കാര്‍ഷികപദ്ധതികളില്‍നിന്ന് സഹകരണം പുറത്തേക്ക്
കേരളത്തിന്റെ കാര്‍ഷികപദ്ധതികളില്‍നിന്നു കാര്‍ഷിക സംഘങ്ങള്‍ പുറത്താകുന്ന സാഹചര്യമാണുള്ളത്. കൃഷിവകുപ്പിന്റെ പദ്ധതികളില്‍ കാര്‍ഷിക സംഘങ്ങളെയും ഉള്‍പ്പെടുത്തി നടപ്പാക്കാനുള്ള വ്യവസ്ഥയുണ്ടെങ്കിലും അതു പ്രാവര്‍ത്തികമാകുന്നില്ല. പ്രാദേശികമായി കര്‍ഷകക്കൂട്ടങ്ങള്‍ രൂപവത്കരിച്ച് പ്രത്യേക നിര്‍വഹണരീതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഓരോ കാര്‍ഷിക സംഘത്തിനും കര്‍ഷകക്കൂട്ടങ്ങളുടെ മേല്‍നോട്ടമുണ്ടായിരുന്നെങ്കില്‍ കൃഷി-സഹകരണ വകുപ്പുകളിലൂടെ വലിയൊരു കാര്‍ഷികമുന്നേറ്റം സാധ്യമാകുമായിരുന്നു. എന്നാല്‍, കൃഷിവകുപ്പ് രൂപവത്കരിക്കുന്ന കാര്‍ഷികക്കൂട്ടങ്ങളില്‍ സഹകരണപങ്കാളിത്തമില്ല.
കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ ഒരു പഞ്ചായത്തിന്റെ അടിസ്ഥാന നിര്‍വഹണയൂണിറ്റാക്കി മാറ്റിയാണു കേന്ദ്ര സഹകരണമന്ത്രാലയം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. 41 പദ്ധതികള്‍ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെയെല്ലാം ഗുണഭോക്താവായി മാറാന്‍ കഴിയാത്ത സാങ്കേതികപ്രശ്‌നം കേരളം നേരിടുകയാണ്. ഡെയറി, ഫിഷറീസ്‌മേഖലയിലെ പദ്ധതികളും കാര്‍ഷികവായ്പാ സംഘങ്ങളിലൂടെ നടപ്പാക്കുന്നവിധത്തിലാണു കേന്ദ്രപദ്ധതികളുടെ രീതി. കാര്‍ഷിക സംഘങ്ങള്‍ക്കാണ് ഈ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നത്. എന്നാല്‍, കേരളത്തില്‍ ഡെയറി സംഘങ്ങളും ഫിഷറീസ്‌സംഘങ്ങളും പ്രത്യേകമായുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കാര്‍ഷിക സംഘങ്ങള്‍ക്ക് അധികാരവുമില്ല. ഈ സാങ്കേതികപ്രശ്‌നം കേരളത്തെ അലട്ടുന്നതിനൊപ്പം, സംസ്ഥാനത്തിന്റെ കാര്‍ഷികപദ്ധതികളില്‍നിന്നു കാര്‍ഷിക സംഘങ്ങള്‍ പുറത്താകുന്ന സാഹചര്യമാണു നിലവിലുള്ളത്.
കൃഷിവകുപ്പിന്റെ പദ്ധതികളില്‍ കാര്‍ഷിക സംഘങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കാനുള്ള വ്യവസ്ഥയുണ്ടെങ്കിലും അതു പ്രാവര്‍ത്തികമാകുന്നില്ല. മാത്രവുമല്ല, പ്രാദേശികമായി കര്‍ഷകക്കൂട്ടങ്ങള്‍ രൂപവത്കരിച്ച് പ്രത്യേക നിര്‍വഹണരീതി നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഓരോ കാര്‍ഷിക സംഘത്തിനും ഇത്തരം കര്‍ഷകക്കൂട്ടങ്ങളുടെ മേല്‍നോട്ടമുണ്ടായിരുന്നെങ്കില്‍ കൃഷി-സഹകരണ വകുപ്പുകളിലൂടെ വലിയൊരു കാര്‍ഷികമുന്നേറ്റം സാധ്യമാകുമായിരുന്നു. എന്നാല്‍, കൃഷിവകുപ്പ് രൂപവത്കരിക്കുന്ന കാര്‍ഷികക്കൂട്ടങ്ങളില്‍ സഹകരണപങ്കാളിത്തമില്ല. കേരള ബാങ്കും കാര്‍ഷികോല്‍പ്പാദനസംഘങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കുള്ള രീതിയില്‍ത്തന്നെ കര്‍ഷകോല്‍പ്പാദനസംഘങ്ങള്‍ക്കും കേരള ബാങ്കിന്റെ കാര്‍ഷികവായ്പ കിട്ടുന്ന സ്ഥിതിയാണുള്ളത്. കാര്‍ഷികോല്‍പ്പാദനസംഘങ്ങള്‍ നല്ല രീതിയാണെങ്കിലും അതില്‍നിന്നു സഹകരണപങ്കാളിത്തം ഒഴിവാകുന്നത് എത്രത്തോളം സഹകരണമേഖലയ്ക്കു ഗുണമാകുമെന്നതു പരിശോധിക്കേണ്ടതാണ്.
കൃഷിവകുപ്പ്
ലക്ഷ്യമിട്ടത്
സുഭിക്ഷ കേരളം, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതികളിലൂടെ യുവാക്കളെയടക്കം കൃഷിയിലേക്കു കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ രൂപപ്പെട്ടുതുടങ്ങി. വിപണനസംവിധാനത്തിനു പ്രാദേശിക ഓണ്‍ലൈന്‍ സംവിധാനം രൂപപ്പെട്ടു. ഇതെല്ലാം സമീപകാലത്തു കാര്‍ഷികമേഖലയിലുണ്ടായ മാറ്റമാണ്. വിളവെടുപ്പിനുശേഷം കാര്‍ഷികോല്‍പ്പന്നങ്ങളെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നതാണു കേരളം നേരിട്ട ഒരു പ്രശ്‌നം. സംഭരണശാലകളില്ലാത്തത്, മൂല്യവര്‍ധിത ഉല്‍പ്പാദനയൂണിറ്റുകളുടെ അഭാവം എന്നിവയൊക്കെയായിരുന്നു ഇതിനു കാരണം. അതിനാല്‍, ഉല്‍പ്പാദനം കൂടുന്നതിനനുസരിച്ച് കര്‍ഷകനു മെച്ചപ്പെട്ട വില ലഭിക്കുന്നില്ലെന്നു മാത്രമല്ല, ഉല്‍പ്പന്നങ്ങള്‍ക്കു വില കുറയുന്ന സ്ഥിതിയുമുണ്ടായി. ഈ പ്രശ്‌നത്തിനു പരിഹാരം കാണാനാണു കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനൊപ്പം, വിപണനശൃംഖല ശക്തിപ്പെടുത്താനും നടപടി സ്വീകരിച്ചു.
ചെറുകിട കര്‍ഷക-കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം മുഖേന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണു കൃഷിവകുപ്പ് സ്വീകരിച്ചത്. ഈ പദ്ധതിപ്രകാരം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതരത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണസംരംഭങ്ങള്‍ക്കു പ്രോത്സാഹനം നല്‍കും. മൂന്നു സ്ലാബുകളിലായി സൂക്ഷ്മതല, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് എം.എസ്.എ.ഇ. മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി സബ്‌സിഡി അനുവദിക്കുന്നുണ്ട്. ഇതിനായി നാലു കോടി രൂപയാണു കൃഷിവകുപ്പ് മാറ്റിവെച്ചിട്ടുള്ളത്. കര്‍ഷകരുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ഉല്‍പ്പാദനം, വിപണനം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും സഹായിക്കാനാണു കൃഷിവകുപ്പ് തീരുമാനിച്ചത്. ഇതിനായി കേരളത്തില്‍ പുതുതായി 50 കര്‍ഷക ഉല്‍പ്പാദന സംഘടനകള്‍ രൂപവത്കരിക്കാനും നിലവിലുള്ള 50 കര്‍ഷക ഉല്‍പ്പാദകസംഘടനകളെ ശാക്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എഫ്.പി.ഒ.കള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയ്ക്കു മൂല്യവര്‍ധിത യൂണിറ്റുകളുടെ വിപണനത്തില്‍ സഹായിക്കുന്നതിനായി 1.40 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പ്രൊജക്ട് അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നത്.
കൊപ്ര ഡ്രയറുകള്‍ സ്ഥാപിക്കുന്നതിനു സഹകരണസംഘങ്ങള്‍, കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്ററുകള്‍, കര്‍ഷകഗ്രൂപ്പുകള്‍ എന്നിവയ്ക്ക് ആകെ വിലയുടെ 20 ശതമാനം ധനസഹായം കൃഷിവകുപ്പ് നല്‍കും. മൂല്യവര്‍ധിത യൂണിറ്റുകള്‍ തുടങ്ങുന്നതിനു പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കായി രണ്ടു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വിളവെടുപ്പിനുശേഷം നഷ്ടം കുറയ്ക്കാനും വിതരണശൃംഖലയുടെ വിവിധ ഘട്ടങ്ങളിലുള്ള യൂണിറ്റുകള്‍ സ്ഥാപിക്കാനുമാണു പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിച്ചെലവിന്റെ 50 ശതമാനം ധനസഹായമായി നല്‍കുന്നുണ്ട്.
സംഘങ്ങള്‍
ഏറ്റെടുത്തത്
കൃഷിവകുപ്പിന്റെ കാര്‍ഷിക-അനുബന്ധ പദ്ധതികളില്‍ സഹകരണസംഘങ്ങള്‍ക്കുകൂടി പങ്കാളിയാകാമെങ്കിലും പ്രായോഗികതലത്തില്‍ അതുണ്ടായിട്ടില്ല. കൃഷിവകുപ്പിന്റെ സാമ്പത്തികസഹായം അപൂര്‍വമായി മാത്രമാണു സംഘങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മാത്രവുമല്ല, സുഭിക്ഷകേരളം, തരിശുനിലക്കൃഷി എന്നിവയെല്ലാം സഹകരണപദ്ധതികളായിത്തന്നെ സംഘങ്ങള്‍ ഏറ്റെടുത്തതാണ്. കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു പണം ഇല്ലാത്ത പ്രശ്‌നം കേരളത്തിലില്ല. തിരിച്ചടവ് ഉറപ്പാക്കുന്ന വായ്പയായി അവരുടെ നിക്ഷേപത്തെ മാറ്റുകയാണു വേണ്ടത്. അതിനു സഹകരണസംഘങ്ങള്‍ക്കു കീഴില്‍ കര്‍ഷകക്കൂട്ടായ്മകളും കാര്‍ഷിക ഉല്‍പ്പാദനസംഘങ്ങളും കൊണ്ടുവരികയും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു സഹകരണ പങ്കാളിത്തതോടെയുള്ള വിപണനശൃംഖല ഒരുക്കുകയുമാണു വേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത്തരം കാര്യങ്ങള്‍ ആലോചനകളിലല്ലാതെ പ്രായോഗികതലത്തില്‍ കേരളത്തില്‍ നടപ്പാവുന്നില്ല.
സഹകരണസംഘങ്ങള്‍ തുടങ്ങിയ കോ-ഓപ് മാര്‍ട്ടുകള്‍ കാര്‍ഷിക- മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വിപണി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. കേരളത്തിലെ സഹകരണസംഘങ്ങള്‍മാത്രം മുന്നൂറിലധികം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വെളിച്ചെണ്ണ മുതല്‍ തേയില വരെയുള്ളവ ഇതില്‍പ്പെടും. ഇതിനൊപ്പം, കര്‍ഷകക്കൂട്ടായ്മകള്‍, സ്വയംസഹായസംഘങ്ങള്‍, കര്‍ഷക ഉല്‍പ്പാദനസംഘങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍കൂടി കോ-ഓപ് മാര്‍ട്ടില്‍ എത്തിക്കാനായിരുന്നു പദ്ധതി. ഒരു പഞ്ചായത്തില്‍ ഒരു കോ-ഓപ് മാര്‍ട്ടെങ്കിലും ആരംഭിച്ചു കേരളത്തിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ വിപണനശൃംഖല തീര്‍ക്കാനുള്ള പദ്ധതിയാണു സഹകരണവകുപ്പ് ആസൂത്രണം ചെയ്തത്. എന്നാല്‍, പ്രായോഗികമായി നടപ്പാക്കാന്‍ സഹകരണവകുപ്പിനു കഴിഞ്ഞില്ല. പദ്ധതി പ്രഖ്യാപിച്ചു നാലു വര്‍ഷമായിട്ടും 14 കോ-ഓപ് മാര്‍ട്ടുകള്‍ തുടങ്ങി എന്നതു മാത്രമാണു നടന്നത്. ആ കോ-ഓപ് മാര്‍ട്ടുകളില്‍ ലക്ഷ്യമിട്ട രീതിയില്‍ ഒരു ഉല്‍പ്പന്നവും എത്തിക്കാന്‍ കഴിയുന്നില്ല.
കാര്‍ഷികവായ്പകളുടെ തിരിച്ചടവും സഹകരണസംഘങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്. കര്‍ഷകക്കൂട്ടായ്മകളെയും ഉല്‍പ്പാദന യൂണിറ്റുകളെയും വായ്പയുടെ അടിസ്ഥാന യൂണിറ്റാക്കി മാറ്റാന്‍ സംഘങ്ങള്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധിവരെ മറികടക്കാന്‍ സംഘങ്ങള്‍ക്കു കഴിഞ്ഞേനെ. കൃഷിവകുപ്പിനു കീഴില്‍ 23,000 കര്‍ഷകക്കൂട്ടങ്ങളാണു നിലവിലുള്ളത്. 10,000 പുതിയ ഗ്രൂപ്പുകളുണ്ടാക്കാനും കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ക്കൊന്നും സഹകരണസംഘങ്ങളുമായി വായ്പാപങ്കാളിത്തം പോലുമില്ല. ഓരോ കര്‍ഷകക്കൂട്ടവും സ്വന്തംനിലയില്‍ സഹകരണസംഘങ്ങളുമായി സഹകരിക്കുന്നുണ്ടെങ്കില്‍ അതുമാത്രമാണു നിലവിലുള്ളത്. അല്ലാതെ സഹകരണ-കൃഷി വകുപ്പുകളുടെ സംയോജിത പദ്ധതിയാക്കി ഇതിനെ മാറ്റി ഒരു ധാരണയുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സഹകരണസംഘങ്ങളിലെ നിക്ഷേപം ഗുണപരമായി കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇതിന്റെ ഫലം. മാത്രവുമല്ല, വിപണനസംവിധാനം ഒരുക്കാനുള്ള സഹകരണ, കൃഷി, വ്യവസായ വകുപ്പുകളുടെ വ്യത്യസ്തമായ ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കുന്നുമില്ല.
പ്രാദേശിക ഓണ്‍ലൈന്‍
പരീക്ഷണം
കര്‍ഷകക്കൂട്ടങ്ങളിലൂടെ പ്രാദേശിക ഓണ്‍ലൈന്‍ വിപണനരീതി നടപ്പാക്കാനുള്ള ശ്രമമാണു കൃഷിവകുപ്പ് നടത്തുന്നത്. ഇതിന്റെ ഏറ്റവും മികവാര്‍ന്ന രീതിയാണു തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയത്. 176 കര്‍ഷകക്കൂട്ടങ്ങളാണ് ഇവിടെയുള്ളത്. ഇവരുടെയെല്ലാം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ആ പഞ്ചായത്തിലുള്ളവര്‍ക്കു വാങ്ങാന്‍ ഓണ്‍ലൈന്‍ ഇക്കോ ഷോപ്പ് തുടങ്ങി. കല്ലിയൂര്‍ ഗ്രീന്‍സ് ബ്രാന്‍ഡ് എന്ന ഒറ്റപ്പേരിലാണ് എല്ലാ ഉല്‍പ്പന്നങ്ങളും എത്തിക്കുന്നത്. എല്ലാവര്‍ക്കും വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കാനാണു സംസ്ഥാനത്തു ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി. പ്രസാദ് പറഞ്ഞു. നിലവില്‍ 23,000 കൃഷിക്കൂട്ടങ്ങള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷിക്കൂട്ടങ്ങള്‍ രൂപവത്കരിച്ച ഗ്രാമപ്പഞ്ചായത്തുകളിലൊന്നു കല്ലിയൂരാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ പാക്ക് ചെയ്യാന്‍ കല്ലിയൂരിലെ കര്‍ഷകര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ വിദഗ്ധപരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കൃഷിക്കൂട്ടങ്ങള്‍ക്കു മികച്ച വിപണി ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഇക്കോഷോപ്പിലൂടെ കഴിയും. തദ്ദേശീയമായി നിര്‍മിക്കുന്ന മഞ്ഞള്‍പ്പൊടി, നാടന്‍ കുത്തരി, പച്ചരി, വയനാടന്‍രീതിയില്‍ ഉല്‍പ്പാദിപ്പിച്ച നെന്മേനി, ചിറ്റുണ്ടി, കെട്ടിനാട്ടി അരി, വിവിധ അരിയുല്‍പ്പന്നങ്ങള്‍, ചക്കയില്‍ നിന്നുണ്ടാക്കിയ പത്തു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, വിവിധതരം അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മുളപ്പിച്ച പച്ചക്കറികള്‍ തുടങ്ങിയ നാല്‍പ്പതോളം സാധനങ്ങളാണു നിലവില്‍ ഇവിടെ കിട്ടുക. അവിയല്‍, തോരന്‍, സാമ്പാര്‍ തുടങ്ങിയവയ്ക്കുവേണ്ടി തയാറാക്കിയ പച്ചക്കറിക്കഷ്ണങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. പ്ലേസ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് വഴിയോ ഇക്കോഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഷോപ്പിംഗ് നടത്താം. ഇതിനുപുറമെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം. നഗരത്തിലെ 25 കിലോമീറ്റര്‍ പരിധിയില്‍ ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കുകൂടി ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കും. മൂവാറ്റുപുഴയിലും സമാനമായ ശ്രമം തുടങ്ങിയിട്ടുണ്ട്. കര്‍ഷക ഉല്‍പ്പാദനസംഘത്തിന്റെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴയില്‍ മൊബൈല്‍ കര്‍ഷക മാര്‍ക്കറ്റ് നടപ്പാക്കി. കാര്‍ഷിക വികസന ക്ഷേമവകുപ്പിന്റെ പിന്തുണയോടെ മൂവാറ്റുപുഴ അഗ്രി ഫ്രെഷ് എന്ന ബ്രാന്‍ഡിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. മൂവാറ്റുപുഴയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മാങ്കോസ്റ്റിന്‍, കപ്പ്, ചക്ക, വാഴപ്പഴം, പൈനാപ്പിള്‍ തുടങ്ങിയവ എറണാകുളം-ആലപ്പുഴ ജില്ലകളിലായി വിപണനം നടത്തുകയാണ് ഇതിന്റെ ലക്ഷ്യം.
പൊക്കാളി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണാനും പ്രാദേശിക കൂട്ടായ്മകളാണു മുമ്പിലുള്ളത്. ഉല്‍പ്പാദനച്ചെലവിനനുസരിച്ച് പൊക്കാളിക്കു വിള കിട്ടുന്നില്ലെന്നതാണു കര്‍ഷകരുടെ പ്രശ്‌നം. ഇതു പരിഹരിക്കാന്‍ സഹകരണവകുപ്പ് പദ്ധതി തയാറാക്കണമെന്ന നിവേദനം മന്ത്രി വി.എന്‍.വാസവനു നല്‍കിയിരുന്നു. പൊക്കാളി നെല്ല് സഹകരണ സംഘങ്ങള്‍ സംഭരിച്ച് അരിയാക്കി പ്രത്യേക ബ്രാന്‍ഡില്‍ വിപണനം നടത്തണമെന്നതാണ് ഇതിലെ ആവശ്യം. അതില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതിനൊപ്പം, കൃഷിവകുപ്പും ഇതിനുള്ള പഠനത്തിനു തീരുമാനിച്ചിട്ടുണ്ട്. പൊക്കാളി നെല്ലിന്റെ ഉല്‍പ്പാദനച്ചെലവ് കണക്കാക്കി സംഭരണവില നിശ്ചയിക്കുന്നതിന് ഇതേക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണു പൊക്കാളി ഉല്‍പ്പന്നങ്ങളുടെ വിപണിയൊരുക്കാന്‍ സന്നദ്ധരായി വോക്കല്‍ ഫോര്‍ ലോക്കല്‍ ഓണ്‍ട്രപ്രണേഴ്‌സ് ഫോറം രംഗത്തുവന്നത്. ഇവര്‍ കടമക്കുടിയിലെ പൊക്കാളി കര്‍ഷകരുടെ യോഗവും വിളിച്ചുചേര്‍ത്തു. പ്രാദേശികവിപണിയുടെ സാധ്യതയാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. പൊക്കാളിയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും നഗരം കേന്ദ്രീകരിച്ച് പൊക്കാളിയുടെ പ്രചരാണാര്‍ഥം ഫെസ്റ്റ് നടത്താനും ഇവര്‍ തയാറായിട്ടുണ്ട്. പ്രധാന ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ കമ്പനിപ്രതിനിധികളുമായി സംസാരിച്ച് പൊക്കാളിയും അവരുടേതായ ബ്രാന്‍ഡാക്കി മാറ്റാനാണ് ഇവരുടെ മറ്റൊരു ശ്രമം. ഇതിലെല്ലാം സഹകരണപങ്കാളിത്തം ഇല്ലാതെ പോകുന്നുവെന്നതാണു പ്രധാന കാര്യം.
സഹകരണമില്ലാത്ത
സ്മാര്‍ട്ട് കാര്‍ഡ്
കര്‍ഷകര്‍ക്കു ലഭ്യമാകുന്ന എല്ലാ പദ്ധതികളും സാമ്പത്തികസഹായങ്ങളും സബ്‌സിഡി സ്‌കീമുകളും ഉള്‍പ്പെടുത്തി തയാറാക്കുന്ന ഒന്നാണു സ്മാര്‍ട്ട് കാര്‍ഡ്. കൃഷിവകുപ്പിന്റെ ‘നിറ’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ കാര്‍ഡ് നല്‍കുന്നത്. ഇതിലും കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നതു ലഭ്യമല്ല. കര്‍ഷകര്‍ക്കു വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുന്ന രീതിയിലുള്ള സമ്പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇ-നിറ സ്മാര്‍ട്ട് കാര്‍ഡ് തയാറാക്കിയിട്ടുള്ളത്. കൃഷിവകുപ്പ് എംയിസ് പോര്‍ട്ടല്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍, വിള ഇന്‍ഷൂറന്‍സ്, റോയല്‍റ്റി, പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍, നെല്ലുസംഭരണ അപേക്ഷകള്‍, കേന്ദ്രസര്‍ക്കാരിന്റെ പി.എം. കിസാന്‍ പദ്ധതിക്കുള്ള അപേക്ഷകള്‍ എന്നിവയുടെ വിവരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ഷകര്‍ക്കുവേണ്ട എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സേവനകേന്ദ്രങ്ങളായി കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ മാറ്റണമെന്നതാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതനുസരിച്ച് കേന്ദ്രപദ്ധതികളുടെ വിവിധങ്ങളായ സേവനം കര്‍ഷകര്‍ക്കു ലഭിക്കാന്‍ ഓരോ കാര്‍ഷിക സഹകരണ സംഘത്തിലൂടെയും ഇത്തരം സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കുകയാണു വേണ്ടത്. ഈ കാര്‍ഡില്‍ത്തന്നെ ഓരോ കര്‍ഷകനും വായ്പപ്പരിധി നിശ്ചയിക്കുകകൂടി ചെയ്താല്‍ ആ കാര്‍ഡ് വായ്പാവിതരണത്തിനും ഉപയോഗിക്കാം. മറ്റു രേഖകളൊന്നുമില്ലാതെ അര്‍ഹമായ ക്രെഡിറ്റ് ലിമിറ്റില്‍നിന്നു കര്‍ഷകനു പണം പിന്‍വലിക്കാനും തിരിച്ചടക്കാനും കഴിയുന്ന സംവിധാനം ഉണ്ടായാല്‍ അതു കാര്‍ഷിക സഹകരണസംഘങ്ങളെ കൂടുതല്‍ കര്‍ഷക സൗഹൃദമാക്കി മാറ്റുമായിരുന്നു. പാലക്കാട് ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ 177 പാടശേഖര സമിതികളിലുള്ള 13,000 കര്‍ഷകര്‍ക്ക് ഇതിനകം നിറ-സ്മാര്‍ട്ട് കാര്‍ഡ് നല്‍കി. സ്വകാര്യ സേവനകേന്ദ്രങ്ങളെ ആശ്രയിക്കാതെ നിറ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച പഞ്ചായത്തുതല ടെക്‌നിക്കല്‍ ടീമിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
കാര്‍ഷിക-മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ജനപ്രിയമാകുന്നതിനു പാക്കിങ് ഒരു പ്രധാന ഘടകമാണ്. ഒരാള്‍ ആദ്യം ഒരു സാധനം വാങ്ങുന്നത് അതിന്റെ പാക്കിങ്ങിലെ ആകര്‍ഷകത കൊണ്ടുകൂടിയാണ്. അതുപയോഗിച്ചശേഷം മാത്രമാണു ഗുണനിലവാരവും രുചിയുമെല്ലാം മനസ്സിലാക്കുന്നത്. ആ സാധനത്തിന്റെ സ്ഥിരം ഉപഭോക്താവായി മാറുന്നതിന് ഈ ഘടകങ്ങള്‍ പ്രധാനമാണ്. ഗുണനിലവാരത്തിലും ശുദ്ധിയിലും മികച്ച നിലവാരുമുള്ളതാണു സഹകരണസംഘങ്ങളുടെയും കര്‍ഷകക്കൂട്ടായ്മകളുടെയും ഉല്‍പ്പന്നങ്ങള്‍. എന്നാല്‍, പാക്കിങ്ങില്‍ ഇവ മികവുറ്റതായി മാറുന്നില്ലെന്നാണു പൊതുവെ വിലയിരുത്തുന്നത്. ഇതു പരിഹരിക്കാന്‍ കൃഷിവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ പാക്കേജിങ്ങിലെ കാലികവും നൂതനവുമായ പ്രണതകളെക്കുറിച്ച് കൃഷിക്കൂട്ടങ്ങള്‍, കാര്‍ഷികോല്‍പ്പാദനസംഘങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പരിശീലനം നല്‍കുന്നതിനു ദേശീയതലത്തില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് എന്ന സ്ഥാപനവുമായി കൃഷിവകുപ്പ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
(മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)