പെണ്ണൊരുമയില്‍ പടരുന്ന പുല്‍ക്കൃഷി

moonamvazhi
അനില്‍ വള്ളിക്കാട്

(2021 ജൂലായ് ലക്കം)

ഒരു ഏക്കറിലായിരുന്നു തീറ്റപ്പുല്‍ക്കൃഷിയുടെ തുടക്കം. ഇപ്പോള്‍ മൂന്നു വനിതകള്‍ ചേര്‍ന്നു ഒരു മാര്‍ക്കറ്റിങ് ഗ്രൂപ്പുണ്ടാക്കി 18 ഏക്കറിലാണ് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നത്.

മൂന്നു വനിതകളുടെ കൈകോര്‍ക്കലില്‍ പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പതിനെട്ട് ഏക്കറില്‍ പുല്‍ക്കൃഷി. പച്ചപ്പുല്ലിന്റെ ക്ഷാമം തീര്‍ക്കാനും പശുക്കള്‍ക്കു സുഭിക്ഷമായ തീറ്റ ഒരുക്കാനും നാലു വര്‍ഷം മുമ്പ് ഒരേക്കറില്‍ ഒരാള്‍ തുടങ്ങിയ കൃഷി വനിതാ സൗഹൃദത്തില്‍ വികസിച്ചതിന്റെയും വിജയിച്ചതിന്റെയും തെളിവ് നല്ലേപ്പിള്ളി പഞ്ചായത്തില്‍. തീറ്റപ്പുല്ലിലൂടെ വരുമാനം കണ്ടെത്തി ക്ഷീര വികസനരംഗത്തു സംഘശക്തിയുടെ നല്ലൊരു മാതൃകകൂടി ഇവര്‍ കാഴ്ചവെക്കുന്നു.

ആദ്യം വീട്ടിലെ പശുക്കള്‍ക്ക്

നല്ലേപ്പിള്ളി കുറ്റിപ്പള്ളത്തെ ക്ഷീര കര്‍ഷകയായ കെ.എ. ഓമന വീട്ടിലെ പശുക്കള്‍ക്കു തീറ്റപ്പുല്ലിനായി തുടങ്ങിയ കൃഷിയാണ് ഇപ്പോള്‍ വലിയ സംരംഭമായി മാറിയത്. ഒരേക്കര്‍ തെങ്ങിന്‍തോപ്പില്‍ ഇടവിളയായി ചെയ്ത കൃഷിയില്‍ നിന്നു നല്ല വിളവ് ലഭിച്ചു. അതോടെ നാലേക്കറിലധികം സ്ഥലത്തേക്കു കൃഷി വ്യാപിപ്പിച്ചു. 2018 ലെ പ്രളയത്തില്‍ നിലമ്പൂര്‍ ഉള്‍പ്പെടെ മലബാര്‍ മേഖലയിലെ പലയിടത്തും തീറ്റപ്പുല്ലിനു ക്ഷാമം നേരിട്ടപ്പോള്‍ ഓമനയുടെ തോട്ടത്തില്‍ നിന്നു പുല്ല് കയറ്റി അയച്ചു. ഇതോടെ, പുല്‍ക്കൃഷി വ്യാപിപ്പിച്ചാലോയെന്ന് ഓമനക്കും സുഹൃത്തുക്കളായ ആര്‍. പുഷ്പ, കെ. സജിത എന്നിവര്‍ക്കും തോന്നി. ഓമനയുടെ സഹോദരിയും ചിറ്റൂര്‍ കുമരന്നൂര്‍ ക്ഷീര സംഘം സെക്രട്ടറിയുമായ കെ.എ. ശോഭന വനിതാ കര്‍ഷക കൂട്ടായ്മക്കു മാര്‍ഗ നിര്‍ദേശങ്ങളുമായി ഒപ്പം നിന്നു.

ക്ഷീര വികസന വകുപ്പിന്റെ ഫോര്‍ഡര്‍ മാര്‍ക്കറ്റിങ് പദ്ധതി പ്രകാരം 75,000 രൂപയുടെ സഹായം ലഭ്യമാക്കിക്കൊണ്ട് തീറ്റപ്പുല്‍ക്കൃഷി വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായി മൂന്നുപേരും ചേര്‍ന്നു ഗോകുലം എന്ന പേരില്‍ ഫോഡര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പ് രൂപവത്കരിച്ചു. തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമായി ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംഘമാണിത്. ചുരുങ്ങിയതു മൂന്നു പേര്‍ ഇതില്‍ അംഗങ്ങളായിരിക്കണം. കൃഷിക്കും പുല്ല് വില്‍ക്കുന്നതിനുമുള്ള അടിസ്ഥാന ഉപകരണങ്ങളും ഷെഡ്ഡും നിര്‍മിക്കുന്നതിനാണ് 75,000 രൂപ വകുപ്പ് നല്‍കുന്നത്. ഇതു തിരിച്ചടക്കേണ്ടതില്ല. സഹായം കിട്ടിയതോടെ ഈ മൂവര്‍ സംഘം വിവിധ പ്രദേശങ്ങളിലായി ഭൂമി പാട്ടത്തിനെടുത്തു കൃഷി തുടങ്ങി. ഇന്നു ഈ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലായി 18 ഏക്കറില്‍ പുല്‍ക്കൃഷി വ്യാപിച്ചു കിടക്കുകയാണ്.


അഞ്ചു വര്‍ഷം വിളവെടുക്കാം

ഒരു തവണ കൃഷി ചെയ്താല്‍ അഞ്ചു വര്‍ഷം വിളവെടുക്കാം എന്നതാണു പുല്‍ക്കൃഷിയുടെ മെച്ചം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷി ചെയ്താല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്നു ക്ഷീര സംഘം സെക്രട്ടറി കെ.എ. ശോഭന പറഞ്ഞു. വിളവ് അല്‍പ്പം കുറയുമെങ്കിലും ചിറ്റൂര്‍ താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ തെങ്ങിന്‍ തോപ്പുകളിലും നിരവധിയാളുകള്‍ പുല്‍ക്കൃഷി നടത്തുന്നുണ്ട്. അഞ്ചു സെന്റ് സ്ഥലത്ത് കൃഷി ചെയ്താല്‍ ഒരു പശുവിനു തീറ്റക്കുള്ള പുല്ലായി. തമിഴതിര്‍ത്തിയോട് ചേര്‍ന്നുള്ള എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളില്‍ മിക്ക ക്ഷീര കര്‍ഷകരും അവരുടെ പശുക്കള്‍ക്കു വേണ്ട പുല്ല് കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍, മറ്റിടങ്ങളിലെ കര്‍ഷകരിലധികവും പുല്ല് വാങ്ങിയാണു പശുക്കള്‍ക്ക് തീറ്റ നല്‍കുന്നതെന്നു ശോഭന പറയുന്നു. കൂടുതല്‍ പാലുല്‍പ്പാദനത്തിനും മറ്റു കാലിത്തീറ്റകളുടെ അളവ് കുറയ്ക്കുന്നതിനും പച്ചപ്പുല്ല് വലിയ അളവില്‍ സഹായിക്കുമെന്ന തിരിച്ചറിവിലാണ് പുല്‍ക്കൃഷി വ്യാപിപ്പിക്കുന്നതെന്നു ശോഭന പറഞ്ഞു.

ഒരു വിളവില്‍ 450 ടണ്‍

പുല്ല് ആദ്യം വെച്ചുപിടിപ്പിച്ചാല്‍ 90 ദിവസം കഴിഞ്ഞു വിളവെടുക്കാം. പിന്നീട് 45 ദിവസത്തെ ഇടവേളയിലും വിളവെടുക്കാം. ഒരേക്കറില്‍ നിന്നു 25 ടണ്ണിലധികം തീറ്റപ്പുല്‍ കിട്ടുന്നുണ്ടെന്നു സംഘം കണ്‍വീനര്‍ കെ.എ. ഓമന പറഞ്ഞു. 18 ഏക്കറില്‍ നിന്നായി 450 ടണ്ണോളം നിലവില്‍ ഉല്‍പ്പാദനം നടക്കുന്നുണ്ട്. ക്ഷീര വികസന വകുപ്പു മുഖേന ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കും മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ കര്‍ഷകര്‍ക്കും തീറ്റപ്പുല്‍ വില്‍ക്കുന്നു. വിത്തായി ഉപയോഗിക്കുന്ന തീറ്റപ്പുല്‍ക്കടയും ( പുല്ല് വെട്ടിയെടുത്തതിന്റെ അടി ഭാഗം ) സബ്‌സിഡി നിരക്കിലും അല്ലാതെയും നല്‍കുന്നുണ്ട്. പുല്‍ക്കടക്കു മാത്രമായി പ്രത്യേക സ്ഥലത്ത് സംഘം കൃഷി ചെയ്യുന്നുണ്ട്.

തമിഴ്‌നാട്ടിലെ മുന്തിയ ഇനമായ ‘സൂപ്പര്‍ നേപ്പിയര്‍’ എന്ന പുല്‍വിത്താണു സംഘം കൃഷി ചെയ്യുന്നത്. വിത്തിനും അടിവളത്തിനും കളപറിക്കുമെല്ലാമായി ഒരേക്കറില്‍ കൃഷി നടത്താന്‍ 25,000 രൂപയോളം ചെലവ് വരും. കൃഷി പരിപാലനത്തിനു സ്ഥിരം തൊഴിലാളികളായി ഏഴു പേരുണ്ട്. ഇവര്‍ക്കു 300 രൂപ വീതം ദിവസക്കൂലി നല്‍കും. ചെലവെല്ലാം കഴിച്ച് ഒരേക്കറില്‍ കുറഞ്ഞതു വര്‍ഷം 15,000 രൂപയോളം ലാഭമുണ്ടാകുമെന്നു സംഘത്തിലുള്ളവര്‍ പറഞ്ഞു. നല്ലേപ്പിള്ളി സ്വദേശികളായ ബേബി, സഫിയ, നൂര്‍ജഹാന്‍, സരിത, ഭാഗ്യം, ഗീത തുടങ്ങിയവരാണു തൊഴിലാളികളായി വനിതാ സംഘത്തിന്റെ പുല്‍ക്കൃഷിക്കു കരുത്തു പകരുന്നത്.

 

Leave a Reply

Your email address will not be published.