സഹകരണത്തിന്റെ ദേശീയമുഖം മാറുന്നു

- കിരണ്‍ വാസു

സഹകരണത്തിന്റെ സ്വഭാവം പ്രാദേശികസാഹചര്യങ്ങള്‍ക്കും ജനങ്ങളുടെ ജീവനോപാധിക്കും ജീവിതരീതിയ്ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നു വിലയിരുത്തിയാണു സഹകരണത്തെ സംസ്ഥാനവിഷയമാക്കി മാറ്റിയത്. പ്രാദേശികതലത്തില്‍നിന്നു കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കേന്ദ്രതലത്തില്‍ പരിഷ്‌കരണം നടപ്പാക്കുന്ന പുതിയ കാഴ്ച്ചപ്പാടാണു സഹകരണമന്ത്രാലയത്തിനു കീഴില്‍ ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുന്നവിധത്തില്‍ കേന്ദ്രതീരുമാനം അധീശത്വം നേടുമോയെന്ന ആശങ്ക സഹകാരികള്‍ക്കിടയിലുണ്ട്.

 

കേന്ദ്രത്തില്‍ പുതിയ സഹകരണമന്ത്രാലയം രൂപവത്കരിച്ച ഘട്ടത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ സഹകരണ പരിഷ്‌കാരത്തിന് ഒരുങ്ങുകയാണെന്നു വ്യക്തമായിരുന്നു. സ്വതന്ത്രഭാരതത്തില്‍ ആദ്യമായാണു സഹകരണമേഖലയില്‍ ഇത്രയധികം പരിഷ്‌കാരങ്ങള്‍ ഒന്നിച്ചുവരുത്തുന്നത്. അതില്‍ നിയമപരവും ഭരണപരവുമായ മാറ്റങ്ങളുണ്ട്. സഹകരണം ഒരു സംസ്ഥാന വിഷയമാണെങ്കിലും അതു കേന്ദ്രതലത്തില്‍ തീരുമാനിക്കപ്പെടുന്നുവെന്ന തോന്നല്‍ ഈ ഘട്ടത്തില്‍ മിക്കവാറും സംസ്ഥാനങ്ങളിലെ സഹകാരികളില്‍ പ്രകടമാണ്. ഇതിനകം വന്നുകഴിഞ്ഞ പല പരിഷ്‌കാര നടപടികളും കോടതിയില്‍ ചോദ്യം ചെയ്യാന്‍ ചിലര്‍ തയാറായത് ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ്. അപ്രതീക്ഷിതവും അതേസമയം സമഗ്രവുമായ മാറ്റം സഹകരണമേഖലയില്‍ ദേശീയതലത്തില്‍ കൊണ്ടുവരുന്നു എന്നതാണ് ഈ സംശയത്തിനുള്ള കാരണം. സംസ്ഥാനങ്ങളിലൂടെ സഹകരണവികസനം എന്നതാണ് ഇതുവരെ കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്ന രീതി. സഹകരണത്തിന്റെ സ്വഭാവം പ്രാദേശിക സാഹചര്യങ്ങള്‍ക്കും ജനങ്ങളുടെ ജീവനോപാധി, ജീവിതരീതി എന്നിവയ്ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നു വിലയിരുത്തിയാണു സഹകരണത്തെ സംസ്ഥാനവിഷയമാക്കി മാറ്റിയത്. അതേസമയം, അടിസ്ഥാന ജനവിഭാഗങ്ങളിലേക്കു സര്‍ക്കാര്‍സഹായം എത്തുന്നതിനുള്ള പ്രധാന ഭരണമാധ്യമമായാണു സഹകരണപ്രസ്ഥാനം നിലകൊള്ളുന്നത്. ആ രീതിയിലാണു കേന്ദ്രസര്‍ക്കാരുകള്‍ അതിനെ പരിഗണിച്ചിരുന്നത്. പ്രാദേശികതലത്തില്‍നിന്നു കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കേന്ദ്രതലത്തില്‍ പരിഷ്‌കരണം നടപ്പാക്കുന്ന പുതിയ കാഴ്ച്ചപ്പാടാണു സഹകരണമന്ത്രാലയത്തിനു കീഴില്‍ ഇപ്പോള്‍ നടക്കുന്നത്. ഇതു നല്ല രീതിയാണ്. എന്നാല്‍, ഇപ്പോഴത്തെ തീരുമാനങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു കാര്യമായ പങ്കാളിത്തമില്ല. സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി ചെയ്യേണ്ട കാര്യങ്ങളാണോ കേന്ദ്രതലത്തില്‍ കൊണ്ടുവന്നിട്ടുള്ളത് എന്നു ചോദിച്ചാല്‍, അല്ല. അതേസമയം, കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെസംബന്ധിച്ച് സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഇരുട്ടിലാണ് എന്നതാണു പ്രശ്‌നം. വന്നുകഴിയുമ്പോള്‍ ബോധ്യപ്പെടുന്ന ഒന്നായി ഈ പരിഷ്‌കാരം മാറുന്നുണ്ട്. അതാണു സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുന്നവിധത്തില്‍ കേന്ദ്രതീരുമാനം അധീശത്വം നേടുമോയെന്ന ആശങ്ക സഹകാരികള്‍ക്കിടയിലുണ്ടാകാന്‍ കാരണം.

 

നെഹ്രുവിന്റെ
പിന്തുണ

ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്താണു സഹകരണ പ്രസ്ഥാനത്തിനു ദേശീയതലത്തില്‍ ഏറെ പ്രാധാന്യം ലഭിച്ചത്. സഹകരണ പ്രസ്ഥാനമെന്നതു സമൂഹികനവോത്ഥാനത്തിന്റെ ജനകീയകൂട്ടായ്മയാണ് എന്നാണു നെഹ്രു വിശേഷിപ്പിച്ചത്. ഈ കൂട്ടായ്മകളെ സര്‍ക്കാര്‍ സഹായിച്ചാല്‍ അതു സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണു പഞ്ചവത്സരപദ്ധതികളില്‍ സഹകരണമേഖലയ്ക്കു പ്രാധാന്യം ലഭിച്ചത്. 1961-66 കാലത്തെ മൂന്നാം പഞ്ചവത്സരപദ്ധതി ശരിക്കും ഒരു സഹകരണ ആക്ഷന്‍പ്ലാനായിരുന്നുവെന്നു പറയാം. ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വാസമര്‍പ്പിച്ച് രാഷ്ട്രത്തിനു മുന്നോട്ടുപോകാനുള്ള ഒരു സിദ്ധാന്തമായി സഹകരണത്തെ കാണണമെന്ന കാഴ്ചപ്പാട് ഈ പദ്ധതിക്കാലത്താണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. കൃഷി, ചെറുകിട ജലസേചനം, ചെറുതും വലുതുമായ വ്യവസായങ്ങള്‍, സംഭരണം, വിപണനം എന്നിങ്ങനെയുള്ള പദ്ധതിയില്‍ സഹകരണ മേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നാണു നിര്‍ദേശിച്ചിരുന്നത്.

 

സഹകരണ വായ്പാപരിപാടികളെക്കുറിച്ച് പഠിയ്ക്കാന്‍ വി.എന്‍. മേത്തയെ അധ്യക്ഷനാക്കി ഒരു കമ്മിറ്റിയെ നിയോഗിച്ചത് ഈ പദ്ധതിക്കാലത്താണ്. സഹകരണമേഖലയെ മാത്രം പരിഗണിച്ച് പദ്ധതികള്‍ തയാറാക്കാന്‍ ലക്ഷ്യമിട്ട് ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) രൂപവത്കരിച്ചതും ഇതേ കാലയളവിലാണ്. കേരളത്തിലെ സഹകരണ വായ്പാമേഖലയ്ക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കില്‍നിന്നു ഫണ്ട് അനുവദിച്ചു. ഇതോടെ ഗ്രാമീണതലം ഒരു യൂണിറ്റായിക്കണ്ട് വായ്പാ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനുള്ള ശ്രമം സംസ്ഥാനത്തുണ്ടായി. സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള ഉത്തരവാദിത്തം സഹകരണ സംഘങ്ങളിലൂടെ നിര്‍വഹിക്കുന്ന പുതിയ കാഴ്ചപ്പാടാണ് ഇക്കാലത്തുണ്ടായത്. മേത്തകമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ സേവന സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കപ്പെട്ടു. ദുര്‍ബലമായ സംഘങ്ങളെ പുന:സംഘടിപ്പിച്ചും കൂട്ടിച്ചേര്‍ത്തും ശക്തിപ്പെടുത്തി. ഇതിന്റെയൊക്കെ ഭാഗമായി 783 സര്‍വീസ് സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ടായി. എല്ലാ റവന്യൂ ജില്ലകളിലും ഒരു ജില്ലാ സഹകരണ ബാങ്ക് എന്ന രീതി ദേശീയതലത്തില്‍ കൊണ്ടുവന്നതും ഈ പദ്ധതിക്കാലത്താണ്. കേരളത്തില്‍ 1965-66 കാലത്തുമാത്രം ജില്ലാ ബാങ്കുകള്‍ 34 ശാഖകളാണു തുറന്നത്.

കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനങ്ങളിലെ സഹകരണ മേഖലയെ മാറ്റിയെന്നതാണു നെഹ്രുവിന്റെ പരിഷ്‌കാരങ്ങളുടെ പ്രത്യേകത. ആ കാലത്തിനുശേഷം പിന്നീടൊരിക്കലും പദ്ധതിവിഹിതത്തില്‍ സഹകരണപങ്കാളിത്തം കാര്യമായി ഉണ്ടായിട്ടില്ല. അതതു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചും കേന്ദ്ര സഹകരണ ഏജന്‍സികളുടെ പദ്ധതികള്‍ ഉപയോഗപ്പെടുത്തിയും സഹകരണ മേഖല വളര്‍ന്നു. വായ്‌പേതര മേഖലയില്‍ സഹകരണപ്രസ്ഥാനത്തിനു വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെപോയതിന്റെ കാരണം ദേശീയപദ്ധതികാഴ്ചപ്പാടില്‍ സഹകരണമേഖലയ്ക്കു പരിഗണന കിട്ടാഞ്ഞതുകൊണ്ടാണ്. അമൂല്‍, ക്രിബ്‌കോ, ഇഫ്‌കോ തുടങ്ങിയ ചില സ്ഥാപനങ്ങളിലും കുറച്ച് പഞ്ചസാര മില്ലുകളിലും ഒതുങ്ങി നില്‍ക്കുകയാണു രാജ്യത്തെ വായ്‌പേതര മേഖലയിലെ സഹകരണമുന്നേറ്റം. സഹകരണമേഖലയെ പദ്ധതിനിര്‍വഹണത്തിന്റെ ഏജന്‍സികളാക്കി മാറ്റാമെന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. പ്രാദേശികതലത്തില്‍ കേന്ദ്രപദ്ധതികള്‍ നേരിട്ട് എത്തിക്കാനുള്ള ഉപാധിയായി സംഘങ്ങളെ മാറ്റിയെടുക്കാനാണു ശ്രമം. ഇതിനു സാങ്കേതികമായി സഹകരണമേഖലയെ ബന്ധിപ്പിക്കുന്ന ‘ഡിജിറ്റല്‍ പ്ലാന്‍’ കേന്ദ്ര സഹകരണമന്ത്രാലയം തയാറാക്കിയിട്ടുണ്ട്. കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് ഏകീകൃത ഓണ്‍ലൈന്‍ ശൃംഖല, സഹകരണ സംഘങ്ങള്‍ക്കു കേന്ദ്രീകൃത ഡേറ്റ സെന്റര്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കൊണ്ടുവരുന്നതാണ്. കാലത്തിനൊപ്പം സഹകരണകാഴ്ചപ്പാടും മാറ്റിയുള്ള പരിഷ്‌കരണമാണു കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവരുന്നത് എന്നര്‍ഥം.

മാറുന്ന സഹകരണ
കാഴ്ചപ്പാട്

നെഹ്രുവിന്റെ കാലത്തുനിന്നു രണ്ടാം മോദിസര്‍ക്കാരിന്റെ കാലമാകുമ്പോഴേക്കും ദേശീയതലത്തില്‍ സഹകരണ കാഴ്ചപ്പാടില്‍ ഒട്ടേറെ മാറ്റം സംഭവിച്ചിട്ടുണ്ട്. ആദ്യ നരേന്ദ്രമോദിസര്‍ക്കാരിന്റെ കാലത്തു സഹകരണത്തിനു വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. കൃഷിമന്ത്രാലയത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഭരണത്തിന്റെ ഒരു ഉപവിഭാഗം എന്ന നിലയില്‍മാത്രം അതിന്റെ പ്രവര്‍ത്തനം പരിമിതപ്പെട്ടു. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും എന്നതായിരുന്നു കേന്ദ്ര സഹകരണരജിസ്ട്രാറുടെ പ്രധാന ചുമതല. കൃഷിമന്ത്രാലയത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു കേന്ദ്രരജിസ്ട്രാറുടെ ചുമതല. ഈ ചുമതല കൊണ്ടുമാത്രം നിര്‍വഹിക്കുന്ന ഒരു സ്വാഭാവികനിയന്ത്രണം മാത്രമാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ ഉണ്ടായിരുന്നത്. കേന്ദ്രാവിഷ്‌കൃത സഹകരണപദ്ധതികള്‍ നിര്‍വഹിക്കുന്നതിനു കേന്ദ്ര സഹകരണ ഏജന്‍സികള്‍ നിലവിലുണ്ട്. നബാര്‍ഡ് പോലുള്ള ഏജന്‍സികള്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിയന്ത്രണ അതോറിറ്റികൂടിയാണ്. ഇതിലെല്ലാം കേന്ദ്ര സഹകരണവകുപ്പിന്റെ ഇടപെടല്‍ കുറവായിരുന്നു.

ഈ രീതിതന്നെ ഒട്ടേറെ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കി. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളായി മാറി. നിക്ഷേപത്തിന്റെയും വായ്പയുടെയും പലിശ അതതു സംഘത്തിന്റെ ഭരണസമിതികള്‍ നിശ്ചയിക്കുന്ന വിധമായി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച പല സംഘങ്ങളും അവ തിരിച്ചുകൊടുക്കാത്ത സ്ഥിതി വന്നു. സഹകരണ സംഘങ്ങള്‍ക്കു ചെറിയ തോതിലെങ്കിലും പേരുദോഷമുണ്ടാക്കാന്‍ ഇത്തരം മള്‍ട്ടി സംഘങ്ങളുടെ പ്രവര്‍ത്തനം കാരണമായി. കേന്ദ്രസര്‍ക്കാരിനും ഇതുസംബന്ധിച്ച് പരാതികള്‍ ഏറെ ലഭിച്ചിരുന്നു. പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനമില്ലാത്തതിനാല്‍ ‘ഇവിടെ നിക്ഷേപിക്കുന്നതു സ്വന്തം റിസ്‌കില്‍വേണം’ എന്നു സംഘങ്ങള്‍ക്കു മുമ്പില്‍ ബോര്‍ഡ് വെക്കണമെന്ന ബാലിശമായ നിര്‍ദേശം സര്‍ക്കുലറിലൂടെ നല്‍കി രക്ഷപ്പെടാനാണു കേന്ദ്രരജിസ്ട്രാര്‍ ശ്രമിച്ചത്. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ പരാതി ഉന്നയിച്ചു. സഹകരണ സംഘങ്ങളില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിന് അധികാരമില്ല. ബാങ്കിങ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളിലാണെങ്കിലും ഭരണപരമായ കാര്യങ്ങളില്‍ ആര്‍.ബി.ഐ.യ്ക്ക് ഇടപെടാന്‍ കഴിയില്ല. അതേസമയം, ബാങ്കിങ് കാര്യങ്ങളില്‍ ഇടപെടാം. ഈ ഇരട്ട നിയന്ത്രണം പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും അതിനാല്‍ ആര്‍.ബി.ഐ.യ്ക്കു കൂടുതല്‍ അധികാരം നല്‍കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയില്‍ പരിഷ്‌കരണത്തിനു തുടക്കമിടുന്നത്. ബാങ്കിങ് നിയന്ത്രണനിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിനു കൂടുതല്‍ അധികാരം നല്‍കുന്ന നടപടിയായിരുന്നു അതിലാദ്യത്തേത്.

 

ഇതിനുശേഷമാണു സഹകരണമന്ത്രാലയം രൂപവത്കരിക്കുന്നത്. കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനും ബി.ജെ.പി.യെ അധികാരത്തിന്റെ പടവുകളില്‍ ഇളക്കമില്ലാതെ നിലനിര്‍ത്തുന്ന രാഷ്ട്രീയതന്ത്രശാലിയുമായ അമിത് ഷായാണ് ആദ്യ സഹകരണമന്ത്രിയായി വന്നത്. ഈ മാറ്റം സംസ്ഥാനങ്ങളിലും അലകളുണ്ടാക്കി. കേന്ദ്ര സഹകരണമന്ത്രാലയം സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വിമര്‍ശനം കേരളത്തില്‍നിന്നടക്കം ഉയര്‍ന്നു. ആ വിമര്‍ശനത്തിന് അടിസ്ഥാനമുണ്ടോയെന്നത് ഇനിയും വ്യക്തമാകേണ്ട കാര്യമാണ്. പക്ഷേ, സംസ്ഥാനത്തിന്റെ തീരുമാനങ്ങളെപ്പോലും സ്വാധീനിക്കുന്ന പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ ദേശീയതലത്തില്‍ സഹകരണമന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. സഹകരണപ്രസ്ഥാനത്തെ ദേശീയതലത്തില്‍ ഒരു കുടക്കീഴിലാക്കുക, പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് ദേശീയതലത്തില്‍ പദ്ധതി ആസൂത്രണം ചെയ്യുക, എല്ലാ സംഘങ്ങളെയും ബന്ധിപ്പിക്കുന്ന വിധത്തില്‍ സാങ്കേതികസംവിധാനമൊരുക്കി അതിനു കേന്ദ്രതലത്തില്‍ നിയന്ത്രണമുണ്ടാക്കുക, റിസര്‍വ് ബാങ്കിനു കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന വായ്പാ സംഘങ്ങളില്‍ ആര്‍.ബി.ഐ. നിര്‍ദേശിക്കുന്നവിധത്തില്‍ കേന്ദ്രീകൃത നിയന്ത്രണസംവിധാനം കൊണ്ടുവരിക എന്നിങ്ങനെയൊക്കെയാണ് ഇപ്പോഴത്തെ കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്.

ആസൂത്രണത്തിലെ
മിടുക്ക്

സമഗ്രമായ ചര്‍ച്ചയും കൃത്യമായ ആസൂത്രണവുമാണു സഹകരണ പരിഷ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത് ഏകപക്ഷീയമാവാതിരിക്കാനുള്ള ജാഗ്രത കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നുണ്ട്. സംസ്ഥാനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളില്‍ ഓരോ സംസ്ഥാനത്തിന്റെയും അഭിപ്രായം തേടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അതു വേണ്ടത്ര ഗൗരവത്തോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പരിഗണിച്ചിട്ടുണ്ടോയെന്നതില്‍ സംശയമുണ്ട്. ദേശീയ സഹകരണനയം പരിഷ്‌കരിക്കുന്നതിനുള്ള നടപടിയാണു കേന്ദ്രം ആദ്യം തുടങ്ങിയത്. ഇതില്‍ കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല, എല്ലാ സംസ്ഥാനങ്ങളിലേയും സഹകരണവകുപ്പ് സെക്രട്ടറിമാര്‍, സഹകരണ സംഘം രജിസ്ട്രാര്‍മാര്‍ എന്നിവരുമായൊക്കെ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും സഹകരണമേഖലയുടെ പ്രാധാന്യമനുസരിച്ചുള്ള വിഷയം അവതരിപ്പിക്കുന്ന പ്രത്യേക സെഷനും നടത്തിയിരുന്നു. സാമൂഹികക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളില്‍ സഹകരണ പങ്കാളിത്തം എങ്ങനെയാവണമെന്നതിനെക്കുറിച്ചാണു കേരളം ഈ വേദിയില്‍ വിഷയമവതരിപ്പിച്ചത്. ഈ വര്‍ഷംതന്നെ പുതിയ സഹകരണനയം പ്രഖ്യാപിക്കുമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്.

നയരൂപവത്കരണത്തിനൊപ്പം സഹകരണനിയമത്തിലും ഭരണനിര്‍വഹണരീതിയിലും മാറ്റം വരുത്താനുള്ള നടപടികളും കേന്ദ്രം തുടങ്ങിയിരുന്നു. രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃതമുഖം നല്‍കാനുള്ള ശ്രമമാണ് ഇതിലൊന്ന്. ഇതിനായി, കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഒരു മാതൃകാ നിയമാവലി ( ബൈലോ ) കേന്ദ്രം തയാറാക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ബൈലോയിലെ കരട്‌നിര്‍ദേശങ്ങള്‍ ഓരോ സംസ്ഥാനത്തിനും അയച്ചുകൊടുത്ത് അവരില്‍നിന്നു നിര്‍ദേശം തേടിയിരുന്നു. കാര്‍ഷിക വായ്പാ സംഘങ്ങളെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കുന്ന ഒരു പദ്ധതി നബാര്‍ഡ് തയാറാക്കിയിട്ടുണ്ട്. അതിനു സഹായം നല്‍കുന്ന വിധത്തിലാണു മാതൃകാ നിയമാവലിയും തയാറാക്കുന്നത്. ഒരു പഞ്ചായത്തില്‍മാത്രം പ്രവര്‍ത്തനപരിധി, സര്‍ക്കാര്‍പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി, പ്രാദേശിക വികസനപദ്ധതികള്‍ ഏറ്റെടുക്കല്‍, കാര്‍ഷികാടിസ്ഥാനസൗകര്യമൊരുക്കല്‍ എന്നിവയൊക്കെയാണ് ഇത്തരം സംഘങ്ങള്‍ക്കു മാതൃകാ ബൈലോയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേരളത്തില്‍ നിലവില്‍ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഈ രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. അതിനപ്പുറം, ഇവ പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന രീതിയില്‍ ഗ്രാമീണ ബാങ്കിങ് പ്രവര്‍ത്തനംകൂടി ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രം നിര്‍ദേശിക്കുന്ന മാതൃകാ ബൈലോ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയെ മാത്രമാണു കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായി കണക്കാക്കുന്നതെന്നു സഹകരണനയത്തില്‍ത്തന്നെ വ്യക്തമാക്കുകയും ആ രീതി കേന്ദ്രം സ്വീകരിക്കുകയും ചെയ്താല്‍ ചില പ്രശ്‌നങ്ങള്‍ സംസ്ഥാനത്തും ഉണ്ടാകാനിടയുണ്ട്. അത്തരമൊരു പൊതുസമ്മതത്തിനാണു മാതൃകാ ബൈലോയുടെ കരട് സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തു നിര്‍ദേശങ്ങള്‍ സ്വീകരിച്ചത് എന്നുവേണം കരുതാന്‍.

അപകട
സൂചന

കേന്ദ്രത്തിന്റെ മറ്റൊരു നടപടികൂടി ചേര്‍ത്തുകാണുമ്പോഴാണു മാതൃകാ ബൈലോയിലെ അപകട സൂചന തെളിയുന്നത്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവന്ന് ഒരു നെറ്റ്‌വര്‍ക്കിനു കീഴിലാക്കുന്ന പദ്ധതിയാണ് അത്. ഇതിനുള്ള നിര്‍ദേശവും സംസ്ഥാനങ്ങളുടെ പരിഗണനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേരളം ഇതിനോടു പ്രതികരിച്ചിട്ടുപോലുമില്ല. നബാര്‍ഡാണു കേന്ദ്രീകൃത നെറ്റ്‌വര്‍ക്കിന്റെ ഏജന്‍സി. കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു കേന്ദ്രത്തില്‍നിന്നു പുനര്‍വായ്പ ലഭ്യമാക്കുന്ന ഏജന്‍സിയും നബാര്‍ഡാണ്. നിലവില്‍ സംസ്ഥാന സഹകരണ ബാങ്ക്‌വഴിയാണു പുനര്‍വായ്പ ലഭ്യമാക്കുന്നത്. കാര്‍ഷിക വായ്പാ സംഘങ്ങള്‍ രാജ്യമാകെ ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ വരികയും അതിന്റെ മേല്‍നോട്ടവും നിയന്ത്രണവും നബാര്‍ഡിനു കിട്ടുകയും ചെയ്താല്‍പ്പിന്നെ കാര്‍ഷിക വായ്പാ സഹായം കേന്ദ്രത്തിനു നേരിട്ട് സംഘങ്ങള്‍ക്കു നല്‍കാനാവും. സംഘങ്ങള്‍ നല്‍കുന്ന വായ്പകളുടെ സ്വഭാവം, ഏറ്റെടുക്കുന്ന സംരംഭങ്ങളുടെ പ്രത്യേകത, പ്രാദേശിക വായ്പാആവശ്യങ്ങളുടെ പ്രാധാന്യം എന്നിവ സംഘത്തിന്റെ ഡേറ്റതന്നെ ഉപയോഗിച്ച് കേന്ദ്രത്തിനു വിലയിരുത്താനാകും. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക വായ്പാസഹായം മാത്രമല്ല, മറ്റു കേന്ദ്രസഹായങ്ങളും നേരിട്ടു ലഭ്യമാക്കാമെന്ന ആലോചനയാണു കേന്ദ്രതലത്തിലുള്ളത്. ഇതു പ്രത്യക്ഷത്തില്‍ ഗുണപരമായ മാറ്റമായി തോന്നാം. എന്നാല്‍, സഹകരണമേഖലയില്‍ സംസ്ഥാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ഈ മാറ്റം.

മള്‍ട്ടി സംഘങ്ങളുടെ
മാറ്റം

ദേശീയതലത്തില്‍ സഹകരണ മേഖലയെ പഴി കേള്‍പ്പിച്ചിരുന്നതു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ്. അതിനാല്‍, ഈ രംഗം അടിമുടി പരിഷ്‌കരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘ നിയമം സമഗ്ര ഭേദഗതിക്കു വിധേയമാക്കുന്നതിനൊപ്പം കേന്ദ്ര രജിസ്ട്രാര്‍ഓഫീസിന്റെയും മള്‍ട്ടി സംഘങ്ങളുടെയും പ്രവര്‍ത്തനരീതിയിലും മാറ്റം വരുത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ഒരു ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിലേക്കു കൊണ്ടുവരുന്നതിനു സമാനമായി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെയും ബന്ധിപ്പിക്കാനാണു തീരുമാനം. എന്നാല്‍, മള്‍ട്ടി സംഘങ്ങളുടെ കാര്യത്തില്‍ മറ്റൊരു പ്രത്യേകതകൂടി കൊണ്ടുവരുന്നുണ്ട്. അതു കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെയും രജിസ്ട്രാര്‍ഓഫീസിന്റെയും ഭാഗമായിത്തന്നെയാണ് ഉള്‍പ്പെടുത്തുക. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഓരോ സംസ്ഥാനത്തിന്റെയും നിയമമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. അവയുടെ നിയന്ത്രണ അതോറിറ്റി അതതു സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറാണ്. എന്നാല്‍, മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘത്തിന്റെ കാര്യത്തില്‍ ഈ പ്രശ്‌നമില്ല. അവയുടെ നിയന്ത്രണ അതോറിറ്റി കേന്ദ്ര രജിസ്ട്രാറാണ്. അതിനാല്‍, കേന്ദ്രരജിസ്ട്രാര്‍ക്കും അദ്ദേഹത്തിന്റെ ഓഫീസിനും എല്ലാ വിവരങ്ങളും ശേഖരിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും നിരീക്ഷണം സാധ്യമാക്കാനും കഴിയുന്നവിധത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കാനാണു തീരുമാനം.

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ അംഗങ്ങളും ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകും. അവര്‍ക്കു സംഘങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി ഈ പ്ലാറ്റ്‌ഫോമിലൂടെത്തന്നെ കേന്ദ്രസഹകരണ മന്ത്രാലയത്തിനു കൈമാറാനാകും. ഈ പരാതിയില്‍ എന്തു നടപടിയുണ്ടാകുന്നുവെന്ന് ഓണ്‍ലൈനായി അറിയാം. സംഘങ്ങളുടെ രജിസ്ട്രേഷന്‍ മുതല്‍ ലിക്യുഡേഷന്‍വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ രീതിയിലാകും. സംഘത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി വകുപ്പിന്റെ നിരീക്ഷണത്തിലാകും. അതേസമയം, സ്വയംഭരണാധികാരം നഷ്ടപ്പെടുത്താത്തതും ജനങ്ങളുടെ വിശ്വാസ്യതയും സംഘത്തിന്റെ പ്രവര്‍ത്തനക്ഷമതയും കൂട്ടുന്നതുമായിരിക്കും വകുപ്പിന്റെ ഇടപെടല്‍ എന്നാണു വിശദീകരണം. രാജ്യത്തെ മുഴുവന്‍ സംഘങ്ങളുടെയും ഡേറ്റയ്ക്കൊപ്പം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ വെബ്‌സൈറ്റാണ് ഇതിനായി തയാറാക്കുന്നത്. ഒരു വെബ്‌സൈറ്റില്‍ത്തന്നെ സംഘങ്ങളുടെ പ്രവര്‍ത്തനം, റിപ്പോര്‍ട്ട്, യോഗതീരുമാനങ്ങള്‍, അംഗങ്ങളുടെ വിവരം എന്നിവയ്ക്കൊപ്പം കേന്ദ്രരജിസ്ട്രാറുടെ പരിശോധനാവിവരങ്ങള്‍, കേന്ദ്ര രജിസ്ട്രാര്‍ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമു ണ്ടാകും. ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാനുള്ള സംവിധാനവും ഇതിലുണ്ട്. വെബ്‌സൈറ്റിനു പുറമെ മൊബൈല്‍ ആപ്പും സഹകരണ മന്ത്രാലയം പുറത്തിറക്കുന്നുണ്ട്. വകുപ്പുദ്യോഗസ്ഥര്‍, സംഘം പ്രതിനിധികള്‍, സംഘങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ഈ ആപ്പ് ഉപയോഗിക്കാനാവും.

മൂന്നു രീതിയിലാണു വെബ്‌സൈറ്റിന്റെയും ആപ്പിന്റെയും പ്രവര്‍ത്തനം ക്രമീകരിക്കുന്നത്. കേന്ദ്ര സഹകരണ രജിസ്ട്രാര്‍ക്ക് ഉപയോഗിക്കാനുള്ളത്, കേന്ദ്ര രജിസ്ട്രാര്‍ഓഫീസിനുള്ളത്, സംഘങ്ങള്‍ക്കു വേണ്ടത് എന്നിങ്ങനെയാണിത്. ഒരു സംഘത്തില്‍ അംഗങ്ങളെ ചേര്‍ക്കുന്നതു മുതല്‍ ഈ വെബ്‌സൈറ്റ് ഉപയോഗിച്ചുതുടങ്ങണം. വാര്‍ഷിക പൊതുയോഗമടക്കമുള്ള പ്രധാന യോഗങ്ങള്‍, അവയുടെ മിനുറ്റ്സ്, വിജ്ഞാപനങ്ങള്‍, അറിയിപ്പുകള്‍ എന്നിവയും വെബ്‌സൈറ്റില്‍ നല്‍കേണ്ടതുണ്ട്. ഓരോ സൊസൈറ്റിക്കും ഇതിനായി പ്രത്യേക ലോഗിന്‍ ഐ.ഡി. നല്‍കും. കേന്ദ്ര രജിസ്ട്രാര്‍ഓഫീസും സൊസൈറ്റിയും തമ്മിലുള്ള ആശയവിനിമയത്തിനു മാത്രമായി പ്രത്യേക ‘മെയില്‍ ബോക്സ്’ ഇതില്‍ സജ്ജീകരിക്കുന്നുണ്ട്. സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ പരിശോധിക്കുന്നതുമുതലുള്ള കാര്യങ്ങളാണു കേന്ദ്രരജിസ്ട്രാര്‍ക്കുള്ള വിഭാഗത്തിലുണ്ടാവുക. നിയമത്തിലും ചട്ടത്തിലുമുണ്ടാകുന്ന ഭേദഗതികള്‍, വകുപ്പുതല അന്വേഷണങ്ങള്‍, വാര്‍ഷികറിട്ടേണ്‍ ഫയലിങ്, പരാതികള്‍, ആര്‍ബിട്രേഷന്‍, ഇന്‍സ്പെക്ഷന്‍, ലിക്യുഡേഷന്‍, അപ്പീലുകള്‍ എന്നിവയെല്ലാം കേന്ദ്രരജിസ്ട്രാര്‍ക്ക് ഓണ്‍ലൈന്‍വഴി നേരിട്ടു പരിശോധിക്കാനാവും. സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും ഓണ്‍ലൈനായാണു നല്‍കേണ്ടത്. അംഗങ്ങളുടെ പരിശോധന ഇ-വെരിഫിക്കേഷന്‍ ആകും. അപേക്ഷയുടെ സ്ഥിതി പരിശോധിക്കാന്‍ ‘സ്റ്റാറ്റസ് ട്രാക്കിങ്’ ഉണ്ടാകും. ആവശ്യമായ ഹിയറിങ് പോലും വെര്‍ച്വല്‍ രീതിയിലേക്കു മാറ്റും. ഇതിനെല്ലാംശേഷം സംഘങ്ങള്‍ക്കു രജിസ്ട്രേഷന്‍ അനുവദിക്കും. അതിനുള്ള ‘ഇ-സര്‍ട്ടിഫിക്കറ്റ്’ സംഘങ്ങള്‍ക്കു ലഭിക്കും.

സംഘങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നേരിട്ടു കേന്ദ്ര രജിസ്ട്രാര്‍ഓഫീസിലായിരിക്കും കിട്ടുക. സംഘങ്ങളുടെ ഡേറ്റ വിശകലനം നടത്താനുള്ള ഓണ്‍ലൈന്‍ സംവിധാനം കേന്ദ്ര രജിസ്ട്രാര്‍ഓഫീസിനുണ്ടാകും. സംഘങ്ങള്‍ക്കു നല്‍കുന്ന നോട്ടീസുകളും മുന്നറിയിപ്പുകളും, അപേക്ഷാ നടപടികള്‍, അറിയിപ്പുകള്‍, പരാതികള്‍ എന്നിവയെല്ലാം ഓഫീസിനു കൈകാര്യം ചെയ്യാനാകും. സംഘം ഭരണസമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികളെല്ലാം ഓണ്‍ലൈനായി നല്‍കാന്‍ കഴിയും. മള്‍ട്ടി സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു നിയന്ത്രണമില്ലെന്നതു കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ പരാതിയാണ്. നിക്ഷേപം തിരികെ നല്‍കാത്തതടക്കം ഒട്ടേറെ പരാതികള്‍ വിവിധ സംഘങ്ങളെക്കുറിച്ച് കേന്ദ്രരജിസ്ട്രാര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു സമഗ്രനിയന്ത്രണവും ഓണ്‍ലൈന്‍ പരിഷ്‌കാരവും മള്‍ട്ടി സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ കൊണ്ടുവരുന്നത്.

Leave a Reply

Your email address will not be published.