മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ ഉയർന്ന നിക്ഷേപ പലിശ സഹകരണസംഘങ്ങളെ ബാധിക്കുന്നു.

adminmoonam

സംസ്ഥാനത്തെ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപത്തിന് നൽകുന്ന ഉയർന്ന പലിശ നിരക്കുകൾ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് തിരിച്ചടിയാകുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളിൽ പരമാവധി 7.75% മാണ് നിക്ഷേപ പലിശ. ട്രഷറികളിൽ ഇപ്പോൾ ഇതിൽ കൂടുതൽ ഉണ്ട്. കഴിഞ്ഞ ഒരു മാസം മുമ്പാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപ പലിശ പുതുക്കി നിശ്ചയിച്ചത്. ഉയർന്ന നിക്ഷേപ പലിശ ആയിരുന്നു സഹകരണ സംഘങ്ങളിലെ പ്രധാനാകർഷണം. എന്നാൽ ഇപ്പോൾ അതില്ല. തന്നെയുമല്ല സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ റിസർവ് ബാങ്കും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റും കൂടുതൽ പിടിമുറുക്കുകയുമാണ്. ഇതെല്ലാം സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

എന്നാൽ കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളിൽ 11 മുതൽ 16% വരെയാണ് നിക്ഷേപ പലിശ. ഇത് ജനങ്ങളെ ആകർഷിക്കുന്നുണ്ട്. തന്നെയുമല്ല പുതിയ ആകർഷക രീതിയിലാണ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ നിക്ഷേപത്തിനായി ജനങ്ങളെ സമീപിക്കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആണ് സംസ്ഥാനത്ത് ക്രെഡിറ്റ് മേഖലയിൽ ഉൾപ്പെടെ മുപ്പതോളം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ആരംഭിച്ചത്. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക് സംസ്ഥാനത്തു പ്രവർത്തിക്കുന്നതിന് രെജിസ്ട്രാറുടെ നിരാക്ഷേപപത്രം വേണം.നേരത്തെ ക്രെഡിറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾക്ക് സഹകരണ സംഘം രജിസ്ട്രാർ എൻ.ഒ.സി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ കേന്ദ്രനിയമം മൂലം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ അനുവദനീയമാണ് എന്നതിനാൽ എൻ.ഒ.സിക്ക് തടസ്സം നേരിടുന്നില്ല. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ അനുവദിക്കുമ്പോൾ പ്രാദേശികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണസംഘങ്ങളുടെ ഭാവി കൂടി പരിഗണിക്കണമെന്നാണ് സഹകാരികൾ ആവശ്യപ്പെടുന്നുണ്ട്.

മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം കൂടുതൽ സജീവമാകുന്നുതോടെ ജനങ്ങൾക്കിടയിൽ വ്യക്തത കുറവും സഹകരണമേഖലയിൽ അനാവശ്യ മത്സരവും സംജാതമാവുകയാണ്. ഇത് കേരളത്തിലെ സഹകരണ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സഹകരണമേഖലയിലെ പ്രമുഖർ വിലയിരുത്തുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ സഹകരണസംഘങ്ങളും ഏകീകൃത രൂപത്തിൽ പ്രവർത്തിച്ചാൽ മാത്രമേ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കാനാകും എന്നും ഇവർ പറയുന്നു. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം കൂടുതൽ സജീവമാകുന്നത് സംസ്ഥാനത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണസംഘങ്ങൾക്ക് ചെറിയതോതിലെങ്കിലും പ്രതിസന്ധി സൃഷ്ടിക്കും.

Leave a Reply

Your email address will not be published.