നിർമ്മാണ ആവശ്യങ്ങൾ പൂർണ്ണമായും ഏറ്റെടുക്കാൻ സാധിക്കുന്ന ക്ലസ്റ്റർ സൃഷ്ടിക്കാൻ സഹകരണസംഘങ്ങൾക്ക് കഴിയും.

adminmoonam

നിർമ്മാണ ആവശ്യങ്ങൾ പൂർണ്ണമായും ഏറ്റെടുക്കാൻ സാധിക്കുന്ന ക്ലസ്റ്റർ സൃഷ്ടിക്കാൻ സഹകരണസംഘങ്ങൾക്ക് സാധിക്കും.അതുവഴി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകുകയും ചെയ്യും.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം-24.

നമ്മുടെ സംസ്ഥാനത്ത് കുടുംബശ്രീ സംഘടനാ സംവിധാനത്തിൻറെ പിൻബലത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സഹകരണ ബാങ്കുകൾക്ക് നടപ്പിലാക്കാവുന്ന മാതൃകാപരമായ പദ്ധതിയാണ് ഭവന നിർമ്മാണം. വരുന്ന ഏതാനും വർഷത്തിനകം സ്വന്തമായി വീടില്ലാത്ത ഒരു വ്യക്തി പോലും നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാതിരിക്കാൻ ആയി സംസ്ഥാന സർക്കാർ വിവിധപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് . വരുംവർഷങ്ങളിൽ ഏകദേശം അഞ്ചുലക്ഷത്തോളം വീടുകൾ പുതിയതായി നിർമ്മിക്കപ്പെടുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ പുതിയതായി നിർമ്മിക്കപ്പെടുന്നതും, നിലവിലുള്ളത് പരിവർത്തനം ചെയ്യപെടുന്നതും ഉൾപ്പെടും . ഇതുകൂടാതെ നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ, ഹൗസിങ് കോളനികൾ എന്നിവയെല്ലാം കൂടുമ്പോൾ വീടുകളുടെ എണ്ണം ഇതിലും വർധിക്കാനാണ് സാധ്യത . ഒരുപക്ഷേ കൊറോണയുടെ ആഘാതത്തിൽ ഏതാനും കാലം നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയിൽ ആകാൻ സാധ്യതയുണ്ട് . എന്നാൽ ഒട്ടനവധി പേർക്ക് തൊഴിൽ നൽകുന്ന ഒരു മേഖല എന്ന നിലയിൽ ഇത് പൂർണ്ണമായും നിലച്ചു പോകാൻ സാധ്യതയില്ല .

നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം പരിശോധിച്ചാൽ കൂടുതലായി ഇടപെടുന്നത് സ്ത്രീ തൊഴിലാളികളാണ് എന്ന് കണ്ടെത്താൻ കഴിയും .എന്നാൽ കൂടുതൽ കൂലി ലഭിക്കുന്ന തൊഴിലിൽ ഏർപ്പെടുന്നത് പുരുഷന്മാരാണ് . എന്തുകൊണ്ട് സ്ത്രീകളെ പരിശീലിപ്പിച്ചു വൈദഗ്ധ്യമുള്ളവരായി മാറ്റിക്കൂടാ? ഓരോ പഞ്ചായത്തിലും എൻജിനീയറിങ് പഠിച്ച ഒട്ടനവധി ചെറുപ്പക്കാർ ലഭ്യമാണ്. പോളിടെക്നിക്, ഐടിഐ, ഐ.ടി.സി എന്നിവയിൽനിന്നും പാസായവരും കുറവല്ല. സിവിൽ ഡ്രാഫ്റ്റ്മാൻ , ഇലക്ട്രീഷ്യൻ ,പ്ലംബർ എന്നീ തൊഴിലുകളിൽ ഏർപ്പെടുന്നവരും കുറവല്ല . ഇത്തരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ തദ്ദേശഭരണ സ്ഥാപനത്തിൻറെയും, കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഒന്നിച്ച് ചേർത്ത് ഒരു തൊഴിൽ സംരംഭത്തിന് രൂപം നൽകിയാൽ അവർക്ക് ആവശ്യമായ വായ്പ ലഭ്യമാക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയും.

നിർമാണത്തിനാവശ്യമായ കോൺക്രീറ്റ് മിക്സർ അടക്കമുള്ള യന്ത്രസാമഗ്രികൾ സമാഹരിക്കുന്നത് ഇവരുടെ ശേഷി വർധിപ്പിക്കാൻ ഇടയാക്കുന്നു. ഇതുകൂടാതെ വാർക്കുന്നതിന് ആവശ്യമായ പലക , മുള, scaffolding materials, പണി ആയുധങ്ങൾ,ചട്ടി ,കുട്ട, ബക്കറ്റ് , കുടം, എന്ന് തുടങ്ങി നിർമ്മാണത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും ഉൾപ്പെടുത്താവുന്നതാണ് .

ഇത്തരം ഗ്രൂപ്പുകൾക്ക് തങ്ങളുടെ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്താവുന്നതാണ്. അതുപോലെതന്നെ പിഡബ്ല്യുഡി റോഡുകൾ റിപ്പയർ ചെയ്യുന്നതിനും, സ്കൂൾ കെട്ടിടങ്ങൾ ആശുപത്രികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണത്തിനും ഇത്തരം ഗ്രൂപ്പുകളെ പ്രയോജനപ്പെടുത്താവുന്നതാണ് .ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ കണ്ടെത്തി masonry , carpentry, പ്ലംബിംഗ് , ഇലക്ട്രിക്കൽ, സിമൻറ് കോൺക്രീറ്റിംഗ് ,നിലം ടൈൽ ചെയ്തു ഒരുക്കൽ എന്നുതുടങ്ങി വിവിധ ജോലികൾക്കായി പരിശീലിപ്പി ക്കാവുന്നതാണ്. ഇതിനായി കോസ്റ്റ് ഫോർഡ്, നിർമിതി കേന്ദ്രം , സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളുടെ സേവനവും, പോളിടെക്നിക്, ഐടിഐ, എന്നിവയുടെ സഹായവും ലഭ്യമാക്കാവുന്നതാണ്. ഒരു പഞ്ചായത്തിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഒരു ക്ലസ്റ്റർ എങ്കിലും രൂപീകരിക്കാൻ ആയാൽ അതത് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മനുഷ്യ വിഭവം ലഭ്യമാക്കാൻ കഴിയും. ഇന്ന് ഈ മേഖലയിൽ പ്രധാനമായും തൊഴിലെടുക്കുന്നത് അന്യസംസ്ഥാനത്തുനിന്നും നമ്മുടെ നാട്ടിലെത്തിയ അതിഥി തൊഴിലാളികളാണ്. ഇവർ നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ ഉണ്ടാകാൻ സാധ്യതയുള്ള തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ ഇത്തരം ഇടപെടലുകൾ സഹായകരമാകും. തന്നെയുമല്ല വിദേശത്തുനിന്നും മടങ്ങിവരുന്ന പുരുഷ തൊഴിലാളികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇത്തരം ഗ്രൂപ്പുകൾക്ക് രൂപംനൽകാനും കഴിയും.

നിർമ്മാണമേഖലയിൽ ആവശ്യമായ ഇഷ്ടിക, മണൽ , ടൈൽ , ജനൽ, വാതിൽ എന്നു തുടങ്ങിയ സാധനങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റിനും രൂപം നൽകാവുന്നതാണ്. ചുരുക്കത്തിൽ നിർമ്മാണ ആവശ്യങ്ങൾ പൂർണ്ണമായും ഏറ്റെടുക്കാൻ സാധിക്കുന്ന ഒരു ക്ലസ്റ്റർ സൃഷ്ടിക്കാൻ കഴിയും. ഇതുവഴി ഓരോ പഞ്ചായത്തിലും 50 മുതൽ 100 പേർക്ക് വരെ തൊഴിൽ ലഭ്യമാക്കാൻ കഴിയുന്നതാണ് . ഇത്തരം പ്രവർത്തനങ്ങളിലൂടെ സഹകരണ ബാങ്കുകൾക്ക് തങ്ങളുടെ വായ്പ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയും . കൂടാതെ ഓരോ പ്രദേശത്തും നിർമ്മിക്കുന്ന വീടുകളുടെ ഉടമസ്ഥർക്ക് ആവശ്യമായ വായ്പ ലഭ്യമാക്കാനും കഴിയുന്നതാണ്. ഇതുവഴി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകും. അതിലേക്ക് ആവശ്യമായ കൃത്യമായ കർമ പദ്ധതിക്ക് സഹകരണ ബാങ്കിന് മറ്റ് ഏജൻസികളുമായി സഹകരിച്ച് രൂപം നൽകാവുന്നതാണ്.
ഡോ എം . രാമനുണ്ണി 9388555988

Leave a Reply

Your email address will not be published. Required fields are marked *

Latest News