സഹകരണ പരീക്ഷയും നിയമന നടപടികളും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുന്നു

moonamvazhi

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി. റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിനൊപ്പം, റിക്രൂട്ട്‌മെന്റ് നടപടികള്‍ ഡിജിറ്റല്‍ പ്രോസസിലേക്ക് മാറ്റും. ഇതിനായി റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ സിസ്റ്റം കൊണ്ടുവരുന്നതിന് പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കുകയാണ്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് സംവിധാനം ഒരുക്കുന്നതിനുള്ള ചുമതല സി-ഡിറ്റിനാണ് നല്‍കിയിട്ടുള്ളത്. ഇതിനായി വരുന്ന ചെലവിന്റെ 20 ശതമാനം തുക സര്‍ക്കാര്‍ സി-ഡിറ്റിന് അനുവദിച്ചിട്ടുണ്ട്. വിശദമായ പദ്ധതി രേഖ, സോഫ്റ്റ് വെയര്‍ റിക്വയര്‍മെന്റ് സ്‌പെസിഫിക്കേഷന്‍ എന്നിവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദശവും പണം അനുവദിക്കുന്നതിനൊപ്പം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പ്രൊജക്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഇതെല്ലാം പാലിച്ചുകൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും ഫണ്ട് ചെലവഴിക്കുന്നതെന്നും നിരീക്ഷിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

സഹകരണ സംഘങ്ങളിലെ പാര്‍ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ള എല്ലാ നിയമനങ്ങളും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നിയമഭേദഗതി അടുത്ത നിയമസഭ സമ്മേളനത്തില്‍ കൊണ്ടുവരും. അതിനൊപ്പം റിക്രൂട്ട്‌മെന്റ് നടപടികളും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാനുള്ള സാങ്കേതിക സംവിധാനം കൂടി സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നത് അടക്കമുള്ള ആരോപണങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നേരിട്ടതും പരിഷ്‌കരണത്തിന് കാരണമായിട്ടുണ്ട്.

നിലവില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നീ സംഘങ്ങളില്‍ നേരിട്ട് നിയമനം നടത്തുന്ന ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലോട്ടുള്ള എല്ലാ തസ്തികളിലേക്കും എഴുത്തുപരീക്ഷ നടത്തുന്നത് ബോര്‍ഡാണ്. ബാങ്കുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അനുസരിച്ച് ബോര്‍ഡ് അതില്‍ വിജ്ഞാപനം ഇറക്കും. ഇതിന് ശേഷം അപേക്ഷിച്ചവര്‍ക്കായി ഒ.എം.ആര്‍. പരീക്ഷ നടത്തും.

പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയാണ് അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക. അതത് ബാങ്കാണ് അഭിമുഖം നടത്തുന്നത്. ഒരു ഒഴിവിന് 15 ഉദ്യോഗാര്‍ത്ഥികളെ വീതം എന്നരീതിയില്‍ കണക്കാക്കിയാകും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ബാങ്കിന് അഭിമുഖത്തിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക നല്‍കുക.ബാങ്ക് അഭിമുഖം നടത്തി അതിന്റെ മാര്‍ക്ക് വിവരങ്ങള്‍ ബോര്‍ഡിന് നല്‍കുന്നു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്ക് കൂട്ടി ബോര്‍ഡ് റാങ്ക് പട്ടിക തയ്യാറാക്കും. ഒ.എം.ആര്‍. പരീക്ഷ 80 മാര്‍ക്കിനും അഭിമുഖം 15 മാര്‍ക്കിനുമാണ്. ഇത്രയും നടപടികള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുന്നതോടെ സഹകരണ സംഘങ്ങളിലെ നിയമന നടപടികള്‍ വേഗത്തിലും സുതാര്യവുമാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News