മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരം: സഹകരണ മന്ത്രി

Deepthi Vipin lal

മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം വളരെയധികം മാതൃകാപരമാണെന്ന് കേരള സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ബാങ്കിംഗ് പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ – ക്ഷേമ വികസന പ്രവര്‍ത്തനങ്ങളിലും ബാങ്ക് സജീവമായി ഇടപെടുന്നുണ്ടെന്നും ഇത് മറ്റു സഹകരണ സ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും സെക്രട്ടറിക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞളാംകുഴി അലി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന സെക്രട്ടറി ഹനീഫ പെരിഞ്ചീരിക്കുള്ള ഉപഹാരം പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നല്‍കി. പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ആംബുലന്‍സിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

കെ.പി.എ. മജീദ് എം.എല്‍.എ അംഗങ്ങളുടെ പെന്‍ഷന്‍ വിതരണം നടത്തി. അനാഥ കുട്ടികളുടെ പൂര്‍ണ്ണ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍ പദ്ധതി കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. പ്രഖ്യാപിച്ചു. ചികിത്സാ സഹായ വിതരണം പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ എക്സലന്‍സ് അവാര്‍ഡ് പി. ഉബൈദുള്ള എം.എല്‍.എ. വിതരണം ചെയ്തു. ആശാ വര്‍ക്കര്‍മാരേയും ആര്‍.ആര്‍.ടി. അംഗങ്ങളേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആദരിച്ചു.

മൈക്രോ എ.ടി.എം.ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി. ഹാരിസും വ്യാപാരികള്‍ക്കുള്ള ക്യൂ. ആര്‍. കോഡിന്റെ ഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുല്‍ കരീമും മികച്ച മുറ്റത്തെ മുല്ല യൂണിറ്റിനുള്ള അവാര്‍ഡ് വിതരണം സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എസ്. പ്രഭിത്തും സ്വയം തൊഴില്‍ വായ്പാ വിതരണം സഹകരണ സംഘം ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ.ജി.രാജശേഖരന്‍ നായരും കാന്‍സര്‍ രോഗികള്‍ക്കുള്ള മാസ്‌കെയര്‍ പദ്ധതി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ മോഹന്‍ പുളിക്കലും ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുഹറാബി കാവുങ്ങല്‍, കെ.റാബിയ, അഡ്വ. അസ്‌കറലി, ബ്ലോക്ക് മെമ്പര്‍മാരായ ഫൗസിയ പെരുമ്പള്ളി, ടി.കെ.ശശീന്ദ്രന്‍, ബാങ്ക് പ്രസിഡന്റ് പി.മുഹമ്മദ് മാസ്റ്റര്‍, സെക്രട്ടറി ഹനീഫ പെരിഞ്ചീരി, കെ.സിദ്ദീഖ് അക്ബര്‍, പി.സലാം മാസ്റ്റര്‍, എം.മൊയ്തു മാസ്റ്റര്‍, കെ.വാസുദേവന്‍ മാസ്റ്റര്‍, പി.പി. ഉണ്ണിന്‍ കുട്ടി ഹാജി, വെങ്കിട്ട അബ്ദുസ്സലാം, അഡ്വ.ഷമീര്‍ കോപ്പിലാന്‍, നസീം ചോലക്കല്‍, സി.എച്ച്.മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു. റാസാബീഗവും സംഘവും ഗസല്‍ സന്ധ്യ വിരുന്നൊരുക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!