വരണ്ടേ ഇവിടെ സഹകരണ സ്റ്റാര്‍ട്ട് അപ്പ് ?

moonamvazhi

കേരളത്തിലെ തൊഴില്‍സേനയായ യുവജനങ്ങള്‍ പഠിയ്ക്കാനും ജോലിയ്ക്കുമായി കൂട്ടത്തോടെ എന്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്കു പോകുന്നു എന്ന ചോദ്യം ശക്തമായി ഉയരുന്ന കാലമാണിത്. എന്താണിതിനൊരു പ്രതിവിധി? ഇതില്‍ സഹകരണ സംഘങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും ? സഹകരണമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യുവ മാധ്യമപ്രവര്‍ത്തകനായ ബിജു പരവത്ത് സഹകരണ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് ചില ചിന്തകള്‍ മുന്നോട്ടുവെക്കുന്നു.

 

സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്ന കാലഘട്ടമാണിത്. സംരംഭകത്വ പ്രോത്സാഹനത്തിന് ഏകജാലക സംവിധാനം നടപ്പാക്കുകയും ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമാക്കാന്‍ കേരള വ്യവസായവികസന കോര്‍പ്പറേഷന്‍തന്നെ മുന്നിട്ടിറങ്ങുകയും ചെയ്തു. 2022-23 സംരംഭകത്വവര്‍ഷമായി പ്രഖ്യാപിച്ചതോടെ 1,35,000 സംരംഭങ്ങളാണു പുതുതായി വന്നത്. ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമിട്ടിടത്താണ് ഈ മുന്നേറ്റം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്റ്റാര്‍ട്ടപ്പുകളിലും ഈ വളര്‍ച്ച പ്രകടമാണ്. 4000 സ്റ്റാര്‍ട്ടപ്പുകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇതില്‍ 90 ശതമാനവും കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പിറവികൊണ്ടവയാണ്. കാലത്തിനൊത്തു സംരംഭങ്ങളുടെ രീതി മാറുന്നതിന്റെ ലക്ഷണം കൂടിയാണിത്.

അതേസമയം, ഇത്തരമൊരു മാറ്റം സഹകരണമേഖലയില്‍ പ്രകടമാകുന്നുണ്ടോയെന്നതു പ്രധാന ചോദ്യമാണ്. കൃഷിവകുപ്പ് തിരുവനന്തപുരത്തു സംഘടിപ്പിച്ച ‘വൈഗ’ പ്രദര്‍ശനത്തില്‍ നടന്ന ഒരു സെമിനാറില്‍ ഇത്തരമൊരു ചര്‍ച്ചയ്ക്കു വഴിയൊരുങ്ങി. സഹകരണമേഖലയുടെ സാധ്യത കേരളത്തിന്റെ കാര്‍ഷികമുന്നേറ്റത്തിന് ഉപയോഗിക്കാനാവണം എന്ന നിര്‍ദേശമാണ് ഈ സെമിനാറിലുണ്ടായത്. ‘അഗ്രി സ്റ്റാര്‍ട്ടപ്പും കാര്‍ഷികമേഖലയിലെ യുവജനപങ്കാളിത്തവും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ഇതില്‍ കേരളം ഇനി മുന്നോട്ടുവെക്കേണ്ടത് ‘സഹകരണ സ്റ്റാര്‍ട്ടപ്പ്’ എന്ന ആശയമാണെന്നു ചൂണ്ടിക്കാട്ടിയതു മാധ്യമപ്രവര്‍ത്തകനായ ബിജു പരവത്താണ്. എന്തുകൊണ്ടാണു സഹകരണ സ്റ്റാര്‍ട്ടപ്പ് എന്ന പുതിയരീതി പ്രധാനമാകുന്നതെന്നും കേരളത്തില്‍ അതിന് എത്രത്തോളം സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബിജു പരവത്തിന്റെ പ്രസംഗം അടിസ്ഥാനമാക്കിയാണു സഹകരണ സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതയെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നത്.

കേരളത്തിന്റെ
ആശങ്ക

തൊഴില്‍സേനകളായി മാറേണ്ട യുവനിര കേരളത്തില്‍ കുറഞ്ഞുവരുന്നുവെന്നത് ഏറെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. 2023-24 വര്‍ഷത്തെ ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘ കേരളീയസമൂഹം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നു ജനസംഖ്യാഘടനയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റമാണ്. 2021 ലെ കണക്കുകള്‍പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 16.5 ശതമാനം 60 വയസ് പിന്നിട്ടവരാണ്. 2031 ആകുമ്പോഴേക്കും ഇതു 20 ശതമാനം കവിയും. അതേസമയം, സംസ്ഥാനത്തെ ജനനനിരക്ക് കുറയുകയാണ്. 1980 ല്‍ 6.5 ലക്ഷവും 1990 ല്‍ 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്നുവെങ്കില്‍ 2021 ല്‍ അതു 4.6 ലക്ഷം മാത്രമാണ്. 2031 ആകുമ്പോഴേക്കും ജനനനിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. അതായത്, സമൂഹത്തിലെ പുതിയ തലമുറയും മുതിര്‍ന്ന പൗരന്മാരും തൊഴില്‍സേനയും തമ്മിലുള്ള അനുപാതത്തില്‍ ഘടനാപരമായ മാറ്റം സംഭവിക്കും’.

ധനമന്ത്രി ചൂണ്ടിക്കാട്ടിയ ആശങ്ക ജനനനിരക്ക് കുറയുന്നതുകൊണ്ടുമാത്രം സംഭവിക്കുന്നതല്ല. യുവജനത പഠനത്തിനും തൊഴിലിനുമായി കേരളത്തിനു പുറത്തേക്കു പോകുന്നുവെന്നതുകൂടി ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഈ യുവനിരയാണു കേരളത്തിന്റെ തൊഴില്‍സേന. അവരുടെ അഭാവം ഈ സംസ്ഥാനത്തിന്റെ ഉല്‍പ്പാദനക്ഷമതയെയാണു ബാധിക്കുക. ഇനി ഇതുണ്ടാക്കുന്ന സാമ്പത്തികാഘാതം രണ്ടു രീതിയിലാണ്. ഗള്‍ഫുനാടുകളിലേക്കുള്ള മലയാളികളുടെ തൊഴിലിനായുള്ള യാത്രയാണു കേരളത്തിന്റെ സാമ്പത്തിക-ജീവിതനിലവാര മുന്നേറ്റത്തിന് ഒരുകാലത്തു വഴിയൊരുക്കിയത്. വന്‍തോതില്‍ പ്രവാസിനിക്ഷേപം കേരളത്തിലേക്ക് എത്തി. കേരളത്തിന്റെ ജി.ഡി.പി. ( മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ) യുടെ 20 ശതമാനം പ്രവാസികളുടെ വിഹിതമാണ്. ഇതു സംസ്ഥാനത്തിന്റെ വികസനത്തിനു വഴിയൊരുക്കിയെന്നതില്‍ സംശയമില്ല.

സാമ്പത്തികാഘാതം
രണ്ടു രീതിയില്‍

ഇനി വരാനിരിക്കുന്ന കാലം അത്തരം പ്രതീക്ഷയ്ക്കു വഴിനല്‍കുന്നതല്ല. അതാണു രണ്ടു രീതിയിലുള്ള ആഘാതം കേരളത്തെ കാത്തിരിക്കുന്നുവെന്നു പറയാന്‍ കാരണം. കേരളത്തില്‍നിന്നു വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനുമായി വിദേശത്തു പോകുന്ന യുവജനങ്ങള്‍ അവിടെ സ്ഥിരതാമസമാക്കുന്ന അവസ്ഥ വ്യാപകമായിട്ടുണ്ട്. ഒരു വര്‍ഷം 40,000 കുട്ടികള്‍ കേരളത്തില്‍നിന്നു വിദേശരാജ്യങ്ങളിലേക്കു പഠിക്കാനായി പോകുന്നുണ്ടെന്നാണു കണക്ക്. ഒരു കുട്ടിക്ക് ഒരു വര്‍ഷം 15 മുതല്‍ 20 ലക്ഷം രൂപവരെ ചെലവ് വരുന്നു എന്നാണു കണക്കാക്കുന്നത്. 40,000 പേര്‍ക്കു 20 ലക്ഷം രൂപവെച്ച് ഓരോ വര്‍ഷവും കേരളത്തില്‍നിന്നു പുറത്തേക്കു പണമായി പോകുന്നുവെന്ന് അര്‍ഥം. പഠനത്തിനുശേഷം അവരില്‍ ഒരുവിഭാഗമെങ്കിലും അവിടെ സ്ഥിരതാമസമാക്കുന്നതോടെ കേരളത്തിലേക്ക് അവരുടെ പണത്തിന്റെ വരവും ഇല്ലാതാകുന്നുണ്ട്. അതായത്, നേരത്തെ പ്രവാസിപ്പണം സംസ്ഥാനത്തേക്കു വന്നിരുന്നതിനു പകരം ഇപ്പോള്‍ പഠനച്ചെലവിനായി വിദേശത്തേക്കു പണം നല്‍കേണ്ടിവരുന്നു. അവരുടെ അധ്വാനവിഹിതം ഇവിടേക്കു തിരിച്ചുകിട്ടാതെയും വരുന്നു. ഇതു സംസ്ഥാനത്തിന്റെ സാമ്പത്തികശേഷിയെ ദുര്‍ബലമാക്കുന്നുവെന്നതാണ് ഒന്നാമത്തെ ആഘാതം. നമ്മുടെ തൊഴില്‍സേനകളാകേണ്ട യുവജനതയാണു രാജ്യത്തിനു പുറത്തേക്കു പോകുന്നത് എന്നതാണു രണ്ടാമത്തെ ആഘാതം.

വിദേശത്തേക്കുള്ള യുവനിരയുടെ പലായനം എന്തുകൊണ്ട് എന്നതു പരിശോധിക്കേണ്ടതാണ്. മെച്ചപ്പെട്ട പഠനസൗകര്യം, തൊഴില്‍സാധ്യത, ജീവിതസാഹചര്യം എന്നിവയൊക്കെ ഇതിലെ ഘടകങ്ങളാണ്. എന്നാല്‍, മികച്ച വരുമാനമുള്ള ജോലി ലഭിക്കുന്നില്ലെന്നതാണു പ്രശ്‌നം. നമ്മള്‍ ഒരുപാട് സംരംഭങ്ങള്‍ തുടങ്ങി തൊഴിലവസരമുണ്ടാക്കി എന്നൊക്കെ പറയുമ്പോഴും കിട്ടുന്ന ജോലിക്ക് എത്ര ശമ്പളമുണ്ട് എന്നതു പ്രധാനമാണ്. അമ്പതിനായിരത്തിനു മുകളില്‍ പ്രതിമാസം ശമ്പളം കിട്ടുന്ന ഒരു ജോലി അപൂര്‍വമാകുമ്പോള്‍ യുവാക്കളുടെ വിദേശയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ സാഹചര്യം മാറ്റാനുള്ള വഴികളാണു കേരളം തേടേണ്ടത്. കേരളത്തില്‍ പുതിയ ആശയങ്ങളുണ്ടാകുന്നുണ്ട്. കഴിവുള്ളവര്‍ ഏറെയുണ്ട്. ഇപ്പോള്‍ ഈ ആശയങ്ങള്‍ ഇവിടെത്തന്നെ സ്റ്റാര്‍ട്ടപ്പുകളായി മാറുകയും ചെയ്യുന്നുണ്ട്. പക്ഷേ, മറ്റു നഗരങ്ങളെ അപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിജീവിക്കാനുള്ള സാമ്പത്തികാന്തരീക്ഷം ഇവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണു കേരളത്തിന്റെ സാഹചര്യത്തിനനുസരിച്ചു മുന്നേറാന്‍ കഴിയുന്നവിധം സഹകരണ സ്റ്റാര്‍ട്ടപ്പ് എന്ന ആശയം മുന്നോട്ടുവെക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകളുടെ
സാധ്യത

സമൂഹത്തിലെ ഒരു പ്രശ്‌നത്തിനു നൂതനമായ പരിഹാരം ( ഇന്നവേറ്റീവ് സൊല്യൂഷന്‍ ) കൊണ്ടുവരിക എന്നതാണു സ്റ്റാര്‍ട്ടപ്പുകളുടെ അടിസ്ഥാനസ്വഭാവം. ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ നമ്മുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിച്ചു എന്നതു നോക്കിയാല്‍ മതി. പക്ഷേ, സ്റ്റാര്‍ട്ടപ്പുകളുടെ മരണനിരക്ക് 80 മുതല്‍ 90 ശതമാനം വരെയാണ്. തുടങ്ങിയ 90 ശതമാനം സ്റ്റാര്‍ട്ടപ്പുകളും തകര്‍ന്നുപോകുന്നുവെന്നതു വെല്ലുവിളിയോടെ ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള യുവാക്കളുടെ ധൈര്യം ചോര്‍ത്തിക്കളയുന്നുണ്ട്. ഇപ്പോള്‍ കാര്‍ഷിക ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനുള്ള സാധ്യത സ്റ്റാര്‍ട്ടപ്പുകള്‍ക്കു മുന്നിലുണ്ട്. കര്‍ഷകര്‍ക്ക് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കണം, ആ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കണം, സംസ്‌കരിക്കണം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കണം, അവ ഓരോരുത്തരുടെയും വീട്ടുപടിക്കല്‍ അവരാവശ്യപ്പെടുന്ന ഘട്ടത്തില്‍ എത്തിക്കണം. ഇതെല്ലാം നമ്മുടെ പ്രശ്‌നങ്ങളാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഡേറ്റകളെ ആശ്രയിക്കുകയും ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവയാണ്. എല്ലാ മനുഷ്യര്‍ക്കും ആവശ്യമുള്ളതും എല്ലാവരും ഉപയോഗിക്കുന്നതുമായ ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ വില കിട്ടുന്നില്ലെങ്കില്‍ അതിലെന്തോ പ്രശ്‌നമുണ്ട്. വിയറ്റ് നാമില്‍നിന്നുള്ള പഴവര്‍ഗങ്ങള്‍ ഇവിടെ വീടുകളിലെത്തുകയും വയനാട്ടിലുണ്ടായ വാഴക്കുല വാങ്ങാന്‍ ആളില്ലാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിലെന്തോ കുഴപ്പമുണ്ട്. ഈ കുഴപ്പത്തിനാണു സ്റ്റാര്‍ട്ടപ്പുകള്‍ സൊല്യൂഷന്‍ കണ്ടത്തേണ്ടത്.

2023 ലെ പുതിയ സാമ്പത്തികസര്‍വേ പറയുന്നത് ഇങ്ങനെയാണ്: ‘ 2050 ആകുമ്പോഴേക്കും ആഗോള ഭക്ഷ്യ ആവശ്യം 70 ശതമാനം കണ്ട് വര്‍ധിക്കും. അതനുസരിച്ച് കാര്‍ഷിക മൂല്യവര്‍ധിത ശൃംഖലകളില്‍ കുറഞ്ഞതു 8000 കോടി ഡോളര്‍ വാര്‍ഷികനിക്ഷേപം ആവശ്യമായി വരും. വലിയ തോതിലുള്ള യന്ത്രവല്‍ക്കരണം, കാലാവസ്ഥാന്യൂനതാസാങ്കേതികവിദ്യകള്‍, സംസ്‌കരണം, കാര്‍ഷിക ഭക്ഷ്യവിതരണ ശൃംഖല എന്നിവ വലിയതോതില്‍ ആവശ്യമായി വരും. പരിമിതമായ പൊതുവിഭവങ്ങളേ നമുക്കിവിടെ ലഭ്യമായിട്ടുള്ളൂ. അതിനാല്‍, ഇവയില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയില്‍നിന്നു വരേണ്ടതായിട്ടുണ്ട്.’ ഇതാണു നമ്മുടെ മുന്നിലുള്ള സാധ്യത. ഇനി ഇതിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ചാണു ചിന്തിക്കേണ്ടത്. സ്റ്റാര്‍ട്ടപ്പുകളിലും പുതിയ സംരംഭങ്ങളിലും യുവാക്കളുടെ പങ്കാളിത്തം വര്‍ധിക്കുകയാണു വേണ്ടത്. ഇതില്‍നിന്ന് അവര്‍ക്കു മെച്ചപ്പെട്ട വരുമാനം ലഭിക്കേണ്ടതുണ്ട്. 90 ശതമാനംവരെ മരണനിരക്കുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തു കേരളത്തിലെ യുവാക്കള്‍ക്കു വലിയ പ്രതീക്ഷയുണ്ടാകണമെന്നു കരുതുന്നതില്‍ വലിയ യുക്തിയില്ല. ഇന്നവേറ്റീവായ ആശയങ്ങള്‍ക്കു ബഹുരാഷ്ട്രക്കമ്പനികള്‍ ഫണ്ട് ചെയ്യുമ്പോഴാണു സ്റ്റാര്‍ട്ടപ്പുകള്‍ക്കു വളര്‍ച്ചയുണ്ടാകുന്നത്. ബംഗളൂരു, ഹൈദരാബാദ് പോലുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച് ബഹുരാഷ്ട്രക്കമ്പനികള്‍ മൂലധന നിക്ഷേപം നടത്തുന്നതുപോലുള്ള സാഹചര്യം കേരളത്തില്‍ രൂപപ്പെട്ടുവന്നിട്ടുമില്ല. ഇവിടെയാണു സഹകരണ സ്റ്റാര്‍ട്ടപ്പ് എന്ന ആശയം കേരളത്തിനു മാതൃകയാകേണ്ടത്.

എങ്ങനെയാണ്
സഹകരണ സ്റ്റാര്‍ട്ടപ്പ്?

കാര്‍ഷിക-ഭക്ഷ്യസംസ്‌കരണ- വിപണനമേഖലകളിലുള്ള സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇതിനുള്ള പ്രധാന പോംവഴി. കേരളത്തിന്റെ ശേഷി എന്താണെന്നു തിരിച്ചറിയുകയാണ് ഇതിനുവേണ്ടത്. നമുക്കില്ലാത്തതിനെക്കുറിച്ചുമാത്രമേ നമ്മള്‍ ചിന്തിക്കുന്നുള്ളൂ. ഫ്‌ളിപ്പ് കാര്‍ട്ടിനോടു മത്സരിക്കാനുള്ള വിതരണശൃംഖലയില്ല, ലുലുവിനോടു മത്സരിക്കാനുള്ള സംഭരണശേഷിയില്ല. ഇങ്ങനെയൊക്കെയാണു നമ്മുടെ ചിന്ത. പക്ഷേ, നമുക്ക് എന്തൊക്കെയോ ഉണ്ട് എന്നതുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ 941 പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറു കോര്‍പ്പറേഷനുകളുമാണുള്ളത്. ഇവിടെ 13,682 സഹകരണ സംഘങ്ങളുണ്ട്. ഡെയറി, കൈത്തറി, കയര്‍, മത്സ്യസംഘങ്ങള്‍ കൂടാതെയാണ്. അതായത് കേരളത്തില്‍ ഒരു പഞ്ചായത്തില്‍ ശരാശരി അഞ്ചു സഹകരണസംഘങ്ങളുണ്ട്. പ്രാദേശികതലത്തില്‍ ഇത്രയും നെറ്റ്‌വര്‍ക്ക് വേറെ ഒരു സംസ്ഥാനത്തുമില്ല. ഇതില്‍ത്തന്നെ നാലായിരത്തിലധികം കണ്‍സ്യൂമര്‍ സംഘങ്ങളാണ്. നമുക്കു പണത്തിനു പ്രശ്‌നമുണ്ടോ എന്നതാണ് അടുത്ത ചോദ്യം. അതും ഇല്ല. രണ്ടര ലക്ഷം കോടി രൂപയാണു സഹകരണസംഘങ്ങളിലെ നിക്ഷേപം. ഇതില്‍ കാര്‍ഷിക വായ്പാ സംഘങ്ങള്‍ മാത്രമെടുക്കുക. അവിടെ നിക്ഷേപത്തിന്റെ പരമാവധി 72 ശതമാനമാണു വായ്പയായി നല്‍കുന്നത്. അതായത് ഓരോ നൂറു രൂപയ്ക്കും 28 രൂപ അവിടെ വെറുതെ കിടക്കുകയാണ്.

ഈ പണം എങ്ങനെ ഉല്‍പ്പാദനപരമായി ഉപയോഗിക്കാനാകുമെന്നതാണല്ലോ പ്രശ്‌നം. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയങ്ങള്‍ക്കല്ല പണത്തിനാണു പ്രശ്‌നം. അവിടെയാണു നമ്മള്‍ സഹകരണ സ്റ്റാര്‍ട്ടപ്പ് എന്ന പുതിയ ആശയം പരിഗണിക്കേണ്ടത്. ഇന്നവേറ്റീവായ ആശയങ്ങളുള്ള യുവാക്കളെ ഒരു ഗ്രൂപ്പാക്കി മാറ്റി, ആ ആശയം പ്രാദേശികതലത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ കൊണ്ടുവരിക. അതിനുള്ള ഫണ്ട് ഒരു സഹകരണ സംഘത്തിനു നല്‍കാനായാല്‍ മതി. ഇനി ഇതേ രീതിയില്‍ സംരംഭങ്ങളുമാകാം. മാത്രവുമല്ല, നബാര്‍ഡിന്റെ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് പോലുള്ളവ ഇതിനായി ഉപയോഗിക്കാവുന്നതേയുള്ളൂ. സഹകരണസംഘങ്ങള്‍ക്കാണെങ്കില്‍ ഒരു ശതമാനം പലിശയ്ക്കു പത്തു കോടി രൂപവരെ നബാര്‍ഡില്‍നിന്നു വായ്പ കിട്ടുന്നുണ്ട്. ഇതു സഹകരണസംഘങ്ങളിലൂടെ അവയ്ക്കു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും ഉപയോഗിക്കാനാകുന്നവിധത്തില്‍ സര്‍ക്കാര്‍ നയം രൂപപ്പെടുത്തുകയാണു വേണ്ടത്. സംഘങ്ങളുടെ ഫണ്ട് ഈ രീതിയില്‍ ഉപയോഗപ്പെടുത്തി വരുമാനം ഉറപ്പാക്കുന്നവിധത്തില്‍ സ്റ്റാര്‍ട്ടപ്പുകളും സംരംഭങ്ങളും രൂപപ്പെടുത്തിയാല്‍ തിരിച്ചടവില്ലാത്ത സ്ഥിതി ഒഴിവാകും. സംഘങ്ങള്‍ക്കു നഷ്ടം പേടിക്കാതെ പണമിറക്കാനാകും. സ്റ്റാര്‍ട്ടപ്പുകളും സംരംഭങ്ങളും ലാഭകരമാക്കുന്നിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സംസ്ഥാനത്തെ സഹകരണശൃംഖല ഉപയോഗിച്ച് സര്‍ക്കാരിനു സൃഷ്ടിക്കാനായാല്‍ അതു മികച്ച തൊഴിലവസരമായി മാറും.

അപ്പോള്‍ നമുക്ക് ഉല്‍പ്പാദനമുണ്ട്, സംരംഭകരുണ്ട്, പണമുണ്ട്, വാങ്ങാനാളുമുണ്ട്. ഇവയെ ഒന്നിപ്പിക്കുന്ന ഒരു സംവിധാന രീതിയാണു വളര്‍ന്നുവരേണ്ടത്. ഇപ്പോള്‍ ഓരോ വകുപ്പും ഒറ്റയ്ക്കു തള്ളി മുന്നേറുന്നുണ്ട്. കൃഷിവകുപ്പ് കേരള അഗ്രോ എന്നപേരില്‍ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നുണ്ട്. സഹകരണവകുപ്പിന്റേതു കോ-ഓപ് കേരളയാണ്. വ്യവസായ വകുപ്പിനു കേരള ബ്രാന്‍ഡാണ്. നമുക്കുവേണ്ടത് ഇവയെ എല്ലാം ഒന്നിപ്പിക്കാന്‍ കഴിയുന്ന സമഗ്രമായ പദ്ധതിനിര്‍വഹണ കാഴ്ചപ്പാടാണ്. അതില്‍ പുതിയ ആശയങ്ങളുമായെത്തുന്ന യുവാക്കള്‍ക്കു സാധ്യത ഏറെയുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ ഒരു ജനകീയ മോഡല്‍ നമുക്കുണ്ടാക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളെ ഒന്നിപ്പിച്ചുള്ളതാണു മൂല്യവര്‍ധക കാര്‍ഷിക മിഷന്‍ പോലുള്ള പദ്ധതി. അതേ മാതൃകയില്‍ ടെക്‌നോളജി സംവിധാനമടക്കം ഉപയോഗപ്പെടുത്തി ഒരു ഉല്‍പ്പാദന-വിതരണ-വിപണന ശൃംഖല ഉണ്ടാക്കാനായാല്‍ കേരളം യുവാക്കളുടെ പ്രിയപ്പെട്ട തൊഴിലിടമാകും തീര്‍ച്ച.

 

 

Leave a Reply

Your email address will not be published.