മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സംഘങ്ങൾക്ക് തുക നിശ്ചയിച്ചിട്ടുള്ള എ.ആർ മാരുടെ നിർദ്ദേശം പിൻവലിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി.

adminmoonam

കോവിഡ്-19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് സംഘങ്ങൾക്ക് വലിയ തുക നിശ്ചയിച്ചിട്ടുള്ള അസിസ്റ്റന്റ് രജിസ്ട്രാർമാരുടെയും ജോയിന്റ് രജിസ്ട്രാർമാരുടെയും നിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു.
മഹാമാരിയുടെ പേരിൽ സഹകരണ മേഖലയെ നശിപ്പിക്കരുത്. ലോകത്താകെ ദുരന്തം വിതയ്ക്കുന്ന കൊറോണ എന്ന മഹാ മാരിയുടെ പേരിൽ എല്ലാം മറന്ന് നാം മുന്നോട്ടു പോകുമ്പോൾ ഭരണം കയ്യാളുന്നവർ കുറെ കൂടി വിവേക ബുദ്ധിയോടെ സങ്കുചിത രാഷ്ട്രീയ താൽപര്യം മാറ്റിവെച്ചു പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ ഭാവി കൂടുതൽ ദുരിത പൂർണമാകും എന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ കാലത്തിനും ആവശ്യത്തിനും ഒത്തു ഉയർന്ന് പ്രവർത്തിച്ചവരാണ്. അവിടെ ഭരണ-പ്രതിപക്ഷ വ്യത്യാസം പ്രതിഫലിക്കാറില്ല. എന്നാൽ പ്രസ്ഥാനത്തെ തളർത്തുന്ന സമീപനങ്ങൾ സ്വീകരിച്ചാൽ അതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യംവലിയ തുകകൾ പിരിച്ചെടുത്തു രണ്ടാംഘട്ടമായി കെയർ ഹോം പദ്ധതിയിലേക്ക് വീണ്ടും നിർബന്ധിത പിരിവ് നടത്തി ഈ ഇനങ്ങളിൽ സംഭാവന നൽകിയതിന്റെ
ഫലമായി സംഘങ്ങളിൽ നിന്ന് പൊതുനന്മ ഫണ്ട് പൂർണമായി നഷ്ടപ്പെട്ടു .2020 ഫെബ്രുവരി -മാർച്ച് മാസങ്ങളിൽ സംഘങ്ങളിൽ കുടിശ്ശിക പിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യം സംജാതമായതിന്റെ ഫലമായി നിലവിലുള്ള ആഡിറ്റ് സമ്പ്രദായമനുസരിച്ച് 2019-20 സാമ്പത്തിക വർഷം കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ എല്ലാം പൊതുവിൽ വലിയനഷ്ടത്തിൽ ആയിരിക്കും. സാമൂഹിക സേവന പെൻഷൻ കെഎസ്ആർടിസി പെൻഷൻ എന്നിവ വിതരണം ചെയ്യുന്നതിന് വേണ്ടി ബാങ്കിൽനിന്ന് വൻ തുകകൾ പിൻവലിച്ചതിന്റെ ഫലമായി ഒരു കോടി രൂപയ്ക്ക് മുകളിൽ ഇടപാടുകൾക്ക് രണ്ടു ശതമാനം നിരക്കിൽ നികുതി നൽകണം എന്നു കാണിച്ചുകൊണ്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ നോട്ടീസ് സംഘങ്ങൾക്ക് ലഭിച്ചു. അതിനുപുറമേ ആദായനികുതിയുടെ പേരിൽ വൻതുക ഈടാക്കാനുള്ള നടപടികളും നടന്നു
കൊണ്ടിരിക്കുന്നു.

ഇത്തരം പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ആണ് ദുരന്ത സാഹചര്യവും സംജാതമായത്. സഹകരണ സംഘം രജിസ്ട്രാറുടെ 26/2020 നമ്പർ സർക്കുലർ പ്രകാരം ഒരു തുകയും രേഖപ്പെടുത്താതെ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് തുകകൾനൽകണം എന്ന നിർദ്ദേശവും വകുപ്പുമന്ത്രിയുടെ അഭ്യർത്ഥനയും സ്വാഗതാർഹമാണ്. എന്നാൽ 25 ലക്ഷവും 15 ലക്ഷവും മുതൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ ഉൾപ്പെടെ രണ്ടു ലക്ഷവും മൂന്ന് ലക്ഷവും തുക നിശ്ചയിച്ചു കൊണ്ടുള്ള ചില ജോയിന്റ്
രജിസ്‌ട്രാർമാരുടെയും അസിസ്റ്റൻറ് രജിസ്ട്രാർമാരുടെയും നിർദ്ദേശം സഹകാരികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം കർശന നിർദ്ദേശം നൽകുവാൻ ആരാണ് ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ വേണ്ടി സംഘങ്ങളെ തകർക്കുന്ന ഇത്തരം നിർദ്ദേശങ്ങൾ അടിയന്തരമായി പിൻവലിച്ചു സാമ്പത്തിക സ്ഥിതി അനുസരിച്ച് സംഘങ്ങളിൽ നിന്ന് സംഭാവന നൽകിയാൽ മതിയെന്ന് നിർദ്ദേശം നൽകുവാൻ സഹകരണവകുപ്പ് തയ്യാറാവണമെന്ന് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News