ദേശീയ സഹകരണ നയം; കേന്ദ്രത്തിന് ലഭിച്ചത് 500 ലധികം നിര്‍ദ്ദേശങ്ങള്‍
ദേശീയ സഹകരണ നയത്തിന്റെ ഭാഗമാക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തിന് ലഭിച്ചത് അഞ്ഞൂറിലധികം നിര്‍ദ്ദേശങ്ങള്‍. കേരളമടക്കം 23 സംസ്ഥാനങ്ങള്‍ ഇതിലുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വിശദമായി പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന് കീഴിലെ 39 വകുപ്പുകള്‍ സഹകരണ നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 12 ഫെഡറേഷനുകള്‍, റിസര്‍വ് ബാങ്ക്-നബാര്‍ഡ് അടക്കമുള്ള 23 സ്ഥാപനങ്ങള്‍ എന്നിവയും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. കേരളത്തില്‍നിന്നടക്കമുള്ള ചില വ്യക്തികളും സഹകരണ നയത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഓരോ സംസ്ഥാനത്തെയും സഹകരണ വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ സംഘം രജിസ്ട്രാര്‍മാര്‍ എന്നിവരുമായെല്ലാം വിശദമായ ചര്‍ച്ചയും പൂര്‍ത്തിയാക്കി. ദേശീയ സഹകരണ നയം തയ്യാറാക്കുന്നതിനുള്ള അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ് സഹകരണ മന്ത്രാലയം. ഓരോ സംസ്ഥാനത്തും ഇത് നടപ്പാക്കുന്നതിനുള്ള നിയമപരമായ തടസങ്ങള്‍, പ്രായോഗിക ബുദ്ധിമുട്ടുകള്‍, സര്‍ക്കാര്‍ ഇടപെടല്‍ ശക്തിപ്പെടുത്തേണ്ട കാര്യങ്ങള്‍, ബിസിനസ് എളുപ്പമാക്കല്‍, പുതിയ സാമൂഹ്യ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കല്‍, സഹകരണ സംഘങ്ങളെ ഊര്‍ജസ്വലമായ സാമ്പത്തിക സ്ഥാപനമായി വളര്‍ത്തല്‍, സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തല്‍, സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളാണ് നയരൂപീകരണത്തിന്റെ ഭാഗമായി നടന്നത്.
ഏഴ് വിഭാഗമായാണ് നയം ചിട്ടപ്പെടുത്തുന്നതെന്നാണ് സൂചന. അതില്‍ ആദ്യത്തേത് നയപരവും നിയമപരവുമായ ചട്ടക്കൂട് സംബന്ധിച്ചുള്ളതാണ്. ഭരണതലത്തില്‍ സുതാര്യത ഉറപ്പാക്കി ശക്തിപ്പെടുത്തല്‍, ഓഹരി അടിത്തറയുണ്ടാക്കി സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, സംഘങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇടപെടല്‍, സഹകരണ ബിസിനസ് മാതൃക ഉയര്‍ത്തിക്കൊണ്ടുവരല്‍, സഹകരണത്തിന്റെ സാമൂഹ്യ പ്രതിബന്ധത, മറ്റുള്ളവ എന്നിവയാണ് ദേശീയ സഹകരണ നയത്തിന്റെ അടിസ്ഥാന ഘടന ചിട്ടപ്പെടുത്തിയിട്ടുള്ളത്.
[mbzshare]