ലോക സമ്പദ്‌വ്യവസ്ഥയില്‍മൂന്നാം സ്ഥാനത്തെത്താനുള്ളയാത്രയില്‍ സഹകരണ മേഖലയ്ക്കു വലിയ പങ്ക്-മന്ത്രി അമിത് ഷാ

moonamvazhi

ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ അഞ്ചാം സ്ഥാനത്തു എത്തിനില്‍ക്കുന്ന ഇന്ത്യ അടുത്തുതന്നെ മൂന്നാം സ്ഥാനത്തെത്തുമെന്നും ഈ നേട്ടത്തില്‍ രാജ്യത്തെ സഹകരണ മേഖല വലിയൊരു പങ്കു വഹിക്കുമെന്നും കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ ( IDF ) ആഗോള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 48 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നടക്കുന്ന ഈ സമ്മേളനം ഗ്രേറ്റര്‍ നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സെപ്റ്റംബര്‍ 12 നു ഉദ്ഘാടനം ചെയ്തത്. 50 രാജ്യങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം 15 നവസാനിക്കും. ‘ പാല്‍- പോഷണത്തിനും ഉപജീവനത്തിനും ‘ എന്നതാണു സമ്മേളനത്തിന്റെ ചിന്താവിഷയം.

ലക്ഷക്കണക്കിനു ക്ഷീര കര്‍ഷകരുടെ അധ്വാനഫലമായി ഇന്ത്യ ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പാലുല്‍പ്പാദക രാജ്യമായിത്തീര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ക്ഷീര മേഖലയില്‍ സഹകരണ സംഘങ്ങള്‍ക്കു വലിയ പ്രസക്തിയാണ് ഇന്നുള്ളത്. ഇവിടത്തെയും മറ്റു ലോകരാജ്യങ്ങളിലെയും പാവപ്പെട്ട കര്‍ഷകരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. ഇതിനായി അമുല്‍ പോലെ സഹകരണ മേഖലയിലെ വിജയകഥകള്‍ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരം കൈമാറണം –  ‘ ക്ഷീര മേഖലയില്‍ സഹകരണ സംഘങ്ങളുടെ പ്രസക്തി ‘ എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കവെ മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തെ മന്ത്രി അമിത് ഷാ പ്രകീര്‍ത്തിച്ചു. ഇന്ത്യ വിജയകരമായ സഹകരണ മാതൃക ലോകത്തിനു മുന്നില്‍ വെച്ചിട്ടുണ്ട്. ഓരോ രംഗത്തും തുല്യ വികസനമെത്തിച്ചുകൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒന്നാണ് ഈ മാതൃക. ഇന്ത്യയിലെ സഹകരണ മേഖലയില്‍ 360 ഡിഗ്രി വികസനമാണുള്ളത്. സഹകരണ പ്രസ്ഥാനം കടന്നുചെല്ലാത്ത ഒരു മേഖലയും രാജ്യത്തില്ല. ക്ഷീര വ്യവസായത്തില്‍ ലോകത്തെങ്ങും ലാഭത്തിന്റെ 40-45 ശതമാനം മാത്രമാണു കര്‍ഷകര്‍ക്കു കിട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍ അതല്ല സ്ഥിതി. പാല്‍വിലയുടെ 70 ശതമാനവും ക്ഷീര സഹകരണ സംഘങ്ങള്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ്. ഇന്ത്യയുടെ മഹത്തായ ഈ നേട്ടം ലോകത്തിനു മാതൃകയാക്കാവുന്നതാണ് – അമിത് ഷാ പറഞ്ഞു.

ആശയങ്ങള്‍ പരസ്പരം കൈമാറാനുള്ള മഹത്തായ മാധ്യമമായി ആഗോള ക്ഷീര ഉച്ചകോടി മാറുമെന്നു നേരത്തേ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ക്ഷീര മേഖല ലോകമെങ്ങുമുള്ള കോടിക്കണക്കിനു ജനങ്ങളുടെ പ്രധാന ജീവനോപാധികൂടിയാണ്. രാജ്യത്തു ക്ഷീര മേഖല എട്ടു കോടി കുടുംബങ്ങള്‍ക്കാണു തൊഴില്‍ നല്‍കുന്നത്. ക്ഷീര സഹകരണ സംഘങ്ങള്‍ വലിയൊരു ശൃംഖലയാണ്. ലോകത്തു മറ്റൊരിടത്തും ഇത്തരമൊന്നു കാണാനാവില്ല – നരേന്ദ്ര മോദി പറഞ്ഞു.

ക്ഷീര മേഖലയിലെ സ്ത്രീശക്തിയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യന്‍ ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 70 ശതമാനവും സ്ത്രീകളാണ്. 2014 ല്‍ നമ്മുടെ പാലുല്‍പ്പാദനം 146 ദശലക്ഷം ടണ്ണായിരുന്നു. ഇപ്പോഴതു 210 ദശലക്ഷം ടണ്ണായി വര്‍ധിച്ചിരിക്കുന്നു. 44 ശതമാനമാണു ഉല്‍പ്പാദന വര്‍ധന – പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!