സംഘാംഗങ്ങളും അവരുടെ അവകാശങ്ങളും ബാധ്യതകളും

ബി.പി. പിള്ള

സഹകരണ നിയമത്തിലെ 16 -ാം വകുപ്പ് സഹകരണ സംഘങ്ങളിലെ അംഗമാകാനുള്ള അര്‍ഹത വിശദീകരിക്കുന്ന വകുപ്പാണ്. 16 -ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിന്റെ ക്ലോസ് എ. യില്‍ അംഗമാകാന്‍ അപേക്ഷ നല്‍കുന്ന വ്യക്തിക്കു 18 വയസ്സ് പൂര്‍ത്തിയായിരിക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. അംഗമാകുന്ന വ്യക്തിക്കു പരമാവധി പ്രായം എന്ന ഒരു നിയന്ത്രണം നിയമത്തിലില്ലായിരുന്നു. സമീപകാലത്തു രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച യുവജന സംഘങ്ങളുടെ കാര്യത്തില്‍ അംഗത്വം തേടുന്ന അപേക്ഷകനു പരമാവധി പ്രായം 40 വര്‍ഷം എന്നു നിജപ്പെടുത്തി 16 -ാം വകുപ്പില്‍ ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്.

നാമമാത്ര / സഹായക
അംഗങ്ങള്‍

നാമമാത്ര അംഗങ്ങള്‍ അല്ലെങ്കില്‍ സഹായകാംഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 18 -ാം വകുപ്പില്‍ ഒരു സംഘത്തിന് ഏതു വ്യക്തിയേയും നാമമാത്ര / സഹായകാംഗമായി ചേര്‍ക്കാവുന്നതാണ് എന്ന നിലവിലെ വ്യവസ്ഥയോടൊപ്പം വായ്പയുള്‍പ്പെടെ സംഘങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ചേര്‍ക്കാവുന്നതാണ് എന്ന ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നു. ആദായനികുതി നിയമത്തിലെ വകുപ്പ് 80 ( പി ) യുമായി ബന്ധപ്പെട്ട് മാവിലായി സര്‍വീസ് സഹകരണ ബാങ്ക് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ്, റിസര്‍വ് ബാങ്ക് 2021 സെപ്റ്റംബറില്‍ കേരളത്തിലെ പത്രമാധ്യമങ്ങളില്‍ രണ്ടു പ്രാവശ്യം നടത്തിയ നോട്ടിഫിക്കേഷന്‍ എന്നിവയുടെ പശ്ചാത്തലത്തിലാണു വകുപ്പ് 18 ( 1 ) ല്‍ ഇങ്ങനെ ഒരു ഭേദഗതിനിര്‍ദേശം വെക്കാന്‍ നിയമഭേദഗതിനിര്‍ദേശങ്ങള്‍ നല്‍കിയ സമിതിയെ പ്രേരിപ്പിച്ചത്. നാമമാത്ര അംഗങ്ങളില്‍ നിന്നു സ്വീകരിക്കുന്ന നിക്ഷേപം പൊതുജനനിക്ഷേപം തന്നെയാണെന്ന റിസര്‍വ് ബാങ്ക് വ്യാഖ്യാനം മേല്‍സൂചിപ്പിച്ച ഭേദഗതിയിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്രകാരമുള്ള ഒരു ഭേദഗതി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

നിയമത്തിലെ 19 -ാം വകുപ്പില്‍ ഒരു സംഘത്തിന്റെ ഓഹരിയുടെ മുഖവില ഉയര്‍ത്തിക്കൊണ്ട് സംഘംപൊതുയോഗത്തില്‍ പങ്കെടുത്തു വോട്ടു ചെയ്യുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഒരു തീരുമാനമെടുത്താല്‍ വര്‍ധിപ്പിച്ച ഓഹരി മൂലധനത്തുക അടയ്ക്കുന്നതുവരെ സംഘത്തിലെ ഒരംഗത്തിന് അംഗത്വ അവകാശം വിനിയോഗിക്കാവുന്നതല്ലെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ വ്യക്തമാക്കാന്‍ സഹായകമായ ഒരു ഭേദഗതിനിര്‍ദേശമാണു 19 -ാം വകുപ്പില്‍ നല്‍കിയിട്ടുള്ളത്. ഒരു സഹകരണ സംഘത്തിന്റെ പൊതുയോഗം അംഗങ്ങളുടെ ഓഹരിയുടെ മുഖവില വര്‍ധിപ്പിച്ചുകൊണ്ട് തീരുമാനമെടുത്തുകഴിഞ്ഞാല്‍ ഓഹരിമുഖവില ഉയര്‍ത്തിയ തീയതി മുതല്‍ അഞ്ചു വര്‍ഷത്തേക്ക് അംഗത്വാവകാശം വിനിയോഗിക്കാന്‍ അനുവദിക്കാതെ അംഗത്വരജിസ്റ്ററില്‍ പേര് നിലനിര്‍ത്തുന്നതാണ്. അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പു അധിക ഓഹരിത്തുക അടച്ചുതീര്‍ത്താല്‍ തുടര്‍ന്ന് അംഗത്വ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ അംഗത്തിനു കഴിയും.

വിവരമറിയാനുള്ള
അവകാശം

വിവരങ്ങള്‍ ലഭിക്കാനുള്ള അംഗത്തിന്റെ അവകാശം പ്രതിപാദിക്കുന്ന നിയമത്തിലെ വകുപ്പാണ് 19 ബി. ഏതൊരംഗത്തിനും സംഘത്തിന്റെ രജിസ്‌ട്രേഡ് ഓഫീസില്‍ നിന്നു ഫീസ് നല്‍കാതെതന്നെ സാധാരണ പ്രവര്‍ത്തനസമയങ്ങളില്‍ ചില വിവരങ്ങള്‍ പരിശോധിയ്ക്കാം. കാലാകാലം പുതുക്കിയ കേരള സഹകരണ സംഘം നിയമം, കേരള സഹകരണ സംഘം ചട്ടങ്ങള്‍, സംഘത്തിന്റെ നിയമാവലി, അംഗങ്ങളുടെ പേരുവിവര രജിസ്റ്റര്‍, സമീപകാലത്തെ സംഘത്തിന്റെ ഓഡിറ്റ് ചെയ്ത ബാക്കിപത്രം, അംഗം സംഘവുമായി നടത്തിയ ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ള സംഘത്തിലെ കണക്കുബുക്ക് എന്നിവയാണു പരിശോധനയ്ക്കായി ഓഫീസില്‍ സൂക്ഷിക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുള്ളത്. മേല്‍സൂചിപ്പിച്ച ആറു വിവരങ്ങളോടൊപ്പം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുള്ള ന്യൂനതാ സംഗ്രഹവും സംഘം ഭരണസമിതിയും പൊതുയോഗവും അംഗീകരിച്ച തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ടും അംഗങ്ങളുടെ പരിശോധനയ്ക്കായി ഫീസീടാക്കാതെ ലഭ്യമാക്കണമെന്നു ഭേദഗതിനിര്‍ദേശത്തില്‍ പറയുന്നു.

അംഗങ്ങളുടെ വോട്ടുമായി ബന്ധപ്പെട്ട നിയമത്തിലെ 20 -ാം വകുപ്പില്‍ സംഘകാര്യങ്ങളില്‍ ഓരോ അംഗത്തിനും ഓരോ വോട്ട് ഉണ്ടായിരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. 20 -ാം വകുപ്പിന്റെ ക്ലോസ് ( ഡി ) യില്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ക്കു സംഘത്തിന്റെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ വോട്ടവകാശമുണ്ടായിരിക്കില്ലെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭേദഗതിവ്യവസ്ഥയില്‍ സംഘഭാരവാഹികളെ തിരഞ്ഞെടുക്കുന്ന വിഷയത്തിനോടൊപ്പം അവരെ നീക്കം ചെയ്യുന്ന വിഷയത്തിലും എക്‌സ് ഒഫീഷ്യോ ഭരണസമിതിയംഗങ്ങള്‍ക്കു വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നു കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

മുന്‍ അംഗങ്ങള്‍ക്കും മരിച്ചുപോയ അംഗങ്ങള്‍ക്കും അവരുടെ സ്വത്തിലുള്ള ബാധ്യതയെക്കുറിച്ചാണു വകുപ്പ് 26 ല്‍ വിവരിക്കുന്നത്. മുന്‍അംഗത്തിന്റെ കാര്യത്തില്‍ അയാള്‍ അംഗമല്ലാതായിത്തീര്‍ന്ന തീയതിവരെയും മരിച്ചുപോയ അംഗത്തിന്റെ കാര്യത്തില്‍ അയാള്‍ മരിച്ച തീയതിമുതല്‍ രണ്ടു വര്‍ഷത്തേക്കുമാണു കടത്തിലുള്ള ബാധ്യത ഇപ്പോള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. മുന്‍ അംഗങ്ങളുടെ കാര്യത്തില്‍ അവര്‍ അംഗമല്ലാതായിത്തീര്‍ന്ന തീയതി എന്നതു ഭേദഗതി വരുത്തി അവര്‍ അംഗത്വം നിര്‍ത്തലാക്കിയശേഷം രണ്ടു വര്‍ഷത്തേക്കുകൂടി അവരുടെ ബാധ്യത തുടരുന്നതാണ് എന്നു നിര്‍ദേശിച്ചിരിക്കുന്നു.

സംഘങ്ങളുടെ
ഭരണക്രമം

ഒരു സംഘത്തിന്റെ നിയമാവലിയില്‍ എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും കമ്മിറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് വാര്‍ഡ്തലത്തില്‍ നടത്താന്‍ പാടില്ല എന്നാണു നിലവില്‍ 28 -ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിന്റെ മൂന്നാമത്തെ പ്രൊവിസോയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ പ്രൊവിസോയിലെ ഒരു സംഘത്തിന്റെ എന്ന വാക്കുകള്‍ക്കു പകരം ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ എന്ന ഭേദഗതിയാണു 28 -ാം വകുപ്പില്‍ നിര്‍ദേശിച്ചിട്ടുള്ള ഒരു ഭേദഗതി.

വകുപ്പ് 28 ന്റെ ഉപവകുപ്പ് ഒന്ന് ( എ ) യില്‍ സംഘത്തിന്റെ നിയമാവലിയില്‍ എന്തുതന്നെ വ്യവസ്ഥകളുണ്ടായിരുന്നാലും പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ അവയുടെ കമ്മിറ്റിയംഗങ്ങളുടെ ചുരുങ്ങിയ എണ്ണം ഏഴില്‍ കുറയാന്‍ പാടില്ലാത്തതും പരമാവധി എണ്ണം പതിനഞ്ചില്‍ കൂടാന്‍ പാടില്ലാത്തതും മറ്റെല്ലാത്തരം സംഘങ്ങളിലും പരമാവധി എണ്ണം ഇരുപത്തിയൊന്നില്‍ കൂടാന്‍ പാടില്ലാത്തതുമാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാഥമിക സംഘങ്ങളുടെ ഭരണസമിതിയംഗങ്ങളുടെ ചുരുങ്ങിയ എണ്ണം ഏഴ് എന്നുള്ളതു ഒമ്പത് എന്നാക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതോടൊപ്പം 28 ഒന്ന് ( എ ) യിലെ വ്യവസ്ഥക്കുശേഷമുള്ള മൂന്നു പ്രൊവിസോകള്‍ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യത്തെ പ്രൊവിസോയില്‍ കേരള സഹകരണ സംഘം ( ഭേദഗതി ) നിയമം 2010 പ്രാബല്യത്തീയതിക്കു മുമ്പു പ്രാഥമിക സഹകരണ സംഘങ്ങളില്‍ രൂപവത്കരിച്ച ഭരണസമിതിയുടെ കാര്യത്തില്‍ പരമാവധി പതിനഞ്ച് അംഗങ്ങളായിരിക്കും എന്നത് ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു. കേരള സഹകരണ സംഘം ( ഭേദഗതി ) നിയമം 2013 പ്രാബല്യത്തീയതിക്കു മുമ്പു രൂപവത്കരിച്ച പ്രാഥമിക സംഘങ്ങള്‍ക്കും ഈ വകുപ്പു ബാധകമല്ല എന്ന പ്രൊവിസോയും ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു. മൂന്നാമത്തെ പ്രൊവിസോയില്‍ 2013 ലെ സഹകരണ സംഘം ഭേദഗതിനിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് അപ്പോള്‍ നിലവിലുണ്ടായിരുന്ന വ്യവസ്ഥപ്രകാരം തിരഞ്ഞെടുപ്പുവിജ്ഞാപനം പുറപ്പെടുവിച്ചതോ തിരഞ്ഞെടുപ്പുനടപടികള്‍ ആരംഭിച്ചതോ ആയ സംഘങ്ങള്‍ക്ക് ഈ വകുപ്പു ബാധകമല്ല എന്ന വ്യവസ്ഥയാണുള്ളത്. ഈ മൂന്നു വ്യവസ്ഥകള്‍ക്കും ഇപ്പോള്‍ പ്രസക്തിയില്ലാത്തതിനാല്‍ ഇവയെല്ലാം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിക്ഷേപത്തുക
കൂട്ടാന്‍ നിര്‍ദേശം

പ്രാഥമിക വായ്പാസംഘങ്ങളുടെയും അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും ഭരണസമിതിയില്‍ നിക്ഷേപപ്രതിനിധിക്കുണ്ടായിരിക്കേണ്ട യോഗ്യത പ്രതിപാദിക്കുന്ന 28 -ാം വകുപ്പിന്റെ ഉപവകുപ്പ് ഒന്ന് ( സി ) യില്‍ നിക്ഷേപപ്രതിനിധിയുടെ നിക്ഷേപത്തുക വര്‍ധിപ്പിക്കുന്ന നിര്‍ദേശം നല്‍കിയിരിക്കുന്നു. ഒരു പ്രാഥമിക വായ്പാസംഘത്തിന്റെയും അര്‍ബന്‍ സഹകരണ ബാങ്കിന്റെയും നിയമാവലിയില്‍ എന്തുതന്നെ വ്യവസ്ഥയുണ്ടായിരുന്നാലും അത്തരം സംഘങ്ങളിലെ 10,000 രൂപയും അതിലധികവും നിക്ഷേപമുള്ള അംഗങ്ങളില്‍ നിന്നും ഒരു സീറ്റ് ഭരണസമിതിയില്‍ സംവരണം ചെയ്തിരിക്കണം എന്ന വ്യവസ്ഥയില്‍ 10,000 രൂപ എന്നതു 25,000 എന്നാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ വിഭജനം പ്രവര്‍ത്തനമേഖലയുടെ അടിസ്ഥാനത്തില്‍ നടത്താനായി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചുകഴിഞ്ഞാല്‍ 2012 ലെ കേരള സഹകരണ സംഘം ഭേദഗതിനിയമം പ്രാബല്യത്തില്‍ വന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനകം വിഭജനം പൂര്‍ത്തിയാക്കണമെന്നാണു 28 -ാം വകുപ്പിന്റെ ഉപവകുപ്പ് ഒന്ന് ( ഇ ) യിലെ ക്ലോസ് ( കകക ) ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ വ്യവസ്ഥയിലെ 2012 ലെ സഹകരണ ഭേദഗതിനിയമം പ്രാബല്യത്തില്‍ വന്ന തീയതി മുതല്‍ എന്നതിനു പകരമായി വിഭജനം നടത്താനായി നല്‍കുന്ന ഉത്തരവുദിവസം മുതല്‍ ഒരു വര്‍ഷത്തിനകം വിഭജനം പൂര്‍ത്തിയാക്കണമെന്ന ഭേദഗതി നിര്‍ദേശിക്കുന്നു.

വിദഗ്ധരെ
കോ-ഓപ്റ്റ് ചെയ്യല്‍

28 -ാം വകുപ്പിന്റെ ഉപവകുപ്പ് ഒന്ന് ( ജി ) യില്‍ സഹകരണ സംഘങ്ങളിലെ ഭരണസമിതിയിലേക്കു രണ്ടു വിദഗ്ധരെ കോ-ഓപ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയാണുള്ളത്. ബാങ്കിങ്, മാനേജ്‌മെന്റ്, ധനകാര്യം അല്ലെങ്കില്‍ സഹകരണ സംഘങ്ങളുടെ മറ്റേതെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തുനടത്തി വൈദഗ്ധ്യമുള്ള രണ്ടു പേരെയാണു കോ-ഓപ്റ്റ് ചെയ്യാന്‍ നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതിലെ ബാങ്കിങ് മേഖലയിലെ പരിചയം എന്നതിനുപകരം ഒരു വാണിജ്യബാങ്കിലോ കേരള സംസ്ഥാന സഹകരണ ബാങ്കിലോ അര്‍ബന്‍ സഹകരണ ബാങ്കിലോ മാനേജീരിയല്‍ പദവിയില്‍ ശമ്പളം വാങ്ങി സേവനം നടത്തിക്കൊണ്ടിരിക്കുന്നതോ അല്ലെങ്കില്‍ മുമ്പു സേവനത്തിലുണ്ടായിരുന്നതോ ആയ അംഗങ്ങള്‍ എന്നു ഭേദഗതി ചെയ്യാന്‍ നിര്‍ദേശിക്കുന്നു. അതോടൊപ്പം, ‘ മറ്റേതെങ്കിലും മേഖലയില്‍ ‘ എന്നതിനുശേഷം സഹകരണം, സഹകരണ മാനേജ്‌മെന്റ്, കൃഷി, പബ്ലിക് ഫിനാന്‍സ്, ഗ്രാമീണവികസനം, വിവരസാങ്കേതികവിദ്യ എന്നു കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശിക്കുന്നു.

28 -ാം വകുപ്പിന്റെ ഉപവകുപ്പ് ഒന്ന് ( ജി ) ക്ക് ഒരു പുതിയ പ്രൊവിസോ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശമുണ്ട്. ഒരു സഹകരണ സംഘത്തില്‍ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അന്നു മുതല്‍ ആറു മാസത്തിനകം രണ്ടു വിദഗ്ധരെ ഭരണസമിതിയിലേക്കു കോ-ഓപ്റ്റ് ചെയ്യണമെന്നും നിര്‍ദിഷ്ട ആറു മാസത്തിനകം കോ-ഓപ്ഷന്‍ നടത്തിയിട്ടില്ലായെങ്കില്‍ അങ്ങനെയുള്ള സംഘങ്ങളുടെ ഭരണസമിതിയിലേക്കു സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തനമേഖലയില്ലാത്ത സംഘങ്ങളുടെ കാര്യത്തില്‍ സഹകരണ സംഘം രജിസ്ട്രാറും സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തനമേഖലയുള്ള സംഘങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും രണ്ടു വിദഗ്ധരെ ആറു മാസം കഴിയുമ്പോള്‍ നോമിനേറ്റ് ചെയ്യുമെന്നും നിര്‍ദിഷ്ട പ്രൊവിസോയില്‍ വ്യവസ്ഥ ചെയ്യുന്നു.

28 -ാം വകുപ്പിന്റെ ഉപവകുപ്പ് ഒന്ന് ( ജി ) യുടെ മൂന്നാമത്തെ പ്രൊവിസോ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഭരണസമിതിയിലേക്കു കോ-ഓപ്റ്റ് ചെയ്യപ്പെടുന്ന അംഗങ്ങള്‍ ഭരണസമിതിയംഗങ്ങളായിത്തന്നെ പരിഗണിക്കപ്പെടുമെന്നും എന്നാല്‍, മൊത്തം ഭരണസമിതിയംഗങ്ങളുടെ എണ്ണം പ്രാഥമിക സംഘങ്ങളില്‍ ചുരുങ്ങിയതു ഒമ്പതും പരമാവധി പതിനഞ്ചും എന്നതിലും ഇതര സംഘങ്ങളുടെ കാര്യത്തില്‍ പരമാവധി ഇരുപത്തിയൊന്ന് എന്നതിലും പരമാവധി എണ്ണം കണക്കാക്കുമ്പോള്‍ കോ-ഓപ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെ ഉള്‍പ്പെടുത്തില്ല എന്ന വ്യവസ്ഥ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.

ഭരണസമിതി
അംഗത്തിന്റെ യോഗ്യത

ഭരണസമിതിയംഗങ്ങളുടെ യോഗ്യത സംബന്ധിച്ച് 28 -ാം വകുപ്പിന്റെ രണ്ടും മൂന്നും ഉപവകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സമാനസ്വഭാവമുള്ള ഒന്നില്‍ക്കൂടുതല്‍ സംഘങ്ങളിലും വ്യത്യസ്ത സ്വഭാവമുള്ള രണ്ടില്‍ക്കൂടുതല്‍ സംഘങ്ങളിലും ഒരു വ്യക്തി ഒരേസമയം ഭരണസമിതിയംഗമായിക്കൂടാ എന്ന് ഉപവകുപ്പ് രണ്ടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉപവകുപ്പ് മൂന്നിന്റെ പ്രൊവിസോയില്‍ സഹകരണ സംഘങ്ങളിലെ കമ്മിറ്റിയംഗങ്ങള്‍ സമാനസ്വഭാവമുള്ള ഒന്നില്‍ക്കൂടുതല്‍ സംഘങ്ങളില്‍ ഒരേസമയം പ്രസിഡന്റോ അല്ലെങ്കില്‍ ചെയര്‍മാനോ ആയിക്കൂടെന്ന നിയന്ത്രണവ്യവസ്ഥയും നിലവിലുണ്ട്. ഈ നിയന്ത്രണവ്യവസ്ഥയോടൊപ്പം വ്യത്യസ്ത സ്വഭാവങ്ങളുള്ള രണ്ടില്‍ക്കൂടുതല്‍ സംഘങ്ങളില്‍, നിര്‍ദേശിക്കാവുന്നവിധം, ഭരണസമിതിയംഗങ്ങള്‍ പ്രസിഡന്റ് / ചെയര്‍മാനായി ഒരേസമയം പാടില്ല എന്ന നിയന്ത്രണം കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു.

28 -ാം വകുപ്പിന്റെ ഉപവകുപ്പ് മൂന്നിനുശേഷമുള്ള നിലവിലെ പ്രൊവിസോയോടൊപ്പം നയപരമായ ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. ഒരു സഹകരണ സംഘത്തിന്റെ ഭരണസമിതിയംഗങ്ങളില്‍ ആരും തുടര്‍ച്ചയായി രണ്ടു ടേമില്‍ക്കൂടുതല്‍ ഭരണസമിതിയിലേക്കു മത്സരിക്കാന്‍ യോഗ്യരല്ല എന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു.

വനിത, എസ്.സി /
എസ്.ടി. സംവരണം

നിയമത്തിലെ വകുപ്പ് 28 എ. വനിതാംഗത്തിനും പട്ടികജാതി, പട്ടികവര്‍ഗ അംഗത്തിനും കമ്മിറ്റിയിലുള്ള സംവരണം വിശദമാക്കുന്ന വ്യവസ്ഥകളടങ്ങിയതാണ്. വകുപ്പ് 28 എ. യുടെ മൂന്നാം ഉപവകുപ്പില്‍ ഒരു സംഘത്തിന്റെ കമ്മിറ്റിയില്‍ വനിതാംഗങ്ങള്‍ക്കോ ( മൂന്നു പേര്‍ ) പട്ടികജാതി, പട്ടികവര്‍ഗ അംഗത്തിനോ ( ഒരാള്‍ ) പ്രാതിനിധ്യമില്ലാത്തതാണെങ്കില്‍, ആ സംഘം വനിതകള്‍ക്കുവേണ്ടി മാത്രമുള്ളതോ അല്ലെങ്കില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനുവേണ്ടി മാത്രമുള്ളതോ ആണെങ്കില്‍ത്തന്നെയും, രജിസ്ട്രാര്‍ക്കോ സര്‍ക്കാരിനോ വനിതകളെയും പട്ടികജാതി, പട്ടികവര്‍ഗ അംഗത്തെയും അതതു സംഘത്തിന്റെ അംഗങ്ങളില്‍നിന്നു സംഘംഭരണസമിതിയിലേക്കു നാമനിര്‍ദേശം ചെയ്യാവുന്നതാണെന്ന വ്യവസ്ഥ നിലവിലുണ്ട്. ഈ വകുപ്പിന്റെ ക്ലോസ് നാലില്‍ ഒരു സംഘത്തിന്റെയോ സഹകരണ ബാങ്കിന്റെയോ കമ്മിറ്റിയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിക്ക് ആ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണെന്നും അതതു സംഗതിപോലെ സര്‍ക്കാരിനും രജിസ്ട്രാര്‍ക്കും താല്‍പ്പര്യമുള്ളിടത്തോളംകാലം ആ സ്ഥാനത്തു തുടരാവുന്നതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയില്‍, കമ്മിറ്റിയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തി എന്നതിനുമുമ്പായി വകുപ്പ് 28 എ. യുടെ ഉപവകുപ്പ് മൂന്നു പ്രകാരം എന്നു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവരെ തിരഞ്ഞെടുക്കലും നീക്കലും വിവരിക്കുന്ന വകുപ്പ് 28 എ.ബി. യില്‍ ഒരു കമ്മിറ്റിക്ക് ആ സംഘത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അല്ലെങ്കില്‍ ട്രഷറര്‍ അല്ലെങ്കില്‍ കമ്മിറ്റിയിലെ മറ്റേതൊരു ഭാരവാഹിയേയും അവരുടെ പേരില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം പേരുടെ പിന്തുണയോടെ, നിര്‍ണയിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങളിലൂടെ, നീക്കം ചെയ്യാമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയില്‍ കമ്മിറ്റിയിലുള്ള മറ്റേതൊരു ഭാരവാഹിയേയും എന്നതിനുപകരം കമ്മിറ്റിയിലുള്ള മറ്റേതൊരു ഭാരവാഹിയേയും അല്ലെങ്കില്‍ സംഘങ്ങളിലേക്കുള്ള പ്രതിനിധിയായി കമ്മിറ്റി നിയമിച്ചിട്ടുള്ള പ്രതിനിധികളെയും നീക്കം ചെയ്യാമെന്നു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു.

സഹകരണ
തിരഞ്ഞെടുപ്പ്

സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 28 ബി.യില്‍ ഈ നിയമത്തിലും ചട്ടങ്ങളിലും എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ വോട്ടര്‍പ്പട്ടിക തയാറാക്കാനും എല്ലാ സംഘങ്ങളിലെയും തിരഞ്ഞെടുപ്പു നടത്താനും പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, പ്രാതിനിധ്യ പൊതുയോഗതിരഞ്ഞെടുപ്പ് എന്നിവയുടെ മേല്‍നോട്ടം, നിയന്ത്രണം എന്നിവ നടത്താനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടി ഗസറ്റ് വിജ്ഞാപനംവഴി സര്‍ക്കാരിന് ഒരു സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപവത്കരിക്കാന്‍ വ്യവസ്ഥകളുണ്ട്. മേല്‍സൂചിപ്പിച്ചവിധമുള്ള ഒന്നാം ഉപവകുപ്പിനോടൊപ്പം ചുവടെ കൊടുത്തിട്ടുള്ള വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. സംസ്ഥാന സഹകരണ യൂണിയന്‍, സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ എന്നിവകളിലെ തിരഞ്ഞെടുപ്പുകളും സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പുകമ്മീഷന്‍ നടത്തുമെന്ന വ്യവസ്ഥയാണു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വകുപ്പ് 28 ബി.യുടെ ഉപവകുപ്പ് രണ്ടില്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷനില്‍ മൂന്നു പേരില്‍ കൂടാത്ത അംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും അതിലൊരാള്‍ മുഖ്യ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷണറും മറ്റുള്ളവര്‍ കമ്മീഷണര്‍മാരായിരിക്കുമെന്നും മുഖ്യ കമ്മീഷണര്‍ സര്‍ക്കാരിന്റെ സ്‌പെഷല്‍ സെക്രട്ടറിറാങ്കില്‍ കുറയാത്ത ഓഫീസറായിരിക്കുമെന്നും കമ്മീഷണര്‍മാര്‍ സഹകരണ വകുപ്പിലെ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍റാങ്കില്‍ ഉള്ളവരോ ഉണ്ടായിരുന്നവരോ ആയിരിക്കുമെന്നും നിലവില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയിലെ ‘ അഡീഷണല്‍ രജിസ്ട്രാര്‍റാങ്കില്‍ ഉണ്ടായിരുന്നവര്‍ ‘ എന്ന വാക്കുകള്‍ നീക്കം ചെയ്യുന്നതിനും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്കും തിരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍ക്കും ചുമതല ഏല്‍ക്കുന്ന തീയതി മുതല്‍ അഞ്ചു വര്‍ഷത്തേക്കോ അറുപത്തിരണ്ടു വയസ്സുവരെയോ, ഏതാണ് ആദ്യം വരുന്നത് അതുവരെ, തുടരാമെന്നും രണ്ടാം ഉപവകുപ്പില്‍ വ്യവസ്ഥയുണ്ട്. ഇതിലുള്ള അറുപത്തിരണ്ടു വയസ്സുവരെ എന്നതിനുപകരം പെന്‍ഷനാകുന്നതുവരെ എന്നാക്കി ഭേദഗതി വരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ഷിക
പൊതുയോഗം

വാര്‍ഷിക പൊതുയോഗവുമായി ബന്ധപ്പെട്ടതാണു നിയമത്തിലെ 29 -ാം വകുപ്പ്. സാമ്പത്തികവര്‍ഷം പൂര്‍ത്തിയായശേഷം ആറു മാസത്തിനകം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്കായി വാര്‍ഷിക പൊതുയോഗം കൂടണമെന്ന വ്യവസ്ഥയാണു 29 -ാം വകുപ്പിലുള്ളത്. ക്ലോസ് ( സി.സി ) യില്‍ അനുബന്ധസ്ഥാപനങ്ങള്‍ ഏതെങ്കിലും ഒരു സംഘത്തിനുണ്ടെങ്കില്‍ അവയുടെ വാര്‍ഷികറിപ്പോര്‍ട്ടിനും കണക്കുകള്‍ക്കും പൊതുയോഗത്തിന്റെ അംഗീകാരം വാങ്ങണമെന്ന വ്യവസ്ഥയില്‍ കണക്കുകള്‍ എന്നതിനുപകരം ‘ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ‘ എന്ന ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നു. വകുപ്പ് 29 ( 1 ) ലെ ക്ലോസ് ( സി.ഇ. ) യിലുള്ള പൊതുയോഗം ചേരേണ്ട തീയതിയും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്കു തിരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച പ്രഖ്യാപിക്കല്‍ എന്ന വാര്‍ഷിക പൊതുയോഗവിഷയം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നു.

കേന്ദ്ര സംഘത്തിലേക്കോ സെന്‍ട്രല്‍ സംഘത്തിലേക്കോ ഉള്ള സര്‍ക്കാര്‍നോമിനികളെക്കുറിച്ച് പ്രതിപാദിക്കുന്ന 31 -ാം വകുപ്പിലെ മൂന്നാം ഉപവകുപ്പില്‍ കേന്ദ്ര സംഘത്തിലേക്കോ സെന്‍ട്രല്‍ സംഘത്തിലേക്കോ നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തിക്ക് അവിശ്വാസപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കാനോ അതില്‍ വോട്ട് രേഖപ്പെടുത്താനോ അര്‍ഹതയുണ്ടായിരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസപ്രമേയം വോട്ടിനിടുമ്പോള്‍ ആ വിഷയത്തില്‍ വോട്ടു ചെയ്യാനുള്ള അധികാരം ഗവണ്‍മെന്റ്‌നോമിനികള്‍ക്കില്ല എന്നുമാത്രമേ നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളു. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നവേളയില്‍ സര്‍ക്കാര്‍നോമിനികള്‍ക്കു വോട്ടവകാശമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടായിരുന്നു. അതൊഴിവാക്കുന്നതിനായി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍നോമിനികള്‍ക്കു വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന ഭേദഗതിയാണു നിര്‍ദേശിച്ചിട്ടുള്ളത്. ( തുടരും )

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!