റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പ്ഉയര്‍ത്തിവിട്ടവിവാദങ്ങള്‍

[mbzauthor]

– ബി.പി. പിള്ള

കേരളത്തിലെ ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തില്‍
58.11 കോടി രൂപ ശരാശരി നിക്ഷേപമുണ്ട്. അതേസമയം, മറ്റു
സംസ്ഥാനങ്ങളിലെ ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ
ശരാശരി നിക്ഷേപം വെറും 39.78 ലക്ഷം രൂപയാണ്. ഈ വസ്തുതയില്‍
നിന്നുതന്നെ റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പ് ഏതു സംസ്ഥാനത്തെ
സഹകരണ സംഘങ്ങളെ ഉദ്ദേശിച്ചാണെന്നു വ്യക്തമാകും.
പത്രക്കുറിപ്പ് ഏതു സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങളെയാണു പ്രതികൂലമായി ബാധിക്കുകയെന്നും
ബോധ്യമാകും.

 

റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഓഫീസിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നു 2021 നവംബര്‍ 27 നു മലയാളപത്രങ്ങളില്‍ ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ നല്‍കിയ ഔദ്യോഗിക പ്രസ്താവന ദുരുദ്ദേശത്തോടു കൂടിയതായിരുന്നു എന്ന സഹകാരികളുടെ അഭിപ്രായം അവഗണിക്കാവുന്നതല്ല. ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥകള്‍ അനുസരിച്ചോ അല്ലെങ്കില്‍ ആര്‍.ബി.ഐ. അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ ബാങ്ക് , ബാങ്കര്‍, ബാങ്കിങ് എന്നീ വാക്കുകള്‍ അവയുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ചില സഹകരണ സംഘങ്ങള്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് ഏഴ് ലംഘിച്ച് അവയുടെ പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര / അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും ബി.ആര്‍. ആക്ട് വ്യവസ്ഥകള്‍ ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതായി റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ, ഈ സ്ഥാപനങ്ങള്‍ക്കു ആര്‍.ബി.ഐ. ലൈസന്‍സില്ലെന്നും ബാങ്കിങ് ബിസിനസ് നടത്താന്‍ ആര്‍.ബി.ഐ. അധികാരപ്പെടുത്തിയിട്ടില്ലെന്നും ഇവയിലെ നിക്ഷേപങ്ങള്‍ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമല്ലെന്നുമുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പത്രക്കുറിപ്പുകള്‍ മുമ്പും

2007 മെയ് മുതല്‍ റിസര്‍വ് ബാങ്ക് മുകളില്‍പ്പറഞ്ഞ വിധമുള്ള പത്രക്കുറിപ്പുകള്‍ നല്‍കുന്നുണ്ട്. 2011, 2017 ജൂണ്‍, നവംബര്‍ മാസങ്ങളിലും 2021 നവംബറിലും ഇതേ പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി. 2011 ല്‍ കൊല്ലം ജില്ലയിലെ പരവൂര്‍ എസ്.എന്‍.വി. റീജ്യണല്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന അഡ്വ. വിശ്വനാഥന്‍ ബാങ്കിന്റെ പ്രസിഡന്റായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ബാങ്കിനെക്കുറിച്ച് ഫുള്‍പ്പേജ് പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 205 കോടി രൂപ നിക്ഷേപമുള്ള ജില്ലയിലെ ഏറ്റവും വലിയ സര്‍വീസ് സഹകരണ ബാങ്ക് എന്ന വിശേഷണംകൂടി നല്‍കിയിരുന്നു. പരസ്യം ചെയ്ത് ഒരാഴ്ചയാകുംമുമ്പുതന്നെ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫീസില്‍ നിന്നു ഒരു പ്രസ് റിലീസ് പത്രങ്ങളില്‍ വന്നു. പരവൂര്‍ എസ്.എന്‍.വി.ആര്‍.സി. ബാങ്ക് റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള സ്ഥാപനമല്ലെന്നും അതിലെ നിക്ഷേപങ്ങള്‍ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്നുമായിരുന്നു പത്രക്കുറിപ്പ്. ബാങ്കിലെ നിക്ഷേപകര്‍ ആശങ്കയിലാവുകയും വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്ക് സഹായത്തിനുണ്ടായിരുന്നതിനാല്‍ ലിക്വിഡിറ്റി പ്രശ്‌നങ്ങളുണ്ടാകാതെ അതു പരിഹരിച്ചു. എന്നാല്‍, ബാങ്ക് എന്ന വാക്ക് പേരിനൊപ്പം ഉപയോഗിച്ചതിനു ബാങ്ക് ഭരണസമിതിക്കെതിരെ റിസര്‍വ് ബാങ്ക് നല്‍കിയ ക്രിമിനല്‍ കേസില്‍ ഭരണസമിതിയംഗങ്ങള്‍ ഇപ്പോഴും ജാമ്യത്തിലാണ്.

എം.വി. രാഘവന്‍ സഹകരണ മന്ത്രിയായിരുന്നപ്പോള്‍ അണ്‍ലൈസന്‍സ്ഡ് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ പുതിയ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനനുവദിക്കുകയും സഹകരണച്ചട്ടം 15 ല്‍ വായ്പാ സംഘ വിഭാഗത്തില്‍ അണ്‍ലൈസന്‍സ്ഡ് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നൊരു വിഭാഗം ഉള്‍പ്പെടുത്തുകയുമുണ്ടായി. റിസര്‍വ് ബാങ്കിന്റെ ഇടപെടലുണ്ടായപ്പോള്‍ അവയുടെ പേര് അര്‍ബന്‍ സഹകരണ സംഘങ്ങള്‍ എന്നാക്കുകയും ചട്ടം 15 ല്‍ നിന്നും അണ്‍ലൈസന്‍സ്ഡ് അര്‍ബന്‍ സഹകരണ ബാങ്ക് എന്ന വിഭാഗം ഒഴിവാക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സഹകരണ ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം റിസര്‍വ് ബാങ്ക് ലൈസന്‍സിനപേക്ഷിക്കുകയും അപേക്ഷ നിരസിച്ചപ്പോള്‍ പേരിനൊപ്പമുള്ള ബാങ്ക് എന്ന വാക്ക് നീക്കാനാവശ്യപ്പെടുകയും അപ്രകാരം പേരില്‍നിന്നു ബാങ്ക് നീക്കുകയുമുണ്ടായി. പരവൂര്‍ എസ്.എന്‍.വി. റീജ്യണല്‍ സഹകരണ ബാങ്കൊഴികെ മറ്റു സ്ഥാപനങ്ങളൊന്നും റിസര്‍വ് ബാങ്ക് നടപടിക്കെതിരെ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ പോവുകയുണ്ടായില്ല.

1949 മാര്‍ച്ച് 16 നു ബാങ്കിങ് കമ്പനി നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ നിയമത്തിലെ മൂന്നാം വകുപ്പ് സഹകരണ സ്ഥാപനങ്ങളെ പ്രസ്തുത നിയമവ്യവസ്ഥകളില്‍ നിന്നു ഒഴിവാക്കിക്കൊണ്ടുള്ള വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കിങ് കമ്പനി നിയമത്തിലെ മൂന്നാം വകുപ്പ് ഇനി കൊടുത്തിട്ടുള്ളതു പ്രകാരമായിരുന്നു : ‘ Nothing in this act shall apply to a Co-operative Bank registered under the Co-operative Societies Act 1912 or any other law for the timebeing in force in any part of India relating to Co-operative Societies’. മൂന്നാം വകുപ്പിലെ മേല്‍സൂചിപ്പിച്ച സംരക്ഷണ വ്യവസ്ഥ പ്രകാരം നിലവിലുണ്ടായിരുന്ന സഹകരണ ബാങ്കുകള്‍ക്കൊപ്പം പുതിയ സംഘങ്ങളും ബാങ്ക് എന്ന വാക്ക് പേരിനൊപ്പം ഉപയോഗിച്ച് സംസ്ഥാന സഹകരണ നിയമങ്ങള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം നടത്തുകയുണ്ടായി. 1966 മാര്‍ച്ച് ഒന്നിനാണു ബാങ്കിങ് കമ്പനി നിയമം ബാങ്കിങ് നിയന്ത്രണ നിയമമാവുകയും സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സെടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തത്. 1966 ലെ ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥ പ്രകാരം സംസ്ഥാനത്തുണ്ടായിരുന്ന സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും റിസര്‍വ് ബാങ്ക് ലൈസന്‍സിനപേക്ഷിച്ചു. ലൈസന്‍സ് ലഭിക്കാന്‍ നിര്‍ണയിച്ചിരുന്ന യോഗ്യതകളുണ്ടായിരുന്നവയ്‌ക്കെല്ലാം റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കി. എന്നാല്‍, യോഗ്യതയില്ലാതിരുന്നവയുടെ അപേക്ഷ നിരസിക്കാതെ അനിശ്ചിതാവസ്ഥയിലായി. അന്ന് അപേക്ഷ നല്‍കിയ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ബാങ്കുകള്‍ക്കു 2012 ലാണു റിസര്‍വ് ബാങ്ക് ലൈസന്‍സ് ലഭിച്ചത്. അപേക്ഷ നിരസിക്കാതിരുന്നതിനാല്‍ ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും പരിശോധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണു ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ബാങ്കിങ് നിയന്ത്രണ നിയമമാവുന്നു

ബാങ്കിങ് കമ്പനി നിയമം ബാങ്കിങ് നിയന്ത്രണ നിയമമായി 1966 മാര്‍ച്ചില്‍ ഭേദഗതി ചെയ്തു പ്രാബല്യത്തില്‍ വന്നപ്പോള്‍ നിയമത്തില്‍ 56 -ാം വകുപ്പും ഭാഗം V ഉം കൂട്ടിച്ചേര്‍ത്തുകൊണ്ട് സഹകരണ ബാങ്കുകള്‍ക്കു ബാധകമായ വ്യവസ്ഥകള്‍ പ്രത്യേകം ഉള്‍പ്പെടുത്തുകയും മൂന്നാം വകുപ്പിലെ വ്യവസ്ഥ ഇനി കൊടുത്തിട്ടുള്ളവിധം ഭേദഗതി വരുത്തുകയും ചെയ്തു. Sec. 3 Act to apply to Co-operative Societies in certain cases. ‘ Nothing in this Act shall apply to a) a Primary Agricultural Credit Society , b ) a Co-operative land mortgage bank and c) any other Co-operative Society except in the manner and to the extent specified in part V. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെയും സഹകരണ ഭൂപണയ ബാങ്കുകളെയും ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥകളില്‍ നിന്നു നിരുപാധികമാണ് ഒഴിവാക്കിയിരുന്നത്. നിയമത്തിലെ വകുപ്പ് മൂന്നില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘം എന്ന പേരുയോഗിച്ചിരുന്നതിനാല്‍ അതിന്റെ നിര്‍വചനവും വകുപ്പ് 56 ല്‍ പാര്‍ട്ട് V ല്‍ നല്‍കുകയുണ്ടായി.

2020 ജൂണ്‍ 26 നു ബാങ്കിങ് നിയന്ത്രണ നിയമ ഓര്‍ഡിനന്‍സും സെപ്റ്റംബര്‍ 29 നു ഭേദഗതി നിയമവും പ്രാബല്യത്തില്‍ വന്നപ്പോള്‍ മൂന്നാം വകുപ്പിലും ഭേദഗതിയുണ്ടായി. മൂന്നാം വകുപ്പിലെ ഭേദഗതിക്കുശേഷമുള്ള വ്യവസ്ഥ ഇനി പറയുംപ്രകാരമാണ് : ‘ Not withstanding anything containes in the National Bank for Agriculture and Rural Development Act 1981 , this Act shall not apply to a) a Primary Agricultural Credit Society, or b ) a Co-operative Society whose primary object and principal business is providing longterm finance for Agricultural Development if such society does not use as part of its name or in connection with its business the words Bank, banker or banking and does not act as a drawee of cheques. ബാങ്കിങ് അല്ലെങ്കില്‍ ബാങ്ക് പേരിന്റെയോ ബിസിനസ്സിന്റെയോ ഭാഗമായി ഉപയോഗിക്കാതിരിക്കുകയും ചെക്കിന്റെ ഡ്രോയി ആയി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താലേ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥ ബാധകമാവാതിരിക്കുകയുള്ളു. ബാങ്കിങ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്ന 2020 സെപ്റ്റംബര്‍ 29 നു തന്നെ ഭേദഗതി ചെയ്ത മൂന്നാം വകുപ്പിലെ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നു. റിസര്‍വ് ബാങ്ക് കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പേരില്‍ നിന്നു ബാങ്ക് എന്ന വാക്ക് നീക്കണമെന്നു കാണിച്ചുകൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഏഴാം വകുപ്പില്‍ സഹകരണ ബാങ്ക് അല്ലാത്ത സഹകരണ സംഘങ്ങളൊന്നും പേരിന്റെ ഭാഗമായോ ബിസിനസുമായി ബന്ധപ്പെട്ടോ ബാങ്കര്‍, ബാങ്കിങ് എന്നീ പദങ്ങളൊന്നും ഉപയോഗിക്കരുതെന്നും ഒരു സഹകരണ സംഘവും അവയുടെ പേരിനൊപ്പം ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നിവയിലേതെങ്കിലും ഒരു വാക്കുപയോഗിക്കാതെ ഇന്ത്യയില്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബാങ്കിങ് നിയമത്തിലെ വകുപ്പ് 5 ല്‍ സഹകരണ ബാങ്ക് എന്നാല്‍ ഒരു സംസ്ഥാന സഹകരണ ബാങ്കോ ജില്ലാ സഹകരണ ബാങ്കോ പ്രാഥമിക സഹകരണ ബാങ്കോ ( അര്‍ബന്‍ സഹകരണ ബാങ്ക് ) എന്ന് അര്‍ഥമാകുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് മൂന്നും ഏഴും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെയും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെയും ബാങ്ക് എന്ന വാക്ക് പേരിനൊപ്പം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. കേരളത്തിലെ ഏതാനും എംപ്ലോയീസ് സഹകരണ സംഘങ്ങളും പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ബാങ്ക് എന്ന വാക്ക് പേരില്‍ നിന്നു നീക്കുന്നതു വൈകാരികമായ ഒരു വിഷയമാണ്. പേരിനൊപ്പം ഉപയോഗിക്കുന്ന ബാങ്ക് എന്ന വാക്ക് സംഘങ്ങളുടെ ബിസിനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നതാണു ഗൗരവമായി കാണേണ്ടത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ 45 -ാം എന്‍ട്രി പ്രകാരം ബാങ്കിങ് ഒരു യൂണിയന്‍ വിഷയമാണ്. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്ത സഹകരണ സ്ഥാപനങ്ങള്‍ അവയുടെ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതു നിരോധിക്കാന്‍ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയിലൂടെ കഴിയും.

പൊതുജന നിക്ഷേപം

റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ പൊതുജന നിക്ഷേപം സ്വീകരിക്കാന്‍ കഴിയൂ. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 5 ( ബി ) ബാങ്കിങ്ങിനു നല്‍കിയിട്ടുള്ള നിര്‍വചനം ഇനി പറയുംവിധമാണ് : ‘ Banking means the accepting , for the purpose of lending or investment, of deposits of money from the public repayable on demand or otherwise and withdrawal by cheque, draft, order or otherwise. ‘ പൊതുജനങ്ങളില്‍ നിന്നു നിക്ഷേപങ്ങള്‍ സ്വീകരിക്കുക എന്നതു ബാങ്കിങ്ങിന്റെ ഒരു സ്വഭാവമാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ നാമമാത്ര അംഗങ്ങളും അസോസിയേറ്റ് അംഗങ്ങളും പൊതുജനങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് എന്നും അവരെ അംഗങ്ങളായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലോ റിസര്‍വ് ബാങ്ക് നിയമത്തിലോ Member ( അംഗം ) എന്ന വാക്കിനു നിര്‍വചനം നല്‍കിയിട്ടില്ല. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റിലെ 32 -ാം എന്‍ട്രിയായ സഹകരണം ഒരു സംസ്ഥാന വിഷയമാണ്. ഈ എന്‍ട്രി ഇനി പറയുംപ്രകാരമാണ് : ‘ Incorporation, regulation and winding up of Corporations other than those specified in list and Universities , Unincorporated trading, literary, Scientific, religious and other societies and associations, Co-operative Societies. ‘ സഹകരണ സംഘങ്ങളുടെ സംയോജനം, നിയന്ത്രണം, സമാപ്തീകരണം എന്നിവയുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമുണ്ട്. കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് രണ്ടിന്റെ ക്ലോസ് ( എല്‍ ) അംഗം എന്ന വാക്കിനു നല്‍കിയിട്ടുള്ള നിര്‍വചനം ഇങ്ങനെയാണ് : ‘ ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ചേര്‍ന്നിട്ടുള്ള വ്യക്തിയും രജിസ്‌ട്രേഷനുശേഷം സഹകരണ നിയമവും ചട്ടവും സംഘനിയമാവലിയും അനുസരിച്ച് അംഗത്വം ലഭിച്ച വ്യക്തിയും ഒരു നാമമാത്ര അംഗവും അസോസിയേറ്റംഗവും ഉള്‍പ്പെടുന്നതാണ് അംഗം. 2021 ജനുവരി 12 നു സുപ്രീം കോടതി ആദായനികുതിനിയമത്തിലെ വകുപ്പ് 80 ( പി ) ( 2 ) ( എ ) ( i ) യുമായി ബന്ധപ്പെട്ട കേസില്‍ കേരള സഹകരണ സംഘം നിയമത്തില്‍ നാമമാത്ര അംഗങ്ങള്‍ക്കു വായ്പ നല്‍കാന്‍ വ്യവസ്ഥയുള്ളതിനാലും നിക്ഷേപ ഈടിന്മേലുള്ള വായ്പകള്‍ അംഗങ്ങളല്ലാത്തവര്‍ക്കും നല്‍കാന്‍ വ്യവസ്ഥയുള്ളതിനാലും അതു നിയമവിരുദ്ധമല്ലെന്നും അംഗം എന്ന വാക്കിന്റെ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ നാമമാത്ര അംഗങ്ങള്‍ക്കു നല്‍കുന്ന വായ്പകളും ആദായനികുതി നിയമത്തിലെ വകുപ്പ് 80 ( പി ) ( 2 ) ( എ ) ( i ) പ്രകാരമുള്ള ഇളവുകള്‍ക്ക് അര്‍ഹമാണ് എന്നും പ്രസ്താവിക്കുകയുണ്ടായി. സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വോട്ടവകാശമുള്ള അംഗങ്ങളില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ അംഗങ്ങളുടെ നിക്ഷേപമാണെന്നും പൊതുജന നിക്ഷേപമല്ലെന്നും വാദിച്ചു ജയിക്കാന്‍ ഇതു സഹായകമാവും.

ബാങ്കിങ് വിഷയങ്ങള്‍ ഏതൊക്കെ ?

2005 ല്‍ റിസര്‍വ് ബാങ്കിന്റെ ഒരു വിജ്ഞാപനത്തില്‍ റിസര്‍വ് ബാങ്കിന്റെ അധികാരപരിധിയില്‍ വരുന്ന ബാങ്കിങ് വിഷയങ്ങള്‍ ഏതൊക്കെയാണെന്നു വ്യക്തമാക്കുകയുണ്ടായി. പലിശനിരക്ക്, വായ്പാനയം, നിക്ഷേപം, പ്രൂഡെന്‍ഷ്യല്‍ വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങള്‍, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിന്റെ മാതൃകാഫോമുകള്‍, റിസര്‍വ് ആവശ്യകതകള്‍, ലാഭവിഭജനം, പ്രവര്‍ത്തന മേഖല, ശാഖാ ലൈസന്‍സിങ്, ബാങ്കിങ്ങുമായി ബന്ധപ്പെട്ട ആസ്തികള്‍ ആര്‍ജിക്കല്‍, കടംവീട്ടല്‍ നയം, ഓഡിറ്റ് മാനേജ്‌മെന്റിലെ മാറ്റങ്ങള്‍, പ്രധാന നിര്‍വഹണ ഉദ്യോഗസ്ഥനെ നിയമിക്കല്‍, അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം തുടങ്ങിയവയാണു സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍. അര്‍ബന്‍ സഹകരണ ബാങ്കുപോലെ വ്യക്തികള്‍ക്കു അംഗത്വം നല്‍കുന്ന റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള ബാങ്കുകളിലെപ്പോലും അംഗത്വം സംബന്ധിച്ച നിബന്ധനകള്‍ നിര്‍ണയിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമില്ല. അതു സംഘം സഹകരണ നിയമത്തിന്‍കീഴില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണ്. മെംബര്‍, പബ്ലിക് ഡെപ്പോസിറ്റ് എന്നീ വാക്കുകള്‍ക്കു ബാങ്കിങ് നിയന്ത്രണ നിയമത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ നിയമത്തിലും നിര്‍വചനം നല്‍കാത്തതിനാലും കേരള സഹകരണ സംഘം നിയമത്തില്‍ അംഗം എന്നാല്‍ നാമമാത്ര അംഗവും അസോസിയേറ്റംഗവും കൂടുന്നതാണ് എന്നു നിര്‍വചിച്ചിട്ടുള്ളതിനാലും നാമമാത്ര അംഗങ്ങളുടെ നിക്ഷേപം പബ്ലിക് ഡെപ്പോസിറ്റാണെന്ന വ്യാഖ്യാനത്തിനു പ്രസക്തിയില്ല.

അര്‍ബന്‍ ബാങ്കുകളുടെ മൂലധന പര്യാപ്തതയുമായി ബന്ധപ്പെട്ട് 2009 ജൂലായില്‍ റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറില്‍ ടയര്‍ 1 കാപ്പിറ്റല്‍ ഫണ്ടിലെ രണ്ടാമത്തെ ഘടകമായി ഉള്‍പ്പെടുത്തിയിട്ടുള്ളതു നാമമാത്ര, അസോസിയേറ്റ് അംഗങ്ങളില്‍ നിന്നുള്ള സംഭാവനകളും അവരുടെ പേരില്‍ നല്‍കിയിട്ടുള്ളതും പിന്‍വലിക്കുന്നതിനു നിയന്ത്രണങ്ങളുള്ളതുമായ ഓഹരി മൂലധനവുമാണ്. വോട്ടവകാശമുള്ള അംഗങ്ങളില്‍ നിന്നുള്ള ഓഹരി മൂലധനം പോലെ നാമമാത്ര അംഗങ്ങളുടെ ഓഹരി മൂലധനവും ടയര്‍ 1 കാപ്പിറ്റല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ളപ്പോള്‍ നോമിനല്‍ അംഗങ്ങളുടെ നിക്ഷേപം പൊതുജന നിക്ഷേപമാണ് അംഗനിക്ഷേപമല്ല എന്ന വിശദീകരണം വിരോധാഭാസമാണ്.

പേരിനൊപ്പം ബാങ്ക് എന്ന വാക്കുപയോഗിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ബാങ്കിങ് ബിസിനസ് നടത്തുന്നതിനു റിസര്‍വ് ബാങ്ക് അധികാരപ്പെടുത്തിയിട്ടില്ലെന്നും ഈ സ്ഥാപനങ്ങളിലെ നിക്ഷേപത്തിനു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയില്ലെന്നും പത്രക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. 2012 ജനുവരിയില്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 22-ാം വകുപ്പ് ഭേദഗതി ചെയ്തപ്പോള്‍ കേരളത്തിലെ 17 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സിനപേക്ഷിക്കുകയുണ്ടായി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു ബാങ്കിങ് ലൈസന്‍സ് നല്‍കാന്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കുകയാണുണ്ടായത്. കഴിഞ്ഞ 17 വര്‍ഷമായി റിസര്‍വ് ബാങ്ക് ഒരു പ്രാഥമിക വായ്പാ സംഘത്തിനും പുതിയ ലൈസന്‍സ് നല്‍കിയിട്ടില്ല. ഒരു പ്രാഥമിക വായ്പാസംഘം റിസര്‍വ് ബാങ്ക് ലൈസന്‍സിനപേക്ഷിക്കുമ്പോള്‍ എന്‍ട്രി പോയന്റ് മാനദണ്ഡങ്ങള്‍ എല്ലാമുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളു. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ ഈ മാനദണ്ഡങ്ങളെല്ലാമുള്ള സംഘങ്ങള്‍ നാമമാത്രമാണ്.

നിക്ഷേപത്തിനുള്ള പരിരക്ഷ

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്നു പറയുമ്പോള്‍ അതിനു സമാനമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ പരിരക്ഷയുള്ളതു മറക്കുന്നു. പ്രാഥമിക സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു ഡി.ഐ.സി.ജി.സി. യുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കില്ല. റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള സഹകരണ ബാങ്കുകള്‍ക്കു മാത്രമേ ഈ പരിരക്ഷ ലഭിക്കുകയുള്ളു. 1962 ലാണു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പരിരക്ഷ വാണിജ്യ ബാങ്കുകള്‍ക്കു നല്‍കിത്തുടങ്ങിയത്. ഒരു നിക്ഷേപകനു 1500 രൂപയുടെ പരിരക്ഷയേ ആദ്യം ഉണ്ടായിരുന്നുള്ളു. നിരവധി തവണ പരിധി വര്‍ധിപ്പിച്ചാണു 2020 ഫെബ്രുവരി മുതല്‍ പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കിയത്. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കു 1968 ലാണു പരിരക്ഷ ഏര്‍പ്പെടുത്തിയത്. 1968 മുതല്‍ കഴിഞ്ഞ 53 വര്‍ഷങ്ങളിലായി സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകളും ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും കൂടി എത്ര കോടി രൂപയാണു ഡി.ഐ.സി.ജി.സി. ക്കു വാര്‍ഷിക പ്രീമിയമായി നല്‍കിയത് ? നാളിതുവരെ ഒരു നിക്ഷേപകനുപോലും ഒരു രൂപയുടെ പരിരക്ഷാ സഹായം നല്‍കിയിട്ടില്ല. 90 വര്‍ഷം പഴക്കമുള്ള അടൂര്‍ അര്‍ബന്‍ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ബാധകമാക്കിയിരിക്കുകയാണ്. പുതിയ നിക്ഷേപം സ്വീകരിക്കുന്നതിനും പുതിയ വായ്പ നല്‍കുന്നുതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കിലെ നിക്ഷേപകര്‍ക്കു പലിശയുള്‍പ്പെടെ നിക്ഷേപ അക്കൗണ്ടിലെ തുകയോ അഞ്ചു ലക്ഷം രൂപയോ, ഇതില്‍ ഏതാണോ കുറവ്, അതു നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഡി.ഐ.സി.ജി.സി.യില്‍ നിന്നുള്ള ആദ്യസഹായം.

ഡെപ്പോസിറ്റ് ഗാരണ്ടി സ്‌കീം

കേരള സഹകരണ സംഘം നിയമത്തില്‍ 2000 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വന്ന വ്യവസ്ഥയാണു വകുപ്പ് 57 ( ബി ) യിലെ ഡെപ്പോസിറ്റ് ഗാരണ്ടി സ്‌കീം. പ്രാഥമിക സംഘങ്ങളിലെ നിക്ഷേപത്തിനു മാത്രമാണു തുടക്കത്തില്‍ ഗാരണ്ടിയുണ്ടായിരുന്നത്. 2012 ജനുവരി 11 നു ഡെപ്പോസിറ്റി ഗാരണ്ടി ഫണ്ട് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിക്കുള്ളില്‍ വരാത്തതും നിക്ഷേപം പ്രവര്‍ത്തന മൂലധനമായിട്ടുള്ളതുമായ എല്ലാ സഹകരണ സ്ഥാപനങ്ങളെയും ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ സഹായപരിധിക്കുള്ളില്‍ കൊണ്ടുവന്നു. തുടക്കത്തില്‍ ഒരു ലക്ഷം രൂപയുടെ പരിരക്ഷയാണു ബോര്‍ഡ് നല്‍കിയിരുന്നതെങ്കില്‍ അതു വര്‍ധിപ്പിച്ച് രണ്ടു ലക്ഷം രൂപയാക്കിയിട്ടുണ്ട്. ഡി.ഐ.സി.ജി.സി. പരിരക്ഷ അഞ്ചു ലക്ഷമായി വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ സഹകരണ ഡെപ്പോസിറ്റ് ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ പരിരക്ഷ വര്‍ധിപ്പിക്കുമെന്നു സഹകരണ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച ബാങ്കിലെ നിക്ഷേപകര്‍ക്കു 90 ദിവസത്തിനകം അവരുടെ നിക്ഷേപത്തുകയും പലിശയും ചേര്‍ന്ന തുകയോ അതോ അഞ്ചു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുക ഡി.ഐ.സി.ജി.സി. നല്‍കും. എന്നാല്‍, കേരള ഡെപ്പോസിറ്റ് ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ പരിരക്ഷ സംഘസമാപ്തീകരണത്തിനു ശേഷമേ കിട്ടുകയുള്ളു. സമാപ്തീകരണ ഉത്തരവ് നല്‍കിക്കഴിഞ്ഞാല്‍ വര്‍ഷങ്ങളെടുക്കും നടപടികള്‍ പൂര്‍ത്തിയാവാന്‍. അതുവരെ തുക കിട്ടില്ലയെന്നതു സ്‌കീമിന്റെ പോരായ്മയാണ്. മാത്രവുമല്ല കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായതുപോലുള്ള സാഹചര്യങ്ങളില്‍ നിക്ഷേപകരുടെ മാനസിക പിരിമുറുക്കവും ആശങ്കയും അകറ്റാന്‍ ഇടക്കാല സഹായം സംഘങ്ങള്‍ക്കു നല്‍കാന്‍ ( തിരിച്ചടച്ചുകൊള്ളാം എന്ന വ്യവസ്ഥയില്‍ ) ഫണ്ടിന്റെ ഒരു ഭാഗം വിനിയോഗിക്കാനും വ്യവസ്ഥ ഉണ്ടാവണം. ഓരോ വര്‍ഷത്തെ മൊത്തം നിക്ഷേപത്തുകയിലെ ഓരോ നൂറു രൂപയ്ക്കു 12 പൈസ പ്രകാരമാണു ഡി.ഐ.സി.ജി.സി. വാര്‍ഷിക പ്രീമിയം വാങ്ങുന്നത്. എന്നാല്‍, നമ്മുടെ ഡെപ്പോസിറ്റ് ഗാരണ്ടി ഫണ്ട് ബോര്‍ഡിലേക്കു ഓരോ വര്‍ഷത്തെയും നിക്ഷേപ വര്‍ധനഭാഗത്തിനു മാത്രമാണു നൂറു രൂപയ്ക്കു 10 പൈസ പ്രകാരം ഇപ്പോള്‍ പ്രീമിയം വാങ്ങുന്നത്. നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ പരിരക്ഷ അഞ്ചു ലക്ഷമാക്കി വര്‍ധിപ്പിക്കുന്നപക്ഷം പ്രീമിയം തുക ഓരോ വര്‍ഷത്തെയും മൊത്തം നിക്ഷേപത്തുകയ്ക്കു അഞ്ചു പൈസ എന്ന നിരക്കിലെങ്കിലും വേണ്ടിവരും. പ്രാഥമിക സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയ്ക്കു പകരം സഹകരണ ഡെപ്പോസിറ്റ് ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ പരിരക്ഷയുള്ളതിനാല്‍ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല.

പത്രക്കുറിപ്പിന്റെ ലക്ഷ്യം കേരളം

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ മൂന്നാം വകുപ്പില്‍ വരുത്തിയ ഭേദഗതി കേരളത്തിലെ പ്രാഥമിക സംഘങ്ങളെയാണു കൂടുതലായി ബാധിക്കുക. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ സ്ഥിര നിക്ഷേപം മാത്രമേ സ്വീകരിക്കുന്നുള്ളു. അതാകട്ടെ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനു വേണ്ടിയാണ്. നിക്ഷേപകര്‍ക്കു നല്‍കുന്ന സ്ഥിര നിക്ഷേപ രസീത് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റേതാണ്. അവ സേവിങ്‌സ് ബാങ്ക് നിക്ഷേപം സ്വീകരിക്കുന്നില്ല. ചെക്ക് സൗകര്യം നല്‍കുന്നുമില്ല. എന്നാല്‍, ഇന്ത്യയിലെ 95,995 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ 1643 സംഘങ്ങളാണു കേരളത്തിലുള്ളത്. അതായതു രാജ്യത്തെ മൊത്തം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ 1.71 ശതമാനമാണു കേരളത്തിലുള്ളത്. റിസര്‍വ് ബാങ്കിന്റെ പ്രസിദ്ധീകരണത്തില്‍ രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ 2019 മാര്‍ച്ച് 31 ലെ മൊത്ത നിക്ഷേപം 1,33,010 കോടി രൂപയായിരുന്നു. ഇതില്‍ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ നിക്ഷേപം 95,477 കോടിയുണ്ടായിരുന്നു. അതായതു രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ മൊത്തം നിക്ഷേപത്തിന്റെ 71.78 ശതമാനവും കേരളത്തിലെ സംഘങ്ങളുടെ നിക്ഷേപമാണ്. സര്‍ക്കാരിന്റെ ഓഹരി മൂലധന പങ്കാളിത്തം, ഡെപ്പോസിറ്റ് ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ, എല്ലാ വര്‍ഷവും നടത്തുന്ന നിക്ഷേപ സമാഹരണയജ്ഞം, ജനാധിപത്യ ഭരണക്രമം തുടങ്ങിയ നിരവധി അനുകൂല ഘടകങ്ങളാണു ഈ നേട്ടത്തിനു പിന്നിലുള്ളത്. കേരളത്തിലെ ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിനു 58.11 കോടി രൂപ ശരാശരി നിക്ഷേപമുള്ളപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ ശരാശരി നിക്ഷേപം വെറും 39.78 ലക്ഷം രൂപയാണ്. മേല്‍സൂചിപ്പിച്ച സ്ഥിതിവിവരക്കണക്കില്‍ നിന്നു റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പ് ഏതു സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ഉദ്ദേശിച്ചാണെന്നും അത് ഏതു സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെയാണു പ്രതികൂലമായി ബാധിക്കുകയെന്നും ബോധ്യമാകും.

ഉണര്‍ന്നു പ്രവര്‍ത്തിക്കുക

നമ്മുടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ നിക്ഷേപകരെ പരിശോധിക്കുമ്പോള്‍ നിക്ഷേപകരില്‍ വോട്ടവകാശമുള്ള അംഗങ്ങളായിട്ടുള്ള നിക്ഷേപകര്‍ 40 ശതമാനത്തിനുള്ളിലാണെന്നും ശേഷിക്കുന്ന 60 ശതമാനം നിക്ഷേപകര്‍ നാമമാത്ര അംഗങ്ങളോ അംഗങ്ങളല്ലാത്തവരോ ആണെന്നും കാണാന്‍ കഴിയും. ദേവാലയങ്ങളുടെയും കച്ചവടസ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങള്‍ പ്രാഥമിക സംഘങ്ങളിലുണ്ട്. കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് പതിനാറും ചട്ടം പതിനാറും സംഘനിയമാവലിയും മേല്‍സൂചിപ്പിച്ച സ്ഥാപനങ്ങള്‍ക്കു നാമമാത്ര അംഗത്വം നല്‍കുന്നതിന് അനുവദിക്കുന്നില്ല. ഒരു പ്രാഥമിക സംഘത്തിന്റെ പ്രവര്‍ത്തന പരിധിക്കുള്ളിലുള്ള മേല്‍സൂചിപ്പിച്ച വിഭാഗം സ്ഥാപനങ്ങള്‍ക്കു നാമമാത്ര അംഗത്വം നല്‍കുന്നതിനു വ്യക്തികള്‍ക്കു നല്‍കുന്ന നാമമാത്ര അംഗത്വം ഒരു താലൂക്കിനുള്ളിലുള്ള വ്യക്തികള്‍ക്കായി വിപുലീകരിച്ചും പ്രവര്‍ത്തനപരിധിക്കുള്ളിലുള്ളതും അംഗത്വ യോഗ്യതയുള്ളതുമായ വ്യക്തികള്‍ക്കു പരമാവധി വോട്ടവകാശമുള്ള എ ക്ലാസ് അംഗത്വം നല്‍കുന്നതിനു ബന്ധപ്പെട്ട ഭരണസമിതി വിശാല മനസ് കാണിച്ചും പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന വായ്പാ സംഘങ്ങളും നിധി കമ്പനികളും നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ നല്‍കുന്ന നിരക്കിനു തുല്യമായി 12.5 ശതമാനം വരെ പലിശ നല്‍കി സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെയും നിക്ഷേപം സ്വീകരിക്കുന്ന മറ്റു സംഘങ്ങളിലെയും നിക്ഷേപകര്‍ക്കു ഡെപ്പോസിറ്റ് ഗാരണ്ടി ഫണ്ട് ബോര്‍ഡിലൂടെ കിട്ടുന്ന തരത്തിലുള്ള പരിരക്ഷ നിധി കമ്പനികളിലെയും മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെയും നിക്ഷേപകര്‍ക്കില്ല. എങ്കിലും, ഈ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ക്കു മുന്നറിയിപ്പു നല്‍കുന്ന പത്രക്കുറിപ്പ് ഇറക്കാത്തതിലൂടെ റിസര്‍വ് ബാങ്കിന്റെ ഗൂഢലക്ഷ്യം മനസ്സിലാക്കാന്‍ കഴിയും. സഹകാരികളും സഹകരണ ജീവനക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. നമ്മുടെ നിക്ഷേപത്തിനു നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ രണ്ടു ലക്ഷം രൂപ പരിരക്ഷയുണ്ടെന്നു നമ്മുടെ നിക്ഷേപകരെ പറഞ്ഞു ബോധ്യപ്പെടുത്തണം. അതോടൊപ്പം, കേരള സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിന്റെ പരിരക്ഷ ഈ സ്ഥാപനത്തിലെ നിക്ഷേപകര്‍ക്കു ലഭ്യമാണെന്ന ബോര്‍ഡ് ഇടപാടുകാര്‍ കാണത്തക്കരീതിയില്‍ സംഘങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

 

[mbzshare]

Leave a Reply

Your email address will not be published.