സംഘങ്ങള്‍ക്കു നല്‍കുന്ന നിക്ഷേപങ്ങളുടെ പരിരക്ഷ പത്തു ലക്ഷം രൂപയാക്കണം- കേരള സഹകരണ ഫെഡറേഷന്‍

Deepthi Vipin lal

കേരള ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന നിക്ഷേപങ്ങളുടെ പരിരക്ഷാ തുക രണ്ട് ലക്ഷം രൂപയില്‍ നിന്നു അടിയന്തരമായി പത്തു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നു കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സഹകരണ മന്ത്രി വി.എന്‍. വാസവനയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്താല്‍ സഹകരണ മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് 1969 ലെ സെക്ഷന്‍ 57 ( ബി ) പ്രകാരം സര്‍ക്കാര്‍ ‘കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി സ്‌കീം’ രൂപവത്കരിക്കുകയും ഈ സ്‌കീം ഫലപ്രദമായി നടപ്പാക്കുന്നതിനായി സഹകരണ മന്ത്രി ചെയര്‍മാനായി കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് രൂപവത്കരിക്കുകയുമുണ്ടായി. ഇതിന്റെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം സൃഷ്ടിക്കാനും സഹകരണ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വലിയ പങ്കുവഹിച്ചുവരുന്നുണ്ടെന്നു വിജയകൃഷ്ണന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും നിക്ഷേപം സ്വീകരിക്കുന്നതായ എല്ലാ സഹകരണ സംഘങ്ങളും ഈ സ്‌കീമില്‍ അംഗങ്ങളാണ്. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം പ്രകാരം നിക്ഷേപം സ്വീകരിക്കുന്ന സംഘങ്ങള്‍ ഒരു നിശ്ചിത വിഹിതം കേരള ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡിലേക്ക് അടച്ചുവരുന്നുണ്ട്. ഇതിലൂടെ സംഘങ്ങള്‍ രൂപവത്കരിക്കുന്ന അംഗങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഗ്യാരണ്ടി ലഭിക്കുന്നത്. ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് 2012 ല്‍ തുടങ്ങുമ്പോള്‍ നിശ്ചയിച്ചിരുന്ന ഗ്യാരണ്ടിത്തുക ഒന്നര ലക്ഷം രൂപയാണ്. ആ സമയത്ത് പൊതുമേഖലാ / ദേശസാല്‍കൃത ബാങ്കുകളുടേയും മറ്റ് അര്‍ബന്‍ ബാങ്കുകളുടെയും നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ (ഡി.ഐ.സി.ജി.സി) നിന്നും ഒരു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിച്ചിരുന്നത്. എന്നാല്‍, 2020 ല്‍ ഡി.ഐ.സി.ജി.സി. നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പരിരക്ഷ അഞ്ച് ലക്ഷമായി ഉയര്‍ത്തുകയുണ്ടായി – കത്തില്‍ പറയുന്നു.

ഇപ്പോള്‍ കേരള ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് സംഘങ്ങള്‍ക്ക് നല്‍കുന്ന നിക്ഷേപങ്ങളുടെ പരിരക്ഷ രണ്ട് ലക്ഷം രൂപയാണ്. ഇത് അടിയന്തരമായി പുനഃപരിശോധിക്കണം. സഹകരണ മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ നിക്ഷേപങ്ങളുടെ പരിരക്ഷാ തുക പത്തു ലക്ഷമാക്കി ഉയര്‍ത്തണം. ഇതിന് വ്യാപകമായി പ്രചാരണം നല്‍കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം – വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!