കറന്‍സി നോട്ടില്‍ മാറ്റം വരുത്തില്ല-റിസര്‍വ് ബാങ്ക്
രാജ്യത്തെ കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പകരം രവീന്ദ്രനാഥ ടാഗോര്‍, എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും ആലോചിക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, അത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്നു റിസര്‍വ് ബാങ്ക് തിങ്കളാഴ്ച വ്യക്തമാക്കി.
റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഗാന്ധിജി, ടാഗോര്‍, കലാം എന്നിവരുടെ വാട്ടര്‍മാര്‍ക്കുകളുടെ രണ്ടു വ്യത്യസ്ത സെറ്റ് തയാറാക്കിയതായും വാര്‍ത്തയുണ്ടായിരുന്നു.
കള്ളനോട്ട് തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മഹാത്മജിയെക്കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളുടെ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സിനോട്ടില്‍ വേണമെന്നു റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര സമിതി 2017 ല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
[mbzshare]