കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു: എല്ലാ നടപടിക്രമങ്ങൾക്കും സ്റ്റേ ബാധകമാണ്.
അടുത്തമാസം 25നു നടത്താൻ നിശ്ചയിച്ച കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പിന്റെ മുഴുവൻ നടപടിക്രമങ്ങളും ഉൾപ്പെടെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലയിലെ കൊരുവട്ടൂർ സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എൻ. സുബ്രഹ്മണ്യൻ നൽകിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് രാജ വിജയരാഘവൻ ആണ് സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടത്.
കേരള ബാങ്കിന്റെ ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. തന്നെയുമല്ല മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിച്ചിട്ടുമില്ല.ഒപ്പം കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുഴുവൻ തിരഞ്ഞെടുപ്പുകളും നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്ന ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് ജോർജ്ജ് പൂന്തോട്ടം വാദിച്ചു.