സമൂഹ്: ഇതു പ്രൊഫഷണല്‍ സഹകാരികളുടെ സമൂഹം

വി.എന്‍. പ്രസന്നന്‍

പ്രൊഫഷണലുകളുടെ ഏറ്റവും മുന്തിയ സഹകരണപ്ലാറ്റ്‌ഫോമാവുക എന്ന ലക്ഷ്യത്തോടെ 2016 ല്‍ എറണാകുളത്തു രൂപം കൊണ്ട സമൂഹില്‍ വിവിധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണു ഭരണസമിതിയംഗങ്ങള്‍. മൂലധനപ്രധാനമല്ല സമൂഹിന്റെ പ്രവര്‍ത്തനം. ചുരുങ്ങിയ ചെലവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഉതകുന്ന മാനേജ്‌മെന്റ് രീതിയാണു സമൂഹിന്റേത്. കിട്ടുന്ന ഓരോ പ്രോജക്ടും പൂര്‍ത്തിയാക്കാന്‍വേണ്ട മൂലധനം വായ്പയടക്കമുള്ള മാര്‍ഗങ്ങളിലൂടെ ഉണ്ടാക്കുകയും പദ്ധതി പൂര്‍ത്തീകരിച്ചശേഷം തുക തിരിച്ചുകൊടുക്കുകയുമാണു സമൂഹ് ചെയ്യുന്നത്.

 

വന്‍കിടപ്രസാധകരോടു കിടപിടിക്കുംവിധം പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണകൃതികള്‍ എണ്ണൂറോളംപേജു വീതമുള്ള 12 വാല്യമായി പ്രസിദ്ധീകരിച്ചതിന്റെ ഗരിമയിലാണ് എറണാകുളത്തെ സ്റ്റാര്‍ട്ടപ്പ് സഹകരണസംരംഭമായ സമൂഹ് എന്ന സാമൂഹികസംരംഭക സഹകരണസംഘം ക്ലിപ്തം ഇ 1354. എറണാകുളം മറൈന്‍ഡ്രൈവില്‍ രണ്ടു തവണ നടന്ന ‘കൃതി’ പുസ്തകോത്സവങ്ങളുടെ നടത്തിപ്പും അഭിമന്യു സ്മാരകമന്ദിരവും ടി.കെ. രാമകൃഷ്ണന്‍സാംസ്‌കാരികകേന്ദ്രവും പോലുള്ള കെട്ടിടങ്ങളുടെ നിര്‍മാണവും ഏറ്റെടുത്തു പൂര്‍ത്തിയാക്കിയ സമൂഹ് പ്രൊഫഷണലുകളുടെ സഹകരണസംഘമാണ്. മിക്കവാറും അംഗങ്ങള്‍ എഞ്ചിനിയര്‍മാരും അഭിഭാഷകരും വിപണനവിദഗ്ധരും വിവരസാങ്കേതികവിദ്യാവിദഗ്ധരും അധ്യാപകരും ഒക്കെയാണ്. പ്ലാറ്റ്‌ഫോം കോ-ഓപ്പറേറ്റീവ് എന്നാണു സമൂഹ് സ്വയം വിശേഷിപ്പിക്കുന്നത്. സാമൂഹികപ്രസക്തമായ സംരംഭങ്ങള്‍, സാങ്കേതികവിദ്യാസംരംഭങ്ങള്‍, ഇ കോമേഴ്‌സ്, പുസ്തകപ്രസാധനം, വാസ്തുവിദ്യാനിര്‍മിതി, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി തുടങ്ങിയവയിലാണു പ്രവര്‍ത്തനം. ”സാമ്പത്തികപ്രവര്‍ത്തനം ഇന്നു കേവലമായ ഏകജാലകപ്രക്രിയയല്ല. അനേകം അടരുകളിലൂടെ കടന്നു പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു പ്രക്രിയയാണത്. ബ്രാന്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഇ കോമേഴ്‌സ്, ഗുണമേന്മ ഉറപ്പാക്കല്‍, വിതരണശൃംഖല, ഉപഭോക്തൃസേവനം തുടങ്ങിയവ ഇന്നു സംരംഭവിജയത്തിന്റെ സുപ്രധാനകണ്ണികളാണ്. ഈ വഴികളിലൂടെ സഞ്ചരിക്കുന്നു സമൂഹ്”- ഇങ്ങനെയാണു സമൂഹ് സ്വയം പരിചയപ്പെടുത്തുന്നത്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരണത്തിനായി രൂപവത്കരിച്ച ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് വ്യവസായ സഹകരണസംഘത്തിന്റെ പിന്തുടര്‍ച്ചക്കാരാണു സമൂഹ്. ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹകരണസ്ഥാപനമായിരുന്ന അതു 1998 മുതല്‍ 2012 വരെ പ്രവര്‍ത്തിച്ചു. അവര്‍ ‘സംഘമിത്ര’ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ ഉണ്ടാക്കിയിരുന്നു. പല സ്ഥാപനവും അതുപയോഗിച്ചു. ഏതാനും സഹകരണസംഘങ്ങള്‍ ഇപ്പോഴും അതുപയോഗിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍.പോലുള്ള സ്ഥാപനങ്ങളും സംഘത്തിന്റെ സേവനം ഉപയോഗിച്ചിരുന്നു. മലയാളത്തില്‍ ഫോണ്ടുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനവും നടത്തി. 2008 ല്‍ കൊച്ചി സര്‍വകലാശാല, ഐ.ടി. അറ്റ് സ്‌കൂള്‍, അപ്രോപ്രിയറ്റ് ടെക്‌നോളജി പ്രൊമോഷന്‍ സൊസൈറ്റി എന്നിവയുമായി ചേര്‍ന്നു സംഘം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദേശീയസമ്മേളനം സംഘടിപ്പിച്ചിരുന്നു. സോഫ്റ്റ്‌വെയര്‍രംഗത്തു മാത്രമായി ഒതുങ്ങാതെ മറ്റു മേഖലകളില്‍ക്കൂടി പ്രവേശിക്കണമെന്ന ചിന്തയാണ് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിലേക്കും സമൂഹിന്റെ രൂപവത്കരണത്തിലേക്കും നയിച്ചത്.

2016 ഡിസംബറിലാണു സമൂഹ് പ്രവര്‍ത്തനം ആരംഭിച്ചത്. എറണാകുളത്തു മേനകയ്ക്കു സമീപം വാടകക്കെട്ടിടത്തിലായിരുന്നു ഓഫീസ്. 2018 ല്‍ പാലാരിവട്ടം പാടിവട്ടത്തു കൊടുവത്തറ റോഡ് മില്ലെനിയം നഗറിലെ വാടകക്കെട്ടിടത്തിലേക്കു മാറി. എഞ്ചിനിയറായ എം. കൃഷ്ണദാസ് പ്രസിഡന്റും സ്വതന്ത്രവിജ്ഞാനപ്രസ്ഥാനത്തിന്റെ അമരക്കാരനും കമ്പിത്തപാല്‍ജീവനക്കാരുടെ നേതാവുമായിരുന്ന ജോസഫ് തോമസ് (2023 ജൂണില്‍ അന്തരിച്ചു) സെക്രട്ടറിയുമായാണു സമൂഹ് രൂപവത്കരിച്ചത്. 29 അംഗങ്ങളാണ് അന്നുണ്ടായിരുന്നത്. ഇപ്പോള്‍ 52 പേരുണ്ട്. എഞ്ചിനിയറായ ജോബി ജോസഫ് പ്രസിഡന്റും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി മുന്‍ ഉദ്യോഗസ്ഥന്‍ സി.ബി. വേണുഗോപാല്‍ സെക്രട്ടറിയുമാണ്.

സോഫ്റ്റ്‌വെയറുമായി
തുടക്കം

ഒരു സോഫ്റ്റ്‌വെയര്‍ വിഭാഗമാണു സമൂഹ് ആദ്യം രൂപവത്കരിച്ചത്. ‘സഹ്യന്‍’ എന്ന ഇ.ആര്‍.പി. (Enterprise Resource Planning) സൊലൂഷന്‍ ആയിരുന്നു അത്. മാര്‍ക്ക്റ്റ് ഫെഡ്, കണ്‍സ്യൂമര്‍ ഫെഡ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം തുടങ്ങിയ സഹകരണസ്ഥാപനങ്ങളും എറണാകുളം പബ്ലിക് ലൈബ്രറിയെപ്പോലുള്ള സ്ഥാപനങ്ങളും അതുപയോഗിച്ചു.

സംസ്ഥാന സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും ചേര്‍ന്നു 2018 മാര്‍ച്ചിലും 2019 ഫെബ്രുവരിയിലും എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തിയ ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നടത്തിപ്പുചുമതല സമൂഹിനായിരുന്നു. പുസ്തകോത്സവം വിഭാവന ചെയ്തതും രൂപകല്‍പ്പനയും ആസൂത്രണവും ചെയ്തു നടപ്പാക്കിയതും സമൂഹ് ആയിരുന്നു. മഹാകവി വൈലോപ്പിള്ളിയുടെ ‘കാക്ക’ ഒരു ബ്രാന്റായി വളര്‍ന്നതു ‘കൃതി’ പുസ്തകോത്സവത്തോടെയാണ്. ശീതീകരിക്കപ്പെട്ട പവലിയനില്‍ ഇരുന്നൂറിലേറെ സ്റ്റാളിലായി നൂറിലേറെ പ്രസാധകര്‍ പുസ്തകങ്ങളുമായി അണിനിരന്ന മേളയില്‍ പുസ്തകപ്രകാശനങ്ങള്‍, കലാപരിപാടികള്‍, ഭക്ഷ്യമേള, ചര്‍ച്ചകള്‍, രചനാമത്സരങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കായി ‘പുസ്തകക്കൂട്’ പദ്ധതിയും ഒരുക്കി.

നിര്‍മാണ
വിഭാഗം

സമൂഹിന് ഒരു കെട്ടിടനിര്‍മാണ വിഭാഗമുണ്ട്. പരിസ്ഥിതിസൗഹൃദമായാണു നിര്‍മാണം. ആദ്യം അഭിമന്യു സ്മാരകകേന്ദ്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തു പൂര്‍ത്തിയാക്കി. അഭിമന്യു സ്മാരകട്രസ്റ്റിനുവേണ്ടിയാണ് ഇതു നിര്‍മിച്ചത്. സമൂഹ് ഭരണസമിതിയംഗവും സാമൂഹികസംരംഭകനുമായ ആര്‍ക്കിടെക്ട് ബി. രഞ്ജിത്താണു കെട്ടിടം രൂപകല്‍പ്പന ചെയ്തതും നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചതും. 2019 ജൂലായ് രണ്ടിനു സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. 2020 ഡിസംബര്‍ 29 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആറര സെന്റില്‍ 4002 ചതുരശ്രഅടിയില്‍ മുന്നുനിലയാണു മന്ദിരം. എസ്.എഫ്.ഐ. നേതാവും രക്തസാക്ഷിയുമായ അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളേജിലെ ചുറ്റുഗോവണിയുടെ മാതൃകയിലാണു ഗോവണി പണിതിട്ടുള്ളത്. സ്റ്റീല്‍ സ്ട്രക്ചര്‍, ടെറാകോട്ട ഹോളോബ്രിക്‌സ് മതിലുകള്‍, എല്‍.ഇ.ഡി. ലൈറ്റിങ് എന്നിവ ഉപയോഗപ്പെടുത്തി പരിസ്ഥിതി-ഊര്‍ജസൗഹൃദമായാണു കെട്ടിടം നിര്‍മിച്ചത്. ചെറുതാണെങ്കിലും മുറ്റം ലാന്റ്‌സ്‌കേപ്പും ചെയ്തു. സമൂഹിന്റെ എഞ്ചിനിയര്‍ ദീപുവാണു സ്ഥലത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ടു നോക്കിനടത്തിയത്.

2023 സെപ്റ്റംബര്‍ ആറിന് എറണാകുളം ബോട്ടുജെട്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ടി.കെ. രാമകൃഷ്ണന്‍കള്‍ച്ചറല്‍ സെന്റര്‍ നിര്‍മിച്ചതും സമൂഹ് തന്നെ. ഇതിന്റെയും രൂപകല്‍പ്പനയും നിര്‍മാണമേല്‍നോട്ടവും രഞ്ജിത്തിനായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ 30 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ 15 സെന്റ് സ്ഥലത്താണു കെട്ടിടം. 2200 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടം പ്രീഫാബ്രിക്കേറ്റഡ് രീതിയിലാണു പണിതത്. അനുവദിച്ച തുകയ്ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുതകുന്ന രീതി സ്വീകരിച്ചു എന്നതാണു പ്രത്യേകത. ആറു മാസംകൊണ്ടു പണിതു. 30 ലക്ഷം രൂപ ചെലവിലാണു നിര്‍മിച്ചത്. ചതുരശ്രഅടിക്ക് 1363 രൂപ മാത്രം. പുറത്തു ട്രസ് വര്‍ക്കിനും മുറ്റത്ത് ഓടുവിരിക്കാനും മറ്റുമായി 13 ലക്ഷം രൂപ ചെലവായി. 48 മീറ്റര്‍ പൈലിംഗ് വേണ്ടിവരുമായിരുന്ന ഭാഗത്തു കെട്ടിടത്തിന്റെ ഭാരം കുറച്ച് സാന്റ് പൈലിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോള്‍ മൂന്നു ലക്ഷം രൂപയ്ക്കു പൈലിംഗ് തീര്‍ക്കാനായി. സ്റ്റീല്‍ ചട്ടക്കൂടില്‍ ഭാരം കുറഞ്ഞ എയറോകോണ്‍ പാനല്‍ഷീറ്റുകളും ബ്ലോക്കുകളും കൊണ്ടാണു ഭിത്തികള്‍ പണിതത്. സാന്റ്‌വിച്ച്പഫ്ഡ് ഷീറ്റു കൊണ്ടു മേല്‍ക്കൂരയും. സിമന്റ് ഫൈബര്‍ ബോര്‍ഡ് ഷീറ്റു കൊണ്ടാണ് ഒന്നാംനിലയുടെ തട്ടു പണിതത്. ചെറായിയില്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകമന്ദിരത്തിന്റെ നിര്‍മാണച്ചുമതല സമൂഹിനു ലഭിച്ചിട്ടുണ്ട്. അതാണു സമൂഹിന്റെ അടുത്ത പ്രോജക്ട്.

പുസ്തക-
ഉല്‍പ്പന്ന വില്‍പ്പന

പുസ്തകങ്ങളും ഗുണനിലവാരമുള്ള മറ്റുല്‍പ്പന്നങ്ങളും വില്‍ക്കുന്ന സഹ്യന്‍ഡോട്ട്‌സ്‌റ്റോര്‍ (sahyan.store) എന്ന ഓണ്‍ലൈന്‍ വില്‍പ്പനശാല സമൂഹിനുണ്ട്. സമൂഹിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണിത്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഉല്‍പ്പന്ന-സേവന വിപണനത്തിന് ഇതിനെ ആശ്രയിക്കാം. ഇ കൊമേഴ്‌സ് പോര്‍ട്ടലായ ‘സഹ്യന്‍ സ്റ്റോറി’ല്‍ പ്രധാനമായുള്ളതു പുസ്തകങ്ങളാണ്. വാരപ്പെട്ടി സര്‍വീസ് സഹകരണബാങ്കിന്റെ വെളിച്ചെണ്ണയും മറ്റുല്‍പ്പന്നങ്ങളും സഹ്യന്‍സ്റ്റോറിലൂടെ വില്‍ക്കുന്നുണ്ട്. കോതാട് സര്‍വീസ് സഹകരണബാങ്കിന്റെ പൊക്കാളി അരി, ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ജൈവ ഉല്‍പ്പന്നങ്ങള്‍, കാസര്‍കോട്ടെ പരമ്പരാഗത നെല്ലിനമായ കയാമ കുത്തരി, പര്‍പ്പിള്‍/വയലറ്റ് നിറമുള്ള മധുരക്കിഴങ്ങ് തുടങ്ങിയവയും വിറ്റു. കൂടാതെ, എറണാകുളം റവന്യൂ ടവറില്‍ ‘ചിന്താ പബ്ലിഷേഴ്‌സ്-ദേശാഭിമാനി ബുക്ക്ഹൗസി’ന്റെ പ്രവര്‍ത്തനം ഏറ്റെടുത്തുനടത്തുന്നതും സമൂഹ് ആണ്. ഇതു 2022 ജനുവരി 17 നു സാനുമാഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ദേശീയ സെക്രട്ടറികൂടിയായ സമൂഹ് ഭരണസമിതിയംഗം കെ. ചന്ദ്രന്‍പിള്ളയ്ക്കു പുസ്തകം നല്‍കി ആദ്യവില്‍പ്പനയും അദ്ദേഹം നിര്‍വഹിച്ചു. ഇവിടെ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും കിട്ടും. പുസ്തകമേളകളിലും പങ്കെടുക്കും. സാംസ്‌കാരിക-രാഷ്ട്രീയ സമ്മേളനസ്ഥലങ്ങളിലും മറ്റും പോയി സ്റ്റാള്‍ ഒരുക്കിയും പുസ്തകം വില്‍ക്കുന്നു.

സമൂഹിന്റെ സെക്രട്ടറിയായിരുന്ന ജോസഫ് തോമസ് രചിച്ച ‘ആരോഗ്യമേഖല സ്വതന്ത്രമാകണം’എന്ന പുസ്തകമാണു സംഘം ആദ്യം അച്ചടിച്ചു വിറ്റത്. അതിനു 150 രൂപയായിരുന്നു. അതിനുശേഷം മലയാളമനോരമ ചീഫ് സബ് എഡിറ്റര്‍ സജി മുളന്തുരുത്തിയുടെ ‘ഇത്തിരിമണ്ണ്-ആദിവാസി ജീവിതസാക്ഷ്യം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 2022 ആഗസ്റ്റ് 29 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലായിരുന്നു പ്രകാശനം. പിന്നീട് പി. രാമന്‍ തര്‍ജമ ചെയ്ത വിദേശകവിതകളുടെ സമാഹാരമായ ‘കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും?’ എന്ന കൃതി പ്രസിദ്ധീകരിച്ചു. 2022 അവസാനമാണ് അതു പ്രസിദ്ധീകരിച്ചത്. പ്രമുഖ ഇടതുപക്ഷചിന്തകനും ‘ലെഫറ്റ് വേഡ് ബുക്‌സ്’ എഡിറ്ററുമായ വിജയ്പ്രഷാദിന്റെ ‘വാഷിങ്ടണ്‍ ബുള്ളറ്റുകള്‍’ എന്ന കൃതിയുടെ തര്‍ജമയായിരുന്നു മറ്റൊരു സംരംഭം. സമൂഹ് സെക്രട്ടറികൂടിയായ സി.ബി. വേണുഗോപാലാണു തര്‍ജമ ചെയ്തത്. 2023 ഏപ്രില്‍ 11ന് എറണാകുളം പബ്ലിക് ലൈബ്രറിയിലായിരുന്നു പ്രകാശനം.

സാനു മാഷിന്റെ
സമ്പൂര്‍ണ കൃതി

വന്‍കിട പ്രസിദ്ധീകരണസ്ഥാപനങ്ങള്‍ക്കുപോലും ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത പല പ്രത്യേകതകളോടെയാണു എം.കെ. സാനുമാഷിന്റെ സമ്പൂര്‍ണകൃതികള്‍ സമൂഹ് പ്രസിദ്ധീകരിച്ചത്. ‘ഗുരുപൂര്‍ണിമ’ എന്നാണ് ഈ ദൗത്യത്തിന്റെ പേര്. ‘കൃതി’ രണ്ടാംപതിപ്പിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറായിരുന്ന സാനുമാഷിനുള്ള ഗുരുദക്ഷിണയായി സമൂഹ് ഇതിനെ കാണുന്നു. ഇതിനുള്ള ആശയം ഉരുത്തിരിഞ്ഞപ്പോള്‍, സമൂഹിന്റെ സ്ഥാപകഭരണസമിതിയംഗവും കവിയും ആശാന്‍സ്മാരക പുരസ്‌കാരജേതാവുമായ എസ്. രമേശന്‍ സാനുമാഷുമായി സംസാരിച്ചു. 2021 സെപ്റ്റംബറില്‍ കരാറുണ്ടാക്കി. തുടര്‍ന്നു കൃതികളും വിവിധ പ്രസിദ്ധീകരണങ്ങളിലായുള്ള മറ്റു രചനകളും തേടിപ്പിടിച്ചു. സാനുമാഷിന്റെ ശിഷ്യനും മഹാരാജാസ് കോളേജിലെ മുന്‍അധ്യാപകനും കേന്ദ്രസാഹിത്യഅക്കാദമിപുരസ്‌കാരജേതാവുമായ പ്രൊഫ. എം. തോമസ് മാത്യുവാണു ജനറല്‍ എഡിറ്റര്‍. എസ്. രമേശനായിരുന്നു എഡിറ്റര്‍ (പദ്ധതി പൂര്‍ത്തീകരിക്കുംമുമ്പ് 2022 ജനുവരി 13 ന് അദ്ദേഹം അന്തരിച്ചു). ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ മലയാളം പ്രൊഫസറായ വിഷ്ണുരാധനാണ് അസോസിയേറ്റ് എഡിറ്റര്‍. എം. കൃഷ്ണദാസാണു പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായത്.

പകര്‍ച്ചവ്യാധിക്കാലത്ത് ആഫ്രിക്കയിലെ പാവങ്ങള്‍ക്കായി ജീവിതം ഹോമിച്ച ആല്‍ബര്‍ട് ഷൈ്വറ്റ്‌സര്‍ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967 ല്‍ രചിച്ച കൃതി മുതല്‍ 2021 ല്‍ എഴുതിയ ‘കുന്തീദേവി’ എന്ന നോവല്‍വരെ സമാഹാരത്തിലുണ്ട്. സാനുമാഷിന്റെ ആത്മകഥയടക്കം ജീവചരിത്രങ്ങള്‍തന്നെ 20 എണ്ണമുണ്ട്. പിന്നെ ജീവചരിത്രലേഖനങ്ങളും സാഹിത്യനിരൂപണങ്ങളും യാത്രാനുഭവങ്ങളും അനുഭവക്കുറിപ്പുകളും സാംസ്‌കാരികചിന്തകളും വിവര്‍ത്തനങ്ങളും സാനുമാഷിനെക്കുറിച്ചുള്ള ലേഖനങ്ങളും. ഡിജിറ്റലി എനേബിള്‍ഡ് ആണു സമാഹാരം. വിവിധ വാല്യങ്ങളില്‍ സാനുമാഷ് പരാമര്‍ശിക്കുന്ന കവിതകളും ‘കുറ്റവും ശിക്ഷയും’ എന്ന നോവല്‍ഭാഗത്തിന്റെ നാടകാവതരണവും കേള്‍ക്കാനും സാനുമാഷ് സംസാരിക്കുന്ന വീഡിയോകള്‍ കാണാനും നാടകഭാഗങ്ങള്‍ ക്യുആര്‍ കോഡിലൂടെ ആസ്വദിക്കാനും പറ്റും. ഒപ്പം ‘സാനുമാഷ്‌ഡോട്ട്‌കോം'( www.sanumash.com )എന്ന വെബ്‌പോര്‍ട്ടലും തയാറാക്കി. കവിതാലാപനങ്ങളും നാടകാവതരണങ്ങളും ‘സാനുമാഷ് പറയുന്നു’ എന്ന പേരില്‍ സാനുമാഷിന്റെ വീഡിയോകളും ഇതിലുണ്ട്. സാനുമാഷിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചു വീഡിയോക്കുള്ള വിഷയങ്ങള്‍ കണ്ടെത്തിയതു പുതുതലമുറയിലെ വിദ്യാര്‍ഥികളാണ്. പുസ്തകത്താളുകളില്‍നിന്നു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു വെബ്‌പോര്‍ട്ടലിലേക്കു പോകാം. 76 വീഡിയോകളും 115 കവിതാലാപനങ്ങളും അഞ്ചു നാടകശകലങ്ങളുമുണ്ട്. മറുനാടുകളിലെതുള്‍പ്പെടെയുള്ള മലയാളിചിത്രകാരന്‍മാര്‍ സാനുമാഷിന്റെ കൃതികള്‍ വായിച്ചു വരച്ച 350 ചിത്രങ്ങള്‍ വാല്യങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. വാല്യങ്ങള്‍ ഹാര്‍ഡ്ബൗണ്ട് ആണ്. 10,347 പേജുണ്ട്. വില: 14,790 രൂപ.

എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങള്‍, സമൂഹിന്റെ ബോര്‍ഡംഗങ്ങള്‍, ലേഖനക്കുറിപ്പുകള്‍ തയാറാക്കിയ വിദ്യാര്‍ഥികള്‍, പ്രൂഫ് റീഡര്‍മാര്‍, സരസമ്മ ടീച്ചറും കവിതാലാപനം നടത്തിയവരും, മോഹന്‍രാജും നാടകനടീനടന്‍മാരും, ചിത്രരചയിതാക്കള്‍, വെബ്‌പോര്‍ട്ടല്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദഗ്ധര്‍, പോസ്റ്ററുകളും മറ്റും രൂപകല്‍പ്പന ചെയ്തവര്‍, ഷാജി.എന്‍. കരുണിന്റെ നേതൃത്വത്തില്‍ കവറുകള്‍ രൂപകല്‍പ്പന ചെയ്തവര്‍, ഓഫീസ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന വലിയൊരുസംഘം ഇതിനായി പ്രവര്‍ത്തിച്ചു. 80-90 ലക്ഷം രൂപ ചെലവുവന്നു. 12 വാല്യവും 1000 കോപ്പി വീതമാണ് അച്ചടിച്ചത്. പകുതിയും വിറ്റു. കൂടുതല്‍ ആവശ്യക്കാര്‍ ബന്ധപ്പെടുന്നുമുണ്ട്. രണ്ടുമൂന്നു മാസത്തിനകം ബാക്കിയും വില്‍ക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നു പ്രസിഡന്റ് ജോബിജോണ്‍ പറഞ്ഞു. സമൂഹിന്റെ എല്ലാ പ്രസിദ്ധീകരണത്തിനും സ്ഥാപനങ്ങള്‍ക്കു 40 ശതമാനംവരെ കമ്മീഷന്‍ നല്‍കാറുണ്ട്.

വേറിട്ട
പ്രവര്‍ത്തനരീതി

മൂലധനപ്രധാനമല്ല സമൂഹിന്റെ പ്രവര്‍ത്തനം. ചുരുങ്ങിയ ചെലവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഉതകുന്ന തിരശ്ചീനമാനേജ്‌മെന്റ് രീതിയാണു സമൂഹ് സ്വീകരിച്ചിട്ടുള്ളത്. ഓരോ പ്രോജക്ട് ലഭിക്കുമ്പോഴും അതു പൂര്‍ത്തിയാക്കാന്‍വേണ്ട മൂലധനം വായ്പയടക്കമുള്ള മാര്‍ഗങ്ങളിലൂടെ ഉണ്ടാക്കുകയും പദ്ധതി പൂര്‍ത്തീകരിച്ചശേഷം തുക തിരിച്ചുകൊടുക്കുകയുമാണു ചെയ്യുക. സമൂഹിന്റെ ഒരു ഓഹരിയുടെ വില 250 രൂപയാണ്. ഓരോ അംഗവും 5000 രൂപയുടെ ഓഹരികളാണ് എടുത്തിട്ടുള്ളത്. സ്ഥിരനിക്ഷേപംപോലുള്ള നിക്ഷേപപദ്ധതികള്‍ ഇല്ല. അംഗങ്ങള്‍ക്ക് ഉപജീവനമാര്‍ഗമായിക്കൂടി ഉപകരിക്കുംവിധം പ്രോജക്ടുകള്‍ സഹകരണസംഘമെന്ന നിലയില്‍ ഏറ്റെടുത്തു യഥാസമയം തീര്‍ത്തുകൊടുത്താണു മുന്നോട്ടുപോകുന്നത്. കുറഞ്ഞ ചെലവിലും മികച്ച നിലവാരത്തിലും തീര്‍ക്കാനുതകുംവിധം ജോലികള്‍ അതതുരംഗത്തെ വിദഗ്ധരെ ഏല്‍പ്പിക്കുന്നു. ഇതിന്റെ ഭാഗമായി സമൂഹിന്റെ ഓഫീസില്‍ വന്നിരുന്നു ജോലി ചെയ്യുന്നവരും തങ്ങളുടെതായ ഇടങ്ങളിലിരുന്നു ജോലി ചെയ്യുന്നവരുമുണ്ട്. ജോലി പൂര്‍ത്തിയാക്കി പ്രതിഫലം കൊടുത്തുകഴിഞ്ഞാല്‍ പിന്നെ അവരും സമൂഹും തമ്മില്‍ ആ പ്രോജക്ടിന്റെ കാര്യത്തില്‍ ഇടപാടും ബാധ്യതയുമില്ല.

 

ടി.കെ. രാമകൃഷ്ണന്‍സാംസ്‌കാരികകേന്ദ്രം പോലുള്ളവയുടെ നിര്‍മാണത്തില്‍ ആര്‍ക്കിടെക്ടായ ബി. രഞ്ജിത്താണു പ്രധാനമായി പ്രവര്‍ത്തിച്ചതെങ്കില്‍, സോഫ്റ്റ്‌വെയര്‍വിഭാഗത്തിന്റെ കാര്യങ്ങള്‍ നോക്കിയത് ആ രംഗത്തു വിദഗ്ധനായ പ്രസിഡന്റ് എം. കൃഷ്ണദാസാണ്. പദ്ധതികള്‍ക്കു ലഭ്യമായ സാമ്പത്തികപിന്‍ബലത്തിനും സമയത്തിനും ഒത്തവിധം സാങ്കേതികവിദ്യയും മറ്റും ക്രമപ്പെടുത്തിയാണു സമൂഹ് പദ്ധതികള്‍ നടപ്പാക്കുന്നത്. ‘കൃതി’ ഇങ്ങനെ കുറഞ്ഞസമയത്തിനകം തീര്‍ത്ത ഒന്നാണ്. മൂന്നുനാലു മാസംകൊണ്ട് അതിവേഗമാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നീക്കിയത്. വളരെവേഗം ‘കൃതി’യെയും അതിന്റെ ചിഹ്നമായ കാക്കയെയും സഹകരണപ്രസ്ഥാനത്തിന്റെ ഒരു ബ്രാന്റായി സമൂഹമനസ്സില്‍ വേരൂന്നിച്ചു. ടി.കെ. രാമകൃഷ്ണന്‍സാംസ്‌കാരികകേന്ദ്രത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുംവിധമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചു. കായലോരത്തു ചെലവേറിയ പൈലിങ് പരമാവധി ഒഴിവാക്കുന്ന നിര്‍മാണരീതിയാണ് അവലംബിച്ചത്. ”വികസനത്തിന്റെ കേരളമാതൃക വന്‍കിടമൂലധനാശ്രിതമല്ല. പൊതുഉടമസ്ഥതയും കൂട്ടായ സംരംഭകത്വവുമാണ് അതിന്റെ കാതല്‍. സഹകരണസംഘങ്ങള്‍ അതിന് ഊടുംപാവും നെയ്തു. മൂലധനാധിപത്യത്തെ ചെറുക്കാന്‍ സഹകരണസംഘങ്ങള്‍ ഒരു ഉപാധിയാണ്. മുതലാളിത്ത ഉല്‍പ്പാദനത്തിന്റെ സഹജമായ അരാജകത്വത്തെയും നിരന്തരമായ സാമ്പത്തിക കോളിളക്കങ്ങളെയും ചെറുക്കുന്ന വിപ്ലവമാണു സഹകരണപ്രസ്ഥാനം. സമൂഹ് ആ വിപ്ലവത്തില്‍ വിശ്വസിക്കുന്നു” – ഇതാണു സമൂഹിന്റെ പ്രഖ്യാപനം.

വിവിധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണു സമൂഹിന്റെ ഭരണസമിതിയംഗങ്ങള്‍. പൊതുവേ ഇടതുപക്ഷാനുഭാവികളാണ്. ഒരാളേയുള്ളൂ മുഴുവന്‍സമയ രാഷ്ട്രീയക്കാരന്‍. നേരത്തേ ഒരു സ്വകാര്യസ്ഥാപനത്തില്‍ എഞ്ചിനിയറായിരുന്ന ജോബി ജോണാണു സമൂഹിന്റെ പ്രസിഡന്റ്. നിലവില്‍ ജി.സി.ഡി.എ. ചെയര്‍മാന്റെ പേഴ്‌സണല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. തേവര സേക്രഡ്ഹാര്‍ട്ട് കോളേജിലെ ഹിന്ദി പ്രൊഫസറും വിവര്‍ത്തനത്തിനു മഹാകവി ഉള്ളൂര്‍ സാഹിത്യപുരസ്‌കാരം നേടിയയാളുമായ ഡോ. മിനി പ്രിയയാണു വൈസ് പ്രസിഡന്റ്. സെക്രട്ടറി സി.ബി. വേണുഗോപാല്‍ ന്യൂഇന്ത്യ അഷ്വറന്‍സ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. സി.പി.എം. സംസ്ഥാനസമിതിയംഗവും ജി.സി.ഡി.എ. ചെയര്‍മാനുമായ കെ. ചന്ദ്രന്‍പിള്ള, സെന്റര്‍ ഫോര്‍ ഗ്രീന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റിന്റെ ഡയറക്ടറും അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്തു മുഖ്യമന്ത്രിയുടെ വികസനപദ്ധതിമേല്‍നോട്ടകാര്യ സ്‌പെഷ്യല്‍ സെക്രട്ടറിയുമായിരുന്ന ഡോ. എം.പി. സുകുമാരന്‍ നായര്‍, ദുബായില്‍ വിവിധ സ്ഥാപനങ്ങളില്‍ വിപണനവിഭാഗത്തില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിട്ടുള്ള ജി.കെ. രവി, ആര്‍ക്കിടെക്ട് ബി. രഞ്ജിത്ത്, എഞ്ചിനിയറായ എം. കൃഷ്ണദാസ് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍.

സമൂഹിന്റെ
ലക്ഷ്യങ്ങള്‍

പ്രൊഫഷണലുകളുടെ ഏറ്റവും മുന്തിയ സഹകരണപ്ലാറ്റ്‌ഫോമായി ഉയരുക, സ്വയംതൊഴില്‍സംരംഭങ്ങളും ചെറുകിട-ഇടത്തരം സംരംഭങ്ങളും പ്രൊഫഷണലുകളും സര്‍ക്കാരും സഹായം തേടുന്ന അവശ്യസംഘമായി മാറുക, നൂതനകാഴ്ചപ്പാടുകളോടെയും പരീക്ഷണങ്ങളോടെയും ഭാവിതലമുറയുടെ പഠനലോകമായി മാറുക, ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യമുള്ള തൊഴില്‍സേന വികസിപ്പിക്കുക, ഉല്‍പ്പാദനത്തിന്റെയും തൊഴിലിന്റെയും പുതിയ ബദലുകള്‍ സൃഷ്ടിക്കുക എന്നിവയാണു സമൂഹിന്റെ ലക്ഷ്യങ്ങള്‍. സാമൂഹികഉത്തരവാദിത്വത്തോടെ പുസ്തകപ്രസിദ്ധീകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യയിലും നിര്‍മാണമേഖലയിലും പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുമെന്നു പ്രസിഡന്റ് ജോബി ജോണ്‍ പറഞ്ഞു. വിജ്ഞാനസമ്പദ്‌വ്യവസ്ഥ ലക്ഷ്യംവച്ചു നടപ്പാക്കുന്ന പദ്ധതികളും ഏറ്റെടുക്കണമെന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

                                                                     (മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!