മെഡിസെപ് പദ്ധതി : ഫെബ്രുവരി 24 വരെ തിരുത്തല്‍ വരുത്താം
ഫെബ്രുവരി 25 നു ശേഷം മെഡിസെപ് / ഡാറ്റാ സംബന്ധിച്ച കൂട്ടിച്ചേര്‍ക്കലോ തിരുത്തലോ അനുവദിക്കുന്നതല്ലെന്നു ധനകാര്യ വകുപ്പ് അറിയിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും മെഡിസെപ് വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങളില്‍ ഈ സമയപരിധി കഴിഞ്ഞ് പൊരുത്തക്കേട് കണ്ടെത്തിയാല്‍ അതു ബന്ധപ്പെട്ട ഡി.ഡി.ഒ / നോഡല്‍ ഓഫീസര്‍മാര്‍, ട്രഷറി ഓഫീസര്‍മാര്‍ എന്നിവരുടെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയായി കണക്കാക്കുമെന്നു ധനകാര്യ വകുപ്പ് അറിയിച്ചു.
മെഡിസെപ് പ്രകാരം എന്‍.പി.എസ്. പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിച്ച ജീവനക്കാര്‍ക്കു നിലവില്‍ അംഗത്വത്തിനു ബാധകമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പദ്ധതി കാലയളവായ മൂന്നു വര്‍ഷത്തെ ആകെ പ്രീമിയംതുക ഒറ്റത്തവണയായി മുന്‍കൂറായി അടച്ച് പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ളപക്ഷം അംഗത്വം സ്വീകരിക്കാവുന്നതാണ്. ഈ വ്യവസ്ഥക്കു സമ്മതമുള്ള വിരമിച്ച ജീവനക്കാര്‍ പദ്ധതിയില്‍ ചേരാനുള്ള നടപടി എത്രയും പെട്ടെന്നു സ്വീകരിക്കേണ്ടതും പൂരിപ്പിച്ച അപേക്ഷ ധനകാര്യ വകുപ്പിലെ ഇന്‍ഷുറന്‍സ് സെക്ഷനില്‍ ഫെബ്രുവരി 25 നു മുമ്പായി നല്‍കേണ്ടതുമാണ്.
എംപ്ലോയ്‌മെന്റ് വഴിയോ TEN ( Temporary Employment Number ) നമ്പര്‍ നല്‍കിയോ നിയമിതരായ ജീവനക്കാര്‍ക്കു SPARK മുഖേന ശമ്പളം നല്‍കിയിട്ടുണ്ടങ്കിലും മെഡിസെപ് അംഗത്വത്തിനു ഒരുവിധത്തിലും അര്‍ഹതയില്ലെന്നു ധനകാര്യ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഇപ്രകാരമുള്ളവരുടെ അംഗത്വം delete / deactivate / block എന്നിവയിലേതെങ്കിലും ഓപ്ഷനുപയോഗിച്ച് ഡി.ഡി.ഒ / നോഡല്‍ ഓഫീസര്‍മാര്‍ റദ്ദാക്കേണ്ടതാണ്.
ജീവനക്കാരും പെന്‍ഷന്‍കാരും നല്‍കിയ വിവരങ്ങളിലെ തെറ്റുകളും തിരുത്തലുകളും വരുത്തി ധനകാര്യ വകുപ്പില്‍ നല്‍കുന്നതിനുള്ള തീയതി ആദ്യം 2022 ജനുവരി 16 നാണു നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം കാരണം ഇതിനുള്ള സമയപരിധി പിന്നീട് ഫെബ്രുവരി 14 വരെ നീട്ടി. അതാണിപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്.