ചെറുപ്പക്കാരെ സഹകരണ മേഖലയിലേക്കു ആകര്‍ഷിക്കണം – കേന്ദ്രമന്ത്രി

Deepthi Vipin lal

സാമ്പത്തികമായി വളര്‍ച്ച നേടാന്‍ സഹകരണ മേഖലയില്‍ യുവാക്കള്‍ക്കു ധാരാളം അവസരമുണ്ടെങ്കിലും അവരില്‍ പലരും ഇതു പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വരുന്നില്ലെന്നു കേന്ദ്ര കാര്‍ഷിക വകുപ്പു സഹമന്ത്രി പുര്‍ഷോത്തം രുപാല അഭിപ്രായപ്പെട്ടു.

സഹകരണ സംഘങ്ങള്‍ എന്നതു പഴഞ്ചന്‍ ആശയമാണെന്നും അവ നടത്തുന്നതു പ്രായമായ ആള്‍ക്കാരാണെന്നുമാണു ചെറുപ്പക്കാരുടെ ധാരണ. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാവാന്‍ അവരെ സഹകരണ മേഖലയിലേക്കു കൊണ്ടുവരേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. സഹകരണ സംഘങ്ങള്‍ ഗ്രാമവികസനത്തിനു , പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ , ഏറെ സംഭാവന ചെയ്യുന്നുണ്ട് – മന്ത്രി അഭിപ്രായപ്പെട്ടു.

സഹകരണ മേഖലയിലെ കയറ്റുമതി പ്രോത്സാഹന സമിതിയുടെ (COOPEXCIL) ആദ്യത്തെ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനു സഹകരണ സ്ഥാപനങ്ങള്‍ക്കു വേണ്ട ദിശാബോധം നല്‍കുന്നതിനായി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ ഈ സമിതി ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ ( എന്‍.സി.ഡി.സി ) മേല്‍നോട്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്. എന്‍.സി.ഡി.സി. ആസ്ഥാനത്തായിരുന്നു ആദ്യത്തെ ജനറല്‍ ബോഡി യോഗം.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത, 2024-25 ഓടെ അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുന്നതില്‍ സഹകരണ സംഘങ്ങള്‍ക്കു വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നു മന്ത്രി രൂപാല അഭിപ്രായപ്പെട്ടു. മൊത്തം ദേശീയോല്‍പ്പാദനത്തില്‍ തങ്ങള്‍ക്കു വലിയ സംഭാവന ചെയ്യാനാവുമെന്നു ഈ മഹാമാരിക്കാലത്തുപോലും നമ്മുടെ കര്‍ഷകര്‍ തെളിയിച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ കൈമാറിയും സാമ്പത്തിക സഹായം നല്‍കിയും വിപണീ സൗകര്യമൊരുക്കിക്കൊടുത്തും ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കര്‍ഷക ഉല്‍പ്പാദന സംഘടനകള്‍ക്കു ( എഫ്.പി.ഒ ) എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്നു മന്ത്രി എന്‍.സി.ഡി.സി.യോട് അഭ്യര്‍ഥിച്ചു

2019 ജൂലായ് രണ്ടിനു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണു സഹകരണ മേഖലയ്ക്കായുള്ള കയറ്റുമതി പ്രോത്സാഹന സമിതിയുടെ രൂപവത്കരണം പ്രഖ്യാപിച്ചത്. സഹകരണ സ്ഥാപനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി എന്‍.സി.ഡി.സി. 2019 ഒക്ടോബറില്‍ ഐ.ഐ.സി.ടി.എഫ്. വിജയകരമായി സംഘടിപ്പിച്ചു. 35,000 ത്തിലധികം പേര്‍ ഈ വ്യാപാര, വാണിജ്യ മേള കാണാനെത്തി. വിദേശത്തു നിന്നു 125 പേര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനെത്തി. 120 കോടി ഡോളറിന്റെ 75 ബിസിനസ് കരാറുകളില്‍ ഒപ്പുവെച്ചു.

 

എന്‍.സി.ഡി.സി. നല്‍കിയത് 1.76 ലക്ഷം കോടി രൂപ

ധനസഹായം വഴി രാജ്യത്തെങ്ങുമുള്ള സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എന്‍.സി.ഡി.സി. വഹിക്കുന്ന പങ്കിനെ കേന്ദ്രമന്ത്രി പുര്‍ഷോത്തം രൂപാലിയ പ്രശംസിച്ചു. എന്‍.സി.ഡി.സി. ഇതുവരെ മൊത്തം 1.76 ലക്ഷം കോടി രൂപ സഹകരണ സംഘങ്ങള്‍ക്കു സഹായധനമായി നല്‍കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നം സാക്ഷാത്കരിക്കാന്‍ ഓരോ പ്രദേശത്തെയും ആളുകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനു സഹകരണത്തെ ഒരു പ്രസ്ഥാനമായി ഏറ്റെടുക്കണമെന്നു നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) പ്രസിഡന്റ് ദിലീപ് സംഘാനി അഭിപ്രായപ്പെട്ടു.

2019 ഒക്ടോബറില്‍ നടന്ന ആദ്യത്തെ ഇന്ത്യാ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് ട്രേഡ് ഫെയറില്‍ ( ഐ.ഐ.സി.ടി.എഫ് ) കിട്ടിയ നേട്ടങ്ങള്‍ സഹകരണ മേഖലയിലെ കര്‍ഷകര്‍ക്കു പൂര്‍ണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നു കാര്‍ഷിക സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. കയറ്റുമതിയില്‍ എല്ലാത്തരം സഹകരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുന്നതിനാവശ്യമായ വിശാല സമീപനം സ്വീകരിക്കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു.

സഹകരണ സ്ഥാപനങ്ങള്‍ക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനു എല്ലാ സൗകര്യങ്ങളും കൗണ്‍സില്‍ ഒരുക്കിക്കൊടുക്കുമെന്നു എന്‍.സി.ഡി.സി. മാനേജിങ് ഡയരക്ടര്‍ സന്ദീപ് നായക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News