പ്രധാനമന്ത്രി സൗരോദയ പദ്ധതിയില്‍ സഹകരണ സംഘങ്ങളെ പങ്കാളിയാക്കും

moonamvazhi

ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരുകോടി വീടുകളില്‍ പുരപ്പുറ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രധാന മന്ത്രി സൗരോദയ പദ്ധതിയില്‍ സഹകരണ സംഘങ്ങളെ പങ്കാളിയാക്കിയേക്കും. പ്രാദേശിക തലത്തില്‍ പദ്ധതികള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലൂടെ വായ്പ നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കുന്നത്. ഏത് മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതി നിര്‍വഹണം പ്രാദേശിക തലത്തില്‍ നിര്‍വഹിക്കുന്ന ഏജന്‍സിയായി സഹകരണ സംഘങ്ങളെ മാറ്റണമെന്ന നിര്‍ദ്ദേശം കേന്ദ്ര സഹകരണ മന്ത്രിലായം മുന്നോട്ടുവെച്ചതാണ്. ഇതനുസരിച്ച് 12 മന്ത്രാലയങ്ങളുടെ പദ്ധതി ഇതിനകം സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്നുണ്ട്. കേന്ദ്രത്തിന്റെ മാതൃക ബൈലോ അംഗീകരിക്കാത്തതിനാല്‍ ഇതില്‍ ഭൂരിഭാഗം പദ്ധതികളും കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

സൂര്യോദയ പദ്ധതിയുടെ മാര്‍ഗരേഖ ഉടന്‍ പുറത്തിറങ്ങും. വൈദ്യുതി മന്ത്രാലത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായി ആര്‍.ഇ.സി. ലിമിറ്റഡിനെ (റൂറല്‍ ഇലക്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍) സൂര്യോദയ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പിച്ചു. ഒരുകോടി വീടുകളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ഒരുവര്‍ഷം കുറഞ്ഞത് 10000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഏറിയ പങ്കും മൂന്നുകിലോ വാട്ടില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ സബ്‌സിഡി വര്‍ദ്ധിപ്പിക്കും. സഹകരണ സംഘങ്ങള്‍ നല്‍കുന്ന വായ്പയ്ക്ക് ഈ സബ്‌സിഡി ലഭ്യമാകും.

മൂന്നുകിലോവാട്ട് പ്ലാന്റുകള്‍ക്ക് 43,746 രൂപയായിരുന്നു സബ്‌സിഡി. ഇത് ഈ വര്‍ഷം 54,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. സഹകരണ പങ്കാളിത്തം വരുന്നതോടെ ഇത് വീണ്ടും ഉയര്‍ത്തിയേക്കും. മൂന്നിന് മുകളില്‍ പത്തുകിലോവാട്ടുവരെ നിലവില്‍ 9000 രൂപയാണ് സബ്‌സിഡി. വീടുകളില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സൂര്യോദയ പദ്ധതിക്ക് പുറമെ വാണിജ്യ സ്ഥാപനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതുവഴി 2026 നരം 40 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഒരുമെഗാവാട്ടിന് അഞ്ച് കോടിവീതം കണക്കാക്കിയാല്‍ രണ്ടുലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് ഇതിന് ആവശ്യമായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News