കോസ്‌മോസ് ബാങ്കിന് 151 കോടി രൂപയുടെ റെക്കോഡ് ലാഭം
രാജ്യത്തെ പഴക്കമേറിയ സഹകരണ ബാങ്കുകളിലൊന്നായ പുണെയിലെ കോസ്‌മോസ് ബാങ്ക് 2023 മാര്‍ച്ച് 31 നവസാനിച്ച സാമ്പത്തികവര്‍ഷം ബാങ്കിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ലാഭം കരസ്ഥമാക്കി. ബാങ്കിന്റെ അറ്റലാഭം 151 കോടി രൂപയാണ്. നികുതിക്കു മുമ്പുള്ള ലാഭം 213 കോടി രൂപയും. ബാങ്കിന്റെ മൊത്തം ബിസിനസ് 30,700 കോടി രൂപയിലധികമാണ്.
ബാങ്കിന്റെ നിക്ഷേപം 17,600 കോടി രൂപയിലധികവും അഡ്വാന്‍സ് 13,100 കോടിയിലധികവും അറ്റ നിഷ്‌ക്രിയ ആസ്തി 1.74 ശതമാനവുമാണെന്നു ചെയര്‍മാന്‍ സി.എ. മിലിന്ദ് കാലെ അറിയിച്ചു. ബിസിനസ്, നിക്ഷേപസമാഹരണം, വായ്പാവിതരണം, വായ്പ തിരിച്ചുപിടിക്കല്‍, ലാഭം എന്നിവയിലെല്ലാം ബാങ്കിന്റെ പ്രവര്‍ത്തനം റെക്കോഡ് സൃഷ്ടിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള മറാത്ത സഹകാരി ബാങ്ക്, സാഹെബ്‌റാവു ദേശ്മുഖ് സഹകാരി ബാങ്ക് എന്നിവയെ കോസ്‌മോസ് ബാങ്കില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം റിസര്‍വ് ബാങ്ക് മുമ്പാകെയുണ്ട്. ഈ ലയനം നടന്നാല്‍ മുംബൈയില്‍ കോസ്‌മോസ് ബാങ്കിന്റെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുമെന്നു മാനേജിങ് ഡയറക്ടര്‍ അപേക്ഷിത തിപ്‌സെ അറിയിച്ചു. കോസ്‌മോസിന്റെ യു.പി.ഐ. സിസ്റ്റം വഴി നിത്യേന പത്തു ലക്ഷം ഇടപാടുകളാണ് ഇപ്പോള്‍ നടക്കുന്നത്.
പുണെ ആസ്ഥാനമായി 1906 ജനുവരി 18 നാണു കോസ്‌മോസ് അര്‍ബന്‍ സഹകരണ ബാങ്ക് രൂപം കൊണ്ടത്. രാജ്യത്തു കോര്‍ ബാങ്കിങ് സിസ്റ്റം നടപ്പാക്കിയ ആദ്യത്തെ സഹകരണ ബാങ്കുകളിലൊന്നാണു കോസ്‌മോസ് ബാങ്ക്. 1990 ഡിസംബര്‍ ഒന്നിനു കോസ്‌മോസിനു ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയും 1997 നവംബര്‍ 28 നു മള്‍ട്ടി സ്റ്റേറ്റ് ( ബഹുസംസ്ഥാന ) സഹകരണബാങ്ക് എന്ന പദവിയും ലഭിച്ചു. സഹകരണമേഖലയില്‍ ആദ്യത്തെ കറന്‍സി ചെസ്റ്റ് തുടങ്ങാന്‍ അനുമതി നേടിയതു കോസ്‌മോസ് ബാങ്കാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന കോസ്‌മോസ് ബാങ്കിനു ഇരുപതു ലക്ഷത്തിലധികം ഇടപാടുകാരും 79,000 ഓഹരിയുടമകളുമുണ്ട്.
റെപ്‌കോ ബാങ്കിനു
67.42 കോടി രൂപ ലാഭം
ചെന്നൈ ആസ്ഥാനമായി 1969 നവംബര്‍ 19 നു കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച റെപ്‌കോ സഹകരണ ബാങ്ക് ( റീപാട്രിയേറ്റ്‌സ് കോ-ഓപ്പറേറ്റീവ് ആന്റ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് ബാങ്ക് ) 2022-23 സാമ്പത്തികവര്‍ഷം 67.42 കോടി രൂപയുടെ അറ്റലാഭം നേടി. ആകെ ബിസിനസ് മുന്‍വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം വര്‍ധിച്ചു 17,746 കോടി രൂപയിലെത്തി.
റെപ്‌കോ ബാങ്കിന്റെ നിക്ഷേപം 2022-23 ല്‍ ഏഴു ശതമാനം വര്‍ധിച്ചു 9,527 കോടി രൂപയിലെത്തിയതായി മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്. ഇസബെല്ല അറിയിച്ചു. ഇത്തവണ 20 ശതമാനം ലാഭവിഹിതം നല്‍കും. അയല്‍രാജ്യങ്ങളില്‍നിന്നു തിരിച്ചെത്തിയവരെ പുനരധിവസിപ്പിക്കുക എന്നതാണു റെപ്‌കോ ബാങ്കിന്റെ മുഖ്യലക്ഷ്യം. ഇതിനായി രൂപവത്കരിച്ച ക്ഷേമനിധിവഴി 36,355 പേര്‍ക്കു 785.37 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.
ശ്രീലങ്ക, ബര്‍മ ( മ്യാന്‍മര്‍ ) തുടങ്ങിയ അയല്‍രാജ്യങ്ങളില്‍നിന്നു തിരിച്ചെത്തിയവര്‍ക്കായി സ്ഥാപിച്ച ബാങ്കാണിത്. ആന്ധ്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളാണു പ്രവര്‍ത്തനപരിധി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണു ബാങ്ക്. ഓഹരിയില്‍ 73.33 ശതമാനവും കേന്ദ്രസര്‍ക്കാരിന്റേതാണ്. അയല്‍രാജ്യങ്ങളില്‍നിന്നു തിരിച്ചെത്തിയവര്‍ക്കു 21.28 ശതമാനവും തമിഴ്‌നാടിനു 2.91 ശതമാനവും ആന്ധ്രക്കു 1.73 ശതമാനവും കേരളത്തിനു 0.59 ശതമാനവും കര്‍ണാടകത്തിനു 0.17 ശതമാനവും ഓഹരിയുണ്ട്. റെപ്‌കോ ഹോം ഫിനാന്‍സ് ലിമിറ്റഡ്, റെപ്‌കോ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് എന്നിവ അനുബന്ധസ്ഥാപനങ്ങളാണ്.