പ്രാഥമിക സംഘങ്ങള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതി കിട്ടിയേക്കും

Deepthi Vipin lal

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ( PACS ) പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പ് അനുവദിക്കുന്ന കാര്യം കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിഗണനയില്‍. പതിവു പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ന്യായവിലഷോപ്പുകള്‍ ( റേഷന്‍ കട ) നടത്താനും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാനും പ്രാഥമിക സംഘങ്ങള്‍ക്ക് അനുമതി കിട്ടിയേക്കും. ഇതുസംബന്ധിച്ച് സഹകരണ മന്ത്രാലയം മാതൃകാ ബൈലോ തയാറാക്കി സംഘങ്ങളില്‍ നിന്നു അഭിപ്രായം തേടുന്നുണ്ട്. ജൂലായ് പത്തൊമ്പതിനകം അഭിപ്രായങ്ങള്‍ അറിയിക്കാനാണു സംഘങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

പ്രാഥമിക സംഘങ്ങളുടെ പ്രവര്‍ത്തനമേഖല വിപുലമാക്കി അവയെ ബാങ്ക് മിത്രയും പൊതു സേവനകേന്ദ്രങ്ങളുമാക്കാന്‍  മാതൃകാ ബൈലോ നിര്‍ദേശിക്കുന്നു. ക്ഷീര, മത്സ്യ, ജലസേചന മേഖലകളിലെ പ്രവര്‍ത്തനത്തിനു പുറമേ സംഘങ്ങളില്‍ കോള്‍ഡ് സ്റ്റോറേജുകളും ഗോഡൗണ്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ബൈലോ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളിലും സംഘങ്ങള്‍ക്കു കടന്നുചെല്ലാന്‍ അവസരം നല്‍കും. അടിസ്ഥാന സൗകര്യ വികസനം, കമ്യൂണിറ്റി സെന്ററുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭക്ഷ്യധാന്യ സംഭരണം, ന്യായവിലഷോപ്പുകളുടെ നടത്തിപ്പ്, സര്‍ക്കാര്‍ പദ്ധതികളിലെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ പ്രാഥമിക സംഘങ്ങള്‍ക്കു പ്രവര്‍ത്തിക്കാമെന്നു മാതൃകാ ബൈലോവില്‍ പറയുന്നു. ബൈലോയുടെ കരട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ടെന്നു നൂറാം അന്താരാഷ്ട്ര സഹകരണ ദിനാഘോഷ സമ്മേളനത്തില്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!