കേന്ദ്രത്തിന്റെ ‘മോഡല്‍ ബൈലോ’18 സംസ്ഥാനങ്ങള്‍ അംഗീകരിച്ചു; തീരുമാനമെടുക്കാതെ കേരളം
കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ഇത്തരം സംഘങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിനുമായി കേന്ദ്രം നടപ്പാക്കുന്ന മോഡല്‍ ബൈലോ 18 സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. കേരളം ഉള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങള്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ജൂണ്‍ അവസാനത്തോടെ തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബീഹാര്‍, ചത്തിസ്ഗഢ് , ഗോവ, ജാര്‍ഖണ്ഡ്, കേരള, തെലുങ്കാന, മിസോറാം, പഞ്ചാബ്, തമിഴ്‌നാട്, പുതുച്ചേരി എന്നിവയാണ് ബൈലോ ഇതുവരെ അംഗീകരിക്കാത്തത്.
സംസ്ഥാനത്ത് പ്രാഥമിക സഹകരണ ബാങ്കുകളായാണ് കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ ബൈലോ നിര്‍ബന്ധിതമായി നടപ്പാക്കേണ്ട സ്ഥിതി വന്നാല്‍ അത് കേരളത്തിലെ സഹകരണമേഖലില്‍ കാര്യമായ മറ്റം ഉണ്ടാക്കും. കാര്‍ഷിക വായ്പ സംഘങ്ങളെ വിവദോദ്ദേശ സംഘങ്ങളാക്കി മാറ്റുകയെന്നതാണ് കേന്ദ്ര നിര്‍ദ്ദേശം. ക്ഷീര സംഘങ്ങള്‍, ഫിഷറീസ് സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെല്ലാം കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന വിധത്തില്‍ പ്രവര്‍ത്തനം മാറ്റാമെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ ഇവയെല്ലാം പ്രത്യേകമായാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ വകുപ്പുകള്‍ക്ക് കീഴിലുമാണ്.
മോഡല്‍ ബൈലോ അനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കുകളുടെ ബാങ്കിങ് പ്രവര്‍ത്തനം ബാങ്കിന്റെ കറസ്‌പോണ്ടന്റ് എന്ന നിലയിലായി മാറും. ഇതാണ് കേന്ദ്രം നല്‍കിയ ‘മോഡല്‍ ബൈലോ’ അംഗീകരിക്കുന്നതില്‍ നിന്ന് കേരളത്തെ പ്രധാനമായും പിന്തിരിപ്പിക്കുന്നത്. മോഡല്‍ ബൈലോയിലെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കാനുള്ള വ്യവസ്ഥയല്ലെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. കാര്‍ഷിക സംഘങ്ങള്‍ക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഒരു മാതൃകയായി നല്‍കുന്നതാണെന്നാണ് വിശദീകരണം. അതേസമയം, ബൈലോ അംഗീകരിക്കുമ്പോള്‍ അത് നടപ്പാക്കുന്നതിന് സംസ്ഥാന നിയമത്തില്‍ ഭേദഗതി വരുത്തേണ്ടിവരുമെന്ന സൂചനയും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.
ഒരു മാതൃക മാത്രമാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും അംഗീകരിച്ച് വാങ്ങുന്നത് എന്തിനെന്ന കാര്യത്തിലും വ്യക്തതയില്ല. സഹകരണം സംസ്ഥാനവിഷയമാണ്. ഇതില്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്കായി ഒരു പൊതുവ്യവസ്ഥ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. 97-ാം ഭരണഘടന ഭേദഗതിയില്‍ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ ബാധിക്കുന്ന വ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദ് ചെയ്ത് ഇക്കാരണത്തിലാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും അംഗീകരിച്ചാല്‍ ഇത്തരം വ്യവസ്ഥകൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിയും. മോഡല്‍ ബൈലോയ്ക്ക് ഓരോ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അംഗീകാരം കേന്ദ്രസര്‍ക്കാര്‍ വാങ്ങിയെടുക്കുന്നത് ഇത് നിര്‍ബന്ധിതമാക്കാനാണെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക. ആദ്യം കരട് ബൈലോ തയ്യാറാക്കി അതില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇത് പരിഗണിച്ചാണ് അന്തിമ ബൈലോ തയ്യാറാക്കിയത്. അതാണ് അംഗീകാരത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.