എന്നും മാന്തോപ്പിനെ സ്‌നേഹിക്കുന്ന സഹകാരി

- അനില്‍ വള്ളിക്കാട്

പാലക്കാട് മുതലമട സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനകാലം
ഏഴരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. അതിനെ നയിക്കുന്ന
എം. രാധാകൃഷ്ണന്‍ പ്രസിഡന്റ്പദവിയില്‍ എത്തിയിട്ടു
മൂന്നു പതിറ്റാണ്ടായി. മാങ്ങാപ്പട്ടണമായ മുതലമടയില്‍
എന്നും മാവ്കര്‍ഷകര്‍ക്ക് ഒപ്പമാണ് ഈ സഹകാരി.
മൂന്നു പതിറ്റാണ്ടിനിടയില്‍ നിക്ഷേപക്കരുത്തില്‍
ബാങ്കിന്റെ വളര്‍ച്ച നൂറിരട്ടിയാണ്.

കേരളത്തിന്റെ മാങ്ങാപ്പട്ടണമായ മുതലമടയിലെ സഹകരണ ബാങ്കിന്റെ സാരഥിക്കു മാവ്കര്‍ഷകരുടെ ക്ഷേമംതന്നെ മുഖ്യം. മൂന്നു പതിറ്റാണ്ടായി ബാങ്കിന്റെ പ്രസിഡന്റായി തുടരുന്ന എം. രാധാകൃഷ്ണന്‍ മാവ് കര്‍ഷകരുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും അവരുടെ കൂടെയുണ്ട്.

പാലക്കാടിന്റെ തമിഴ്‌നാട്അതിര്‍ത്തിയിലെ വിസ്തൃതമായ പഞ്ചായത്താണു മുതലമട. ഏറ്റവും കൂടുതല്‍ ജലസംഭരണിയുള്ള പ്രദേശം. പറമ്പിക്കുളം വനമേഖല ഉള്‍പ്പെടുന്ന ഗ്രാമം. മുമ്പു കടലക്കൃഷി വ്യാപകമായി നടന്ന പ്രദേശം നഷ്ടത്തെത്തുടര്‍ന്നു മാവ്കൃഷിയിലേക്കു മാറുകയായിരുന്നു. ഇപ്പോള്‍ പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ 80 ശതമാനവും മാന്തോപ്പുകളാണ്. ലോകവിപണിയില്‍ ആദ്യമെത്തുന്ന മാമ്പഴം മുതലമടയിലേതാണെന്നതാണു പ്രധാന സവിശേഷത. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷമായി നഷ്ടത്തിലാണു മുതലമടയിലെ മാമ്പഴവിപണി. ഇതു കര്‍ഷകരെ പ്രയാസത്തിലാക്കുമ്പോള്‍ എം. രാധാകൃഷ്ണന്‍ എന്ന സഹകാരിയുടെ സേവനച്ചുമതല വര്‍ധിക്കുന്നു.

അവിചാരിത
സഹകരണം

മുതലമട മാമ്പള്ളം മിനിപാലസില്‍ പരമ്പരാഗത കര്‍ഷകകുടുംബത്തില്‍ 1953 ലാണു രാധാകൃഷ്ണന്റെ ജനനം. വണ്ടിത്താവളം ഹൈസ്‌കൂളിലും ചിറ്റൂര്‍ ഗവ. കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പൊതുപ്രവര്‍ത്തനത്തിലേക്കൊന്നും ഇറങ്ങാതെ കാര്‍ഷികകാര്യങ്ങള്‍ നടത്തിവന്ന രാധാകൃഷ്ണന്‍ അവിചാരിതമായാണു സഹകരണരംഗത്തേക്കു കടക്കുന്നത്. മുതലമട പടിഞ്ഞാറ് ക്ഷീര സഹകരണസംഘത്തിന്റെ ഡയറക്ടറായി 1992 ലാണ് അരങ്ങേറ്റം. സംഭരിച്ച പാലിനു പണം നല്‍കാന്‍ കഴിയാതെ പ്രയാസപ്പെട്ടിരുന്ന കാലത്തായിരുന്നു സഹകരണരംഗത്തേക്കുള്ള വരവ്. സ്വന്തം കൈയിലെ പണം ക്ഷീരകര്‍ഷകര്‍ക്കു നല്‍കിയാണു സംഘം മുന്നോട്ടുനീങ്ങിയതെന്നു രാധാകൃഷ്ണന്‍ ഓര്‍ക്കുന്നു. ഇന്നു നാലായിരം ലിറ്റര്‍ പാല്‍ ദിനംപ്രതി അളക്കുന്ന മികച്ച ക്ഷീരസംഘമായി ഉയര്‍ന്നു. മൂന്നു പതിറ്റാണ്ട് പിന്നിട്ട ഡയറക്ടര്‍സ്ഥാനം രാധാകൃഷ്ണന്‍ ഇപ്പോഴും തുടരുകയു ചെയ്യുന്നു.

ക്ഷീര സംഘത്തില്‍ സഹകാരിപ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകംതന്നെ സഹകരണ ബാങ്കിന്റെ സാരഥിയാകുന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. മുന്‍ എം.എല്‍.എ. കെ. അച്യുതന്റെ നിര്‍ദേശത്തോടെയാണു മുതലമട ബാങ്കിന്റെ പ്രസിഡന്റാകുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ത്തന്നെ പ്രസിഡന്റായി തുടങ്ങിയ രാധാകൃഷ്ണന്റെ ബാങ്കിലെ സേവനത്തിനും മൂന്നു പതിറ്റാണ്ട് പ്രായം. കര്‍ഷകമനസ്സിന്റെ സ്‌നേഹബലത്തിലാണു രാധാകൃഷ്ണന്റെ നീണ്ടകാലത്തെ സഹകരണസഞ്ചാരം. രാഷ്ട്രീയത്തിലൊന്നും അധികം തലയിടാതെ എല്ലാ കര്‍ഷകരെയും ഒരുപോലെ ചേര്‍ത്തു പിടിച്ചുകൊണ്ട് നീങ്ങാനായതു ബാങ്കിന്റെ വലിയ മുന്നേറ്റത്തിനു കാരണമായി. സുഗന്ധിയാണു രാധാകൃഷ്ണന്റെ ഭാര്യ. ശ്രുതി, സ്മൃതി എന്നിവര്‍ മക്കള്‍.

നൂറിരട്ടി
വളര്‍ച്ച

എം. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ ബാങ്ക് നേടിയതു നൂറിരട്ടി വളര്‍ച്ച. ഒരു കോടി രൂപ നിക്ഷേപമുണ്ടായിരുന്നിടത്തു ബാങ്ക് എത്തിയത് 108 കോടി രൂപയിലേക്ക്. 1946 ല്‍ കിഴക്കേത്തറ പ്രൊഡ്യൂസര്‍ കം കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ തുടങ്ങിയ സംഘമാണ് ഇന്നത്തെ ബാങ്കായി മാറിയത്. കഴിഞ്ഞ 30 വര്‍ഷമായി ബാങ്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. പരമാവധി 25 ശതമാനം ലാഭവിഹിതം എല്ലാ വര്‍ഷവും അംഗങ്ങള്‍ക്കു നല്‍കുന്നുമുണ്ട്. 80 കോടി രൂപയുടെ വായ്പാ ബാക്കി ബാങ്കിനുണ്ട്.

ഒരേക്കറിന് അര ലക്ഷം രൂപ എന്ന കണക്കില്‍ മാവ്കര്‍ഷകര്‍ക്കു വായ്പ നല്‍കി മാന്തോപ്പിനെ സംരക്ഷിച്ചുനിര്‍ത്താന്‍ ബാങ്ക് ശ്രമിക്കുന്നുണ്ട്. നെല്‍ക്കര്‍ഷകര്‍ക്ക് ആറു മാസത്തെ കാലാവധിക്കു പലിശരഹിത വായ്പ നല്‍കുന്നുണ്ട്. തേങ്ങ, മാവ്, നിലക്കടല എന്നീ ഇനങ്ങള്‍ക്ക് അഞ്ച് ഏക്കറില്‍ താഴെയുള്ള കര്‍ഷകര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കുന്ന പക്ഷം സര്‍ക്കാരിന്റെ ഉത്തേജനപ്പലിശപ്പദ്ധതി പ്രകാരം പലിശ ഈടാക്കാതെ വായ്പ നല്‍കും. കുടില്‍വ്യവസായം, പശുവളര്‍ത്തല്‍, ടൈലറിംഗ് എന്നീ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് ‘മഹിളാ ശക്തി’ വായ്പ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഒന്നരക്കോടിയിലേറെ രൂപ സഹായം നല്‍കി.

രാസവളങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, പി.വി.സി. പൈപ്പുകള്‍ എന്നിവയുടെ വില്‍പ്പന ബാങ്ക് നടത്തുന്നുണ്ട്. രണ്ടേകാല്‍ കോടി രൂപയുടെ രാസവള വില്‍പ്പനയും 34.79 ലക്ഷം രൂപയുടെ പി.വി.സി. പൈപ്പുകളുടെ വില്‍പ്പനയും 17.28 ലക്ഷം രൂപയുടെ കാര്‍ഷികോപകരണങ്ങളുടെ വില്‍പ്പനയും കഴിഞ്ഞ വര്‍ഷം നടന്നു.

കാമ്പ്രത്ത്ചള്ളയിലെ ഹെഡ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കീടനാശിനി വില്‍പ്പനകേന്ദ്രമാണു ബാങ്കിന്റെ പുതിയ സംരംഭം. മൂന്നു മാസത്തിനിടെ 1500 ടണ്‍ കീടനാശിനിയാണ് ഇവിടെ വിറ്റുപോയത്. തമിഴ്‌നാട് വിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്കു കീടനാശിനി കിട്ടുന്നതു കര്‍ഷകര്‍ക്കു വലിയ ആശ്വാസമാണെന്നു പ്രസിഡന്റ് പറഞ്ഞു.

പുതൂരിലും നണ്ടന്‍കിഴായയിലും രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ഹെഡ് ഓഫീസും ശാഖകളും ആധുനിക സൗകര്യങ്ങളോടെയാണു പ്രവര്‍ത്തിക്കുന്നത്. പതിമൂവായിരത്തോളം അംഗങ്ങളുള്ള ബാങ്കിന് 23 ജീവനക്കാരുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്ത് ചിറ്റൂര്‍ സര്‍ക്കിള്‍തലത്തില്‍ ബാങ്കിനു പുരസ്‌കാരം ലഭിച്ചിരുന്നു. എന്‍. സേതു വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ പി.എസ്. സുലൈമാന്‍, കെ. ഭൂപതി, എന്‍. കൃഷ്ണന്‍കുട്ടി, വി.എസ്. അയൂബ് ഖാന്‍, എസ്. കൃഷ്ണമൂര്‍ത്തി, കെ. രവീന്ദ്രന്‍, കെ. സാഗര്‍, മനോന്മണി, ജാസ്മിന്‍, ശ്യാമള എന്നിവര്‍ അംഗങ്ങളാണ്. ടി. ശിവദാസനാണു സെക്രട്ടറി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News