കോട്ടയം സഹകരണ ടെക്സ്റ്റൈല്‍ മില്‍ നവം. 15നു തുറക്കുന്നു

Deepthi Vipin lal

പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്ന കോട്ടയം സഹകരണ ടെക്സ്റ്റൈല്‍ സ്പിന്നിങ് മില്‍ തുറക്കുന്നു. സഹകരണ മന്ത്രി വി.എന്‍. വാസവന്‍, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തുറക്കാന്‍ ധാരണയായത്. നവംബര്‍ 15 ന് മില്‍ തുറന്നു പ്രവര്‍ത്തിക്കും. തൊഴിലാളികളുടെ പ്രശ്നങ്ങളും അവരുയര്‍ത്തുന്ന ആവശ്യങ്ങളും മന്ത്രിമാര്‍ കേള്‍ക്കുകയും പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പിലെത്തിയത്.


ഫാക്ടറി തുറക്കാനും സുഗമമായി പ്രവര്‍ത്തിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വി.എന്‍. വാസവന്‍ പറഞ്ഞു. രാത്രി ഷിഫ്റ്റിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. വാഹന സൗകര്യമടക്കം ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ ആരോഗ്യപരമായ പ്രശ്നങ്ങളുള്ള ജീവനക്കാരുടെ പരാതി പരിശോധിക്കും. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിര്‍ദ്ദേശിച്ചു. മൂന്നു ഷിഫ്റ്റുകളില്ലാതെ മില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ലാഭകരമായില്ലെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചാല്‍ നഷ്ടം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാനാകും. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥര്‍, സ്പിന്നിംഗ് മില്‍ മാനേജ്മെന്റ്, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


2020 ജനുവരിയിലാണ് മില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. 228 ജീവനക്കാരാണ് മില്ലിലുണ്ടായിരുന്നത്. സ്ത്രീ ജീവനക്കാര്‍ ഇന്‍സ്പെക്ടറേറ്റ് ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശത്തിന്റെ ഫലമായി 2015 ഏപ്രില്‍ മുതല്‍ രാത്രി 10 മുതല്‍ രാവിലെ ആറ് മണിവരെ സ്ത്രീകളെ ജോലിയില്‍ നിന്നു ഒഴിവാക്കേണ്ടി വന്നു. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നു ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ ജീവനക്കാരുടെ വേതനം നല്‍കുന്നതിനായി മാത്രം ചെലവഴിക്കേണ്ടി വന്നു.

പി.എഫ്., ഗ്രാറ്റുവിറ്റി, അസംസ്‌കൃത വസ്തുക്കളുടെ ചെലവ് എന്നിവയ്ക്കുള്ള ഫണ്ടില്ലാതെ വന്നതിനു പിന്നാലെ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന സ്ഥിതിയിലുമെത്തി. ഇതോടെയാണ് ലേ ഓഫിലേയ്ക്ക് പോകേണ്ടി വന്നത്. പരാതിയുള്ള സ്ത്രീജീവനക്കാരുമായി ചര്‍ച്ച ചെയ്ത് മില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താമെന്ന് യോഗത്തില്‍ പങ്കെടുത്ത തൊഴിലാളി സംഘടനാ നേതാക്കള്‍ ഉറപ്പു നല്‍കി. മാനേജ്മെന്റും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അനുകൂല നിലപാടു സ്വീകരിച്ചതോടെയാണ് നവംബര്‍ 15ന് മില്‍ തുറക്കാമെന്ന തീരുമാനത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News