ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: സഹകരണ ക്ഷീര സംഘം പ്രസിഡന്റ്‌സ് അസോസിയേഷന്‍
ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കൊടുവള്ളി ബ്ലോക്ക് സഹകരണ ക്ഷീര സംഘം പ്രസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2019 നു ശേഷം പാല്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. കാലിത്തീറ്റയുടെ വില ഒരു മാനദണ്ഡവും ഇല്ലാതെ വര്‍ദ്ധിപ്പിക്കുന്നു.
ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് കര്‍ഷകന് 53 രൂപ ചെലവ് വരുമ്പോള്‍ കിട്ടുന്നത് ശരാശരി 37 രൂപ 50 പൈസയാണ് കാലിത്തീറ്റക്കും കാലിത്തീറ്റ ഉല്‍പ്പന്നങ്ങള്‍ക്കും 2019 നേക്കാള്‍ 30% വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ സംഘങ്ങളിലെ പാല്‍ സംഭരണത്തില്‍ 20 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട് സംഘങ്ങളുടെ പ്രവര്‍ത്തന ചെലവ് 30% വര്‍ദ്ധിച്ചതുമൂലം ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും വലിയ പ്രതിസന്ധി നേരിടുകയാണ്. ചെറുകിട നാമ മാത്ര കര്‍ഷകര്‍ ക്ഷീരമേഖല വിട്ടു പോവുകയാണ്. ക്ഷീര കര്‍ഷകരും ക്ഷീര സംഘങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മില്‍മ പ്രഖ്യാപിച്ച അഞ്ചു രൂപ ബോണസ് കര്‍ഷകര്‍ക്ക് ലഭിക്കാത്ത രീതിയിലുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതിലും സര്‍ക്കാരും മില്‍മയും ക്ഷീര കര്‍ഷകരെയും സംഘങ്ങളെയും തകര്‍ക്കുന്ന നടപടി സ്വീകരിക്കുന്നതിലും യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ നെല്ലിപ്പൊയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ട് വിന്‍സെന്റ് വടക്കേ മുറിയില്‍ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡണ്ടുമാരായ ബിനു.സി.കുര്യന്‍, സേവ്യര്‍ കിഴക്കേ കുന്നേല്‍, ബാബു പെരിയപ്പുറം, തോമസ് ഞാളിയത്ത്, ബാബു പി.ടി, ബേബി വളയത്തില്‍, രാഹുല്‍.കെ. കുപ്പായക്കോട്, സജി കൊച്ചുപ്ലാക്കല്‍, ജെയിംസ് കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
[mbzshare]