കോയമ്പത്തൂർ – കൊച്ചി വ്യവസായ ഇടനാഴിക്ക് അനുമതി.
ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്‍റ് ആന്‍റ് ഇംപ്ലിമെന്‍റേഷന്‍ ട്രസ്റ്റ് (നിക്ഡിറ്റ്) സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളം ഒഴിവാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയത്.കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കപ്പെടുന്ന രണ്ട് സംയോജിത നിര്‍മാണ ക്ലസ്റ്ററുകളില്‍ (ഐ.എം.സി) ഒന്ന് കേരളത്തിലെ പാലക്കാട് മേഖലയിലായിരിക്കും. മറ്റൊന്ന് തമിഴ്നാട്ടിലെ സേലത്തും. വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയ സ്പെഷ്യല്‍ ഇക്കണോമിക് സോണിന്‍റെ അടുത്ത ഘട്ടമായാണ് ഐ.എം.സി കണക്കാക്കപ്പെടുന്നത്.
ഐ.എം.സി സ്ഥാപിക്കുന്നതിന് 2000 മുതല്‍ 5000 ഏക്ര വരെ സ്ഥലം വേണമെന്ന് ‘നിക്ഡിറ്റ്’ നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ ഭൂമി ലഭിക്കാനുള്ള പ്രയാസം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയ സാഹചര്യത്തില്‍ 1800 ഏക്രയായി അത് കുറച്ചു. 1800 ഏക്ര ഭൂമി പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിലായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം ഇപ്പോള്‍ തന്നെ കിന്‍ഫ്രയുടെ കൈവശത്തിലുള്ളതാണ്. ബാക്കി ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
സംസ്ഥാനവും കേന്ദ്രവും സംയുക്തമായി രൂപീകരിക്കുന്ന പ്രത്യേക ഉദ്ദേശ കമ്പനിക്കായിരിക്കും (എസ്.പി.വി) ഐ.എം.സിയുടെ നടത്തിപ്പും നിയന്ത്രണവും. ഭൂമിയുടെ വിലയായിരിക്കും കമ്പനിയില്‍ സംസ്ഥാനത്തിന്‍റെ ഓഹരി. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഈ സ്ഥലം കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കും. 870 കോടി രൂപ ഈ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കും.
കൊച്ചി-സേലം ദേശീയ പാതയുടെ രണ്ടുവശങ്ങളിലായി 100 കിലോമീറ്റര്‍ നീളത്തിലായിരിക്കും കേരളത്തിന്‍റെ സംയോജിത നിര്‍മാണ ക്ലസ്റ്റര്‍ വരുന്നത്. ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം, കൃഷിയധിഷ്ഠിത വ്യവസായങ്ങള്‍, ഐടി, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബഹുഉല്‍പന്ന ക്ലസ്റ്ററാണ് കേരളത്തില്‍ വികസിപ്പിക്കപ്പെടുക. ഇതുവഴി പതിനായിരം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐ.എം.സിയില്‍ സ്വകാര്യമേഖലയില്‍ നിന്ന് പതിനായിരം കോടി രൂപയുടെ നിക്ഷപമാണ് പ്രതീക്ഷിക്കുന്നത്.