കേരള ബാങ്കിന്റെ സമീപനം അര്‍ബന്‍ ബാങ്കുകളിലും പടരുമോ; ആശങ്കയില്‍ ഉദ്യോഗസ്ഥര്‍

[mbzauthor]

സഹകരണ വകുപ്പ് ജീവനക്കാരുടെ പ്രധാന തസ്തികകള്‍ ഇല്ലാതാവുകയും സ്ഥാനക്കയറ്റ സാധ്യത മങ്ങുകയും ചെയ്യുന്ന നടപടിയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക. വകുപ്പുതല ഓഡിറ്റര്‍മാരെ ഒഴിവാക്കി കരാര്‍ അടിസ്ഥാനത്തില്‍ വിരമിച്ചവരെ നിയമിക്കാനുള്ള കേരള ബാങ്കിന്റെ നിലപാട് അര്‍ബന്‍ ബാങ്കുകളിലേക്ക് പടരുമോ എന്നതാണ് പ്രധാന ആശങ്ക. കേരളബാങ്കിനുള്ള അതേ നിര്‍ദ്ദേശവും നടപടിക്രമങ്ങളുമാണ് അര്‍ബന്‍ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നല്‍കുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ് കേരള ബാങ്കിന്റെ നടപടിയെങ്കില്‍ അതേ നിലപാട് അര്‍ബന്‍ ബാങ്കുകള്‍ക്കും സ്വീകരിക്കാനാകും.

സഹകരണ വകുപ്പിലെ 130 ഉദ്യോഗസ്ഥര്‍ കേരളബാങ്കിലും അര്‍ബന്‍ ബാങ്കുകളിലുമായി ജോലി ചെയ്യുന്നുണ്ട്. ഇവരിലേറെയും ജോയിന്റ് ഡയറക്ടര്‍ റാങ്കുള്‍പ്പടെയുള്ള ഉന്നതതസ്തികളിലുള്ള ഗസറ്റഡ് ഓഫീസര്‍മാരാണ്. കേരളബാങ്കും അര്‍ബന്‍ബാങ്കുകളും ഇവരെ ഒഴിവാക്കുന്നതോടെ വകുപ്പ് പുനസംഘടിപ്പിച്ച് ഈ 130 പേരെയും പുനര്‍വിന്യസിപ്പിക്കേണ്ടിവരും. അതിനുള്ള നടപടിയോ ആലോചനയോ സഹകരണവകുപ്പിലില്ല. അതാണ് ജീവനക്കാരുടെ സംഘടനകള്‍ തസ്തിക നഷ്ടമാകുമെന്ന ആശങ്കപ്പെടുത്താന്‍ കാരണം.

സഹകരണ വകുപ്പിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും സഹകരണ സംഘങ്ങളുടെ കണക്കിലാണ് ശമ്പളം ലഭിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതല്‍ കേരളബാങ്ക് വരെയുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും മുന്‍കൂറായി നല്‍കിയാണ് ഉദ്യോഗസ്ഥരുടെ സേവനം സംഘത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസരിച്ചുള്ള സാമ്പത്തിക സര്‍ക്കാരിന് വരാറില്ല. അതുകൊണ്ടാണ്, ബജറ്റ് നീക്കിയിരിപ്പില്‍ പോലും സഹകരണ വകുപ്പിന്റെ വിഹിതം കുറയുന്നത്. കേരളബാങ്കില്‍നിന്നും അര്‍ബന്‍ ബാങ്കുകളില്‍നിന്നും പുറത്താകുന്ന ഉദ്യോഗസ്ഥരെ പുനര്‍വിന്യസിപ്പിക്കാന്‍ വകുപ്പ് പുനസംഘടിപ്പിച്ചാല്‍ അതിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. അതാണ്, പുനര്‍വിന്യാസമെന്ന നിലപാടിലേക്ക് സഹകരണ വകുപ്പ് പോകാത്തത്.

കേരളബാങ്ക് രൂപീകരിക്കുമ്പോള്‍ ഒരുതസ്തികയും നഷ്ടമാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. അത് തള്ളാനുള്ള ഉറപ്പാണെന്ന് കേരളബാങ്ക് ഇപ്പോള്‍ അവരുടെ നടപടിയിലൂടെ തെളിയിച്ചു. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്ക് ശേഷം അര്‍ബന്‍ ബാങ്കുകളില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമില്ല. അതിനാല്‍, വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം തുടരേണ്ടതില്ലെന്ന് ചില അര്‍ബന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കാലാവധി കഴിയുന്നതിന് അനുസരിച്ച് അവര്‍ പിന്നീട് സേവനം പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ടില്ല. ബാങ്കില്‍ പുറത്താകുകയും വകുപ്പില്‍ ഇടം കിട്ടാതിരിക്കുകയും ചെയ്ത നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം മുടങ്ങുന്ന സ്ഥിതി വന്നു. സര്‍ക്കാരുടെ കാര്യമാണിതെന്നതാണ് ശ്രദ്ധേയം. ഒടുവില്‍ സഹകരണ വകുപ്പ് മന്ത്രി അര്‍ബന്‍ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം തുടരണമെന്ന് ആവശ്യപ്പെട്ടത്.

 

ബാങ്കിങ് നിയന്ത്രണനിയമത്തിലുണ്ടായ ഭേദഗതിക്ക് ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ സേവനം അര്‍ബന്‍ ബാങ്കുകള്‍ക്ക് വേണ്ടതില്ലെന്ന നിലപാടാണ് യോഹത്തില്‍ ബാങ്ക് പ്രതിനിധികള്‍ പങ്കുവെച്ചത്. മുഴുവന്‍ സമയ നിയമനത്തിന് സാധ്യമാകുന്നതിന് സംസ്ഥാന നിയമത്തില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്താമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തണമെങ്കില്‍ അക്കാര്യം പരിശോധിച്ച് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് അര്‍ബന്‍ ബാങ്കുകളില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇരിപ്പിടം കിട്ടിയത്. ബാങ്കിന് സാമ്പത്തിക ലാഭമെന്ന ന്യായമുയര്‍ത്തി കേരളബാങ്ക് ഇപ്പോള്‍ സ്വീകരിച്ച നിലപാട്, അര്‍ബന്‍ ബാങ്കുകള്‍ക്കും കൈകൊള്ളാവുന്നതാണ്. ഫലത്തില്‍ സഹകരണവകുപ്പിലെ 130 തസ്തിക ഇപ്പോള്‍ തുലാസിലാണ്.

[mbzshare]

Leave a Reply

Your email address will not be published.