സഹകരണ നിക്ഷേപ ഗ്യാരന്റി ഉയര്‍ത്തിയില്ല; പരിഗണനയിലെന്ന് സര്‍ക്കാര്‍

moonamvazhi

കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനുള്ള ഗ്യാരന്റി പരിരക്ഷ അഞ്ചുലക്ഷമാക്കി ഉയര്‍ത്താനുള്ള തീരുമാനം നടപ്പായില്ല. നിലവില്‍ രണ്ടുലക്ഷമാണ് പരിധി. ഇത് വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രഖ്യാപിച്ചിട്ട് ഒരുവര്‍ഷമായി. ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഇതിനുള്ള തീരുമാനമെടുത്തുവെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ച നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ഗ്യാരന്റി പരിരക്ഷ ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ പ്രതിസന്ധിയുടെയും സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് റിസര്‍വ് ബാങ്കിന്റെ പരിരക്ഷയില്ലെന്ന് ആര്‍.ബി.ഐ. പത്രപരസ്യം നല്‍കിയതിന്റെയും പശ്ചാത്തലത്തിലാണ് ഗ്യാരന്റി പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായത്. രണ്ടര ലക്ഷം കോടി നിക്ഷേപമാണ് കേരളത്തിലെ സഹകരണ മേഖലയിലുള്ളത്. ഈ നിക്ഷേപം സുരക്ഷിതമല്ലെന്ന് റിസര്‍വ് ബാങ്ക് പരസ്യമായി പറയുമ്പോള്‍ ഇടപാടുകാരുടെ വിശ്വാസം വളര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു സഹകാരികള്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്യാരന്റി പരിധി ഉയര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

നിയമസഭയില്‍ പി.ബാലചന്ദ്രന്‍, പി.എസ്.സുപാല്‍, ഇ.കെ.വിജയന്‍, വാഴൂര്‍ സോമന്‍ എന്നീ എം.എല്‍.എ.മാരാണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും സഹകരണ നിക്ഷേപങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നായിരുന്നു ചോദ്യം.

നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ ആകെ നിക്ഷേപത്തിന് അനുസരിച്ച് വിഹിതം അടക്കുകയും തുടര്‍ന്ന് ഓരോ വര്‍ഷവും നിക്ഷേപത്തിലുണ്ടാകുന്ന വര്‍ദ്ധനവിന് അനുസരിച്ച് വിഹിതം അടച്ച് പുതുക്കുകയും ചെയ്ത സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ രണ്ടുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് പരിരക്ഷ നല്‍കുന്നുണ്ടെന്നാണ് മറുപടി. സഹകരണ മേഖലയുടെ വിശ്വാസ്യത ആര്‍.ബി.ഐ.യില്‍ നിന്നു തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായിട്ടും വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുകയാണെന്നാണ് ഈ മറുപടി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!