കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കു കിട്ടേണ്ട നിക്ഷേപംകേന്ദ്ര സഹകരണ ബാങ്കുകള്‍ കൊണ്ടുപോകുന്നത് തടയണം- സി.എന്‍. വിജയകൃഷ്ണന്‍

Deepthi Vipin lal

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കിട്ടേണ്ട നിക്ഷേപം വന്‍പലിശ വാഗ്ദാനം ചെയ്ത് കേന്ദ്ര സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ കൊണ്ടുപോവുകയാണെന്നും ഇതിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

നിക്ഷേപങ്ങള്‍ക്കു പതിനൊന്നര ശതമാനം പലിശയാണു കേന്ദ്ര സഹകരണ വകുപ്പിനു കീഴിലുള്ള ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, രജിസ്ട്രാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സംഘങ്ങള്‍ക്കു പരമാവധി ഏഴേമുക്കാല്‍ ശതമാനം പലിശ മാത്രമേ നിക്ഷേപങ്ങള്‍ക്കു നല്‍കാനാവൂ. ഇതുകാരണം നമ്മുടെ സ്ഥാപനങ്ങള്‍ക്കു കിട്ടേണ്ട ഫണ്ട് വഴിമാറി ഒഴുകിപ്പോവുകയാണ്. ഇതിനു തടയിടാന്‍ എന്തു ചെയ്യണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പലിശനിരക്ക് 8 – 9 ശതമാനത്തിനുള്ളില്‍ നിര്‍ത്തുകയാണ് ഇതിനുള്ള പോംവഴി. അല്ലെങ്കില്‍, നമ്മുടെ സഹകരണ മേഖലയിലെ നിക്ഷേപം വന്‍തോതില്‍ പുറകോട്ടു പോകും – വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സംഘങ്ങളുടെ പരിമിതികള്‍ കേന്ദ്ര സഹകരണ വകുപ്പിനു കീഴിലുള്ള ബാങ്കുകള്‍ മുതലെടുക്കുകയാണ്. അവര്‍ നല്‍കുന്ന അമിത പലിശയെപ്പറ്റി അന്വേഷിക്കാന്‍ ഇവിടെയാരുമില്ല. അപ്പോള്‍ കേന്ദ്ര സഹകരണ സംഘങ്ങള്‍ക്കു എന്തുമാവാം. സംസ്ഥാന സംഘങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ല. ഇതാണിവിടത്തെ അവസ്ഥ. ഇതിനു മാറ്റമുണ്ടായേ തീരൂ – അദ്ദേഹം പറഞ്ഞു.

നമ്മുടെ സംഘത്തില്‍ നിക്ഷേപിക്കാന്‍ വരുന്നവരെ കാന്‍വാസ് ചെയ്യുന്ന അനഭിലഷണീയ രീതിയും കേന്ദ്ര സഹകരണ ബാങ്കുകള്‍ അനുവര്‍ത്തിച്ചുവരുന്നതായി വിജയകൃഷ്ണന്‍ ആരോപിച്ചു. നിക്ഷേപപ്പലിശ കുറവാണെന്നറിഞ്ഞു തിരിച്ചുപോകുന്നവരുടെ വിവരം കൊടുത്താല്‍ നമ്മുടെ സംഘങ്ങളിലെ ജീവനക്കാര്‍ക്കു കമ്മീഷന്‍ വാഗ്ദാനം ചെയ്യുകയാണ്. ഇതു നമ്മുടെ നിലവിലുള്ള നിക്ഷേപം ചോര്‍ന്നുപോകാനിടയാക്കും. ഇതിനും അടിയന്തരമായി തടയിടണം- വിജയകൃഷ്ണന്‍ സഹകരണ മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News