബ്രാഞ്ച്‌വഴിയുളള സേവനം ലഭ്യമാണ്. ഇടപാടുകാര്‍ക്ക് എ.ടി.എം. കാര്‍ഡ് നല്‍കുന്നുണ്ട്. കൃഷി, കച്ചവടം, വാഹനം, വീട് നിര്‍മാണം, സ്വയം തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കു ബാങ്ക് നല്‍കുന്ന വായ്പകളില്‍ നല്ലപങ്കും കൃത്യമായി തിരിച്ചടവ് വരുന്നതു ബാങ്കിന്റെ സാമ്പത്തികഭദ്രത ഉറപ്പു വരുത്തുന്നുണ്ട്. വായ്പ കുടിശ്ശിക വരുന്നവ കൃത്യമായി നിരീക്ഷിക്കുകയും ഡയറക്ടര്‍മാരും ജീവനക്കാരും ഫീല്‍ഡിലിറങ്ങി തിരിച്ചടവ് ഉറപ്പാക്കുകയും ചെയ്യുന്നു. കുടുംബശ്രീ ലിങ്കേജ് വായ്പവഴി സ്ത്രീകളുടെ കൂട്ടായ്മക്കു ചെറുതാഴം ബാങ്ക് പിന്തുണ നല്‍കുന്നു.

പ്രയാസങ്ങളില്‍
ജനങ്ങള്‍ക്കൊപ്പം

പ്രയാസങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതു സഹകരണസ്ഥാപനങ്ങളുടെ ചുമതലയായി ബാങ്ക് ഭരണ സമിതി വിലയിരുത്തുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75 ലക്ഷം രൂപ സംഭാവന നല്‍കിയ ചെറുതാഴം ബാങ്ക് മികച്ച കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു കേരള ബാങ്കിന്റെ അവാര്‍ഡും നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് പണിയില്ലാതെ പട്ടിണിയിലായ മറുനാടന്‍ തൊഴിലാളികള്‍ക്കു ഭക്ഷ്യക്കിറ്റ് സൗജന്യമായി നല്‍കി. പ്രയാസമനുഭവിക്കുന്ന നാട്ടുകാരേയും ബാങ്ക് ചേര്‍ത്തുപിടിച്ചു. മാസ്‌ക്, ഗ്ലൗസ്, സാനിട്ടൈസര്‍, ഓക്‌സോ മീറ്റര്‍, വീല്‍ച്ചെയര്‍ തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കി. ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റില്‍ ആറ് യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പാവപ്പെട്ട രോഗികള്‍ക്കു വലിയ ആശ്വാസം നല്‍കുന്ന ഡയാലിസിസ് യൂണിറ്റ് വിപുലീകരിക്കാനും പദ്ധതിയുണ്ട്.

അപകടത്തില്‍ മരിക്കുന്ന ബാങ്കംഗങ്ങളുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും ഗുരുതരരോഗം ബാധിച്ച അംഗങ്ങള്‍ക്കു പ്രത്യേക ധനസഹായവും നല്‍കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തു പ്രോത്സാഹനപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാലയപ്രവേശനോത്സവത്തില്‍ കുടയും പഠനോപകരണങ്ങളും മികച്ച വിജയം നേടുന്ന കുട്ടികള്‍ക്കു ക്യാഷ് അവാര്‍ഡുകളും നല്‍കുന്നു. ഖാദി പ്രചാരണരംഗത്തും ചെറുതാഴം ബാങ്ക് സജീവമാണ്. ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്കു വായ്പ അനുവദിച്ച മികച്ച ബാങ്കുകള്‍ക്കുള്ള നബാര്‍ഡ് അവാര്‍ഡും ജില്ലയിലെ മികച്ച ബാങ്കിനുള കേരള ബാങ്ക് അവാര്‍ഡും ചെറുതാഴം സഹകരണ ബാങ്കിനു ലഭിച്ചിട്ടുണ്ട്.

ചെറുതാഴം ഗ്രാമപ്പഞ്ചായത്തു മുന്‍ പ്രസിഡന്റ് സി.എം. വേണുഗോപാലനാണ് 2018 മുതല്‍ ബാങ്കിന്റെ പ്രസിഡന്റ്. വി.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റും കെ.സി. തമ്പാന്‍ മാസ്റ്റര്‍, കെ.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, കെ. പവിത്രന്‍, കെ.വി. മൊയ്തീന്‍, കെ.കെ. കുഞ്ഞിക്കൃഷ്ണന്‍, കെ. പുരുഷോത്തമന്‍, കെ. ശാന്ത, കെ.ഇ. ബേബി, പി.പി. രജിത, എം. നാരായണന്‍ എന്നിവര്‍ സയറക്ടര്‍മാരുമാണ്. കെ. ദാമോദരനാണ് സെക്രട്ടറി.

 

 

[mbzshare]

Leave a Reply

Your email address will not be published.