റെയ്ഫീസനും കടംവായ്പാ സംഘങ്ങളും

Deepthi Vipin lal
ടി. സുരേഷ് ബാബു
ടി. സുരേഷ് ബാബു

(സഹകരണ മേഖല താണ്ടിയ വഴികള്‍ – 3)

2020 ഫെബ്രുവരി ലക്കം

സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ഭവവും ലക്ഷ്യങ്ങളും വളര്‍ച്ചയും വിശദമാക്കുന്ന ‘ സഹകരണ പ്രസ്ഥാനം ‘ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് 1931 ലാണ്. ഗ്രന്ഥകര്‍ത്താവ് വി.കെ. കുഞ്ഞന്‍ മേനോന്‍. 28 അധ്യായങ്ങള്‍. 188 പേജ്.

‘ സഹകരണ പ്രസ്ഥാനം ‘ എന്ന ഗ്രന്ഥത്തില്‍ വി.കെ. കുഞ്ഞന്‍ മേനോന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കടംവായ്പാ സഹകരണ സംഘങ്ങളെക്കുറിച്ച് അഥവാ വില്ലേജ് ബാങ്കുകളെപ്പറ്റി പറയാനാണ് പന്ത്രണ്ടാം അധ്യായം മാറ്റിവെച്ചിരിക്കുന്നത്. സഹകരണ മേഖലയ്ക്ക് മാര്‍ഗദീപം തെളിയിച്ച ആദ്യകാല സഹകാരികളിലൊരാളായ ജര്‍മന്‍കാരന്‍ ഫ്രെഡറിക് വില്‍ഹെം റെയ്ഫീസനാണ് ഇത്തരം സംഘങ്ങള്‍ സ്ഥാപിച്ചത്. റെയ്ഫീസന്റെ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് കടംവായ്പാ സംഘങ്ങള്‍ ഇന്ത്യയിലും രൂപം കൊണ്ടത്. അതുകൊണ്ടു ഈ സംഘങ്ങളെക്കുറിച്ച് വിശദമായി പറയാനാഗ്രഹമുണ്ടെന്ന് ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു. അതിനു മുമ്പ് , കടംവായ്പാ സംഘത്തിന്റെ ഉദ്ദേശ്യങ്ങളും അതില്‍ ആരെയെല്ലാം അടുപ്പിക്കണമെന്നും ആരെയെല്ലാം അടുപ്പിക്കാതെ പുറത്തു നിര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചില്ലെങ്കില്‍ സംഘങ്ങള്‍ കുളം തോണ്ടിപ്പോകും എന്ന ഉത്കണ്ഠയില്‍ നിന്നാണ് അദ്ദേഹം ഇത്രയും പറയുന്നത്. കടം വായ്പാസംഘം തുടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അക്കമിട്ട് ഗ്രന്ഥകാരന്‍ വിശദമാക്കുന്നുണ്ട്.

1. ഒരു സംഘം തുടങ്ങുമ്പോള്‍ എല്ലാവരും അതിന്റെ ഉദ്ദേശ്യ, ലക്ഷ്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. എന്താണ് സഹകരണം എന്ന് നല്ലവണ്ണം മനസ്സിലാക്കണം. ധനശാസ്ത്രം, കച്ചവടത്തിന്റെ സ്വഭാവം, സ്വന്തം രാജ്യത്തിന്റെയും അന്യരാജ്യങ്ങളുടെയും അവസ്ഥ, സാമാന്യമായ ലോക തത്വങ്ങള്‍, സംഘത്തിന്റെ ലക്ഷ്യം, അത് സാധിക്കാനുള്ള മാര്‍ഗം എന്നിവയെപ്പറ്റി സംഘാംഗങ്ങള്‍ നന്നായി മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ ഈ അംഗങ്ങള്‍തന്നെ സംഘത്തിന്റെ നാശത്തിനു കാരണമായിത്തീരും. അതുകൊണ്ട് ഏറ്റവും പ്രധാനമായിട്ടു വേണ്ടത് സഹകരണം എന്ന ആശയം എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കുക എന്നതാണ്. സഹകരണ സംഘങ്ങള്‍ മനുഷ്യരുടെ സന്മാര്‍ഗ നില ഉയര്‍ത്തുകയും അവരുടെ സ്വഭാവം സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഗ്രന്ഥകാരന്‍ അടിവരയിടുന്നത്.

2. സത്യവാന്മാരെ മാത്രമേ സംഘത്തില്‍ ചേര്‍ക്കാവൂ. വിശ്വസ്തരായ കുറെ അംഗങ്ങളെ കിട്ടുകയെന്നതാണ് ഒരു സംഘത്തിന്റെ വിജയത്തിനാധാരം. ഇത് സാധാരണ ബാങ്ക് ഏര്‍പ്പാടിലെ ഒരു നിയമമാണ്. ബാങ്ക് ഏര്‍പ്പാടില്‍ ഒരാള്‍ പണക്കാരനായതുകൊണ്ടുമാത്രം അധികം ബഹുമാനം കിട്ടിക്കൊള്ളണമെന്നില്ല. ഇടപാടുകാരുടെ മിതവ്യയശീലം, കഴിവ്, ഉത്സാഹം, കാപട്യമില്ലായ്മ എന്നിവയെപ്പറ്റി അറിയേണ്ടത് ബാങ്കു നടത്തുന്നവരുടെ ചുമതലയാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഒരാള്‍ കാപട്യക്കാരനാണെന്നറിഞ്ഞാല്‍ ഒരു ബാങ്കറും അവനു പണം കടം കൊടുക്കില്ല.

3. ബാങ്കു നടത്തിപ്പുകാര്‍ ഇടപാടുകാരന്റെ സ്വഭാവവും തൊഴിലും കടമെടുക്കുന്നതിന്റെ ആവശ്യവും അറിഞ്ഞിരിക്കണം. റയി എന്നൊരു സഹകാരി ഇങ്ങനെ പറയുന്നു : ‘ ബാങ്കിലെ പണം കൈവിടുന്നതിനു മുമ്പായി അത് ( വായ്പയായി കൊടുക്കാന്‍ ഭാവിക്കുന്ന പണം ) ന്യായമായ ഒരു വ്യാപാരത്തിനുവേണ്ടിത്തന്നെയാണ് ആവശ്യപ്പെടുന്നത് എന്നും അല്ലാതെ അതിലാഭേച്ഛയോടുകൂടിയ വല്ല സാഹസപ്രവൃത്തിയും ചെയ്‌വാന്‍ വേണ്ടിയല്ല എന്നുമുള്ള സംഗതി നിങ്ങള്‍ക്കു പൂര്‍ണമായി ബോധ്യപ്പെടണം. ബാങ്കില്‍ നിന്നു ആരെങ്കിലും വായ്പയായിട്ടു പണമാവശ്യപ്പെട്ടാല്‍ ആ വായ്പ വീട്ടാനുള്ള വക അയാള്‍ക്ക് സുലഭമായിട്ടുണ്ട് എന്നു നല്ലവണ്ണം ബോധ്യം വന്നല്ലാതെ ബാങ്കിലെ പണം കൈവിടുകയില്ല എന്നു നിശ്ചയം ചെയ്യുന്നത് നല്ലതായിരിക്കും. ഒരുവന്‍ കടം വാങ്ങിക്കുന്നത് അവന്റെ തൊഴിലിനെ സംബന്ധിച്ച കാര്യങ്ങള്‍ക്കല്ല എങ്കില്‍ പിന്നെ എന്തൊരാവശ്യത്തിനാണ് അവന്‍ കടം വാങ്ങിക്കുന്നത് എന്നറിവാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് ‘.

4. സഹകരണ സംഘത്തില്‍ നിന്നു കടം കൊടുക്കുന്ന പണത്തിനുള്ള ഉറപ്പ് സംഘാംഗങ്ങളുടെ ഭൗതിക സ്വത്തുക്കളല്ല. കടം വാങ്ങിയ പണം എന്തെങ്കിലും വ്യവസായത്തിനായി ഉപയോഗിക്കുന്നതിനും അതില്‍ നിന്നുള്ള ആദായം കൊണ്ട് കടം വീട്ടുന്നതിനുമുള്ള കടക്കാരന്റെ താല്‍പ്പര്യവും ശേഷിയുമാണ് ആ വായ്പ സംഖ്യയ്ക്ക് ഈടായി ഗണിക്കപ്പെടുന്നത്. ഒരു ഘട്ടത്തില്‍ ഇന്ത്യാ ഗവണ്മേന്റും ഇതേപ്പറ്റി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിതാണ് : കടംവായ്പ സഹകരണ സംഘങ്ങളില്‍ നിന്നു ധനവര്‍ധകമായ എന്തെങ്കിലും ഏര്‍പ്പാടിലേക്കു മാത്രമേ പണം കടം കൊടുക്കാന്‍ പാടുള്ളൂ. അല്ലാതെ, ചോദിക്കുന്നവര്‍ക്കെല്ലാം പണം കടം കൊടുക്കാന്‍ പാടില്ല. കൃഷി കുറേക്കൂടി ആദായകരമാക്കാന്‍ കൃഷി കാര്യങ്ങള്‍ക്കായി കടം കൊടുക്കുക എന്നതാണ് ആ വക സംഘങ്ങളുടെ മുഖ്യ ഉദ്ദേശ്യം. വായ്പയായി കൊടുക്കുന്ന പണം വര്‍ധനയോടെ തിരികെ വരുമെന്ന വിശ്വാസം നല്ലവണ്ണമുണ്ടായിരിക്കണം.’

5. കടം വാങ്ങുന്ന പണം വേണ്ടവിധത്തിലല്ലാതെയാണ് ഉപയോഗിക്കുന്നത് എന്നു കണ്ടാല്‍ ഉടനെത്തന്നെ അത് മടക്കിത്തരാനാവശ്യപ്പെടണം. 1927 ല്‍ പ്രസിദ്ധീകരിച്ച ‘ കോ- ഓപ്പറേഷന്‍ ഇന്‍ ഇന്ത്യ ‘ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഹെന്റി ഡബ്ല്യൂ. വൂള്‍ഫ് ഇങ്ങനെ പറയുന്നു : ‘ കടം വാങ്ങിയ പണം ദുര്‍വ്യയം ചെയ്യുന്ന ഒരുവന്നു പിന്നെ ഒരിക്കലും കടം കൊടുക്കാന്‍ പാടില്ല എന്നതു തീര്‍ച്ച തന്നെ. വാസ്തവത്തില്‍ അവിശ്വാസ്യന്‍ എന്ന നിലയില്‍ അവന്‍ ബഹിഷ്‌കരിക്കപ്പെടേണ്ടതാകുന്നു. ‘

6. ഒരംഗം എന്താവശ്യത്തിനാണോ കടമെടുക്കുന്നത് അതേ ആവശ്യത്തിനു മാത്രമേ പണം ഉപയോഗിക്കുന്നുള്ളു എന്നു സംഘം ഭരണസമിതി ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ ഭരണ കര്‍ത്താക്കള്‍ ഏറ്റവും ജാഗ്രതയോടെ മേലന്വേഷണം നടത്തണം.

7. കൊടുക്കുന്ന ഓരോ വായ്പക്കും ഉറപ്പായി ആള്‍ജാമ്യം നിര്‍ബന്ധമാണ്. കടം വാങ്ങിയയാള്‍ അവധിക്കു തിരികെ അടയ്ക്കാഞ്ഞാല്‍ അതുടനെ ജാമ്യക്കാരന്റെ കൈയില്‍ നിന്നു വസൂലാക്കണം. തക്കതായ ജാമ്യമില്ലാതെ പണം കൊടുക്കരുത്. ഇടപാടിനു മുമ്പുതന്നെ ജാമ്യം ഉറപ്പിക്കണം. പിന്നീടായാലും മതി എന്നു വെക്കരുത്. പറ്റുമെങ്കില്‍ രണ്ടാള്‍ ജാമ്യം തന്നെ വേണം. അഥവാ, ഒരാള്‍ക്കെന്തെങ്കിലും സംഭവിച്ചാലുള്ള ഒരു കരുതലിനു മാത്രം. അവിചാരിതമായുണ്ടാകുന്ന ആപത്തുകളില്‍ മനുഷ്യരുടെ സത്യനിഷ്ഠയും സദുദ്ദേശവുമെല്ലാം പറപറക്കുമെന്നാണ് ഗ്രന്ഥകാരന്റെ വാദം.

8. സംഘത്തിന്റെ നിയന്ത്രണം അംഗങ്ങള്‍ക്കു തന്നെയാവണം. കാര്യങ്ങളെല്ലാം സുതാര്യമായിത്തന്നെ നടത്തണം. ഓരോരുത്തര്‍ക്കും കൊടുത്തിട്ടുള്ള വായ്പത്തുക എത്ര, ജാമ്യക്കാര്‍ ആരെല്ലാം, ബാക്കി വായ്പത്തുക എത്ര എന്നീ കാര്യങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും നോക്കി പരിശോധിക്കാന്‍ പാകത്തില്‍ ഓഫീസിന്റെ ഒരു ഭാഗത്ത് എഴുതി തൂക്കിയിടണം. പരസ്പര സഹായത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ പ്രധാനമായും ചെയ്യേണ്ടത് കാര്യങ്ങള്‍ എല്ലാവരും അറിയത്തക്കവണ്ണം നടത്തുക എന്നതാണ്. ഒന്നും രഹസ്യമാക്കിവെക്കരുത്. എല്ലാം പരസ്യമായി ചെയ്യണം. ഇങ്ങനെ വെടിപ്പായി നടത്തുന്ന സംഘങ്ങളുടെ ഖ്യാതിയും വിശ്വാസ്യതയും വര്‍ധിക്കും.

9. സംഘാംഗങ്ങളെ മിതവ്യയം ശീലിപ്പിക്കണം. കടം കൊടുക്കല്‍ മാത്രമല്ല ഒരു സംഘത്തിന്റെ ലക്ഷ്യം. അതിലെ അംഗങ്ങളെ മിതവ്യയം പാലിക്കാനും പഠിപ്പിക്കണം. ഇതുവഴി, സമ്പാദിക്കാന്‍ അംഗങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇതിനു പുറമേ, സത്യസന്ധത, കൃത്യനിഷ്ഠ, ശരിയായ കണക്കുവെക്കല്‍, അവധിക്കു പണം മടക്കിക്കൊടുക്കല്‍ എന്നിവയും ഒരു സംഘത്തിന്റെ ശരിയായ നടത്തിപ്പിന് അത്യാവശ്യമാണ്.

റെയ്ഫീസന്റെ എതിര്‍പ്പ്

ജര്‍മനിയില്‍ സഹകരണ പ്രസ്ഥാനത്തിനു തുടക്കമിട്ട റെയ്ഫീസന്‍ അംഗങ്ങള്‍ക്ക് ലാഭവിഹിതം കൊടുക്കുന്നതിനെ എതിര്‍ത്തിരുന്നു. കടം വായ്പ കൊടുക്കുന്ന സംഘത്തില്‍ ഓഹരികള്‍ വേണ്ട എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അംഗങ്ങള്‍ അധികം ഡിവിഡന്റ് കിട്ടാന്‍ മോഹിക്കും എന്നാണ് റെയ്ഫീസന്‍ ഇതിനു കാരണമായി പറയുന്നത്. പക്ഷേ, ജര്‍മനിയിലെ ആദ്യകാല സഹകാരികളില്‍ പലരും റെയ്ഫീസന്റെ നിലപാടിനോട് യോജിപ്പില്ലാത്തവരായിരുന്നു. സംഘത്തില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കു സംഘത്തിലുള്ള വിശ്വാസം കൂട്ടാനും സംഘാംഗങ്ങളില്‍ മിതവ്യയശീലം വളര്‍ത്താനും ഓഹരി സമ്പ്രദായം കാരണമാകുമെന്നാണ് എതിര്‍വിഭാഗം വാദിച്ചിരുന്നത്. ഇതിനാണ് പില്‍ക്കാലത്ത് ജര്‍മനിയില്‍ പ്രാബല്യം കിട്ടിയത്.

അക്കാലത്ത് റെയ്ഫീസന്‍ രീതി പിന്തുടര്‍ന്നുപോന്ന സഹകരണ സംഘങ്ങള്‍ ചില തത്വങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരുന്നു. 1. സംഘത്തിലെ അംഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ അറിയുന്നവരാകണം. 2. ഓഹരിസംഖ്യ വളരെ ചെറുതായിരിക്കണം. ( ഈ ഓഹരിത്തുക പത്തു കൊല്ലം കൊണ്ട് അടച്ചാല്‍ മതി എന്നും വ്യവസ്ഥയുണ്ടായിരുന്നു ). 3. സ്ഥിരമായിട്ടുള്ള കരുതല്‍ധനം വേണം. 4. ക്ലിപ്തമല്ലാത്ത ബാധ്യതയായിരിക്കണം. 5. ധനാഭിവൃദ്ധിക്കോ മേലില്‍ ക്ഷേമമുണ്ടാകുന്ന കാര്യങ്ങള്‍ക്കോ മാത്രമേ കടം കൊടുക്കാവൂ. 5. സംഘാംഗങ്ങള്‍ക്കു മാത്രമേ കടം കൊടുക്കാവൂ . 6. പല തവണയായി വസൂലാക്കത്തക്കവണ്ണം ഏറെക്കാലം നിലനില്‍ക്കുന്നതാവണം വായ്പ. 7. ഓരോരുത്തര്‍ക്കും ഇത്ര സംഖ്യയേ കടം കൊടുക്കുകയുള്ളു എന്നും ഒരു കൊല്ലത്തിനുള്ളില്‍ ഇത്ര സംഖ്യയേ നിക്ഷേപമായി സ്വീകരിക്കൂ എന്നും നിശ്ചയിക്കണം. 8. ലാഭം വീതിക്കലാണ് സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം എന്നു അംഗങ്ങള്‍ കരുതരുത്. അഥവാ, ഡിവിഡന്റ് കൊടുക്കുകയാണെങ്കില്‍ കടംവായ്പക്ക് അംഗങ്ങളില്‍ നിന്നു ഈടാക്കുന്ന പലിശക്കു തുല്യമായ സംഖ്യയേ ഏറിയാല്‍ കൊടുക്കാന്‍ പാടുള്ളു. 9. ഭരണസംഘാംഗങ്ങള്‍ പ്രതിഫലം കൂടാതെ ജോലി ചെയ്യണം. 10. സംഘാംഗങ്ങളുടെ സമ്പത്തും സല്‍സ്വഭാവവും വര്‍ധിപ്പിക്കുന്ന പ്രവൃത്തികളേ ചെയ്യാവൂ. 11. ഒരാള്‍ക്ക് ഒരു വോട്ട് മാത്രം.

ജര്‍മന്‍രീതി പിന്‍പറ്റുക

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന സഹകരണ സംഘങ്ങളില്‍ നൂറില്‍ തൊണ്ണൂറും കടം വായ്പാ സംഘങ്ങളാ ( ഇീീുലൃമശേ്‌ല ഇൃലറശ േടീരശലശേല െ) ണെന്ന് ഗ്രന്ഥകര്‍ത്താവ് കുഞ്ഞന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കു നന്നായി ചേരുക എഫ്. ഡബ്ല്യൂ. റെയ്ഫീസന്‍ വിഭാവനം ചെയ്ത വില്ലേജ് ബാങ്കുകള്‍ അഥവാ, സഹകരണ കടംവായ്പാ സംഘങ്ങളാണെന്ന് അദ്ദേഹം പറയുന്നു. അതിനുള്ള കാരണങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തുന്നു. അദ്ദേഹം എഴുതുന്നു : ‘ ഇന്ത്യയില്‍ ആകെയുള്ള പരസ്പര സഹായ സംഘങ്ങളില്‍ നൂറുക്കു തൊണ്ണൂറു വീതവും കടംവായ്പാ സംഘങ്ങളാണ്. ഇപ്പോഴും ഏറ്റവും മുഖ്യമായിട്ടിരിക്കുന്നതും ആവക സംഘങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ ഇന്ത്യയില്‍ സഹകരണം സഫലമായിരിക്കുന്നുവോ ഇല്ലയോ എന്ന സംഗതി തീരുമാനിക്കപ്പെടുന്നത് വില്ലേജ് ബാങ്കുകളെക്കൊണ്ടാകുന്നു. അവയുടെ നടത്തിപ്പിന്നു പ്രമാണമായിട്ടു പിടിക്കുവാന്‍ ജര്‍മന്‍ സമ്പ്രദായത്തോളം നന്നായിട്ടു വേറെ ഒന്നുമില്ല. വില്ലേജ് ബാങ്ക് എന്ന ഏര്‍പ്പാടിന്റെ ഉല്‍പ്പത്തിസ്ഥാനംതന്നെ ജര്‍മനിയാകുന്നു. അത് ഏറ്റവുമധികം പുഷ്ടിയെ പ്രാപിച്ചിട്ടുള്ളതും അവിടെത്തന്നെയാണ്. അതിന്റെ കര്‍ത്താവ് റെയ്ഫീസന്‍ എന്നു പേരായ ഒരാളാകുന്നു. ‘

റൈന്‍ നദീതീരത്തെ ന്യൂവീഡ് എന്ന കുഗ്രാമത്തിലെ അച്ചനായിരുന്ന റെയ്ഫീസന്‍ എങ്ങനെയാണ് അവിടത്തെ ‘മഹാദരിദ്രന്മാരും അതിമൂഢന്മാരുമായ’ കൃഷിവേലക്കാരെ രക്ഷിച്ചത് എന്നാണ് കുഞ്ഞന്‍ മേനോന്‍ പിന്നീട് വിവരിക്കുന്നത്. പണക്കച്ചവടക്കാര്‍ക്ക് അടിമപ്പെട്ടു കിടന്നിരുന്ന ആ സാധുജനങ്ങളെ കടക്കാരില്‍ നിന്നു രക്ഷപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം അവിടെ ആദ്യം ചെറിയ സഹകരണ കടംവായ്പാ സംഘങ്ങള്‍ സ്ഥാപിച്ചു. ഏറ്റവും ഒതുങ്ങിയ മട്ടില്‍ തുടങ്ങിവെച്ച ഈ ഏര്‍പ്പാട് ആ കുഗ്രാമത്തിലെ കര്‍ഷകരെ കടക്കെണിയില്‍ നിന്നു മോചിപ്പിച്ചു. മാത്രവുമല്ല, ലോകത്തെ അനേകം രാജ്യങ്ങളിലെ അസംഖ്യലക്ഷം കൃഷിക്കാരെയും രക്ഷപ്പെടുത്തി.

1862 ലാണ് റെയ്ഫീസന്‍ ആദ്യത്തെ വില്ലേജ് ബാങ്ക് സ്ഥാപിച്ചത്. 1921 ലെ കണക്കനുസരിച്ച് ജര്‍മനിയില്‍ ഇത്തരത്തില്‍പ്പെട്ട 18,740 സംഘങ്ങളുണ്ടായിരുന്നു. ഇവയിലെല്ലാംകൂടി 18 ലക്ഷം അംഗങ്ങളുമുണ്ടായിരുന്നു.

ഇന്ത്യയില്‍ റെയ്ഫീസന്റെ വില്ലേജ് ബാങ്കിന് അഥവാ സഹകരണ കടംവായ്പാ സംഘങ്ങള്‍ക്ക് ഏറെ പ്രചാരം കിട്ടിയെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. 15 കൊല്ലം കൊണ്ട് 42,000 സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അവയിലാകെ 14 ലക്ഷത്തോളം അംഗങ്ങളുമുണ്ടായിരുന്നു.

ഇന്ത്യയില്‍ സംഘങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ദോഷം ചെയ്തു എന്നും കുഞ്ഞന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. ‘ അവയുടെ ഭരണം വെടിപ്പാകുന്നില്ല എന്നുതന്നെ പലര്‍ക്കും തോന്നിത്തുടങ്ങീട്ടുണ്ട് ‘ എന്നാണ് അദ്ദേഹം ഇതേപ്പറ്റി പറയുന്നത്. എന്നാല്‍, അന്നത്തെ പഞ്ചാബ് രാജ്യം ഇതില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതായി അദ്ദേഹം എടുത്തുപറയുന്നു. ചില കാര്യങ്ങളില്‍ റെയ്ഫീസന്റെ ഉപദേശങ്ങള്‍ ജര്‍മനിയേക്കാളും നിഷ്‌കര്‍ഷയോടെയാണത്രെ പഞ്ചാബ് അനുഷ്ഠിച്ചിരുന്നത്.

ഗ്രന്ഥകര്‍ത്താവ് എഴുതുന്നു : ‘ നാട്ടുപുറങ്ങളില്‍ സഹകരണം എന്ന ഏര്‍പ്പാടിന്റെ ഏറ്റവും നല്ല അടിസ്ഥാനം വില്ലേജ് ബാങ്കാകുന്നുവെന്നും മറ്റു പലതരം പരസ്പര സഹായ സംഘങ്ങളേക്കാള്‍ വില്ലേജ് ബാങ്കുകള്‍ സഹകരണ സംബന്ധമായ ചില പ്രാഥമിക തത്വങ്ങളെയും സഹകരണം അനുഷ്ഠിക്കേണ്ട സമ്പ്രദായത്തേയും സംഘാംഗങ്ങളെ അധികം നല്ലവണ്ണം പഠിപ്പിക്കുന്നുവെന്നും ജര്‍മന്‍കാര്‍ക്കു ബോധ്യമായിരിക്കുന്നു. ഈ അഭിപ്രായം ഇന്ത്യയിലും സമ്മതമാണ്. എന്തെന്നാല്‍ കടംകൊണ്ടു ബന്ധിക്കപ്പെട്ടിട്ടുള്ളവരും അക്ഷരജ്ഞാനമില്ലാത്തവരും ഏതെങ്കിലും ഉദ്യമത്തില്‍ കണിശമായിട്ടു പ്രവര്‍ത്തിച്ചു ശീലമില്ലാത്തവരുമായ ജനങ്ങള്‍ക്കു സഹകരണം അഭ്യസിക്കുവാന്‍ വില്ലേജ് ബാങ്കിനോളം നന്നായിട്ടു വേറെ ഒന്നുമില്ല.’

ഒന്നാം ലോകയുദ്ധ കാലത്ത് ജര്‍മനിയില്‍ വലിയ ബാങ്കുകളില്‍ പണമിട്ടിരുന്ന പലരും അതു തിരിച്ചെടുത്ത് വില്ലേജ് ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നതായി കുഞ്ഞന്‍ മേനോന്‍ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നു. ‘ വില്ലേജ് ബാങ്കുകള്‍ ജനങ്ങള്‍ തന്നെ ഭരിക്കുന്നു, അവ അവരുടെ സ്വന്തവുമാണ് എന്നതുകൊണ്ടുള്ള അധിക വിശ്വാസം തന്നെയാണ് അതിനുള്ള കാരണം – ‘ അദ്ദേഹം പറയുന്നു. ജര്‍മനിയില്‍ 60 കൊല്ലത്തെ അനുഭവത്തില്‍ വില്ലേജ് ബാങ്കില്‍ നിക്ഷേപിച്ച ഒരാളുടെയും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വില്ലേജ് ബാങ്കുകളില്‍ പണമിടപാട് മാത്രം നടത്തിയാല്‍പ്പോരെന്ന പക്ഷക്കാരനായിരുന്നു റെയ്ഫീസന്‍. കൃഷിപ്പണിക്കാവശ്യമായ സകല സാധനങ്ങളും കൃഷിക്കാരുടെ കുടുംബത്തിനാവശ്യമുള്ള എല്ലാ വസ്തുക്കളും ബാങ്കു മുഖാന്തരം ശേഖരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എല്ലാറ്റിനും വെവ്വേറെ സംഘങ്ങളാണ് നല്ലത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പ്രധാന തത്വം മര്യാദ

സഹകരണ സമ്പ്രദായത്തിന്റെ അടിസ്ഥാനം കറകളഞ്ഞ മര്യാദയാണെന്നാണ് ‘ സഹകരണ പ്രസ്ഥാന ‘ ത്തില്‍ കുഞ്ഞന്‍ മേനോന്‍ അടിവരയിട്ടു പറയുന്നത്. മര്യാദ എന്ന പ്രധാന തത്വത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ജര്‍മനിയില്‍ പരസ്പര സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതു കാരണം ആ നാട്ടുകാര്‍ മിതവ്യയം ശീലിക്കുകയും പല തരത്തില്‍ അഭിവൃദ്ധി നേടുകയും ചെയ്തു. എന്നാല്‍, നമ്മുടെ നാട്ടില്‍ സത്യസന്ധതയും കൃത്യനിഷ്ഠയും അത്രത്തോളമൊന്നുമില്ലെന്ന് കുഞ്ഞന്‍ മേനോന്‍ തുറന്നു സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ നാട്ടില്‍ മര്യാദയ്ക്കു പുറമേ തക്കതായ ഉറപ്പു ( ജാമ്യം ) കൂടി ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന് അദ്ദേഹം സഹകാരികളെ ഉപദേശിക്കുന്നു.

ജര്‍മനിയില്‍ അര നൂറ്റാണ്ട് പഴക്കം ചെന്ന ഒരു സംഘത്തിലെ സെക്രട്ടറിയുടെ അനുഭവം ഗ്രന്ഥകര്‍ത്താവ് വായനക്കാരുമായി പങ്കിടുന്നുണ്ട്. കച്ചവടത്തില്‍ കണ്ണു കണ്ട, ലാഭമോഹികളായ ജൂത•ാരുടെ വേലത്തരങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. പണക്കച്ചവടക്കാരായ ജൂത•ാരുടെ പിടിയില്‍ നിന്നു കൃഷിക്കാരെ രക്ഷിക്കാനാണ് ഈ സംഘം സ്ഥാപിച്ചത്. കണ്ണില്‍ച്ചോരയില്ലാത്ത അവരുടെ നടപടിതന്നെ ഇതിനു കാരണം. ജൂത•ാര്‍ വലിയ വില വാങ്ങിയാണ് കൃഷിക്കാര്‍ക്ക് കന്നുകാലികളെ കൊടുത്തിരുന്നത്. അവര്‍ വില റൊക്കം വാങ്ങിയിരുന്നില്ല. പകരം, പ്രോനോട്ടെഴുതി വാങ്ങും. അങ്ങനെ സാധുക്കളെ കുടുക്കില്‍പ്പെടുത്തുമായിരുന്നു. ജൂത•ാര്‍ വേറൊരു സൂത്രവും പ്രയോഗിച്ചിരുന്നു. വേനല്‍ക്കാലത്ത് തീറ്റ കൊടുക്കാതെ ചടച്ചു ക്ഷീണിച്ച കന്നുകാലികളെ കൃഷിക്കാരനു വില്‍ക്കും. എന്നിട്ട്, പ്രോനോട്ടെഴുതി വാങ്ങും. ദരിദ്രനായ കൃഷിക്കാരന്‍ ആ കന്നുകാലികളെ വളരെ ശ്രദ്ധിച്ചു തീറ്റിപ്പോറ്റി നല്ലവണ്ണം പുഷ്ടിപ്പെടുത്തും. അപ്പോഴേക്കും ഒന്നോ രണ്ടോ കൊല്ലം കഴിയും. ആ സാധു കൃഷിക്കാരന് കടം വീട്ടാന്‍ സാധിക്കുന്നില്ല. ജൂതന്‍ കേസു കൊടുത്ത് വിധി സമ്പാദിച്ച് ആ കന്നുകാലികളെത്തന്നെ ജപ്തിയാക്കുന്നു. ചില്ലിക്കാശുപോലും ചെലവാക്കാതെ , ചടച്ചു ക്ഷീണിച്ച കന്നുകാലികളെ ആരാനെക്കൊണ്ട് തീറ്റ കൊടുപ്പിച്ച് പുഷ്ടിപ്പെടുത്താനുള്ള സൂത്രം. ഏതെങ്കിലും വസ്തു ലേലത്തിനു വെച്ചാലും ഇമ്മാതിരി പണച്ചാക്കുകള്‍ അവിടെ ചാടിവീഴും. ചുളുവിലയ്ക്ക് ലേലവസ്തു സ്വന്തമാക്കും. ഇത്തരം തട്ടിപ്പുകളില്‍ നിന്നാണ് സഹകരണ സംഘങ്ങള്‍ വഴി കൃഷിക്കാര്‍ മോചിതരായത്.

കടം വാങ്ങിയ പണം കൃത്യമായി തിരിച്ചടയ്ക്കുന്നതില്‍ ഇന്ത്യക്കാര്‍ പണ്ടും പിന്നാക്കമായിരുന്നു എന്നു കുഞ്ഞന്‍ മേനോന്റെ കമന്റുകളില്‍ നിന്നു വ്യക്തമാണ്. ജര്‍മനിയിലെ സംഘങ്ങള്‍ പുഷ്ടിപ്പെട്ടതുപോലെ ഇവിടെ സംഭവിക്കാഞ്ഞതിനു കാരണം ഈ അലസമനോഭാവം തന്നെ.

നഗര ബാങ്കും പൊതുജന ബാങ്കും

പതിന്നാലാം അധ്യായം അര്‍ബന്‍ ബാങ്കുകള്‍ക്കായി / നഗര ബാങ്കുകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. പട്ടണങ്ങളിലെ ഇടമട്ടുകാരായ ആള്‍ക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണിവ സ്ഥാപിച്ചിരിക്കുന്നത്. അവിടെ നിന്നു കടം കൊടുക്കും. എത്ര ചെറിയ ഡെപ്പോസിറ്റും സ്വീകരിക്കുകയും ചെയ്യും. ലാഭം നേടുക എന്നതിനു പകരം പരോപകാരമായതിനാല്‍ ജനങ്ങള്‍ക്ക് അവയില്‍ വിശ്വാസമുണ്ടായിത്തുടങ്ങിയിരിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.

സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്കും തുടക്കമിട്ടത് ജര്‍മനിയാണ്. ഡെലിഷ് പ്രദേശക്കാരനായ ഫ്രാന്‍സ് ഹെര്‍മന്‍ ഷൂള്‍സാണ് 1850 ല്‍ ആദ്യത്തെ ‘ ജര്‍മന്‍ സഹകരണ അര്‍ബന്‍ ബാങ്ക് ‘ സ്ഥാപിച്ചത്. 1930 ആയപ്പോഴേക്കും 1900 നഗര ബാങ്കുകളാണ് ജര്‍മനിയിലുണ്ടായിരുന്നത്. ഇത്തരം ബാങ്കുകള്‍ക്കാവശ്യമായ പണം ഡ്രെസ്ഡന്‍ ബാങ്കില്‍ നിന്നോ പ്രഷ്യന്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നോ ആണ് കിട്ടിയിരുന്നത്. ഇവയുടെ ഘടനയും വില്ലേജ് ബാങ്കുകളെപ്പോലെ സുസ്ഥിരമായിരുന്നു.

ഇതിനിടയില്‍ ഷൂള്‍സിനെ അനുകരിച്ച് ഇറ്റലിയില്‍ ലുസാട്ടിയും സഹകരണ ബാങ്കുകള്‍ ആരംഭിച്ചു. പൊതുജന ബാങ്ക് ( People’s Bank ) എന്നാണ് ഇവയ്ക്ക് പേരിട്ടത്. ഇവയെല്ലാം വെടിപ്പായി നടന്നിരുന്നുവെന്നാണ് കുഞ്ഞന്‍ മേനോന്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് ( തുടരും )

Leave a Reply

Your email address will not be published.