പാല്‍വില വര്‍ധനയില്ല; ഉല്‍പ്പന്നങ്ങള്‍ കൂട്ടാന്‍ മില്‍മ
ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ പാലിന്റെ വിലകൂട്ടി പരിഹരിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് മില്‍മയുടെ തീരുമാനം. തമിഴ്‌നാട്ടില്‍ പാല്‍വില മൂന്നു രൂപയോളം കുറച്ചിരിക്കുന്ന സമയമാണിത്. കോവിഡ്കാലത്ത് അയല്‍സംസ്ഥാനങ്ങളിലടക്കം പാല്‍വില കുറയുമ്പോള്‍ സംസ്ഥാനത്ത് പാല്‍വില കൂട്ടിയാല്‍ അത് വില്‍പ്പനയെ ബാധിക്കുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍.
മില്‍മ ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കാനും ആലോചനയുണ്ട്. നിലവില്‍ പാലും നെയ്യും ഉള്‍പ്പെടെ നാല്പതിലേറെ ഉല്‍പ്പന്നങ്ങള്‍ മലബാര്‍ മേഖലയില്‍ മാത്രമുണ്ട്. കൂടുതല്‍ ഉല്‍പ്പന്നങ്ങളുണ്ടാക്കി കയറ്റുമതിസാധ്യത വര്‍ധിപ്പിക്കും. കൂടുതല്‍ വിപണനകേന്ദ്രങ്ങളും ആരംഭിക്കും. കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ചുള്ള വിപണനം പാലക്കാട്, പെരിന്തല്‍മണ്ണ, കാസര്‍കോട് ഭാഗങ്ങളില്‍ക്കൂടി തുടങ്ങും.
കേരളത്തില്‍ അധികമായി സംഭരിക്കുന്ന പാല്‍ പാല്‍പ്പൊടിയാക്കുന്നതിനായി സര്‍ക്കാരിന്റെ 49 കോടി രൂപ ഗ്രാന്റ് ഉപയോഗിച്ച് മലപ്പുറത്ത് സ്ഥാപിക്കുന്ന പാല്‍പ്പൊടിഫാക്ടറിയുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങും. ഇതോടെ പാല്‍പ്പൊടിയുണ്ടാക്കാന്‍ നഷ്ടം സഹിച്ച് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറയും.
സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി.പറഞ്ഞു. സര്‍ക്കാരുമായുള്ള കൂടിയാലോചനയ്ക്കുശേഷമേ വിലവര്‍ധനയെക്കുറിച്ച് പറയാന്‍ കഴിയൂ. ഇതുവരെ അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള പാല്‍വരവ് തടയാന്‍ മില്‍മയ്ക്ക് അധികാരമില്ല. അവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിര്‍ത്തിയിലെ ക്ഷീരസംഘങ്ങളില്‍ പാല്‍ സംഭരണത്തിനുള്ള നിയന്ത്രണം എടുത്തുമാറ്റുന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല – അദ്ദേഹം പറഞ്ഞു.
ഈ ഓണക്കാലത്തുള്ള സിവില്‍ സപ്ലൈസ് കിറ്റിലേക്ക് മില്‍മ 435 ടണ്‍ നെയ്യ് നല്‍കും. ക്ഷീരകര്‍ഷകരുടെയും ക്ഷീരമേഖലയുടെയും ഉന്നമനത്തിനായി ഉടന്‍ ഭരണസമിതിയോഗം ചേര്‍ന്ന് ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും കോവിഡ്കാലത്തും പാല്‍സംഭരണത്തില്‍ 9.04 ശതമാനം വര്‍ധന കൈവരിക്കാന്‍ കഴിഞ്ഞത് മില്‍മയുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.