കൃഷിയും കച്ചവടവും കോര്‍ത്തിണക്കി പനയാല്‍ സഹകരണ ബാങ്ക്
എഴുപതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കാസര്‍ഗോഡ്
പനയാല്‍ സഹകരണ ബാങ്കിലിപ്പോള്‍ 23,315 അംഗങ്ങളുണ്ട്.
രാസവളം മുതല്‍ ഇലക്ട്രിക്്-ഇലക്ട്രോണിക്‌സ്് ഉല്‍പ്പന്നങ്ങള്‍ വരെ
വിറ്റു കോടികളുടെ വരുമാനംനേടുന്ന ഈ ബാങ്കിനാണു ഇത്തവണ
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍
സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചത്.
നൂതന കൃഷിരീതികള്‍ സാധാരണ കര്‍ഷകരിലെത്തിച്ച് കാര്‍ഷിക മേഖലയില്‍ വാരിക്കൂട്ടിയ വിജയമുദ്രകളുടെ തിളക്കം. രാസവളം തൊട്ട് ആധുനിക ഇലക്ട്രിക്-ഇലക്ടോണിക് ഉല്‍പ്പന്നങ്ങള്‍വരെ വിപണനം നടത്തി കോടികളുടെ വിറ്റുവരവ് നേടുന്ന വ്യാപാര ശൃംഖല. പുതുതലമുറ ബാങ്കുകളെപ്പോലും കടത്തിവെട്ടുന്ന രീതിയില്‍ ബാങ്കിങ് രംഗത്തു പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി ഗ്രാമീണ ബാങ്കിങ് രംഗത്തു മേധാവിത്വം. സേവന, ക്ഷേമ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കി നാടിന്റെ മനസ്സ് കീഴടക്കിയ സഹകരണ കൂട്ടായ്മ. ഉത്തര കേരളത്തിന്റെ അഭിമാനമായ പനയാല്‍ സര്‍വീസ് സഹകരണ ബാങ്കിനു സംസ്ഥാനത്തെ മികച്ച പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം എന്ന ബഹുമതി അര്‍ഹതക്കുള്ള അംഗീകാരമാണ്.
കാസര്‍ഗോഡ് ജില്ലയിലെ പനയാല്‍ വില്ലേജ് പ്രവര്‍ത്തന പരിധിയായി 1952 ല്‍ ആരംഭിച്ച സഹകരണ സംഘത്തിലിപ്പോള്‍
23,315 അംഗങ്ങളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 705 കോടി രൂപയുടെ ബിസിനസ് നടത്തിയ പനയാല്‍ സഹകരണ ബാങ്ക് 2010 മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നത്. 208 കോടി രൂപ പ്രവര്‍ത്തന മൂലധനവും 186 കോടി രൂപ നിക്ഷേപവും 147 കോടി രൂപ വായ്പയുമുള്ള ബാങ്കിനു മെയിന്‍ ബ്രാഞ്ചിനു പുറമെ പാക്കം, പെരിയാട്ടടുക്കം, കോട്ടപ്പാറ, മൗവ്വല്‍, പളളിപ്പുഴ, കുട്ടപ്പുന എന്നിവിടങ്ങളില്‍ ശാഖകളുമുണ്ട്
കാര്‍ഷിക
മേഖലക്ക് ഊന്നല്‍
കാര്‍ഷിക മേഖലയോടുള്ള സമീപനത്തില്‍ മറ്റു സഹകരണ ബാങ്കുകളില്‍ നിന്നു വ്യത്യസ്തമാണു പനയാല്‍ ബാങ്ക്. കൃഷിക്കാര്‍ക്കു കുറഞ്ഞ പലിശക്കു പണം കടം കൊടുത്തതുകൊണ്ട് മാത്രം സഹകരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം തീരുന്നില്ലെന്നു ബാങ്ക് വിശ്വസിക്കുന്നു. ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനും വിപണന സൗകര്യമൊരുക്കാനും ആധുനിക കാര്‍ഷിക തന്ത്രങ്ങള്‍ കൃഷിക്കാരിലെത്തിക്കാനും സഹകരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ നല്ല ഫലം കിട്ടുമെന്നു പനയാല്‍ സഹകരണ ബാങ്ക് തെളിയിക്കുന്നു. കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാര്‍പദ്ധതി പ്രകാരം 2014 ല്‍ പനയാല്‍ ബാങ്കിന് അനുവദിച്ച ഫാര്‍മേഴ്‌സ് സര്‍വീസ് സെന്റര്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കൃഷിക്കാര്‍ക്കു പണം മുടക്കി വാങ്ങാന്‍ കഴിയാത്ത മുഴുവന്‍ യന്ത്രങ്ങളും ബാങ്ക് വാങ്ങി കുറഞ്ഞ നിരക്കില്‍ വാടകക്കു നല്‍കാന്‍ തുടങ്ങിയതു വലിയ ആശ്വാസമാണ്. ട്രാക്ടര്‍, ടില്ലര്‍, കൊയ്ത്തുയന്ത്രം, കമ്പയിന്റ് ഹാര്‍വസ്റ്റര്‍, ബെയിലര്‍, ഷ്‌റെഡ്ഡര്‍, ബുഷ് കട്ടര്‍, വീഡ് കട്ടര്‍ തുടങ്ങി കൃഷിക്കാര്‍ അന്വേഷിച്ചുനടക്കുന്ന യന്ത്രങ്ങളൊക്കെ പനയാല്‍ ബാങ്ക് വാടകക്കു നല്‍കുന്നുണ്ട്.
തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി നെല്‍ക്കൃഷി നടത്തുന്ന ബാങ്കിന്റെ പദ്ധതിയും പ്രശംസ നേടിയതാണ്. 2020-21 ല്‍ 15 ഏക്കര്‍ സ്ഥലത്തും 2021-22 ല്‍ ഏഴ് ഏക്കറിലും ഇക്കൊല്ലം 12 ഏക്കറിലും ബാങ്ക് നെല്‍ക്കൃഷി നടത്തിയതു പഴയ തരിശുപാടങ്ങളിലാണ്. അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഫണ്ട് ഉപയോഗിച്ച് നാളികേര സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നതിനു രണ്ടര കോടി രൂപയുടെ പദ്ധതിക്കു നബാര്‍ഡും കേരള ബാങ്കും അനുമതി നല്‍കിയിരിക്കുകയാണ്. ഫാര്‍മേഴ്‌സ് സര്‍വീസ് സെന്റര്‍ വിപുലീകരിക്കുന്നതിനും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സ്റ്റോറേജ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ബയോ ഫാര്‍മസി, അഗ്രി ക്ലിനിക് എന്നിവ ആരംഭിക്കുന്നതിനുമുള്ള 1.40 കോടി രൂപയുടെ പദ്ധതി തയാറാക്കി അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്.
സുഭിക്ഷ കേരളം പദ്ധതിയില്‍ പച്ചക്കറി, ഡെയറി യൂണിറ്റ്, കോഴി വളര്‍ത്തല്‍, മത്സ്്യക്കൃഷി എന്നിവക്കും നബാര്‍ഡ് പദ്ധതിപ്രകാരമുള്ള ധനസഹായം ബാങ്ക് നല്‍കിയിട്ടുണ്ട്. പള്ളിക്കര ഗ്രാമപ്പഞ്ചായത്തു പ്രദേശത്തെ സമ്പൂര്‍ണ കാര്‍ഷിക വികസനം ലക്ഷ്യമിടുന്ന 1.60 കോടിയുടെ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് 14-ാം പദ്ധതിയുടെ ഭാഗമായി മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. ഒരു തവണ വിളവെടുത്താല്‍ സമയം പാഴാക്കാതെ മറ്റൊരിനം വിത്തിറക്കുന്ന സമ്മിശ്ര രീതിയിലാണു പദ്ധതി നടപ്പാക്കുക.
സ്ത്രീ
ശാക്തീകരണം
സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടംബശ്രീക്ക് കാസര്‍ഗോഡ് ജില്ലയില്‍ വലിയ സാമ്പത്തിക പിന്തുണ നല്‍കുന്ന സഹകരണ സ്ഥാപനങ്ങളിലൊന്നാണു പനയാല്‍ ബാങ്ക്. വനിതാ തൊഴില്‍ സംരംഭങ്ങള്‍ക്കാണു കൂടുതല്‍ സഹായം നല്‍കിയത്. ന്യൂട്രി മിക്‌സ്, പഴം സംസ്്കരണം, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, നാപ്കിന്‍ നിര്‍മാണം തുടങ്ങിയ യൂണിറ്റുകള്‍ ബാങ്ക് ധനസഹായം നല്‍കി ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിച്ച് സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കുന്ന പദ്ധതിക്കും സഹായം നല്‍കി. കുടുംബശ്രീക്കു 2.16 കോടിയും മുറ്റത്തെ മുല്ല പദ്ധതി പ്രകാരം 2.39 കോടിയും എസ്.എല്‍.എഫ്. വായ്പയായി 12.70 കോടിയും നല്‍കിയിട്ടുണ്ട്.
വ്യാപാര
രംഗത്ത്
ഇലക്ട്രിക്കല്‍, പ്ലംബിങ്, ഇലക്ടോണിക് സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ ബാങ്ക് ആരംഭിച്ച നീതി ഷോറൂo മികച്ച വിറ്റുവരവ് നേടിക്കൊടുക്കുന്നുണ്ട്. ഉല്‍പ്പാദകരില്‍ നിന്നു നേരിട്ട് സാധനങ്ങള്‍ വാങ്ങി ലാഭം പരമാവധി കുറച്ച് വില്‍പ്പന നടത്തുന്നതിനാല്‍ ഈ രംഗത്തു സ്വകാര്യ മേഖലക്കു കടുത്ത വെല്ലുവിളിയായി മാറാന്‍ ബാങ്കിന്റെ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. റബ്‌കോയുടെ സെയില്‍സ് ഡിപ്പോയും ബാങ്കിന്റെ കീഴിലുണ്ട്. റബ്‌കോയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഡിപ്പോ വഴി വില്‍പ്പന നടത്തുന്നു. കര്‍ഷകര്‍ക്കു മിതമായ നിരക്കില്‍ രാസവളങ്ങളും ജൈവവളങ്ങളും നല്‍കാന്‍ ഹെഡ് ഓഫീസിനോടു ചേര്‍ന്നും ചെര്‍ക്കാപ്പാറ, പാക്കം എന്നിവിടങ്ങളിലും വളം ഡിപ്പോകളുണ്ട്. ഉത്സവ, ആഘോഷവേളകളില്‍ വിലക്കയറ്റം തടയാന്‍ ചന്തകളും പൊതു വിതരണ കേന്ദ്രങ്ങളും സ്‌കൂള്‍ തുറക്കുന്ന സമയങ്ങളില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റും ബാങ്ക് നടത്താറുണ്ട്.
മികച്ച
ബാങ്കിങ്
ബാങ്കിന്റെ ഏഴ് ശാഖകളും കോര്‍ ബാങ്കിങ് സംവിധാനത്തിനു കീഴിലായതിനാല്‍ ഗ്രാമങ്ങളിലെ ആളുകള്‍ക്ക് എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നു. രാജ്യത്തിനകത്തേക്കും പുറത്തേക്കും പണമയക്കാനുള്ള സൗകര്യവും എ.ടി.എം. സംവിധാനവുമൊക്കെ ഏര്‍പ്പെടുത്തി ആധുനികവല്‍ക്കരണത്തില്‍ പനയാല്‍ ബാങ്ക് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ള പദ്ധതികളും ഏറ്റെടുത്തു കാര്യക്ഷമമായി നടപ്പാക്കാന്‍ പനയാല്‍ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്.
അംഗങ്ങള്‍ക്ക് അപകട ഇന്‍ഷൂറന്‍സും മരണാനന്തര സഹായവുമെല്ലാം ഉറപ്പു വരുത്തിയിട്ടുണ്ട്. കോവിഡ് കാലത്തു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ നിരവധി പദ്ധതികളാണു ബാങ്ക് നടപ്പാക്കിയത്. പഠന സൗകര്യത്തിനായി ചെര്‍ക്കാപ്പാറ, തോക്കാനം മൊട്ട എസ്.സി. കോളണികളില്‍ ടെലിവിഷന്‍ നല്‍കി. ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിദ്യാതരംഗിണി പലിശരഹിത വായ്പാ പദ്ധതിയും കുട്ടികള്‍ക്ക് ആശ്വാസമായി. പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും മാസ്‌ക്കും സാനിട്ടൈസറും സൗജന്യമായി നല്‍കി. സമൂഹ അടുക്കളയിലേക്കു ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. 10.75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. കേരള ബാങ്ക് എര്‍പ്പെടുത്തിയ ജില്ലാതല അവാര്‍ഡും ഇത്തവണ പനയാല്‍ സഹകരണ ബാങ്കിനു ലഭിച്ചിട്ടുണ്ട്. നിക്ഷേപ സമാഹരണത്തില്‍ ഹോസ്ദുര്‍ഗ് സര്‍ക്കിളില്‍ ഒന്നാം സ്ഥാനത്തു പനയാല്‍ ബാങ്കാണ്..
എ.എം. അബ്ദുല്ലയാണ് ബാങ്ക് പ്രസിഡന്റ്. ബി. മോഹനന്‍, ടി. കുമാരന്‍, പി. രാജന്‍, ടി. ദാമോദരന്‍, ടി.എം. ബാലകൃഷ്ണന്‍, കെ. പത്മിനി, എം. രവീന്ദ്ര, കെ. സുനിത, കെ. ശാന്ത, കെ. ബാലകൃഷ്ണന്‍, ടി. അശോക് കുമാര്‍ എന്നിവര്‍ ഡയറക്ടര്‍മാരും കെ.വി. ഭാസ്‌കരന്‍ സെക്രട്ടറിയുമാണ്.
[mbzshare]