സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലമാറ്റ നടപടികള്‍ വേഗത്തിലാക്കുന്നു

moonamvazhi

സഹകരണ വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന് ഉദ്യോഗസ്ഥരുടെ ജില്ലതിരിച്ചുള്ള ഡാറ്റബേസ് തയ്യാറാക്കി ക്രമീകരിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനമൊരുക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് കത്ത് നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലമാറ്റ രീതി നടപ്പാക്കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടികള്‍ക്ക് ജീവന്‍വെക്കുന്നത്.

സഹകരണ വകുപ്പില്‍ ജീവനക്കാരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം ഓണ്‍ലൈനാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. രാഷ്ട്രീയ ഇടപെടല്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് സഹകരണ വകുപ്പിലാണ്. ഈ രാഷ്ട്രീയ താല്‍പര്യമാണ് ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിനും തടസ്സമാകുന്നത്. നിരന്തരം വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നവരാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇതില്‍ സഹകരണ സംഘം രജിസ്ട്രാറെ ഉള്‍പ്പടെ ട്രിബ്യൂണല്‍ നേരില്‍ കേട്ടിരുന്നു. ഇതിന് ശേഷമാണ് ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാക്കണമെന്ന് ഉത്തരവിട്ടത്.

ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് 2017-ല്‍ പൊതുഭരണ വകുപ്പ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതാണ് സഹകരണ വകുപ്പിനും ബാധകം. ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി പൊതുസ്ഥലം മാറ്റത്തിന് മുന്‍ഗണന പട്ടിക തയ്യാറാക്കേണ്ടതാണെന്നാണ് നിര്‍ദ്ദേശം. ഈ പട്ടികയില്‍നിന്ന് ക്യൂ സമ്പ്രദായം പാലിച്ച സ്ഥലം മാറ്റം നടപ്പാക്കണം. ഒരു സ്റ്റേഷനില്‍ മൂന്നുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കാത്തവരെ സ്ഥലം മാറ്റത്തിന് പരിഗണിക്കരുതെന്നും പൊതുനിബന്ധനയുണ്ട്.

ഈ വ്യവസ്ഥകള്‍ അനുസരിച്ച് സ്ഥലം മാറ്റം നടപ്പാക്കുന്നതിന് ഓരോ വകുപ്പുകളും ജീവനക്കാരുടെ ഇലക്ട്രോണിക് ഡാറ്റ ബേസ് തയ്യാറാക്കണമെന്ന് 2021 ഒക്ടോബര്‍ 21ന് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഡാറ്റ ബേസ് അടിസ്ഥാനമാക്കി സ്ഥലം മാറ്റം മുഴുവന്‍ ഓണ്‍ലൈനായി നടത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നുണ്ട്. പൊതുസ്ഥലം മാറ്റം സുതാര്യമാക്കണമെന്നും അതിനാല്‍, ഓണ്‍ലൈന്‍ സ്ഥലം മാറ്റം കര്‍ശനമാക്കണമെന്നുമാണ് പൊതുഭരണവകുപ്പിന്റെ നിര്‍ദ്ദേശം. ഇത് സഹകരണ വകുപ്പില്‍ വൈകുന്നതാണ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്തത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് ജീവനക്കാരുടെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍ നിശ്ചിത പെര്‍ഫോമയില്‍ ശേഖരിച്ചിരുന്നു. ഇതിന് ഡിജിറ്റല്‍ ഡാറ്റബേസ് ഒരുക്കാനാണ് എന്‍.ഐ.സി.യോട് ആവശ്യപ്പെട്ടുള്ളത്. പൊതുസ്ഥലം മാറ്റം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളുടെ കരടും സഹകരണ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അത് ഉദ്യോഗസ്ഥ തലത്തിലും സര്‍വീസ് സംഘടനകളുമായും ചര്‍ച്ചയ്ക്ക് ശേഷം വേഗത്തില്‍ നടപ്പാക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published.

Latest News