സഹകരണമേഖല തുടങ്ങുന്ന വ്യവസായപാര്‍ക്കുകള്‍ക്കും മൂന്നു കോടി രൂപവരെ ആനുകൂല്യം നല്‍കും- മന്ത്രി പി.രാജീവ്

moonamvazhi

സഹകരണമേഖലയില്‍ തുടങ്ങുന്ന വ്യവസായ പാര്‍ക്കുകള്‍ക്ക് സ്വകാര്യമേഖലയിലെ വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി അനുവദിക്കുന്ന മൂന്നു കോടി രൂപ വരെയുള്ള ആനുകൂല്യം നല്‍കുമെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.

എറണാകുളം മറൈന്‍ ഡ്രൈവില്‍ ശനിയാഴ്ച ആരംഭിച്ച രണ്ടാമതു സഹകരണ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വ്യവസായമന്ത്രി. പത്തു ഭക്ഷ്യ സംസ്‌കരണ പാര്‍ക്കുകള്‍ വ്യവസായ വകുപ്പ് തുടങ്ങുന്നുണ്ടെന്നു മന്ത്രി രാജീവ് അറിയിച്ചു. ഇതില്‍ രണ്ടെണ്ണം ഈ വര്‍ഷംതന്നെ തുടങ്ങും. ഇതില്‍ പലതും സഹകരണവകുപ്പുമായി സഹകരിച്ചു കൊണ്ടായിരിക്കും തുടങ്ങുക. എല്ലാ ജില്ലകളിലും വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനുള്ള ധാരണ ഉണ്ടായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

സഹകരണമന്ത്രി വി.എന്‍. വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എ.മാരായ ആന്റണി ജോണ്‍, വി.എസ്. ജോയ്, ടി. ജെ. വിനോദ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സഹകരണ വകുപ്പ് ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍.എം.എസ്., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുന്‍ സഹകരണമന്ത്രി എസ്. ശര്‍മ, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണസംഘം രജിസ്ട്രാര്‍ സുഭാഷ്. ടി.വി. നന്ദിയും പറഞ്ഞു.

സഹകരണസംഘങ്ങളുടെ മുന്നൂറോളം സ്റ്റാളുകള്‍ എക്‌സ്‌പോയില്‍ അണിനിരക്കുന്നുണ്ട്. സഹകരണ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എക്‌സ്‌പോയില്‍ നടക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍, പുസ്തകപ്രകാശനം, കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. ഒമ്പതു ദിവസം നീളുന്ന എക്‌സ്‌പോ ഏപ്രില്‍ മുപ്പതിനവസാനിക്കും.

Leave a Reply

Your email address will not be published.