മാറണം നമ്മുടെ സഹകരണ മേഖല
– ആര്‍. സുരേന്ദ്രന്‍
( സെക്രട്ടറി , കണ്ണമ്പ്ര
സഹകരണ ബാങ്ക് , പാലക്കാട് )
പരമ്പരാഗതമായ സ്വര്‍ണപ്പണയത്തിലും കൂടിയ നിരക്കില്‍ പലിശ കിട്ടുന്ന വായ്പകളിലും മാത്രം സഹകരണ മേഖല ശ്രദ്ധിച്ചാല്‍ പോരാ. വൈവിധ്യവത്കരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സമൂഹത്തിലെ യഥാര്‍ഥ ബദലായി മാറാന്‍ സഹകരണ മേഖലക്കു കഴിയണം.
കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ മറ്റു മേഖലകളില്‍ നിന്നു വ്യത്യസ്തമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണു സഹകരണ മേഖല. ദുരന്തങ്ങള്‍ ദുരിതങ്ങളായി മനുഷ്യജീവിതത്തിലേക്കു കൊള്ളിയാന്‍ പോലെ പതിച്ച സന്ദര്‍ഭങ്ങളിലെല്ലാം സമാശ്വാസത്തിന്റെ വെള്ളിനക്ഷത്രമായി സമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സഹകരണ മേഖലക്കു കഴിഞ്ഞു. ഓഖിയും നിപായും പ്രളയങ്ങളും കോവിഡും സൃഷ്ടിച്ച ഭയവും പ്രയാസവും ചെറുതല്ലാത്തതായിരുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം കേരള സര്‍ക്കാരിന്റെ വലംകൈയായി പ്രവര്‍ത്തിച്ചത് സഹകരണ മേഖലയാണെന്നതില്‍ ഈ രംഗത്തുള്ളവര്‍ക്ക് അഭിമാനിക്കാം.സഹകരണ മേഖലയുടെ വളര്‍ച്ചയും അതിലൂടെയുള്ള സാമൂഹിക പുരോഗതിയും ലക്ഷ്യമാക്കിയ നിരവധി പരിപാടികളെ പാതിവഴിയില്‍ ഉപേക്ഷിച്ചാണു നാടിന്റെ രക്ഷയ്ക്കായി സഹകരണ മേഖല ഇറങ്ങിത്തിരിച്ചത്.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മനുഷ്യന്റെ മാനസികാവസ്ഥയിലും മാറ്റം വന്നിരിക്കുന്നു. ശാസ്ത്ര, സാങ്കേതിക വളര്‍ച്ചയെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പരാമാവധി പ്രയോജനപ്പെടുത്തുകയാണിന്ന്. ആധുനിക ബാങ്കിങ് രംഗത്തുണ്ടായ മാറ്റം പൂര്‍ണമായും അടിയന്തിരമായും സഹകരണ രംഗത്തും പ്രാവര്‍ത്തികമാക്കണം. നിര്‍ബന്ധിതമായ മാറ്റത്തിനു സര്‍ക്കാര്‍തലത്തില്‍ നിയമം കൊണ്ടുവരണം. കഴിഞ്ഞ കാലത്ത് അതിനുള്ള തുടക്കം കുറിച്ചു എന്നത് ആശാവഹമാണ്. പൂര്‍ത്തീകരണമാണ് ഇനി വേണ്ടത്.
അടിസ്ഥാന മാറ്റങ്ങള്‍ വരണം
കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ അടിസ്ഥാനപരമായ വലിയ മാറ്റങ്ങള്‍ ആവശ്യമാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങളും ആധുനിക ബാങ്കിങ് രീതികളും ഒരു പരിധി വരെ ഉണ്ടായിട്ടുണ്ടങ്കിലും പൂര്‍ണമല്ല. അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ട നിയമപരമായ നടപടികള്‍ വകുപ്പു തലത്തില്‍ സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിവിധ പദ്ധതികള്‍ക്കു വേണ്ടി നടത്തുന്ന പണമിടപാടുകള്‍ ഇപ്പോള്‍ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണു നടപ്പാക്കി വരുന്നത്. ചെറിയ ഒരളവില്‍ സംസ്ഥാന സഹകരണ ബാങ്കും നടത്തിവരുന്നുണ്ട്. എന്നാല്‍, ഇത്തരം ഇടപാടുകള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കൂടി നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമുണ്ടായാല്‍ സഹകരണ ബാങ്കുകളുടെ കാര്യക്ഷമത വര്‍ധിക്കുകയും സഹകരണ മേഖലയില്‍ പൊതു സമൂഹത്തിനുള്ള വിശ്വാസം കുറേക്കൂടി ഊട്ടിയുറപ്പിക്കാന്‍ കഴിയുകയും ചെയ്യും.
ഇക്കാലത്ത് സഹകരണ കണ്‍സോര്‍ഷ്യങ്ങളുടെ പ്രസക്തി വളരെ വലുതാണ്. വ്യത്യസ്തങ്ങളായ ബൃഹത് പദ്ധതികള്‍ വ്യത്യസ്ത മേഖലകളില്‍ ആരംഭിക്കാന്‍ സഹകരണ കണ്‍സോര്‍ഷ്യങ്ങള്‍ക്കു കഴിയണം. കണ്‍സോര്‍ഷ്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കണം. കണ്‍സോര്‍ഷ്യങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കു വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധരെ കണ്ടെത്തിയാല്‍ കാര്യക്ഷമമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. അതുവഴി ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പാലക്കാട് ജില്ലയില്‍ കാര്‍ഷിക മേഖലയെ ലക്ഷ്യമാക്കി ആരംഭിക്കുന്ന പാലക്കാട് പാഡി പ്രൊക്യുര്‍മെന്റ് പ്രൊസസിങ്് ആന്റ് മാര്‍ക്കറ്റിങ് കോ -ഓപ്പ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണത്തിലിരിക്കുന്ന മോഡേണ്‍ സൈലോ റൈസ് മില്‍ പദ്ധതി ഇതിനുദാഹരണമാണ്.. കോവിഡ് മഹാമാരിയില്‍ രാജ്യം ഓക്‌സിജന്‍ ക്ഷാമം മൂലം നട്ടം തിരിയുകയാണ്. എന്തുകൊണ്ട് ഇത്തരം പദ്ധതികള്‍ കൂടി നമുക്ക് ഈ മേഖലയില്‍ ആരംഭിച്ചുകൂടാ?. സഹകാരികളും ജീവനക്കാരും പുതിയ കാഴ്ച്ചപ്പാടുകളോടു പൊരുത്തപ്പെടാന്‍ തയാറാകണം. എങ്കിലേ സാമൂഹിക കടമകളുടെ നിര്‍വ്വഹണത്തില്‍ നാം യാഥാര്‍ഥ പങ്കാളികളാകു.
ലാഭക്കൊതി നേരിടാന്‍ സഹകരണ ബദല്‍
വര്‍ത്തമാനകാല സാഹചര്യത്തില്‍ വിപണിചൂഷണം കടുത്ത രൂപത്തില്‍ മുന്നേറുകയാണ്. കോവിഡ് മഹാമാരിയില്‍പ്പോലും ലാഭക്കൊതി മൂത്ത കമ്പോളത്തെയാണു നാം കാണുന്നത്. ഇതിനൊരു ബദല്‍ തീര്‍ക്കാന്‍ സഹകരണ മേഖലക്കു കഴിയണം. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങള്‍ ആയിരത്തി ഇരൂനൂറിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളാണ്. കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളാണ് അവയിലധികവും. ഉല്‍പ്പാദകരായ സഹകരണസംഘങ്ങളില്‍ ഭൂരിഭാഗവും നേരിടുന്ന പ്രധാന വെല്ലുവിളി ഉല്‍പ്പന്നങ്ങള്‍ വിററഴിക്കുന്നതിനുള്ള വിപണി കണ്ടെത്തലാണ്. സഹകരണ കൂട്ടായ്മകളിലൂടെ അതിനു പരിഹാരം കാണാന്‍ മേഖലക്കു കഴിയണം. അതിലൂടെ മാത്രമെ ബദല്‍ രൂപപ്പെടുകയുള്ളു. സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം മുഖേന വലിയ രൂപത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും വിപണിയില്‍ ഉയര്‍ന്നു വരണം. കോ – ഓപ് മാര്‍ട്ടുകളുടെ വിപുലീകരണത്തിനു വേണ്ട വിപുലമായ പദ്ധതികള്‍ തയാറാക്കണം. ഉല്‍പ്പാദന, തൊഴില്‍ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതുമൂലം സഹകരണ മേഖലക്കു കഴിയും.
ബാങ്കിങ് മേഖലയില്‍ സഹകാരികളുടേയും ജീവനക്കാരുടേയും ചിന്തകള്‍ പരമ്പരാഗതമായ സ്വര്‍ണപ്പണയങ്ങളിലും കൂടിയ നിരക്കില്‍ പലിശ ലഭിക്കുന്ന വായ്പകളിലും മാത്രം കുടുങ്ങിക്കിടക്കുകയാണ്. ഇതു പൊളിച്ചെഴുതണം. വൈവിധ്യവല്‍കരണത്തിന്റെ അനന്ത സാധ്യതകളെ ഓരോ മേഖലയിലും നാം ഉപയോഗപ്പെടുത്തണം. മനുഷ്യന്റെ ജീവിതാവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുന്ന വിധത്തില്‍ പദ്ധതികള്‍ വിഭാവന ചെയ്യണം. സമൂഹത്തിലെ യഥാര്‍ഥ ബദലായി സഹകരണ മേഖല മാറണം. പക്ഷേ, ഒരു പരിമിതി മുന്നിലുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഓരോ പ്രതിസന്ധിഘട്ടത്തിലും അല്ലാത്തപ്പോഴം സഹായത്തിനായി ആദ്യം സമീപിക്കുന്നതു സഹകരണമേഖലയേയും സഹകാരി സമൂഹത്തേയുമാണ്. എന്നാല്‍, ഓരോ സാമ്പത്തിക വര്‍ഷവും പതിനായിരക്കണക്കിനു കോടി രൂപ ബജറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വകയിരുത്തുമ്പോഴും അര്‍ഹിക്കുന്ന പരിഗണനപോലും സഹകരണ മേഖലക്കു കിട്ടുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.
പ്രതിസന്ധികള്‍ നേരിടുന്ന സഹകരണ സംഘങ്ങളെ സഹായിക്കാനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കാന്‍ കഴിയണം. മാറി മാറി വരുന്ന പലിശനയങ്ങള്‍ക്കും ഓരോ കാലഘട്ടത്തിലും സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കലുകള്‍ക്കും സര്‍ക്കാര്‍ വകയിരുത്തലുകള്‍ അത്യാവശ്യമാണ്. ഭീമമായ സംഖ്യയാണ് ഓരോ വര്‍ഷവും ബാങ്കുകള്‍ ഈയിനത്തില്‍ നഷ്ടം സഹിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ വലിയ പ്രതിസന്ധിയിലേക്കു സഹകരണ മേഖല വഴുതി വീഴും.
സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് വര്‍ധിപ്പിക്കണം
കാര്‍ഷിക മേഖലയേയും കൃഷിക്കാരേയും സംരക്ഷിക്കുന്ന നടപടികള്‍ സഹകരണ വകുപ്പും കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നുകൊണ്ട് നടപ്പാക്കണം. വകുപ്പുകളുടെ ഏകോപനം വഴി കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തിലും വിപണനത്തിലും വലിയ കുതിച്ചുചാട്ടമുണ്ടാകും. സഹകരണ മേഖലക്ക് ഇതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല. കണ്‍സോര്‍ഷ്യങ്ങളുടെ സഹായവും പ്ലാന്‍ ഫണ്ടുകളുടെ വിനിയോഗവും മുഖേന കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ സഹകരണ മേഖല തനതായി നടപ്പാക്കണം. സ്ഥിരസ്വഭാവമുള്ള ഹരിത സേനകളെ സഹകരണ വകുപ്പിനു കീഴില്‍ ഉണ്ടാക്കിയെടുക്കണം. അതുവഴി ഒരു പുതിയ തൊഴില്‍ സംസ്‌കാരം സഹകരണ രംഗത്തു പരിചയപ്പെടുത്തണം. ഇതിനു വേണ്ടി നീക്കിവെക്കുന്ന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടുകളുടെ അളവില്‍ വര്‍ധനയുണ്ടാകണം.
കേരള ബാങ്കിന്റെ രൂപവത്കരണം വലിയ പ്രതീക്ഷയാണ് സംസ്ഥാനത്തിനു നല്‍കിയിട്ടുള്ളത്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മുഖമുദ്രയായി ഇതു നിലകൊള്ളുമ്പോള്‍ത്തന്നെ ആര്‍.ബി.ഐ. യുടെ നിബന്ധനകള്‍ക്കകത്തു നിന്നുകൊണ്ട് സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കേരള ബാങ്കിനെ പ്രാപ്തമാക്കാനും സര്‍ക്കാര്‍ തയാറാകണം. പ്രാഥമിക സഹരണ ബാങ്കുകളാുണു കേരള ബാങ്കിലെ മുഖ്യ അംഗങ്ങള്‍. ആര്‍.ബി.ഐ. യുടെ നിയന്ത്രണം വന്നതോടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു സ്വാഭാവികമായും ലഭിക്കേണ്ട പരിഗണനകള്‍ ലഭിക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. ഒരു തുറന്ന ആശയ സംവാദം ഇതിലാവശ്യമാണ്. പണം കൈകാര്യം ചെയ്യാനുള്ള പണമിടപാടു സ്ഥാപനങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഇന്‍കം ടാക്‌സ് നിയമത്തിലെ വകുപ്പ് ഇപ്പോഴും പ്രാഥമിക സഹകരണ സംഘങ്ങളുടെ മുകളില്‍ തൂങ്ങുന്ന വാളായി തുടരുകയാണ്.
കോവിഡ് മഹാമാരിയുടെ ഈ ദുരന്തകാലത്ത് ഏറെ കഷ്ടത അനുഭവിച്ചവരാണു കര്‍ഷകര്‍. കോവിഡിന്റെ ഒന്നാം ഘട്ടം അവസാനിച്ചെന്നു തെറ്റിദ്ധരിച്ചപ്പോഴാണു രണ്ടാം തരംഗത്തിന്റെ വ്യാപനം. ഇനിയും തരംഗങ്ങള്‍ തുടരാനാണു സാധ്യത. ഇതിനിടയിലും വായ്പ തിരിച്ചടവിന്റെ ഗ്രാഫ് കാണിച്ച് കര്‍ഷകര പേടിപ്പെടുത്തുന്ന ആര്‍.ബി.ഐ. തിട്ടൂരം നടപ്പാക്കാന്‍ കേരള ബാങ്ക് മുതിരുന്നത് ആത്മഹത്യാപരമാണ്. കോവിഡിന്റെ പ്രതിസന്ധി മറികടക്കാന്‍ നബാര്‍ഡ് വഴി കേരള ബാങ്ക് നടപ്പാക്കിയ എസ.്എല്‍.എഫ്. വായ്പകള്‍ ഈ ദുരന്തകാലത്തും തിരിച്ചുപിടിച്ചു. ഇത്തരം സമീപനങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.
സഹ. ജീവനക്കാര്‍ക്കു പരിഗണനയില്ല
ഏതു പ്രതിസന്ധിഘട്ടത്തിലും വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണു സഹകരണ മേഖലയിലെ ജീവനക്കാര്‍. പ്രത്യേകിച്ച്, പ്രാഥമിക സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍. എന്നാല്‍, പല അത്യാവശ്യഘട്ടങ്ങളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന പ്രാഥമിക പരിഗണനപ്പട്ടികയില്‍ സഹകരണ ജീവനക്കാരെ കാണാറില്ല എന്നതു ദൗര്‍ഭാഗ്യകരമാണ്.
സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമഭേദഗതികള്‍ പൂര്‍ണമായും സംസ്ഥാനത്തെ സഹകരണ മേഖലക്ക് എതിരാണ്. ഓരോ നിയമ ഭേദഗതിയേയും നെഞ്ചിടിപ്പോടെയാണു സഹകാരികളും ജീവനക്കാരും കാണുന്നത്. അതുകൊണ്ടുതന്നെ മേഖലയിലുണ്ടാകുന്ന ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ വേണ്ട ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തിലും നിയമപരമായും അല്ലാതേയും സ്വീകരിക്കണം.
കേരളത്തിലെ സഹകരണ മേഖല എന്നതു കേരളത്തിന്റെ ഒരു സമാന്തര സമ്പദ്ഘടനയാണ്. നാടിന്റെ ഓരോ പ്രതിസന്ധിഘട്ടത്തിലും അല്ലാത്തപ്പോഴും സര്‍ക്കാരിനെ അകമഴിഞ്ഞു സഹായിക്കുന്ന മേഖലകൂടിയാണിത്. വര്‍ത്തമാന കാലത്ത് സഹകാരി സമൂഹത്തിനും സര്‍ക്കാരിനും ബദല്‍ ഉത്തരവാദിത്തങ്ങളാണ് സഹകരണ മേഖലയില്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹകരണ മേഖലയുടെ ക്രിയാത്മകമായ വളര്‍ച്ചക്ക് ആശയപരവും സാമ്പത്തികവുമായ പിന്തുണ സര്‍ക്കാരില്‍ നിന്നും ഉണ്ടാവേണ്ടതാണ്.
[mbzshare]