ലോകത്തിലെ ഒന്നാം നമ്പര്‍ സഹകരണ സംഘമായി ഇഫ്കോ
ലോകത്തിലെ മികച്ച 300 സഹകരണ സംഘങ്ങളില്‍ ഇന്ത്യയിലെ രാസവളം നിര്‍മാണ, വിപണന സഹകരണ സ്ഥാപനമായ ഇഫ്കോ ( IFFCO – ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ) ഒന്നാം സ്ഥാനത്തെത്തി കഴിഞ്ഞ വര്‍ഷത്തെ അതേ സ്ഥാനം നിലനിര്‍ത്തി. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജി.ഡി.പി) വിറ്റുവരവിന്റെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. രാജ്യത്തിന്റെ ജി.ഡി.പി.യിലും സാമ്പത്തിക വളര്‍ച്ചയിലും ഇഫ്കോ കാര്യമായ പങ്കുവഹിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് (ഐസിഎ) പ്രസിദ്ധീകരിച്ച പത്താം വാര്‍ഷിക വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിറ്ററിന്റെ (ഡബ്ല്യു.സി.എം) റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 65-ാം സ്ഥാനത്ത് നിന്ന് മൊത്തത്തിലുള്ള വിറ്റുവരവ് റാങ്കിംഗില്‍ 60 -ാം സ്ഥാനത്തേക്ക് ഇഫ്കോ ഉയര്‍ന്നു. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനമായ ഇഫ്കോയ്ക്കും ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിനും ഇതു അഭിമാന നിമിഷമാണെന്നു മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി അഭിപ്രായപ്പെട്ടു. ഞങ്ങള്‍ നവീകരണത്തില്‍ വിശ്വസിക്കുന്നു, അത് വിജയത്തിന്റെ താക്കോലാണ്. അതിനാലാണ് ഞങ്ങള്‍ കാര്‍ഷിക മേഖലയ്ക്കായി നാനോ ടെക്നോളജി അധിഷ്ഠിത പരിഹാരങ്ങള്‍ അവതരിപ്പിച്ചത്. പ്രത്യേകിച്ച് ബദല്‍ വളങ്ങള്‍. ഇഫ്കോ നാനോ യൂറിയ ദ്രാവകത്തിന് ഇന്ത്യന്‍ കര്‍ഷകരില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു, ഇത് ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തി. ഇഫ്കോ നാനോ ഡി.എ.പി.യും മറ്റ് നാനോ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളും ഉടന്‍ പുറത്തിറക്കും – ഡോ. അവസ്തി പറഞ്ഞു.

