സഹകരണ നയത്തിന് കരടായി; ജില്ലാബാങ്കുകളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദം

moonamvazhi

കേന്ദ്രസര്‍ക്കാരിന്റെ കരട് സഹകരണ നയത്തിലെ നിര്‍ദ്ദേശം കേരളത്തിലെ സഹകരണ മേഖലയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്നു. എല്ലാ റവന്യൂ ജില്ലകളിലും ജില്ലാസഹകരണ ബാങ്കുകള്‍ വേണമെന്നാണ് കരട് നയത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ മേഖല, പ്രത്യേകിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ശക്തിപ്പെടണമെങ്കില്‍ ജില്ലാബാങ്കുകള്‍ നിര്‍ബന്ധമായി ഉണ്ടാകേണ്ടതുണ്ടെന്നാണ് നിര്‍ദ്ദേശം. പ്രാദേശിക വികസനത്തിനും ജീവനോപാദികള്‍ മെച്ചപ്പെടുത്തുന്നതിനും സഹകരണ സംഘങ്ങളിലൂടെ വായ്പ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന് ജില്ലാസഹകരണ ബാങ്കുകള്‍ക്കാണ് കഴിയുകയെന്നാണ് കരട് നയത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്നുതട്ടിലുള്ള സഹകരണ വായ്പ ഘടന അനിവാര്യമാണോയെന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുസമിതിയെ നിയോഗിച്ചിരുന്നു.നബാര്‍ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും നിലവിലെ ചെയര്‍മാനുമായ കെ.വി.ഷാജിയാണ് സമിതിയുടെ ചെയര്‍മാന്‍. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ സതിഷ് മറാട്ടെ, എന്‍.സി.സി.ടി. സെക്രട്ടറി മോഹന്‍ മിശ്ര, നാഫ്‌സ്‌കബ് മാനേജിങ് ഡയറക്ടര്‍ ഭീമ സുബ്രഹ്മണ്യം എന്നിവരാണ് ഇതിലെ അംഗങ്ങള്‍. ഈ സമിതി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സഹകരണ കരട് നയത്തില്‍ ഇത്തരമൊരു ശുപാര്‍ശ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ആവശ്യമായ കൂടിയാലോചനകള്‍ നടത്തി ജില്ലാബാങ്കുകള്‍ എല്ലാജില്ലയിലും ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. പ്രാഥമിക സഹകരണ ബാങ്കുകളെ ഒരു പഞ്ചായത്തിലെ അടിസ്ഥാന സേവന കേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാഥമിക ബാങ്കുകള്‍ക്ക് എല്ലാ സേവനങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കാനാകണം. ഇതിന് ഹ്രസ്വ-ദീര്‍ഘകാല വായ്പകള്‍ ലഭ്യമാകേണ്ടതുണ്ട്. ആവശ്യത്തിന് വായ്പ വിതരണം പ്രാദേശിക തലത്തില്‍ ലഭ്യമാക്കുന്നതിന് ജില്ലാസഹകരണ ബാങ്കുകള്‍ക്കാണ് കഴിയുക. അതിനാല്‍, മൂന്നുതട്ടിലുള്ള വായ്പ ഘടനയാണ് രാജ്യത്ത് വേണ്ടതെന്ന് കരട് നയത്തില്‍ പറയുന്നു.

റൂറല്‍ ക്രഡിറ്റ് സര്‍വേ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ജില്ലാസഹകരണ ബാങ്കുകള്‍ നിലവില്‍വരുന്നത്. റവന്യൂ ജില്ലകള്‍ അടിസ്ഥാനമാക്കി ജില്ലാസഹകരണ ബാങ്കുകള്‍ രൂപീകരിക്കാന്‍ റിസര്‍വ് ബാങ്കാണ് നിര്‍ദ്ദേശം നല്‍കിയത്. 1958-ലാണ് കേരളത്തില്‍ സഹകരണ ബാങ്കുകള്‍ വരുന്നത്. തിരുവിതാംകൂര്‍ മേഖലയിലായിരുന്നു ഇത്. സംസ്ഥാന ബാങ്കിന്റെ ശാഖകളെ ജില്ലാസഹകരണ ബാങ്കുകളാക്കി മാറ്റുകയാണ് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലാബാങ്കുകളാണ് ആദ്യം ഘട്ടത്തില്‍ നിലവില്‍വന്നത്. കേരളത്തിലെ ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്കായി മാറ്റിയത് 2018 ലാണ്. ഒരുപാട് നിയമയുദ്ധങ്ങളും രാഷ്ട്രീയതര്‍ക്കങ്ങളും ഒടുവിലായിരുന്നു കേരളബാങ്കിന്റെ രൂപീകരണം. വീണ്ടും ജില്ലാസഹകരണ ബാങ്കുകള്‍ രൂപവത്കരിക്കണമെന്ന നയം രാജ്യത്തുണ്ടായാല്‍ അത് കേരളത്തില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!