ഉസ്ബക്കിസ്താന്‍-ഇന്ത്യ ഹെല്‍ത്ത് ഫോറത്തില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ പങ്കെടുക്കും
ഉസ്ബക്കിസ്താനും ഇന്ത്യയും ചേര്‍ന്നു ഏപ്രില്‍ 13 മുതല്‍ 15 വരെ താഷ്‌കന്റില്‍ നടത്തുന്ന ഉസ്ബക്കിസ്താന്‍-ഇന്ത്യ ഹെല്‍ത്ത് ഫോറത്തില്‍ കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററും പങ്കെടുക്കും. കാന്‍സര്‍ വിഭാഗത്തിലേക്കു ഇന്ത്യയില്‍ നിന്നു എം.വി.ആര്‍. കാന്‍സര്‍ സെന്ററടക്കം ഏതാനും ആശുപത്രികളെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളു. എം.വി.ആറിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സജീവന്‍, കെയര്‍ ഫൗണ്ടേഷന്‍ ഡയരക്ടറും വൈസ് ചെയര്‍മാനുമായ പി.കെ. അബ്ദുള്ളക്കോയ എന്നിവരാണു സമ്മേളനത്തില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററിനെ പ്രതിനിധാനം ചെയ്യുകയെന്നു മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍കുട്ടി വാരിയര്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തില്‍ ഹെല്‍ത്ത് ഫോറത്തില്‍ ഒപ്പിടുന്നുണ്ട്.
ഉസ്ബക്കിസ്താനിലെ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എം.വി.ആറിലെ ഡോക്ടര്‍മാരെ പരിശീലിപ്പിച്ച് നൂതനചികിത്സാരീതിക്കു അവരെ പ്രാപ്തരാക്കുമെന്നു ഡോ. വാരിയര്‍ പറഞ്ഞു. അതുപോലെ, ഉസ്ബക്കിസ്താനിലെ കാന്‍സര്‍ ചികിത്സകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എം.വി.ആര്‍. കാന്‍സര്‍ സെന്ററിലും പരിശീലനം നല്‍കും.
ഉസ്ബക്കിസ്താന്‍ ആരോഗ്യമന്ത്രാലയവും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്നാണു ഹെല്‍ത്ത് ഫോറം സംഘടിപ്പിക്കുന്നത്. ആരോഗ്യരക്ഷ, ഫാര്‍മസ്യൂട്ടിക്കല്‍, പാരമ്പര്യഔഷധങ്ങള്‍, ആരോഗ്യരംഗത്തെ ഡിജിറ്റലൈസേഷന്‍, ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുത്തു സഹകരിക്കുന്നതിനെക്കുറിച്ച് ഹെല്‍ത്ത് ഫോറം ചര്‍ച്ച ചെയ്യും. ഉസ്ബക്കിസ്താനും ഇന്ത്യയും തമ്മില്‍ സാംസ്‌കാരിക-സാമ്പത്തികരംഗങ്ങളില്‍ ദീര്‍ഘകാലത്തെ ബന്ധമുണ്ടെങ്കിലും ആരോഗ്യരക്ഷാമേഖലയില്‍ സഹകരണം ശക്തിപ്പെടുന്നത് ഈയടുത്ത കാലത്താണ്. താഷ്‌ക്കന്റില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തോടെ ആരോഗ്യമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാകുമെന്നാണു പ്രതീക്ഷ.
ഇരുരാജ്യങ്ങളിലുമുള്ള ആരോഗ്യരക്ഷാമേഖലയിലെ പ്രൊഫഷണലുകളും നയനിര്‍മാതാക്കളും തമ്മില്‍ ആശയങ്ങളും മികച്ച പ്രവര്‍ത്തനരീതികളും പങ്കുവെക്കുക, പ്രധാന ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക, ഇരുരാജ്യങ്ങളിലുമുള്ള ആരോഗ്യരക്ഷാ സംഘടനകളും കമ്പനികളും തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവ സമ്മേളനലക്ഷ്യങ്ങളാണ്. ഇരുരാജ്യങ്ങളിലുമുള്ള ആരോഗ്യരക്ഷാ മാതൃകകള്‍, ആരോഗ്യരംഗത്തെ നൂതനസാങ്കേതികവിദ്യകള്‍, രോഗീപരിചരണം, ആരോഗ്യരക്ഷാനയം, ആരോഗ്യരക്ഷാരംഗത്തെ ധനസഹായവും പരിരക്ഷയും, മെഡിക്കല്‍ വിദ്യാഭ്യാസവും പരിശീലനവും, ടെലിമെഡിസിനും ഡിജിറ്റല്‍ ഹെല്‍ത്തും, ആരോഗ്യരംഗത്തു സംയുക്തഗവേഷണത്തിനും വികസനത്തിനുമുള്ള സാധ്യതകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.