പൂര്‍ണത തേടിയുള്ള പെര്‍ഫെക്ടിന്റെ യാത്രയ്ക്കു രണ്ടു പതിറ്റാണ്ട്
ദേശസാല്‍കൃത ബാങ്കുകളോട് കിടപിടിക്കുന്ന രീതിയില്‍
കേരളത്തിലെ സഹകരണ ബാങ്കിങ്ങ് മേഖലയെ മാറ്റിയെടുക്കാന്‍
സഹായിച്ച പെര്‍ഫെക്ട് സേഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് പ്രവര്‍ത്തന
മേഖല വിപുലീകരിച്ച് മുന്നേറ്റം തുടരുകയാണ്.
22 വര്‍ഷം മുമ്പാണ്. നാലു യുവാക്കള്‍ ചേര്‍ന്നു കോഴിക്കോട്ട് പുതിയൊരു സംരംഭം തുടങ്ങി. പേര് പെര്‍ഫെക്ട് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. സഹകരണ ബാങ്കിങ് മേഖലയില്‍ സോഫ്റ്റ്‌വെയര്‍ വളരെ അപൂര്‍വമായിരുന്ന കാലമായിരുന്നു അത്. തങ്ങളുടെ സംരംഭത്തിന്റെ ഭാവിയെങ്ങനെയാവും എന്നു നാല്‍വര്‍സംഘം ശങ്കിച്ചിരുന്ന കാലം. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ സംതൃപ്തരാണ്. തങ്ങളുടെ സംരംഭത്തിലൂടെ സഹകരണ മേഖലയില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നു. സഹകരണ ബാങ്കിങ്ങ് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ വലിയ മാറ്റമാണു പെര്‍ഫെക്ട് ഉണ്ടാക്കിയിരിക്കുന്നത്.
സഹകരണ ബാങ്കിങ്
മേഖലയെ മാറ്റിയെടുത്തു
ഇന്നു ദേശസാല്‍കൃത ബാങ്കുകളോട് കിടപിടിക്കുന്ന രീതിയില്‍ കേരളത്തിലെ സഹകരണ ബാങ്കിങ്ങ് മേഖലയെ മാറ്റിയെടുക്കാന്‍ പെര്‍ഫെക്ടിനു സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. രണ്ടായിരത്തിലാണു പെര്‍ഫെക്ട് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സിനു തുടക്കം കുറിച്ചത്. ബിജു.കെ.സി ( വയനാട് ) , ബിജു ഐസക്, ജബിന്‍ .സി ( ഇരുവരും കണ്ണൂര്‍ ), സിജിന്‍ എം.എസ്. ( കോഴിക്കോട് ) എന്നിവരാണു മൂന്നു ലക്ഷം രൂപ മുടക്കി പെര്‍ഫെക്ടിനു തുടക്കം കുറിച്ചത്. ( ഇതില്‍ ബിജു കെ.സി. ഇപ്പോള്‍ കൂടെയില്ല. പാതിവഴിയില്‍ മരണം ആ സുഹൃത്തിനെ കൊണ്ടുപോയി ). ലാഭത്തില്‍ കണ്ണുവെച്ചല്ല, തങ്ങളുടെ പാഷന്റെ ഭാഗമായാണു ഈ നാലു സുഹൃത്തുക്കളും ഈ സംരംഭം തുടങ്ങിയത്. സഹകരണ ബാങ്കിങ്ങ് മേഖലയില്‍ സോഫ്റ്റ്‌വെയര്‍ നാമമാത്രമായിരുന്ന കാലമായിരുന്നു അത്. ആ സാധ്യത തിരിച്ചറിഞ്ഞാണു പെര്‍ഫെക്ട് ഈ രംഗത്തേക്കു കാലെടുത്തു വെച്ചത്.
ഏറ്റവും ആധുനികമായ ടെക്നോളജിയും സൊല്യൂഷന്‍സും വളരെ ചുരുങ്ങിയ ചെലവില്‍ നല്‍കാമെന്ന ആശയത്തിലാണു കമ്പനി തുടങ്ങുന്നത്. ആ ആശയത്തിലൂന്നിയുളള പ്രവര്‍ത്തനം ക്രമേണ ഉയര്‍ച്ചയിലേക്കുള്ള പാത തെളിയിച്ചുകൊടുത്തു. ഇന്നു സഹകരണ കോര്‍ ബാങ്കിങ് മേഖലയില്‍ മുപ്പതു ശതമാനത്തോളം മാര്‍ക്കറ്റ് ഷെയര്‍ പെര്‍ഫെക്ട് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സിനു സ്വന്തമാണെന്നു മാനേജിങ് ഡയരക്ടറായ ജബിന്‍ സി. അഭിമാനത്തോടെ പറഞ്ഞു. സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി ആയിരത്തിയിരുനൂറോളം ഇന്‍സ്റ്റലേഷന്‍ ഇന്നു പെര്‍ഫെക്ടിനുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്നു അടൂര്‍, വയനാട് എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ബാങ്കിങ്, നിധി കമ്പനികള്‍, നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍, എച്ച്.ആര്‍. മാനേജ്മെന്റ്, മൊബൈല്‍ ബാങ്കിങ്, വെബ് സൈറ്റ്, ഡോക്യുമെന്ററി മാനേജ്മെന്റ് സിസ്റ്റം, ഇ.ആര്‍.പി. സൊല്യൂഷന്‍സ്, ഇന്‍വെന്ററി / റീറ്റെയ്ല്‍ മാനേജ്മെന്റ് തുടങ്ങിയ രംഗങ്ങളില്‍ നിരവധി സോഫ്റ്റ്‌വെയറുകളും സേവനങ്ങളും പെര്‍ഫെക്ടിന്റെ നേതൃത്വത്തില്‍ നല്‍കിവരുന്നു.
കേരളത്തിലെ സഹകരണ മേഖലയില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത പേരായി ഇന്നു പെര്‍ഫെക്ട് മാറിക്കഴിഞ്ഞതില്‍ ഇതിന്റെ സാരഥികള്‍ ആഹ്ലാദിക്കുന്നു. ഈ നാല്‍വര്‍ സംഘത്തിന്റെ ദീര്‍ഘവീക്ഷണം സഹകരണ മേഖലയെ അടിമുടി പുത്തന്‍ രീതിയിലേക്കു മാറ്റാന്‍ സഹായകമായി. എഴുത്തുകുത്തുകളില്‍ നിന്നു മാറ്റി ടോട്ടല്‍ ബാങ്കിങ് സൊല്യൂഷന്‍സിനിലേക്കും അവിടെ നിന്നു കോര്‍ ബാങ്കിങ്് സംവിധാനത്തിലേക്കുമായി അതിവേഗം കുതിക്കാന്‍ കാരണമായി. ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കിവരുന്ന എ.ടി.എം, മൊബൈല്‍ ബാങ്കിങ് പാസ്ബുക്ക,് പ്രിന്റിങ്, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് എന്നീ സേവനങ്ങള്‍ വളരെ എളുപ്പത്തില്‍ സാധാരണക്കാരായ ജനങ്ങളിലേക്കെത്തിക്കാന്‍ സഹകരണ ബാങ്കുകളെ പെര്‍ഫെക്ട് സഹായിച്ചു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി വിവര സാങ്കേതിക മേഖലകളിലും വാണിജ്യ മേഖലകളിലും വന്ന മാറ്റങ്ങള്‍ വലുതാണ്. പല മേഖലകളിലും ഒരു ദശാബ്ദത്തിനു മുമ്പുണ്ടായിരുന്ന സ്ഥിതിയുമായി താരതമ്യം ചെയ്യാന്‍ പോലുമാകാത്തവിധം പൂര്‍ണമായ പൊളിച്ചെഴുത്താണു സംഭവിച്ചത്. അത്തരം വലിയ മാറ്റങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുകയാണു പെര്‍ഫെക്ടും. സുരക്ഷ, ലാളിത്യം, വിശ്വാസ്യത, മൂല്യം എന്നിവ മുഖമുദ്രയാക്കിയ പെര്‍ഫെക്ട് മുന്നേറ്റം തുടരുകയാണ്.
രണ്ട് പതിറ്റാണ്ടായി നല്‍കിവരുന്ന സേവനങ്ങളില്‍ ഒട്ടും കുറവു വരുത്താതെ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് അവയെ തേച്ചുമിനുക്കി മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു പെര്‍ഫെക്ട് നീങ്ങുന്നത്. സ്ഥാപക ഡയരക്ടര്‍മാരിലൊരാളായ ബിജു കെ.സി. 2018 ല്‍ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹം പകര്‍ന്ന ഊര്‍ജം മുതല്‍ക്കൂട്ടാക്കി ബാക്കി മൂന്നു ഡയരക്ടര്‍മാരും അവര്‍ക്കു പിന്നില്‍ നൂറോളം വരുന്ന സാങ്കേതിക വിദഗ്ധരും മാറ്റത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇനി കേരളത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും തങ്ങളുടെ സോഫ്റ്റ്‌വെയര്‍ സംരംഭം വ്യാപിപ്പിക്കാനാണു പരിപാടി. ഈ മാറ്റത്തിന്റെ ഭാഗമായി തയാറാക്കിയ കമ്പനിയുടെ പുതിയ ലോഗോ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഇക്കഴിഞ്ഞ ജനുവരി ഏഴിനു പ്രകാശനം ചെയ്തു. ഇടപാടുകാര്‍ നല്‍കിയ വിശ്വാസം പതിന്മടങ്ങായി തിരിച്ചു നല്‍കുക എന്നതാണു പെര്‍ഫെക്ടിന്റെ ദൗത്യമെന്നു മാനേജിങ് ഡയരക്ടര്‍ ജബിന്‍. സി. പറഞ്ഞു.