ഇൻകം ടാക്സ് വിഷയം – കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ബോധ്യപ്പെടുത്തി പരിഹാരംകാണാൻ സഹകരണ കൂട്ടായ്മയിൽ തീരുമാനം.

adminmoonam

രാഷ്ട്രീയത്തിന് അപ്പുറത്ത് സഹകരണ രാഷ്ട്രീയം ചർച്ച ചെയ്ത് സഹകരണ കൂട്ടായ്മ, ഇൻകം ടാക്സ് വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ബോധ്യപ്പെടുത്തി പ്രശ്നപരിഹാരത്തിനായി കൂട്ടായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ സഹകാരികൾ, ആശങ്കകളും പരാതികളും എറണാകുളത്തു കേരള സഹകരണ ഫെഡറേഷൻ നേതൃത്വം നൽകിയ ചർച്ചയിൽ പങ്കുവെച്ചു. രാഷ്ട്രീയത്തിന് പുറത്ത് ഒരു വേദിയിലിരുന്ന സഹകാരികൾ വിഷയത്തിൽ നിയമ സാധ്യതയും ആരാഞ്ഞു. കാലഘട്ടത്തിനനുസരിച്ച് സഹകരണമേഖലയിലും ബാങ്കിംഗ് രീതിയിലും വരുത്തേണ്ട മാറ്റങ്ങളും ചർച്ചയായി. ഇൻകം ടാക്സ് ഇളവുകൾ ലഭിക്കേണ്ട സാധ്യതകൾ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ പങ്കുവെച്ചു.

സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.പി. സാജു, കൺസ്യൂമർ ഫെഡ് മുൻ എം.ഡി രാമനുണ്ണി, മുതിർന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് സി.ബി.എം വാരിയർ, അഡ്വക്കേറ്റ് സ്വാതി കുമാർ, അഡ്വ പ്രദീപ്, ടാക്സ് കൺസൾട്ടന്റ്മാരായ ജ്യോതി അയ്യർ, മനോറാം മാധവൻ, ഗിരിശങ്കർ, സഹകരണ വകുപ്പ് മുൻ അഡീഷണൽ രജിസ്ട്രാർ സുരേഷ് ബാബു, മുതിർന്ന സഹകാരി എം.പി പൗലോസ്, മുപ്പത്തടം സഹകരണ ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു, എന്നിവർ സംശയങ്ങൾക്കും ആശങ്കകൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുകയും ക്രിയാത്മക നടപടികളിലേക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി ഉൾപ്പെടെയുള്ളവർക്ക് വിശദമായ നിവേദനം കൂട്ടമായി നൽകാനും വരും ദിവസങ്ങളിൽ മറ്റു ജില്ലകളിൽ സഹകാരികൾക്ക് ഗുണകരമാകുന്ന രീതിയിൽ തുടർച്ചകളും നടപടികളും സംയോജിപ്പിച്ച് കൊണ്ടുപോകാനും കൂട്ടായ്മ തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള നൂറിലധികം പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തു ആശയങ്ങളും ആശങ്കകളും പങ്കു വെച്ചത്. മൂന്നാംവഴി സഹകരണ മാഗസിനാണ് ചർച്ചകൾക്ക് ക്രിയാത്മകമായ നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!